ഇംഫാല്‍: രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ മണിപ്പൂരില്‍ മൂന്ന് സ്ഫോടനങ്ങള്‍. സ്ഫോടനത്തില്‍ കാംഗ്പോപി ജില്ലയില്‍ ഒരു പാലത്തിന് കേടുപാടുകള്‍ സംഭവിച്ചു.
സ്ഫോടനത്തില്‍ ആളപായമോ മരണമോ ഉണ്ടായിട്ടില്ലെങ്കിലും ഇംഫാലിനെ നാഗാലാൻഡിലെ ദിമാപൂരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത-2 വഴിയുള്ള ഗതാഗതത്തെ ഇത് ബാധിക്കും. കാങ്പോക്പി ജില്ലയിലെ സപോർമേനയ്ക്ക് സമീപം പുലർച്ചെ 1:15 ഓടെയാണ് സ്ഫോടനം നടന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവില്‍ പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
ഏപ്രില്‍ 19-ന് സംസ്ഥാനത്ത് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ മണിപ്പൂർ നിയോജക മണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ വെടിവെപ്പ്, ഇവിഎം നശിപ്പിക്കല്‍, ബലപ്രയോഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ അതിക്രമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളില്‍ ഏപ്രില്‍ 22-ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നിരുന്നു.
മണിപ്പൂരിലെ ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസർ രാമാനന്ദ നോങ്മൈകപം തിരഞ്ഞെടുപ്പ് കമ്മീഷനെഴുതിയ കത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും ബൂത്ത് പിടിച്ചെടുക്കലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിച്ച സംഭവങ്ങളും നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യ റൗണ്ട് പോളിംഗ് സമയത്ത് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വോട്ടർ-വെരിഫയബിള്‍ പേപ്പർ ഓഡിറ്റ് ട്രയലുകളും (വിവിപിഎടി) ഇംഫാല്‍ ഈസ്റ്റില്‍ അക്രമികള്‍ ഒരു വയോധികനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചതായും അദ്ദേഹം കമ്മീഷനെ അറിയിച്ചിരുന്നു.
അന്നുമുതല്‍, ഇംഫാല്‍ വെസ്റ്റിന്റേയും കാങ്പോക്പി ജില്ലയുടെയും അതിർത്തിയിലുള്ള പ്രദേശത്തും സംഘർഷം നിലനിന്നിരുന്നു. കാങ്പൂക്പി ജില്ലയിലെ കുന്നുകളില്‍ നിന്ന് ഒരു കൂട്ടം ഗ്രാമവാസികള്‍ അക്രമങ്ങളില്‍ ഏർപ്പെടുകയും അതേ തുടർന്ന് അവാങ് സെക്മായിയിലും അയല്പക്കത്തുള്ള ലുവാങ്സാംഗോള്‍ ഗ്രാമങ്ങളിലും കനത്ത വെടിവയ്പ്പും നടന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
അതേ സമയം നിലവിലെ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.