ലൂക്കാപ്പൻ പ്രാതൽ കഴിഞ്ഞ് ചാരുകസേരയിൽ കാലും പൊക്കി വെച്ച് തന്റെ വിശാലമായ പറമ്പും നോക്കി വിശറിയും വീശി കഴുത്തും മുഖവും തണുപ്പിച്ചങ്ങനെ കിടക്കുവാണ്. അടുത്ത് ടേബിൾ ഫാൻ വെച്ചിട്ടുണ്ടെങ്കിലും പിശുക്കുകാരണം അത് പ്രവർത്തിപ്പിക്കാൻ മടി.
ലൂക്കാപ്പൻ എന്തോ ചിന്തിച്ചു കൂട്ടുവാണ്. കണ്ണ് മുന്നിലുള്ള പ്ലാവിന്മേൽ തറച്ചുപോയിരിക്കുന്നു. ലൂക്കാപ്പന് ആകെപ്പാടെ ഒരു വെപ്രാളം. നെഞ്ചിന് ഒരു കനം. നെഞ്ച് പെതുക്കെ തടവുന്നുണ്ട്. വിയർപ്പ് കൂടിവരുന്നു. തോളിൽക്കിടന്ന കളറ് മങ്ങിയ വെള്ളനിറമായിരുന്ന തോർത്തുകൊണ്ട് കഴുത്തും മുഖവും തുടച്ചു. ഒട്ടും താമസിക്കാതെ ലൂക്കാപ്പന്റെ അടുത്തിരുന്ന മണിയെടുത്തു കിണി കിണി മണി രണ്ടടിച്ചു. ആ കിണി അടി ഭാര്യ ഗ്രേസിക്കുള്ള സന്ദേശമായിരുന്നു. ഗ്രേസി തന്റെ എടുത്തു വെക്കാൻ പ്രയാസമുള്ള കാലുകൾ ഓരോന്നുംവെച്ച് വെച്ച് ഏന്തി വലിഞ്ഞു വരാന്തയിൽ എത്തി. അവരുടെ കൈയ്യിൽ ഒരു മൊന്ത നിറയെ തണുത്ത മോരുംവെള്ളവും ഉണ്ട്.
ലൂക്കാപ്പൻ ഗ്രേസിയെ അടിമുടി നോക്കി, മൊന്ത വാങ്ങി മോരുംവെള്ളംചുണ്ട് തൊടാതെ ഇറക്കി. ‘ഇവൾ ദിവസേന ചെറുപ്പമാവുകയാണോ!’ കുടിക്കുന്ന മോരുംവെള്ളം കടിച്ചു പൊട്ടിക്കും പോലെ പല്ലിറുക്കി. കുശുമ്പ് ചിന്തിച്ചിട്ടോ ആവോ മോരുംവെള്ളം നെറുകയിൽ കയറി. കോഹ കോഹ‘ന്ന്ചുമച്ചു ചുമച്ചു ഉച്ചിയിൽ ഇടിച്ചു. ‘അയ്യോ വയ്യായെ’ എന്ന് പതം പറഞ്ഞു തന്റെ സ്വന്തം ശരീരത്തിലേക്ക് പ്രതീക്ഷയോടെ ഏറുകണ്ണിട്ടു നോക്കി. എന്ത് കാര്യം! ദുഖം പതിന്മടങ്ങു വർദ്ധിച്ചതേയുള്ളൂ.
‘നീ എന്താടി എന്തേലും രഹസ്യമായി കഴിക്കുന്നുണ്ടോ ? അല്ല നീ കൊഴുത്തിരിക്കുന്നു ഞാൻ ഉണക്കക്കമ്പുപോലെയും ഇരിക്കുന്നു !‘ ലൂക്കാപ്പൻ ചുമച്ചു കൂട്ടുംവഴി പറഞ്ഞൊപ്പിച്ചു.
ങാ.. നിങ്ങൾക്കങ്ങനൊക്കെത്തോന്നും..! ഗ്രേസി അതും പറഞ്ഞു ലൂക്കാപ്പന്റെ കണ്മുന്നിൽ നിന്ന് ഏന്തി വലിഞ്ഞു നടന്നു നീങ്ങി.. ഇങ്ങേരുടെ മുന്നിൽ കുറച്ചു നേരം നിന്നാൽ മതി പിന്നെ ഒരാഴ്ച്ച നോക്കേണ്ട.. കരിങ്കണ്ണൻ.. ഇതുപോലൊരു കുശുമ്പൻ! മനുഷ്യര് നന്നാവുന്നതു കണ്ടൂടാത്ത ഏഭ്യൻ.. അമ്പതു വർഷമായി ഇതിയാന്റെ കൂടെ ജീവിക്കുന്നു..! മതിയായി. എന്നെ ഒന്നങ്ങോട്ടു വിളിച്ചൂടെ കർത്താവേ..! എത്രെയായി എന്നെയിട്ടിങ്ങനെ പരീക്ഷിക്കുന്നു! അടുക്കളയിലേക്ക് പോകും വഴി കർത്താവിന്റെ തിരുരൂപത്തിൽ ഗ്രേസി തുറിച്ചുനോക്കി…‘എല്ലാം കണക്കുതന്നെ!’ കർത്താവ് അതുകേട്ട് ചമ്മി ചിരിക്കും പോലെ ചിരികൊണ്ടു നിൽക്കുകയാണ്. ഒരു കൈയിൽക്കൂടി അനുഗ്രഹങ്ങൾ ചൊരിയുന്നുണ്ട്.
‘ഒരു ജോലിക്കാരിയെ നിർത്തത്തില്ല.. പണം ഇരുന്നു പൂത്താലും അങ്ങേര് അനങ്ങത്തില്ല..നിനക്ക് ഇതൊന്നും അറിയാത്തതല്ലല്ലോ.. എന്നിട്ട് എന്താ പ്രത്യേകിച്ച് വിശേഷം!‘
ഘടികാരം രാവിലെ ഒൻപതടിച്ചു..
എഞ്ചിനീയർ സന്ദീപ് രണ്ടു പണിക്കാരെയും കൊണ്ട് ലൂക്കാപ്പന്റെ മാളിയേക്കൽ കൊട്ടാരത്തിനു മുന്നിൽ ഹാജർ വെച്ചു. ഒരുത്തൻ ബംഗാളി വേറൊരുത്തൻ മലയാളി. ദോഷം പറയരുതല്ലോ ബംഗാളി ജോലി ചെയ്തു ശീലം ഉള്ളവനും മലയാളി മണ്ണ്, ചെളി മുതലായവ നല്ലപ്പോൾ കാണുന്നവനുമായിരുന്നു. മലയാളി ജോലിക്കാരൻ എഞ്ചിനീയറോട് ചോദിച്ചു,കാലുറയുണ്ടോ സാറേ പറമ്പിലും മറ്റും പണി ചെയ്യാൻ ആവശ്യമായ കാലുറ?
നീ ആ ബംഗാളിയെ കണ്ടോ? അവന്എന്തേലുംഉറയുണ്ടോ..
നിനക്ക് സൗകര്യമുണ്ടേൽ ജോലി ചെയ്.. അല്ലേൽ ഇട്ടേച്ച് പൊക്കോ.. ഞാൻ ഇനിയും ഒരു ബംഗാളിയെ കിട്ടുമോന്നു ഞാൻ നോക്കട്ടെ..
അയ്യോ..ചതിക്കല്ലേസാറേ.. കൈയ്യിൽ അഞ്ചിന്റെ പൈസാ ഇല്ല.. എനിക്ക് കാലുറ വേണ്ട.. ബ്രേക്ഫാസ്റ്റ് കിട്ടിമോ.. ബ്രേക്ഫാസ്റ്റ്..
നീ ഒന്ന് അടങ്ങ് റപ്പായി..
എഞ്ചിനീയർ പുതിയ പണിക്കാരെ ലൂക്കാപ്പന് മുന്നിൽ നിർത്തി..
ഒരു പൊടി പോലും കാണാത്തപോലെ പറമ്പ് സുന്ദരമാക്കിക്കോണം,ലൂക്കാപ്പൻഅജ്ഞാപിച്ചു ..
പറമ്പിലെ മണ്ണ് മൊത്തോം മാറ്റാനാണോ ഈ അപ്പച്ചൻ പറയുന്നത്.. എഞ്ചിനീയർസാറേ.. റപ്പായിയുടെ ന്യായമായ സംശയം പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ഓ ഏറ്റു.. എഞ്ചിനീയർ തലകുലുക്കി സമ്മതിച്ചു..
ബംഗാളിക്കാണേൽ ഒരു സംശയവുമില്ല.. പറമ്പിൽ എന്തൊക്കെ പണി ചെയ്യണമെന്ന് അവന് കൃത്യമായി അറിയാം..
‘നീ ആ ബംഗാളി ചെയ്യുന്നപോലെയങ്ങു ചെയ്താൽ മതി.. അധികം സംശയം അപ്പച്ചനോട് ചോദിക്കാൻ നിൽക്കേണ്ട..‘ എഞ്ചിനീയർ ഉപദേശം നൽകി..
ഞാൻ ബ്രേക്ഫാസ്റ്റ് കഴിച്ചില്ല..
ങേ..
കഴിച്ചില്ലന്നെ..
അപ്പച്ചനോട് ചോദിച്ചോ എന്നുംപറഞ്ഞ് എഞ്ചിനീയർ അവിടെനിന്നു സ്ഥലം വിട്ടു..
എഞ്ചിനീയർ സന്ദീപ് പണ്ടൊരു സമയം മാളിയേക്കൽ കൊട്ടാരമൊന്നു പുതുക്കി പണിഞ്ഞിരുന്നു.. ആ ബന്ധം പറഞ്ഞ് ലൂക്കാപ്പൻ ചന്തയിൽനിന്ന് കോഴിയെ വാങ്ങിക്കുന്ന പണിവരെ എഞ്ചിനീയർനെ കൊണ്ട് ചെയ്യിച്ചു തുടങ്ങി..
കലികാലം..!
സാറേ വിശക്കുന്നു.. റപ്പായി വേറെ ഒന്നും നോക്കിയില്ല.. നേരെ കാര്യമങ്ങു പറഞ്ഞു..
ഉം.. ഒന്നും കഴിച്ചില്ലേ നീ?
രണ്ട് പൊറോട്ടയേ കഴിച്ചുള്ളൂ.. സാധാരണ ആറെണ്ണം കഴിക്കുന്നതാ.. പൈസാ തികഞ്ഞില്ല..
ആ നീ അടുക്കളയിലോട്ടു ചെല്ല്.. കഴിച്ചേച്ചു വേഗം പണി തുടങ്ങിക്കോണം..
ഓ സാറേ..
ബംഗാളി ആ സമയംകൊണ്ട് കിളച്ചു കിളച്ചു ഒരു ഭാഗത്തെ പുല്ല് കൂട്ടി വെച്ചിരുന്നു..
ലൂക്കാപ്പൻ വീണ്ടും മനസ്സിരുത്തി ആലോചിച്ചു.. എന്നാലോട്ടു ഉത്തരവും കിട്ടുന്നില്ല. ഇതെങ്ങനെ സംഭവിക്കുന്നു! അയൽപ്പക്കക്കാരൻ പലചരക്ക് നാണുവിന്റെ ഭാര്യക്ക് എത്രെനാളായി കാൻസറിന് ചികിൽസിക്കുന്നു! ഇന്നലേംകൂടെ അവര് ചികിത്സ തുടരുന്നുണ്ട് എന്ന് എന്നോട് പറഞ്ഞതാണ്. അയാളുടെ പറമ്പോ പാടമോകൊടുക്കുന്നുണ്ടോ എന്ന് ഞാനൊരു നമ്പറിട്ടു ചോദിച്ചപ്പോൾ കൊടുക്കുന്നില്ല എന്ന് മറുപടിയും പറഞ്ഞു. പിന്നെ ഇയാൾ എങ്ങനെ ചികിത്സ നടത്തുന്നു. ഇത്രെ പണം ഇയാൾക്ക് എവിടെനിന്ന് ?
ചോദ്യം ന്യായം തന്നെ!
ലൂക്കാപ്പൻ ചിന്തിച്ചു കൂട്ടി..നിങ്ങൾ കേൾക്കുക.
പലചരക്ക് കടയിൽനിന്ന് ദിവസേന അൻപതിനായിരം രൂപ എങ്കിലും ആ നാണുവിന് വരുമാനം കാണും! അല്ലാതെ എങ്ങനെയാ ! അയാൾ ആ പൈസ ബാങ്കിൽ ഇട്ടിട്ടാകും വീട്ടിൽ വരുന്നത്. ഇത്രെയേറെ പണം വീട്ടിൽ വെക്കാൻ കഴിയില്ലല്ലോ! അവന്റെ മക്കളും പൈസാ ഉണ്ടാക്കുന്നായിരിക്കും നല്ല പോലെ! ഹോ .. തിന്നാനും കുടിക്കാനും ഇല്ലാതിരുന്ന പിള്ളേരാ.. അവർക്കിപ്പോൾ മാസം ലക്ഷങ്ങള് വരുമാനം കാണും! അവൻ എന്നേക്കാൾ നല്ല സ്ഥിതിയിലാണല്ലോ എന്റെ കർത്താവേ. ! അവന്റെ പിള്ളേർ എന്റെ പിള്ളേരേക്കാൾ നല്ല നിലയിലും.എന്റെ മക്കള് ഡെന്മാർക്കിലാ ലണ്ടനിലാ എന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം ! അവനൊക്കെ ദിവസവും കഞ്ഞികുടിച്ചു പോകാനുള്ള വകയേയുള്ളൂ..! ഇതൊക്കെ എന്റെ പിള്ളേര് തന്നെയാണോ എന്നാ ! രണ്ടാമത്തവന് പാൽക്കാരൻ വേലുവിന്റെ ഇളിഞ്ഞ ചിരി അതുപോലെ!
ങാ.. ഇനി അതൊക്കെ പറഞ്ഞിട്ടെന്താ.. ഞാൻ ഉണ്ടാക്കിയതും എന്റെ തന്തയുണ്ടാക്കിയതും ഉണ്ട്! നാട്ടിലെ ഗതിയില്ലാത്തവന്മാരൊക്കെ ഇന്ന് എന്റെയൊപ്പം അല്ലേൽ എനിക്കും മുകളിൽ!
ഹൊ വയ്യ… ലൂക്കാപ്പൻ തോളിൽ കിടന്നിരുന്ന തോർത്തെടുത്ത് കഴുത്തും മുഖവും തുടച്ചു എന്നിട്ട് പതിയെ എഴുന്നേറ്റ് ലാൻഡ്ഫോണിനെ ലക്ഷ്യമാക്കി നടന്നു. ഫോൺ എടുത്തു കറക്കി ബന്ധുക്കാരിയെ വിളിച്ചു.
എടീ, നീ എനിക്ക് തരാനുള്ള പണം എപ്പോൾ തരും ?
ഏത് പണമാ അച്ചായാ ?
നിനക്ക് വീടുവെക്കാൻ അന്ന് തന്ന പണം !
അച്ചായാ അതൊക്കെ ഞാൻ എന്നേ തന്നതാ! അച്ചായന് ഓർമ്മക്കുറവുണ്ടോ ? അച്ചായന് സുഖമാണോ? കൊച്ചമ്മ എന്തിയേ ? മക്കളൊ …
ലൂക്കാപ്പൻ ഫോൺ കട്ട് ചെയ്തു.. അവള് വേണമെങ്കിൽ തിരിച്ചു വിളിക്കട്ടെ. അവൾക്കെല്ലേ വിശേഷം അറിയേണ്ടുന്നത്. വെല്ലോന്റേം പൈസക്ക് സംസാരിക്കാൻ എന്ത് സുഖമാ.. നശൂലം.. അവള് പൈസ തിരിച്ചു തന്നകാര്യം ഓർത്തു വെച്ചേക്കുന്നു. ഓർമ്മക്കുറവും ഇല്ല ഒരസുകോം ഇല്ല. ഞാൻ മാത്രം ഉണങ്ങി എല്ലും തോലും! നശൂലങ്ങൾ..
ലൂക്കാപ്പൻ മണിയെടുത്തു കിണി കിണിയടിച്ചു. ഗ്രേസി ചായയുമായി വന്നു..
ആ പണിക്കാരൻ എന്തിയേടീ..
അയാൾ അവിടെയിരുന്നു അപ്പവും കടലയും കഴിക്കുന്നു..
ചായ ഉണ്ടാക്കുന്ന മണമടിച്ചു ചായ ചോദിച്ചു വാങ്ങി കുടിച്ചു..
നല്ല അദ്വാനി ആണെന്ന് തോന്നുന്നു..
അദ്വാനി.. അതാ അദ്വാനിക്കുന്നവൻ. . പറമ്പിലോട്ട് നോക്ക്.. പണിയെടുക്കുന്ന ബംഗാളി..!
അവനോട് തീറ്റി കുടി മതിയാക്കി പറഞ്ഞ ജോലിചെയ്യാൻപറ..
ഗ്രേസി അതനുസരിച്ചു. . അവർ ഏന്തി നടക്കും വഴി ലൂക്കാപ്പൻ വീണ്ടും ചിന്തിച്ചു.. ഇവൾക്ക് പൈസ ചിലവുള്ള അസുഖങ്ങൾ ഒന്നും വരുത്തല്ലേ കർത്താവേ ..! ലൂക്കാപ്പൻ നെഞ്ചിൽ കൈവെച്ചു കണ്ണടച്ചു ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
ജീവിതം ഇങ്ങനെ ഇഴഞ്ഞു നീങ്ങാനുള്ളതാണെന്ന് കാലം ഗ്രേസിയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
ഗ്രേസി ഒരു കപ്പ് ചായയും ഒരു പീസ് കേക്കുമായി വീണ്ടും ഉമ്മറത്തു വന്നു.
ഞാൻഇപ്പോൾചായകുടിച്ചതല്ലേയുള്ളൂ.... ലൂക്കാപ്പൻ സംശയിച്ചു..
അവർ ഉറക്കെ വിളിച്ചു പറഞ്ഞു, ‘ഭായി ഇങ്ങു വാവോ.. ചായ് കുടിയോ..‘ അവർ ബംഗാളിയെ മാടി വിളിച്ചു..
അവൾ പണി ചെയ്യുന്നവനെപ്പോലും വഴി തെറ്റിക്കും.. അവൻ ചായ ചോദിച്ചോടീ..ങേ...
ഗ്രേസി അത്കേട്ട ഭാവം കാണിച്ചില്ല.
--------------------------------
ആഹോ.. ഊഹോ ഈഹാ.. പറമ്പിൽ നിന്ന് വികൃത ശബ്ദങ്ങൾ ഒന്നിനുപുറകേ ഒന്നായി കേട്ടു. ലൂക്കാപ്പൻ കമ്പും കുത്തി ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് പോയി..
റപ്പായി കല്ല് പറക്കി മാറ്റുവാണ്..
ടാ ആ കല്ല് നിന്നോടാരാ മാറ്റാൻ പറഞ്ഞത്.. അതൊരു മൂലയ്ക്ക് അടുക്കി വെച്ചേക്കുന്നതല്ലേ.. നീ അത് എങ്ങോട്ട് പറക്കി മാറ്റുവാടാ..
സാറേ എനിക്ക് ഘനമുള്ള പണി ചെയ്യാനാ താൽപ്പര്യം..
എടാ നീ എന്റെ തനി കൊണം കാണും ഇന്ന്..പോയി പുല്ല് ചെത്തി പറമ്പ് വെടിപ്പാക്കടാ.. പന്ന...
ആ സന്ദീപിനെ ഞാനൊന്നു കാണട്ടെ..
നീ പറമ്പ് വൃത്തിയാക്കാതെ പൈസാ കിട്ടുമെന്ന് വിചാരിക്കേണ്ട കേട്ടോടാ..
അടുക്കളയിൽ ചോറ് വാർക്കാറായോ എന്ന് അമ്മച്ചിയോടു ചോദിച്ചേച്ചു വന്നിട്ട് ചെയ്താ മതിയോ..ചോറ് തിളയ്ക്കുന്ന മണം.. കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് ഒരു പിടി പിടിച്ചാൽ സാറേ ഞാൻ പത്ത് പേരുടെ പണി ചെയ്യും..
ഓരോ മാരണം..!
നീ എന്നാ കഞ്ഞിവെള്ളം കുടിച്ചേച്ചു ജോലി ചെയ്.. പത്തു പേരുടെ പണി ആണേ ഏറ്റേക്കുന്നേ...ഓർത്തോണം..
പിന്നേ.. റപ്പായി അടുക്കളയിലോട്ട് ഓടി ചെന്നു..
അമ്മച്ചീ കഞ്ഞിവെള്ളം..
ങാ..ഗ്രേസി തലയ്ക്കു കൈ കൊടുത്തു പോയി..
അപ്പോഴാണ് മാളിയേക്കൽ കൊട്ടാരത്തിനു മുന്നിൽക്കൂടി പള്ളിക്കാരൻ ജോണിയുടെ മൃതുദേഹം വഹിച്ചുകൊണ്ട് ആംബുലൻസ് കടന്നുവന്നത്. ലൂക്കാപ്പൻ പറന്ന് ഗേറ്റിനു മുന്നിൽ എത്തിയെന്ന് പറയാം.. എന്നിട്ട് ആംബുലൻസിന്റെ ഉള്ളിലോട്ട് എത്തിനോക്കി.. ജോണിയുടെ സ്വന്തക്കാർ ആംബുലൻസ് നിർത്തിച്ചു ലൂക്കാപ്പനെ മൃതുദേഹം കാണിച്ചു. അപ്പച്ചന് വയ്യാത്തതല്ലേ.. പള്ളിയിൽ വരാൻ കഴിയില്ലല്ലോ.. നിങ്ങൾ വലിയ കൂട്ടായിരുന്നില്ലേ.. ജോണിയുടെ മക്കൾ മാറി മാറി പറഞ്ഞു..ലൂക്കാപ്പൻ മൗനിയായി നിന്നതേയുള്ളൂ..
അവർ ലൂക്കാപ്പനെ കാണിച്ചശേഷം മൃതുദേഹവുമായി പള്ളിയിലേക്ക് പോയി.
എന്താരുന്നു ജോണിയുടെ ഡിസ്കോ..അവന്റെ മകന്റെ കല്യാണത്തിന്.. ഡിസ്കോ കളിക്കാൻ പറ്റിയപ്രായമെല്ലാരുന്നോ.. പെണ്ണുങ്ങളെ കാണിക്കാൻ..! എന്നിട്ടിപ്പോ എന്തോ ആയി.. കുഴിയിലായി..! ലൂക്കാപ്പൻ പിറുപിറുത്തു.. നന്നായി പുഞ്ചിരിച്ചു.. മനസ്സിൽ സന്തോഷം വന്നു തുടങ്ങി.. ഒരുത്തൻ എങ്കിൽ ഒരുത്തൻ..
സമയം ഉച്ചതിരിഞ്ഞു..സൂര്യൻ ഉച്ചിയിൽനിന്ന് കത്തുന്നു.
റപ്പായി ഉമ്മറത്തേക്ക് വന്നു.. സാറേ പരവേഷം..തീ ആളി കത്തുന്നു..ഹോട്ടലിൽപ്പോയി ഊണ് കഴിച്ചേച്ചു വരാം..
അതിന് രണ്ട് കിലോമീറ്റർ ദൂരത്തല്ലേടാ ഹോട്ടൽ.. ?
ആ അവിടെപ്പോയി കഴിച്ചേച്ചു വരാമെന്നേ..
നിനക്ക് അഞ്ചു മണിയാകുമ്പോൾ പണി കഴിയില്ലേടാ..അപ്പോൾ കഴിച്ചാൽ പോരെ.. ?
ഒന്ന് പോ സാറേ..ഞാൻ വിശന്നു ചത്താൽ സാറ് എന്റെ പെമ്പറാന്നോത്തിക്ക് ചിലവിനു കൊടുക്കുമോ..! ഞാൻ കഴിച്ചേച്ചു വരാം സാറേ..
എപ്പോൾ?
രണ്ട് മണിക്കൂർ എങ്കിലും കുറഞ്ഞത് എടുക്കും സാറേ,,
നീ ഇന്ന് ഇവിടുന്ന് ഉള്ളത് കഴിക്ക്.. നീ പണിക്ക് കൊള്ളാവുന്നവനല്ല.. കേട്ടോടാ..ലൂക്കാപ്പന് കലി കയറിയിരുന്നു.
ബംഗാളി പൊതി തുറന്നു ഭക്ഷണം കഴിക്കുന്നത് റപ്പായി കണ്ടിട്ട് അവിടുന്നു മുങ്ങിക്കളഞ്ഞു. പൊങ്ങിയത് അടുക്കളവാതിൽക്കൽ. .അമ്മച്ചീ ചോറ്..
ദോഷം പറയരുതല്ലോ. നല്ല ഒന്നാന്തരം മീൻകറിയായിരുന്നു അമ്മച്ചിയുടേത്. അതുംകൂട്ടി റപ്പായി രണ്ടുപറ ചോറുതിന്നു!
അങ്ങനെ തിന്നും കുടിച്ചും അഞ്ചുമണിയായപ്പോൾ ബംഗാളി ചെയ്ത ജോലിയുടെ മെച്ചതിൽ ആയിരം രൂപയും വാങ്ങിച്ചു കാലും കൈയും കഴുകി നെഞ്ചും വിരിച്ചു മുഷ്ട്ടി ചുരുട്ടി, ലൂക്കാപ്പന്റെ പറമ്പ് ഇടിച്ചു നിരത്തി വെടിപ്പാക്കിയ ജെസിബിയാണ് ഞാൻ എന്ന ഗമക്ക് റപ്പായി നടന്നു നീങ്ങി.
റപ്പായിയുടെ ആ ശരീരം കണ്ട് ഒണക്കക്കമ്പു പോലെയിരിക്കുന്ന നമ്മുടെ ലൂക്കാപ്പനൊരു പൂതി.. അതുപോലുള്ള ശരീരം തനിക്കും ഉണ്ടാക്കാൻ പറ്റില്ലേ! ഇനി ആ ഉപ്പിട്ട കഞ്ഞിവെള്ളമാണോ ഇവന്റെ ട്രേഡ് മാർക്ക്! ലൂക്കാപ്പൻ വേഗം മണിയെടുത്തു കിണി കിണി അടിച്ചു. ഇപ്പോഴത്തേത് പുതിയ തുടക്കത്തിന്റെ കിണിമണിയാ.. ഉപ്പിട്ട കഞ്ഞിവെള്ളക്കിണി..
അങ്ങനെ ആഗ്രഹങ്ങൾ മനുഷ്യനെ മണ്ണിട്ടുമൂടും വരെ നിർത്താതെ കിണിയടിപ്പിച്ചുകൊണ്ടിരിക്കും.