അദ്ധ്യായം 1
ക്ഷ
എൻ്റെ പേര് നേതൻ എന്നാണട്ടോ. കാക്കനാട് പടമുഗളിലെ ഒരു വില്ലയിലാണ് ഞങ്ങളുടെ താമസം. ഞാനും, അനിയത്തി സെക്കൻ്റ് സ്റ്റാൻഡേർഡിൽ പഠിക്കുന്ന നേഹയും, പിന്നെ ഞങ്ങടെ അനു അമ്മേം.
അപ്പ ബിനുവിന് അങ്ങ് ദുബായീലാണ് ജോലി. കൊല്ലത്തിലൊരിക്കലേ വരൂ. വന്നാൽ ഒരു മാസക്കാലം ഞങ്ങൾ അടിച്ചു പൊളിച്ച് കഴിയും.
പറയുവാൻ മറന്നു. ഞങ്ങൾ രണ്ടും ഉണ്ടായതോടെ അമ്മ ജോലിക്ക് പോകുന്നത് നിറുത്തിയത്രെ.
ഭക്ഷണവും, പഠിത്തവും മറ്റു കാര്യങ്ങളും നേരാംവണ്ണം നോക്കി അനുസരണയുള്ളവരായി ഞങ്ങളെ വളർത്തുവാനായി, ജോലി രാജി വെച്ചുവെന്ന് അമ്മ വിഷമത്തോടെ പലരോടും പറഞ്ഞു കേട്ടിട്ടുണ്ട്.
അനു അമ്മയെ ഞങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ഒത്തിരി ഇഷ്ടമാണോന്ന് അടുപ്പമുള്ളവർ ചോദിച്ചാൽ 'അല്ല' , എന്ന ഒറ്റ ഉത്തരമാണ് ഞങ്ങൾ രണ്ടാളും പറയാറുള്ളത്.
അതിന് തക്കതായ കാരണമുണ്ട്. പ്രധാനമായും വീട്ടിൽ ഞങ്ങൾക്ക് ഒത്തിരി നിയന്ത്രണങ്ങളാണ്. ഞങ്ങളുടെ കൂടെ കളിക്കുവാനും വരുകയില്ല.
വൈകിട്ട് നാലിന് ഞങ്ങൾ സ്കൂളിൽ നിന്ന് വന്നാൽ ആദ്യം കുളി, ഭക്ഷണം. നാലരതൊട്ട് അഞ്ചര വരെ വില്ലകളുടെ പൊതു കളിയിടമുണ്ട്. അവിടെ ഊഞ്ഞാല്, വട്ടത്തീ കറക്കം, ഓട്ടം അങ്ങനെ കുറെ കളികളുണ്ട്.
മഴയാണെങ്കിൽ വീട്ടിനകത്തിരുന്ന് കളിക്കാം. അങ്ങനെയുള്ള ദിവസങ്ങളിൽ ഞങ്ങൾ മിക്കവാറും രണ്ടാം നിലയിലായിരിക്കും. അവിടെ ഹാളും, മറെറാരു മുറിയും ഞങ്ങളുടെ കളിയിടമാണ്.
മുറിയിൽ വലിയൊരു ടെൻ്റ് അമ്മ കെട്ടിതന്നിട്ടുണ്ട്. അത് ഞങ്ങളുടെ ലോകമാണെന്നും, അങ്ങോട്ട് ശല്യം ചെയ്യുവാൻ വരുന്നില്ലെന്നുമാണ് അനുഅമ്മ പറയാറുള്ളത്.
അഞ്ചര മുതൽ ആറുവരെ ടി.വി. കാണാം. ആറു മുതൽ എട്ടുവരെ പഠിക്കാനുള്ള സമയമാണ്.
പിന്നെ പ്രാർത്ഥന, ഭക്ഷണം, അപ്പയുമായുള്ള വീഡിയോ കോൾ. ചില ദിവസം അമ്മമ്മേം വിളിക്കും. 'ഒൻപതിന് കിടന്നോളണം' എന്നാ ഓർഡർ.
അമ്മ മൊബൈലിലാണെങ്കി, ഞങ്ങൾ കിടന്നിട്ട് അറിയാത്ത മട്ടിൽ പിന്നെയും എഴുന്നേറ്റു പോയി കുറെ നേരം കൂടിയൊക്കെ കളിക്കും.
കൊച്ചു ടി.വി.യുടെ ശബ്ദമെങ്ങാൻ കേട്ടാൽ അമ്മ പാഞ്ഞെത്തി ഓഫ് ചെയ്തിരിക്കും. അന്നു പിന്നെ അമ്മയുടെ ഒച്ചപ്പാട് കേൾക്കാതെ രക്ഷയില്ല.
രാവിലെ ആറിന് എണീക്കാതെ തരമില്ല. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ പഠിത്തമാണ്. ഏഴരക്ക് ചായ. എട്ടിന് ഒരുങ്ങിയിറങ്ങണം.
വീട്ടിനു മുന്നിലെ ചെറിയ ടാർ റോഡിലൂടെ രണ്ടു മിനിറ്റ് നടന്ന് റോഡിലെത്തിയാൽ സ്കൂൾ ബസ് വരുന്നുണ്ടാകും. അതങ്ങനെ തിങ്കൾ മുതൽ വെള്ളി വരെ ആവർത്തിച്ച് ആവർത്തിച്ച് 'എൻ്റെ പൊന്നു കൂട്ടുകാരെ, ഞങ്ങൾ ശരിക്കും ബോറടിച്ചു'.
ശനിയും, ഞായറും, മറ്റ് അവധി ദിവസങ്ങളുമാണ് ഞങ്ങൾക്ക് ആശ്വാസം കിട്ടുക. അന്ന് അമ്മയുടെ വക ഒരു നിയന്ത്രണങ്ങളും ഉണ്ടാകില്ല.
അവധി ദിവസമാണെങ്കിൽ നേഹയും, ഞാനും വൈകി എഴുന്നേറ്റാലും അപ്പോൾ തുടങ്ങി അങ്ങനെ കളിച്ചു നടക്കും. രണ്ടു വയസിൻ്റെ വ്യത്യാസമാണ് ഞങ്ങൾ തമ്മിൽ.
എനിക്ക് മൂന്ന് നാല് വയസൊക്കെ ഉള്ളപ്പോൾ ഒന്നു രണ്ടു വയസുള്ള നേഹയോട് ഞാൻ എപ്പോഴും വഴക്കടിക്കുമായിരുന്നുവത്രെ. ഇപ്പോൾ ഞങ്ങൾ തമ്മിൽ അങ്ങനെ അല്ലാട്ടൊ. മൂന്നു വർഷമായി വലിയ കൂട്ടാണ്.
ഇന്നൊരു ശനിയാഴ്ച്ചയാണ്. തന്നെയുമല്ല, അടുത്ത രണ്ട് മാസത്തേക്ക് മദ്ധ്യവേനൽ അവധിയാണ്. ഉച്ചക്ക് ഊണു കഴിച്ച് ഏതാണ്ട് മൂന്നു മണി ആയപ്പോൾ ഞാൻ നേഹയോട് പറഞ്ഞു.
'നേഹേ, നമുക്ക് പൊറത്തുപോയി കളിക്കാ'.
ഞാൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്ക് വാതിൽ തുറന്ന് ചെരുപ്പിട്ട് അവൾ റെഡിയായി. ശബ്ദം കേൾപ്പിക്കാതെ പതുക്കെ വാതിൽ അടച്ച് ഞങ്ങൾ പുറത്തിറങ്ങി.