പികയെക്കുറിച്ച് കഴിഞ്ഞ അധ്യായങ്ങളിൽ ഞാൻ എഴുതിയിരുന്നു - ആരാണ് പിക ? പലരും മനസ്സിൽ ചോദിച്ചിരിക്കും -
അവളെക്കുറിച്ച് മുമ്പ് എഴുതിയതാണ്.
ഞാൻ പ്രസവിച്ച മകളല്ല,
പിക. അവൾ അസർബൈജാൻ്റെ അരുമ പുത്രിയാണ്. എവിടെയാണ് അസർബൈജാൻ? പലരും മുമ്പ് കേട്ടിട്ടില്ലാത്തൊരു രാജ്യം - എന്നാലിപ്പോൾ ലോകത്തിൻ്റെ പല ഭാഗത്ത് നിന്നും ആളുകൾ ഇവിടേക്ക് ആനന്ദത്തിൻ തേൻ നുകരാൻ എത്തുന്നു.
മകൻ്റെ Destination Management company യായ Caucasian Travel Dreams.. വഴിയും അല്ലാതെയും -
മുമ്പ് റഷ്യയുടെ ഭാഗമായിരുന്നു അസർബൈജാൻ- 1991 മുതൽ സ്വതന്ത്ര റിപ്പബ്ലിക്കാണ്. റഷ്യ, ഇറാൻ, തുർക്കി, ജോർജിയ, അർമേനിയ. ഈ രാജ്യങ്ങൾക്ക് ഇടയിലാണ് അസർബൈജാന്റ സ്‌ഥാനം. എണ്ണയുടേയും കായിക വിനോദത്തിന്റേയും പ്രകൃതി സൗന്ദര്യത്തിന്റേയും നാട്. യൂറോപ്യൻ നാടുകളിലേക്കും മറ്റും കമ്പനികളിലേക്ക് എണ്ണയും പൈപ്പ് ലൈനും ഗ്യാസും കയറ്റി അയക്കുന്ന നാട്.- ബാക്കുവാണ് അവരുടെ തലസ്ഥാന നഗരം.അവിടെയാണ് മകൻ ഇപ്പോൾ സെറ്റിൽ ചെയ്തിരിക്കുന്നത്.
അവനെങ്ങനെ ഇവിടെയെത്തി,
ഈ അസറി പെൺകിടാവ് എങ്ങനെയെന്റെ മകളായി എന്നാവും നിങ്ങളുടെ അത്ഭുതം.
അന്ന് എന്റെ പ്രഥമപുത്രൻ അമിത്തിൻ്റെ പ്രതിശ്രുത വധുവാണ് പിക എന്നറിഞ്ഞപ്പോൾ ഞാനും ആകെ പകച്ചു പോയിരുന്നു.
ഇളയ അനുജൻ അനൂപ് ദുബായിൽ എണ്ണയുടേയും ഗ്യാസിന്റെയും അതിന്റെ പൈപ് ലൈൻ ഉപകരണങ്ങളുടേയും ബിസിനസിൽ ഏർപ്പെട്ടപ്പോൾ മകൻ അമിത്തും അതിന്റെ ഭാഗഭാക്കായി. ദുബായിലാണ് അവരുടെ ഹെഡ് ഓഫീസ്. കമ്പനിയുടെ ബാക്കു ഓഫീസിലെ റീജ്യണൽ മാനേജർ പിക, ദുബായിലേത് മകൻ അമിത്. അങ്ങനെയാണവർ പരിചയമാവുന്നത്.
കമ്പനി വ്യവഹാരങ്ങളുമായി അവരെ ഇന്റർനെറ്റ് ബന്ധിപ്പിച്ചു. കൂടാതെ ടെലഫോണിൽ സംഭാഷണം. പിന്നെ ചിത്രങ്ങൾ കൈമാറുന്ന സൗഹൃദം.
ഈ അമ്മ കാരണമാണത്രെ അവൻ ആ പ്രണയത്തിലേക്ക് കാലിടറി വീണത് ! അമ്മയും മകനും ചേർന്ന് ദുബായിൽ വെച്ചെടുത്ത ചിത്രം അവനയച്ചു കൊടുത്തുവത്രെ! ഒരു നാൾ ബാങ്ക് ജോലിയുടെ നിറഞ്ഞ തിരക്കുകൾക്കിടയിൽ നട്ടം തിരിയുന്ന അമ്മയ്ക്ക് മകൻ്റെ ദുബായിൽ നിന്നുള്ള ഫോൺ -
"അമ്മേ. എൻ്റെ ബാക്കുവിലുള്ള സുഹൃത്ത് പറയ്യാണ്, അമ്മയെ കണ്ടാൽ എൻ്റെ ചേച്ചിയെന്ന് തോന്നുമെന്ന് !"
ആഹ്ലാദം തുളിക്കുന്ന അവൻ്റെ സ്വരം "നിന്നെ സന്തോഷിപ്പിക്കാൻ പറഞ്ഞതാവും മുന്ന"
ഞാൻ ചിരിച്ചു. എന്നിൽ പ്രശംസ ചൊരിഞ്ഞത് ഒരു പെൺകിടാവെന്ന് അറിഞ്ഞില്ല, അതൊരു പ്രണയ വസന്തത്തിൻ്റെ ആരംഭമാണെന്നും.
വസന്തം സുഗന്ധസുരഭിലമായപ്പോൾ, അനുജൻ അനൂപ് കേരളത്തിലേക്ക് കടൽ കടന്നെത്തി. മുന്നയ്ക്ക് ചേരുന്ന ഒരു വധുവിനെ തിരഞ്ഞ് നടപ്പായിരുന്നു ഞാൻ.
'സുധിയേച്ചിയോട് ഗൗരവമുള്ള ഒരു കാര്യം പറയാൻ വന്നതാണ് ഞാൻ -'
അവൻ എന്നെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അനുജന്റെ മുഖഖുര കേട്ട് നെഞ്ചൊന്ന് പിടഞ്ഞു.
എന്റെ മകനെന്തെങ്കിലും ആപത്ത്?
'വേഗം പറയൂ - എന്താണ്?'
അവൻ എന്നെ അടുത്ത് പിടിച്ചിരുത്തി.
"പിക എന്നാണ് അവളുടെ പേര്. നീണ്ട അഞ്ചു വർഷമായി എനിക്കവളെ അറിയാം. ഞങ്ങളുടെ കമ്പനിയിലെ ഏറ്റവും മിടുക്കിയായ പെൺകുട്ടി. പഴയ സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്ന അസർബൈജാനിലാണ് അവളുടെ വീട്. ഹെഡോഫീസിൽ പോകുമ്പോൾ അവളെ കണ്ടിട്ടുണ്ട്. വീട്ടിലും പോയിട്ടുണ്ട്. നല്ല കുടുംബം."
ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത്! അസർബൈജാൻ! ഞാനാദ്യമായിട്ടാണ് ഈ പേര് കേൾക്കുന്നത്. ബാക്കി കൂടി കേൾക്കാൻ ഞാൻ സന്നദ്ധയായി. എന്നാലെൻ്റെ ചിന്തകളുടെ നാലയലത്ത് പോലും എത്താത്ത കാര്യങ്ങളാണ് പിന്നീടവൻ പറഞ്ഞത്.
"മുന്നയും പികയും സ്നേഹത്തിലാണ്. അവർക്ക് വിവാഹം കഴിക്കണമത്രെ."
മനസ്സിൽ പൊട്ടിയ ബോംബിന് ശബ്ദമില്ല. ഹെന്ത്! ഞാൻ തളർന്നിരുന്നു. ദാരിദ്യം കൊണ്ട് പല നാടുകളിൽ ചെന്ന് പല തരത്തിൽ ജീവിക്കുന്ന സുന്ദരികളായ റഷ്യൻ പെൺകിടാങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്. കണ്ടിട്ടുമുണ്ട്. അവരിലൊരു പെൺകുട്ടിയെ എന്റെ മകൻ -
"ചേച്ചി മനസിൽ കാണുന്ന റഷ്യക്കാരികളല്ല ഇവർ അസറികൾ. നന്നായി ജീവിക്കുന്നവർ. അവൾ ഉത്തരവാദിത്തമുള്ള കുട്ടിയാണ്'. സ്വന്തമായി വീടു വാങ്ങിച്ച ശേഷമേ വിവാഹം കഴിക്കൂ എന്ന വാശി. ശമ്പളത്തിന്റെ ഒരു ഭാഗം അവളുടെ ഹൗസിംഗ് ലോണിലടയ്ക്കും - ഇപ്പോഴവൾക്ക് സ്വന്തമായ വീടുണ്ട്. അച്ഛൻ, അമ്മ, അനിയത്തി, അനിയൻ സന്തുഷ്‌ട കുടുംബം - '
ഈ വാക്കുകളൊന്നും എൻ്റെ മനസിൽ പതിഞ്ഞില്ല. മകനെ ഈ വിവാഹത്തിലൂടെ നഷ്ട്‌ടമാവാൻ പോകുന്നു എന്ന ആധിയാൽ എന്റെ കൈത്തലം വിയർത്തു.
വർത്തമാനത്തിനിടയ്ക്ക് എൻ്റെ ഭർത്താവ് അനുജന്റെ പിറകിൽ വന്ന് നിൽപുണ്ടായിരുന്നു. ഞാനാ മുഖത്തേക്ക് അമ്പരന്ന് നോക്കി. അവിടം യാതൊരു കാലുഷ്യവും ഞാൻ കണ്ടില്ല. കാര്യങ്ങളെല്ലാം നേരത്തെ അറിഞ്ഞ ഭാവം. ഷോക്കും ആഘാതവുമെല്ലാം തീർന്നു കാണും.
അപ്പോഴാണ് മകൻ അമിത്തിൻ്റെ ഫോൺ ദുബായിൽ നിന്നും എത്തിയത്.
'അമ്മ വിഷമിക്കേണ്ടമ്മേ - അമ്മയ്ക്ക് സമ്മതമാണെങ്കിൽ മാത്രം.'
തളർന്നു നിന്ന എൻ്റെ പ്രജ്‌ഞ ഉണർന്നു ഇനിയെങ്ങനെ ഞാൻ നിന്നെ എതിർക്കും മകനേ ?
സ്നേഹിക്കുന്ന ഹൃദയങ്ങളെ ഒന്നിപ്പിക്കാനല്ലാതെ, ഭിന്നിപ്പിക്കാൻ ഈ അമ്മയ്ക്കാവില്ലല്ലോ.
അങ്ങനെ വിവാഹം നടത്തിക്കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.
.വാട്‌സ് ആപിലൂടെ പരിചയപ്പെട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.' ഇന്ത്യൻ സംസ്‌കാരധാരയിൽ ആകൃഷ്ടയായ പെൺകുട്ടി. അവൾക്ക് നമ്മുടെ രാഷ്ട്രപിതാവിനെക്കുറിച്ചറിയാം - ശ്രീ നാരായണ ഗുരുവിനെ അറിയാം - മലയാളം ഹിന്ദി ഗാനങ്ങൾ പഠിച്ചു വെച്ചിട്ടുണ്ട്
ബാക്കുവിലെ ഖസർ യൂണി' (khasari University)യിൽ ഇക്കണോമിക്സ്, എം.ബി.എ.മാത്രമല്ല, ബഹുഭാഷാ പരിഭാഷ ബിരുദവും നേടിയിട്ടുണ്ട്. അറബിക്, അസറി, ഇംഗ്ലീഷ്, റഷ്യൻ തുടങ്ങി അഞ്ചാറ് ഭാഷകൾ അറിയാം. ഈ ബിരുദങ്ങളേക്കാൾ അടുത്തറിഞ്ഞപ്പോൾ എന്നെ ആകർഷിച്ചത് അവളിൽ കണ്ട ആർജവവും നിശ്ചയദാർഢ്യവും താൻപോരിമയും ഊഷ്‌മള സ്നേഹവും സംസ്കാരവുമാണ്. മാതാപിതാക്കൾ അവൾക്ക് പകർന്നു നൽകിയ വിലപിടിപ്പുള്ള ചില മൂല്യബോധങ്ങൾ.
അവരുടെ രണ്ട് വിവാഹങ്ങൾക്ക് ഞങ്ങൾ സാക്ഷികളായി. ആകെ ഇരുന്നൂറിലധികം പേർ മാത്രം പങ്കെടുത്ത ബാക്കു കല്യാണം. ( അവിടെ വിവാഹ വേളയിൽ ഇരുന്നൂറ്റി അമ്പതിലധികം പേർ പങ്കെടുക്കില്ല.) പിന്നെ രണ്ടായിരത്തോളം പേർ പങ്കെടുത്ത നാട്ടിലെ കല്യാണം.
കേരളത്തിലെ വിവാഹം പ്രധാനപ്പെട്ട ചാനലുകളും പത്രങ്ങളും റിപ്പോർട്ട് ചെയ്‌തു. പികയുമായി ചില അഭിമുഖങ്ങളും അവർ നടത്തി- കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അവൾ പഠിച്ചെടുത്ത മലയാളം വാക്കുകൾ അവരെ അത്ഭുതപ്പെടുത്തി. വിവാഹത്തിന് ബാക്കുവിൽ നിന്നെത്തിയ അവളുടെ കുടുംബത്തേയും മലയാളികൾ ഹൃദയപൂർവം സ്വാഗതം ചെയ്തു.
കോഴിക്കോട് താമസിക്കുന്ന അവർ വല്ല കടയിലും എന്തെങ്കിലും വാങ്ങാൻ ചെന്നാൽ പത്ര വാർത്ത കണ്ട ചിലർ,കെ.പി.സുധീരയുടെ മകൻ്റെ ഭാര്യവീട്ടുകാരാണല്ലേ? എന്ന് ചോദിക്കാൻ തുടങ്ങി.
പികയുടെ വീട്ടുകാർ പല മലയാള പദങ്ങളും പഠിച്ചു. എന്നാൽ അസറി ഭാഷയിലെ ഖോഷ് ഗെൽ മിസിനിസ് (khosh gelmisiniz) അഥവാ സ്വാഗതം എന്നതിലപ്പുറം ഞങ്ങളിതുവരെ കടന്നിട്ടില്ല. ഇംഗ്ലീഷറിയാത്ത പികയുടെ അച്‌ഛനും അനുജനും പറയുന്നത് ഇംഗ്ലീഷ് നന്നായറിയുന്ന അമ്മയും അനുജത്തി ഐസേലും പികയും ചേർന്ന് ഞങ്ങൾക്കായി പരിചയപ്പെടുത്തി
അങ്ങനെ മറ്റൊരു ഉപഭൂഖണ്ഡത്തിൽ ജീവിച്ച , മറ്റൊരു ഭാഷയും സംസ്ക്‌കാരവുമുളള പെൺകിടാവ് ഞങ്ങൾക്ക് മകളായി, പുത്രവധുവായി. അവളുടെ ആൾക്കാർ ഞങ്ങൾക്ക് ബന്ധുക്കളായി. ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ച ഭാഷ വാസ്‌തവത്തിൽ, അനവദ്യ സുന്ദരമായ അക്കൂട്ടരുടെ സ്നേഹം തന്നെയായിരുന്നു.
പിന്നീട് മകനും ഭാര്യയ്ക്കും ഇരട്ട പാരിതോഷികമായി രണ്ട് ആൺകുഞ്ഞുങ്ങൾ പിറന്നു. ഇരട്ടകൾക്ക് അവർ അമാൽ, ആരവ് എന്ന് പേരിട്ടു.
മുന്നയും കുടുംബവും പിന്നെ എണ്ണയുടെ നാടായ ബാക്കുവിലേക്ക് ചേക്കേറി.
കോക്കസസിന്റെ സ്വപ്ന ഭൂമിയായ അസർബൈജാനെപ്പറ്റി, ഈ ബാന്ധവത്തിന് ശേഷം പലരും എന്നോട് ചോദിക്കയുണ്ടായി. അധികമാരും കേട്ടിട്ടില്ലാത്ത രാജ്യം. കോക്കസസ്സ് (The Caucasus) പ്രവിശ്യ കരിങ്കടലിന്റെയും കാസ്‌പിയൻ കടലിൻ്റെയും മധ്യത്തിലാണല്ലോ സ്ഥിതി ചെയ്യുന്നത്. തെക്കൻ റഷ്യ, ജോർജിയ, അസർബൈജാൻ, അർമേനിയ തുടങ്ങിയ ങ്ങൾ അടങ്ങിയ പദേശമാണ് കോക്കസസ്.
സംശയം ചോദിച്ച പല സുഹൃത്തുക്കൾക്കായാണ് ഇതെഴുതുന്നത്
അന്ധർബൈജാൻ എന്ന മനോഹര പ്രദേശത്ത് വന്നെത്തുന്ന ഇന്ത്യക്കാരെ അലട്ടിയ പ്രധാന പ്രശ്‌നങ്ങൾ ഇംഗ്ലീഷ് സംസാരിക്കാത്ത ജനതയും എരുവ് ചേർക്കാത്ത ഭക്ഷണവും ആണ്. അപ്പോൾ മുന്നയും പികയും ചേർന്ന് ഒരു Destination Management കമ്പനി തുടങ്ങി. Caucasian Travel Dreams എന്ന് പേരിട്ടു. ഞാൻ നാലഞ്ചു തവണ ബാക്കുവിൽ വന്നിട്ടുണ്ട്.
എന്നെ ബാക്കുവിലേക്ക് ആകർഷിച്ചത് അവിടുത്തെ മഞ്ഞു പൊത്തിയ മലകളും, പുരാതന ചരിത്രമുറങ്ങുന്ന നഗരവും ആണ്. Honeymoon Tours, adventure tours, sight seeing tours, city tours
ഇതെല്ലാം caucasian Travel Dreams ഒരുക്കുന്നുണ്ട്! അസർബൈജാനിൽ വന്നിറങ്ങിയത് മുതൽ തിരിച്ച് എയർപ്പോർട്ടിൽ എത്തിക്കും വരെ കമ്പനി അവരുടെ ആതിഥേയരാണ്.
ഇപ്പോൾ ഇവിടെ വസന്തകാലമാണ് - മരം കോച്ചുന്ന മഞ്ഞില്ല - പുറത്തിറങ്ങിയാൽ നല്ല വെയിലും അതിനെ ഊതിയകറ്റാൻ കുളിരുന്ന കാറ്റും എത്ര സുഖദമായ അന്തരീക്ഷം - എന്തെന്ത് മോഹന ദൃശ്യങ്ങൾ !
എത്ര ആഴത്തിലുള്ള സംസ്കാരം വേരോടിയ നഗരം !
കരവിരുതിന്റേയും കടൽക്കാറ്റിനേയും കേദാരമാണ് നാട്. പട്ട്പാതയിലൂടെ (silk Street )വന്നെത്തുന്ന, സഞ്ചാരികളുടെ പറുദീസ. പരിഷകൃത വേഷധാരികളായ ശ്വേത സുഭഗരുടെ നാട് .
എണ്ണപ്പാടത്തിൻ്റെ ഈ നാട് മാത്രമല്ല സ്നേഹം നിറഞ്ഞ മുഖങ്ങളും നാം മറക്കില്ല!
വീണ്ടും ഇങ്ങോട്ട് വരു വരു എന്ന് അവ നമ്മെ മാടി വിളിക്കാതിരിക്കില്ല.