Image

പക്ഷിപ്പനി കന്നുകാലികളിലേക്ക് പടരുന്നു; പ്രതിരോധ നടപടികളുമായി അമേരിക്ക

Published on 27 April, 2024
പക്ഷിപ്പനി കന്നുകാലികളിലേക്ക് പടരുന്നു; പ്രതിരോധ നടപടികളുമായി അമേരിക്ക

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കന്നുകാലികളിലേക്ക് പക്ഷിപ്പനി (H1N1) പടരുന്നു. അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളിലെ കറവ പശുക്കളിലാണ് രോഗം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. 

എട്ട് സംസ്ഥാനങ്ങളിലെ 33 കന്നുകാലികളിലേക്ക് വ്യാപിച്ച പക്ഷിപ്പനി രാജ്യത്തെ പാൽ വിതരണത്തിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കാത്ത പശുക്കളിലും വൈറസ് ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതിനേക്കാൾ കൂടുതൽ കറവപശുക്കൾ അണുബാധിതരായിരിക്കാമെന്നും പൂർണ്ണ വ്യാപ്തി അജ്ഞാതമാണെന്നും ആരോഗ്യ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പറയുന്നു. കറവപ്പശുക്കളിൽ ഈ വർഷമാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതെങ്കിലും കഴിഞ്ഞ വർഷം അവസാനത്തോടെ ആരംഭിച്ചതാകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

H5N1-ലെ മാറ്റങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി ശാസ്ത്രജ്ഞർ അറിയിച്ചു. മാറ്റത്തിന് വിധേയമായ വൈറസ് മനുഷ്യർക്കിടയിൽ എളുപ്പത്തിൽ പടരാൻ സാധ്യത ഉണ്ട്. കാട്ടുപക്ഷികളുമായോ കോഴികളുമായോ അടുത്തിടപഴകുന്ന ആളുകൾക്കിടയിൽ പക്ഷിപ്പനി പടരാൻ സാധ്യത കൂടുതലാണെന്നും ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

വൈറസ് എങ്ങനെയാണ് പടരുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ, കാട്ടുപക്ഷിയിൽ നിന്ന് പശുവിലേക്ക്, പശുവിൽ നിന്ന് പശുവിലേക്ക്, പശുവിൽ നിന്ന് കോഴിയിലേക്ക്, പശുവിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിൻ്റെ തെളിവുകൾ ഉണ്ട്. അതേസമയം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക