രഞ്ജിത് ശങ്കറിന്റെ സിനിമകള്‍ക്ക് ഒരു പ്രത്യേക പുതുമയുണ്ട്. ലളിതമായ വിഷയങ്ങള്‍ അതിമാനുഷിക പ്രകടനങ്ങളൊന്നമില്ലാതെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കും. പാസഞ്ചര്‍ മുതല്‍ എല്ലാ സിനിമകളും അതേ പാത തന്നെ പിന്തുടരുന്നുണ്ട്. ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്ത 'ജയ് ഗണേഷ്' എന്ന ചിത്രവും അതേ ജനുസില്‍ പെടുന്ന ഒരു മികച്ച ചിത്രമാണ്.
ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ഗണേഷ് എന്ന സാധാരണക്കാരനായ യുവാവാണ് കഥയിലെ നാടകന്‍. ഒരപകടത്തില്‍ അയാള്‍ക്ക് കാലുകള്‍ തളര്‍ന്നു പോവുന്നു .അതോടെ അയാളുടെ ജീവിതം ഒറ്റപ്പെടല്‍ നിറഞ്ഞതാകുന്നു. ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് അയാള്‍ തന്റെ ജീവിതം മുന്നോട്ടു നീക്കുന്നത്. മികച്ച ഒരു ഗ്രാഫിക്‌സ് ഡിസൈനറാണ് ഗണേഷ്. കമ്പ്യൂട്ടര്‍ സാങ്കാതിക വിദ്യയില്‍ വളരെയധികം പരിജ്ഞാനമുള്ള ഗണേഷിന് പല പോലീസ് കേസുകളിലും സഹായം നല്‍കാനായിട്ടുണ്ട്.
ഇതോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി അയാള്‍ജയ് ഗണേഷ് എന്ന പേരില്‍ ഒരു അനിമേഷന്‍ കഥയെഴുതുന്നുമുണ്ട്. ജീവിതം ഇങ്ങനെ മുന്നോട്ടു പോകമ്പോഴാണ് ഒരിക്കല്‍ അപ്രതീക്ഷിതമായി ഗണേഷിന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു സംഭവമുണ്ടാകുന്നത്. കൊച്ചി നഗരത്തെ നടുക്കുന്ന സംഭവത്തിനാണ് ഗണേഷ് സാക്ഷിയാകുന്നത്. ഈ സംഭവത്തിനോട് പ്രതികരിക്കേണ്ട ഒരു ബാധ്യത ഗണേഷിനും വന്നു ചേരുന്നു. അതോടെ അയാള്‍ എഴുതുന്ന അനിമേഷന്‍ കഥയിലെ തന്നെ സൂപ്പര്‍ നായകന്റെ പരിവേഷം അണിയേമ്ടി വരുന്നു. ഈ സംഭവത്തിനെതിരേ പ്രതികരിക്കേണ്ടി വരുന്നതു കൊണ്ടു തന്നെ നിരവധി പ്രതിസന്ധികള്‍ളും തടസ്സങ്ങളും അതിജീവികികേണ്ടി വരുന്നതോടൊപ്പം പോരാട്ടങ്ങളും തുടങ്ങേണ്ടി വരുന്നു.
ജീവിതത്തിന്റെ കുതിപ്പുകളുമായി മുന്നേറുന്ന ചെറുപ്പക്കാരന്‍. പൊടുന്നനവേ അയാള്‍ക്ക് കാലുകള്‍ക്ക് ചലന ശേഷി നഷ്ടപ്പെടുമ്പോള്‍ അയാള്‍ക്ക് കടുത്ത നിരാശയും വിഷാദവും അനുഭവിക്കേണ്ടി വരുന്നു. ഗണേഷ് അനുഭവിക്കുന്ന അല്ലെങ്കില്‍ കടന്നു പോകുന്ന മനോവ്യഥകളാണ് ചിത്രത്തിന്റെ ആദ്യപകുതി. ഇടവേളയ്ക്ക് ശേഷം കേസന്വേഷണത്തില്‍ താന്‍ പഠിച്ച വിവരസാങ്കേതിക വിദ്യ നന്നായി പ്രയോഗിച്ചു കൊണ്ട് ഗണേഷ് ഒരു നിര്‍ണ്ണായക ഭാഗധേയമാകുന്നു. അടുത്ത കാലത്ത് കൊച്ചി നഗരത്തെ ആകെയുലച്ചു കളഞ്ഞ ഭീകരമായൊരു മാലിന്യ പ്രശ്‌നത്തിലേക്ക് വളരെ ഗൗരവമായി തന്നെ ഈ ചിത്രത്തില്‍ ക്യാമറ തിരിക്കുന്നുണ്ട് സംവിധായകനായ രഞ്ജിത്ത്. ഇത്തരമൊരു പ്രമേയം സിനിമയാക്കുമ്പോള്‍ സ്വാഭാവികമായും കൂടെയുണ്ടാകുന്ന ആക്ഷനും മാസ്സ് രംഗങ്ങളുമൊന്നും ഈ ചിത്രത്തിലില്ല. ഇടവേളയ്ക്ക് മുമ്പുള്ള അയാളുടെ സങ്കടങ്ങള്‍ രണ്ടാംപകുതിയില്‍ ത്രില്ലടിപ്പിക്കുന്ന വഴികളിലേക്ക് മാറുന്നു. ആധുനിക സാങ്കേതിക വിദ്യകളും കമ്പ്യൂട്ടര്‍ മേഖലയിലെ വിസ്‌ഫോടനകരമായ പുത്തന്‍ പരീക്ഷണങ്ങളുമെല്ലാം ചിത്രത്തില്‍ വളരെ മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഗുണകരമായ സാധ്യതകള്‍ എത്രത്തോളമുണ്ടെന്നും ചിത്രം വ്യക്തമാക്കുന്നു.
ഗണേഷ് എന്ന കഥാപാത്രത്തെ മികച്ച ശരീരഭാഷകൊണ്ടു കൂടി ഉജ്ജ്വലമാക്കിയ ഉണ്ണിമുകുന്ദനാണ് ചിത്രത്തിലെ സൂപ്പര്‍ സ്റ്റാര്‍. കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് വീല്‍ ചെയറില്‍ ജീവിതം തള്ളിനീക്കേണ്ടി വരുന്ന ചോരത്തിളപ്പുള്ള ഒരു ചെറുപ്പക്കാരന്റെ മാനസിക വ്യഥകളും അയാളുടെ ആഴമേറിയ നിരാശയുമെല്ലാം വളരെ ഹൃദയസ്പര്‍ശിയായി ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ചിട്ടുണ്ട്. അയാളുടെ രോഷപ്രകടനങ്ങള്‍ പോലും ഉള്ളിലെ സങ്കടത്തില്‍ നിന്നു വരുന്നതാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുമ്പോള്‍ അയാളുടെ കഥാപാത്രത്തിനോട് ഇഷ്ടം കൂടുന്നു.
ഗണേഷിന്റെ അച്ഛനായെത്തിയ അശോകന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. അപ്രതീക്ഷിതമായി മകന് സംഭവിച്ച അപകടത്തില്‍ തളര്‍ന്നു പോകാതെ സീനില്‍ വരുന്ന അവസരങ്ങളിലെല്ലാം മികച്ച രീതിയില്‍ ഭാവാഭിനയം കാഴ്ച വയ്ക്കുന്നുണ്ട് അദ്ദേഹം. ചിത്രത്തില്‍ ഒരു കഥാപാത്രമായി ജോമോള്‍ എത്തുന്നുണ്ടെങ്കിലും കാര്യമായ സ്‌പേസ് കിട്ടുന്നില്ല.
ബഹളങ്ങളൊന്നുമില്ലാതെ സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം മികച്ചരീതിയില്‍ കൈകാര്യം ചെയ്തതില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന് അഭിമാനിക്കാം. തിരക്കഥ ആവശ്യപ്പെടുന്ന കെട്ടുറപ്പ് ഓരോ സീനിലും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ ആകെയുള്ള മൂഡ് നിലനിര്‍ത്തുന്നതില്‍ സംഗീത സംവിധായകന്‍ ശങ്കര്‍ ശര്‍മ്മ വിജയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടാവുന്ന സംഭാവനകളാണ് ഛായാഗ്രാകന്‍ സെല്‍വരാജും ചിത്രസംയോജനം നിര്‍വഹിച്ച സംഗീത് പ്രതാപും നല്‍കിയിട്ടുള്ളത്. ത്രില്ലര്‍ മൂഡ് നിലനിര്‍ത്തുന്നതില്‍ എഡിറ്റിങ്ങും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ ആസ്വദിച്ചു കാണാന്‍ കഴിയുന്ന ചിത്രമാണ് ജയ് ഗണേഷ്.