കറുത്ത നീഗ്രോ അടിമയെ ചൂരല് കൊണ്ട് തല്ലി പണിയെടുപ്പിക്കേണ്ടതാണെന്ന അഭിപ്രായമുള്ള വ്യക്തിയാണ് കെയ്ൻസ്. ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാതനായ ഒരു ഇക്കോണമിസ്റ്റായിരുന്നിട്ടും സാമ്പത്തിക ശാസ്ത്ര ചിന്തകൾക്ക് വളരെ വലിയ സംഭവാന നൽകിയ വ്യക്തിയായിരുന്നിട്ട് പോലും തൊലി ഇരുണ്ടവരോടുള്ള വംശീയ വിദ്വേഷത്തിലധിഷ്ടിതമായ സമീപനം എത്ര നീചമാണ്. കറുത്തവൻ കേവലമൊരു തൊഴിലെടുപ്പ് യന്ത്രമായി മാറേണ്ടവനാണെന്ന് കാഴ്ച്ചപ്പാടിലേക്ക് ചുരുങ്ങുന്നു അവർ. മനുഷ്യൻ ഏത് നിറത്തിലും വർണ്ണത്തിലും പിറന്നതാണെങ്കിലും അവനെ മനുഷ്യനായി കാണാൻ കഴിയുന്നിടത്താണ് മനുഷ്യത്വത്തിൻ്റെ ഗുണം നിലനിൽക്കുന്നത്.
"എള്ളിൻ കറുപ്പ് പുറത്താണ്, എന്നാൽ ഉള്ളിൻ്റെയുള്ള് തുടുത്താണ്" എന്ന് പാടുന്നതിലുമുണ്ടല്ലോ പ്രശ്നം. മുല്ലനേഴിയുടെ വരിയിൽ എന്നാൽ എന്നില്ല. എന്നാൽ അങ്ങനെയൊരു ധ്വനി അവിടെയുണ്ടു താനും. കറുകറുത്ത പെണ്ണിൻ്റെ സൗന്ദര്യം വർണിക്കുന്നുണ്ടെന്നത് നേര് തന്നെ. അപ്പോഴും അവളുടെ ഉള്ളിനെ തുടുപ്പിക്കുന്നതെന്തിനാണ്? അല്ലെങ്കിൽ, കറുപ്പിനെ പുറത്ത് നിർത്തുന്നതെന്തിനാണ്?
മയാ ആഞ്ജലൂവിൻ്റെ Phenomenal Woman എന്ന സമാഹാരത്തിൽ നാല് കവിതകളാണുള്ളത്. Phenomenal Woman, Still I Rise, Weekend Glory, Our Grandmothers എന്നിവയാണവ. ശീർഷകത്തിന് Four Poems Celebrating Women എന്നൊരു ടാഗും കൂടി ചേർത്തിട്ടുണ്ട്.
എന്നാൽ ഫിനോമിനൽ വുമൻ എന്ന കവിത സ്ത്രീയെ മാത്രമല്ല സെലിബ്റേറ്റ് ചെയ്യുന്നത്. മറിച്ച് കറുപ്പിനെയും കൂടിയാണ് എന്നു കാണാം. കറുത്ത സ്ത്രീത്വത്തിൻ്റെ സൗന്ദര്യം, ശക്തി, പ്രതിരോധശേഷി തുടങ്ങിയവയെയാണ് ആഫ്രിക്കൻ-അമേരിക്കൻ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് മയാ ആഞ്ജലൂ ആവിഷ്കരിക്കുന്നത്. ചരിത്രപരമായി പാർശ്വവത്കരിക്കപ്പെട്ട കറുത്ത സ്ത്രീകളുടെ അനുഭവങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നത് മാത്രമല്ല, കറുത്ത സ്ത്രീശരീരത്തിൻ്റെ സൗന്ദര്യത്തെയും ആകർഷകത്വത്തെയും കരുത്തിനെയും ആഘോഷിക്കുക തന്നെയാണ് മയാ ആഞ്ജലൂ എന്ന് കാണാം.
അത് നേരിട്ടല്ല. ഫെനോമിനൽ സ്ത്രീയുടെ ലക്ഷണങ്ങളെ അവർ വരച്ചിടുന്നതങ്ങനെയാണ്. Pretty women wonder where my secret lies എന്ന വരിയിലാണ് കവിതയുടെ ആരംഭം. അതേ ശ്ലോകത്തിൽ ആഖ്യാതാവ് സ്വയം വരച്ചിടുന്നതിങ്ങനെ:
"The span of my hips,
The stride of my step,
The curl of my lips."
"എൻ്റെ ഇടുപ്പിൻ്റെ വിടവ്,
കാല് നീട്ടിയുള്ള നടത്തം,
ചുണ്ടുകളുടെ ചുഴി."
ശാരീരിക സവിശേഷതകൾക്കപ്പുറം കറുത്ത സ്ത്രീത്വത്തിൻ്റെ സാംസ്കാരിക സ്വത്വം, സാമൂഹികമായ പ്രതിരോധ ശേഷി, ചരിത്രപരമായ പങ്കാളിത്തം തുടങ്ങിയവയിലേക്കും സഞ്ചരിക്കുന്നുണ്ട് ആഞ്ജലൂ. "ഫെനോമിനലി ഞാനൊരു സ്ത്രീയാണ്, ഫെനോമിനൽ സ്ത്രീ, അത് ഞാനാണ്" എന്ന് ആ കവിത അവസാനിക്കുന്നു.
ഒരു കറുത്ത സ്ത്രീ എന്ന നിലയിൽ സ്വന്തം വ്യക്തിത്വത്തെയും. മൂല്യത്തെയും തിരിച്ചറിയുകയും അഭിമാനപൂർവം അതുയർത്തിക്കാട്ടുകയുമാണ് കവി. തൻ്റെ അതുല്യമായ ഗുണങ്ങളെയും അഭേദ്യമായ ശക്തിയെയും ഒപ്പം അവാച്യമായ സൗന്ദര്യത്തെയും ആഘോഷിക്കുകയാണവർ. കറുത്ത സ്ത്രീകളുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു ആഞ്ജലൂവിൻ്റെ വരികൾ.
യഥാർത്ഥത്തിൽ സൗന്ദര്യത്തെക്കുറിച്ച ധാരണ തികച്ചും ആത്മനിഷ്ഠമാണ്, അഥവാ അങ്ങനെയാകേണ്ടതാണ്. ഒപ്പം അതിൽ തനത് ചുറ്റുപാടുകളുടെയും സംസ്കാരത്തിൻ്റെയും സ്വാധീനവും ഉണ്ടാകാം.
എന്തെന്നാൽ, ചരിത്രത്തിലുടനീളം, വിവിധ സമൂഹങ്ങൾക്കും സംസ്കാരങ്ങൾക്കും സൗന്ദര്യത്തിൻ്റെ വ്യത്യസ്ത മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു, ഈ മാനദണ്ഡങ്ങൾ പലപ്പോഴും അതാത് സമൂഹങ്ങളുടെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, ശക്തി, ചലനാത്മകത എന്നിവയെ പ്രതിഫലിപ്പിക്കുന്നു. സൗന്ദര്യ സങ്കൽപങ്ങൾ ഒരിക്കലും നിശ്ചലമായിരുന്നില്ലെന്നും അതെന്നും പരിണാമവിധേയമായിരുന്നെന്നും തിരിച്ചറിയേണ്ടതും അനിവാര്യമാണ്.
അതേസമയം, കൊളോണിയൽ കാലഘട്ടത്തിൽ, യൂറോപ്യൻ ശക്തികൾ ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. സൗന്ദര്യ സങ്കൽപങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവരുടെ സാംസ്കാരിക വ്യവസ്ഥകളും മാനദണ്ഡങ്ങളും അടിച്ചേൽപ്പിച്ചു. ഈ അടിച്ചേൽപ്പിക്കൽ പലപ്പോഴും തദ്ദേശീയ സൗന്ദര്യ പരികൽപനകളെ അപകീർത്തിപ്പെടുത്തുന്നതിനും യൂറോപ്യൻ സവിശേഷതകൾ സൗന്ദര്യത്തിൻ്റെ പ്രതീകമായി ഉയർത്തിക്കാട്ടുന്നതിനും ഇടയാക്കി.
ഇന്ത്യ പോലുള്ള സമൂഹങ്ങളിലാകട്ടെ, ജാതിവ്യവസ്ഥയും ജാതിബോധവുമാണ് സാംസ്കാരികമായ രൂപപ്പെടലിൽ ഏറ്റവും നിഷേധാത്മകമായ പങ്ക് വഹിച്ചത്. ഈ സംവിധാനങ്ങൾ ചരിത്രപരമായി സാമൂഹിക ശ്രേണിയെ അടിസ്ഥാനമാക്കി സമൂഹങ്ങളെ വിഭജിക്കുകയും ചില ഗ്രൂപ്പുകളെ മറ്റുള്ളവരെക്കാൾ മികച്ചതായി കണക്കാക്കുകയും ചെയ്തു. ജാതി വ്യവസ്ഥക്കകത്തെ സൗന്ദര്യ മാനദണ്ഡങ്ങൾ പലപ്പോഴും ഈ സാമൂഹിക ശ്രേണികളെ പ്രതിഫലിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഉയർന്ന ജാതികളുമായി ബന്ധപ്പെട്ട സവിശേഷതകൾ മൂല്യവത്കരിക്കപ്പെടുകയും താഴ്ന്ന ജാതികളുമായി ബന്ധപ്പെട്ടവ പാർശ്വവത്കരിക്കപ്പെടുകയും ചെയ്തു.
ഇത്തരം അധിനിവിഷ്ട മാനദണ്ഡങ്ങളെയും സങ്കൽപങ്ങളെയും വെല്ലുവിളിക്കേണ്ടതും വംശ, വർഗ, വർണ പരിഗണനകൾ കൂടാതെ എല്ലാ മനുഷ്യശരീരങ്ങളിലും അന്തർലീനമായ വൈവിധ്യവും സൗന്ദര്യവും തിരിച്ചറിയുകയും ചെയ്യേണ്ടത് മാനുഷികതയുടെ നിലനിൽപിന് അത്യാവശ്യമാണ്.
നമ്മുടെ സമൂഹത്തിൻ്റെ സൗന്ദര്യ മാനദണ്ഡങ്ങൾ നിലനിൽക്കുന്നത് ജാതീയത ഉൾപ്പെടെയുള്ള അടിച്ചമർത്തൽ സംവിധാനങ്ങൾ നിലനിർത്താൻ വേണ്ടി മാത്രമാണ്. സൗന്ദര്യത്തിൻ്റെ വൈവിധ്യമാർന്ന പ്രാതിനിധ്യങ്ങളെ സ്വീകരിക്കുക എന്നത് ശരീരങ്ങളുടെ എല്ലാ 'തരങ്ങ'ളെയും അവയുടെ സവിശേഷതകളെയും സമഗ്രമായി സ്വീകരിക്കലാണ്. അത് മനുഷ്യരുടെ വിലയും മൂല്യവും ഉയർത്തും.
°°°°
ഇടക്ക് ചില നാട്ടുവർത്താനങ്ങൾ പറഞ്ഞോട്ടെ. അടൂർ ഗോപാലകൃഷ്ണൻ്റെ നിഴൽക്കുത്ത് എന്ന സിനിമയിലൂടെ കടന്നുവന്ന മല്ലിക എന്ന നടിയെ ഇപ്പോൾ രംഗത്ത് കാണാറില്ല. അവർ മുഖ്യവേഷത്തിലെത്തിയ ബ്യാരിയിൽ ഒന്നാന്തരം പ്രകടനമായിരുന്നു.
മലയാള സിനിമയിൽ ഏറ്റവും ആകർഷണീയമായ നടിമാരിലൊരാളാണ് dark-skinned ആയ മല്ലിക. അതുപോലെ, ടെറി ഫെറ്റോ, ലുപിറ്റ ന്യാങ്ഗോ, അമീലി മ്ബായേ തുടങ്ങി ഒട്ടേറെ കറുത്ത സുന്ദരിമാരുണ്ട്. പിന്നെ രേഖ തൊട്ട് കൊങ്കണ സെൻ വരെയുള്ളവർ. എന്ത് ഭംഗിയാണെന്നോ അവരെ കാണാൻ...!
°°°°°
വെള്ളത്തൊലിയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ അടിച്ചമർത്തലിന് മുമ്പും പിൽക്കാലത്ത് പ്രതിരോധവും സമരവും രൂപപ്പെട്ടപ്പോഴും പല സമൂഹങ്ങളിലും സൗന്ദര്യത്തിൻ്റെയും ശക്തിയുടെയും സാംസ്കാരിക സ്വത്വത്തിൻ്റെയും പ്രതീകമായി കറുപ്പ് ആദരിക്കപ്പെട്ടു..
ഈജിപ്ത്, നൂബിയ, എത്യോപ്യ തുടങ്ങിയ പുരാതന ആഫ്രിക്കൻ നാഗരികതകളിൽ സൗന്ദര്യത്തിൻ്റെയും ശക്തിയുടെയും പ്രതീകം തന്നെയായിരുന്നു കലയിലും സാഹിത്യത്തിലും കറുപ്പ്. കറുത്ത ചർമം, ചുരുണ്ട മുടി, വിശാലനാസിക, നിറഞ്ഞ ചുണ്ടുകൾ തുടങ്ങി കറുത്തവരുടെ ഐഡൻ്റിറ്റിയുമായി ബന്ധപ്പെട്ട അടയാളങ്ങളെല്ലാം തന്നെ ഇപ്രകാരം ചിത്രീകരിക്കപ്പെട്ടു. സമകാലിക ആഫ്രിക്കൻ സമൂഹങ്ങളിലും ലോകമെമ്പാടുമുള്ള ആഫ്രിക്കൻ ഡയസ്‌പോറ കമ്മ്യൂണിറ്റികൾക്കിടയിലും കറുത്ത സൗന്ദര്യത്തിൻ്റെ വൈവിധ്യമാർന്ന ആവിഷ്‌കാരങ്ങൾക്ക് ശക്തമായ സ്വീകര്യതയുണ്ട്.
മാർട്ടിനിക്വിലെ നീഗ്രിചൂഡ് (Negritude), യു.എസിലെ ബ്ലാക് ഈസ് ബ്യൂട്ടിഫുൾ തുടങ്ങിയ പ്രസ്ഥാനങ്ങൾ യൂറോസെൻട്രിക് സൗന്ദര്യ മാനദണ്ഡങ്ങളെ അതിശക്തിയായി വെല്ലുവിളിച്ചു.
യഥാർത്ഥത്തിൽ വിവിധ സംസ്കാരങ്ങളിൽ നിലനിൽക്കുന്ന വൈവിധ്യമാർന്ന സൗന്ദര്യ മാനദണ്ഡങ്ങൾ തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സൗന്ദര്യത്തിൻ്റെ വൈവിധ്യമാർന്ന പ്രതിനിധാനങ്ങളെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് ഉൾക്കൊള്ളൽ, പ്രാതിനിധ്യം, സ്വീകാര്യത എന്നിവയെ കൂടുതൽ വളർത്തിയെടുക്കും.
°°°°°°°°°
മേൽപ്പറഞ്ഞ നീഗ്രിചൂഡ് പ്രസ്ഥാനത്തിൻ്റെ ആചാര്യരിലൊരാളാണ് ആധുനിക സെനഗലിൻ്റെ ആദ്യത്തെ പ്രസിഡൻ്റായിത്തീർന്ന ലിയൊപൾഡ് സെദാർ സെങ്ഗർ. സെങ്ഗറുടെ വിഖ്യാതമായ ഒരു കവിതയാണ് The Black Woman.
Naked woman, black woman എന്ന വരി ആ കവിതയിൽ ആവർത്തിച്ചു വരുന്നുണ്ട്. തുടക്കം നമുക്കിങ്ങനെ വായിക്കാം.
"Naked woman, black woman
Clothed with your colour which is life,
with your form which is beauty!"
"നഗ്നയായൊരു സ്ത്രീ, കറുത്ത സ്ത്രീ
നിൻ്റെ നിറത്തിൽ ആടകളണിഞ്ഞു
അതാകട്ടെ, ജീവിതം തന്നെയായിരുന്നു
നിൻ്റെ രൂപത്തിലൊരുങ്ങി
അതാകട്ടെ, സൗന്ദര്യവുമായിരുന്നു"
കറുത്ത സ്ത്രീത്വത്തിൻ്റെയും അതിൻ്റെ സൗന്ദര്യത്തിൻ്റെയും ഗഹനതയിൽ നിന്നുകൊണ്ടുള്ള ആഘോഷമാണ് സെങ്ഗറുടെ കവിത. ആഫ്രിക്കൻ, ഡയസ്പോറിക് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കറുത്ത പെണ്ണുങ്ങളുടെ സൗന്ദര്യവും ചൈതന്യവും പകർത്തുകയാണ് കവി.
"clothed with your colour which is life, with your form which is beauty" എന്ന് ചിത്രീകരിക്കുന്നതിലൂടെ കറുപ്പിൻ്റെ സാംസ്കാരിക പ്രാധാന്യത്തെ ഉത്തുംഗതയിലെത്തിക്കുന്നു. ശക്തിയുടെയും പ്രതിരോധശേഷിയുടെയും അന്തസ്സിൻ്റെയും പ്രതിരൂപമായാണ് കറുത്ത പെണ്ണിനെ സെങ്ഗർ അവതരിപ്പിക്കുന്നത്.
നഗ്നയെന്ന് കവി വിളിക്കുന്ന കറുമ്പി, ജീവിതത്തിൻ്റെ തന്നെ വസ്ത്രമായി മാറുന്നതിലൂടെ കവി അവളുടെ സാന്നിധ്യത്തെയും ആന്തരിക ശക്തിയെയും ഫലപ്രദമായി അടയാളപ്പെടുത്തുകയാണ്. ഒപ്പം അവളുടെ രൂപം സൗന്ദര്യത്തിൻ്റെ തന്നെ പ്രതീകമായും മാറുന്നു.
നീഗ്രിചൂഡ് പ്രസ്ഥാനത്തിൻ്റെ ഒരു പാഠപുസ്തകമായി The Black Woman വാഴ്ത്തപ്പെട്ടിട്ടുണ്ട്. എന്തെന്നാൽ, തൻ്റെ കവിതയിലൂടെ കൊളോണിയൽ സ്റ്റീരിയോടൈപ്പുകളെ ഫലപ്രദമായി ചെറുക്കുന്ന സെങ്ഗർ, കറുത്തവരുടെ അന്തസ്സും മാനവികതയും സ്ഥിരീകരിക്കുന്നതിലും 'കറുത്ത സ്ത്രീ'യെ അപകോളനിവത്കരണത്തിലും സാംസ്കാരികമായ വീണ്ടെടുപ്പിലുമുള്ള ശക്തമായ സംഭാവനയാക്കുന്നതിലും വിജയിക്കുന്നു.
ആഫ്രിക്കയെത്തന്നെയാണ് കവിതയിൽ സെങ്ഗർ സുന്ദരിയായ സ്ത്രീയായി ചിത്രീകരിക്കുന്നത്. ചിലപ്പോൾ മാതൃഭാവേനയും ചിലപ്പോൾ പ്രണയരൂപിണിയായും അവൾ പ്രത്യക്ഷപ്പെടുന്നു. അതിൻ്റെ സൗന്ദര്യത്തിൽ അസൂയ പൂണ്ട വിധിയാണ് അതിനെ ചാരമാക്കിയത് എന്ന പരിതാപവും കാണാം.
°°°°°°°°°°°°°°°°°°°°°°
തൻ്റെ സഹോദരങ്ങളെ അപേക്ഷിച്ച് തനിക്ക് കറുപ്പ് നിറം കുറവാണെന്ന് പ്രസ്താവിക്കുന്നുണ്ട് മാൽകം എക്സ്. മറുവശത്ത് അദ്ദേഹത്തിൻ്റെ പിതാവും പൗരാവകാശ പ്രവർത്തകനുമായ പാസ്റ്റർ ഏൾ ലിറ്റിൽ തൻ്റെ മക്കളിൽ മാൽക്കമിനോട് കൂടുതൽ ഇഷ്ടം പുലർത്തിയിരുന്നതായും അദ്ദേഹം പറയുന്നുണ്ട്.
മാൽക്കമിൻ്റെ അമ്മമ്മക്ക് ഒരു വെള്ളക്കാരനിൽ ജനിച്ച കുട്ടിയാണ് അദ്ദേഹത്തിൻ്റെ അമ്മ. ഒരു പക്ഷേ ആ വെള്ളക്കാരൻ്റെ ജനിതകോച്ചിഷ്ടമാവാം തൻ്റെ നിറം 'കുറച്ചു കളഞ്ഞ'തെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ട്. അതേസമയം പിതാവ് അദ്ദേഹത്തിൻ്റെ മക്കളിൽ തന്നോട് കൂടുതൽ ചായ്‌വ് കാണിക്കുന്നത് അബോധത്തിൽ നിലനിൽക്കുന്ന വെളുപ്പിനോടുള്ള അടിമത്തം കാരണമാകാം എന്ന് കരുതുന്നു മാൽകം.
ഈ അബോധമാണ് നമ്മുടെയും സൗന്ദര്യത്തെ തീരുമാനിച്ചത്. വരേണ്യ ജാതിയോടും പിന്നെ വെള്ളക്കോളനിക്കാരോടുമുള്ള അടിമത്തം നമ്മളിൽ ഇട്ടേച്ചുപോയ 'ജനിതക' ഉച്ചിഷ്ടം.
താനാണെങ്കിൽ തൻ്റെ ജീനിലുള്ള പെണ്ണുപിടുത്തക്കാരനായ വെള്ളക്കാരൻ്റെ അംശത്തെ എക്കാലവും വെറുത്തിട്ടേയുള്ളൂ എന്നും പറയുന്നു, കറുത്തവരുടെ പോരാളിയായ മാൽകം എക്സ്.