Image

ഹൈന്ദവം കഥ സമാഹാരം - വായിച്ചിരിക്കേണ്ട പുസ്തകം (ഷുക്കൂർ ഉഗ്രപുരം)

Published on 30 April, 2024
ഹൈന്ദവം കഥ സമാഹാരം - വായിച്ചിരിക്കേണ്ട പുസ്തകം (ഷുക്കൂർ ഉഗ്രപുരം)

ഞങ്ങൾ വിട്ട് മാറി കടലിനെ അഭിമുഖീകരിച്ചിരുന്നു. കല്ലുമോതിരങ്ങൾ കറങ്ങുന്ന വിരലുകളിൽ നിന്ന് തുടങ്ങി, കൈകളിലൂടെ, നെഞ്ചിലൂടെ ത്രികോണാകൃതിയിലുള്ള താടിയെല്ലിൽ വിങ്ങുന്ന രോമങ്ങളിലൂടെ സഞ്ചരിച്ച് ഞാനയാളുടെ തടാകം പോലുള്ള മിഴികളിലെത്തി നിന്നു. അപ്പോൾ അയാൾ ആദ്യമായി സംസാരിച്ചു.

      "കുഞ്ഞ് ഈ നാട്ടുകാരനല്ലേ?"

      "അതെ".

      "ഹിന്ദുവല്ലേ?"

      "അതെ"

      "ബീവിമാരുടെയും ഭഗവതിമാരുടെയും കഥകൾ കേൾക്കാൻ നടക്കുകയല്ലേ?"

      "അതെ. അതുതന്നെ!"

      "നമ്മുടെ നാട്ടിൽ വറ്റിത്താണ നൂറ് നൂറ് കഥകൾ കേൾക്കണോ? "

      "അയ്യോ വേണമല്ലോ."

പ്രായനിർണ്ണയം സാധിക്കാത്ത ഈ മനുഷ്യന്റെ അത്ഭുതജ്ഞാനത്തിൽ എനിക്കൊട്ടും അതിശയം തോന്നിയില്ല. നാടിന്റെ സ്ഥലപുരാണങ്ങൾക്കായി തെണ്ടുന്ന ഞാൻ ഒരു നായക്കുട്ടിയുടെ ആദരവോടെ അയാളിലേക്ക് ഒതുങ്ങിയിരുന്നു. 

  "മോനേ, ഇത് എത്രാമത്തെ ബീവിയാണെന്നറിയ്യോ?"

  "ഇല്ല"

  "ഇത് നമ്മുടെ നാട്ടിൽ വരുന്ന മൂന്നാമത്തെ ബീവിയാ. പിന്നെ ഒരിമ്മിണി ഭഗോതിമാരുണ്ട്. ദേവൻമാരുണ്ട്. ഔലിയാക്കൻമാരുണ്ട്. അവർക്കെല്ലാം പുരാണങ്ങളുമുണ്ട്."

       "ഇതെല്ലാം ആരുടേയാ?"

       "നമ്മുടെയെല്ലാം" 

       "പഷ്ട്! ഈ ബീവിമാരെല്ലാം മോന്റെയാണ്. മോൻ ഹിന്ദുവാണെങ്കിലും അതുപോലെത്തന്നെ ഈ ദേവൻമാരും ഭഗോതിമാരുമെല്ലാം എന്റേതുമാണ്. ഞാൻ മുസൽമാനാണെങ്കിലും----- 

       ആദ്യത്തെ ബീവി വന്നത് മോന്റെ സമുദായത്തിൽ നിന്നായിരുന്നു. അതെ, ഒരു നായർ തറവാട്ടിൽ നിന്ന്----- കേട്ടിട്ടുണ്ടോ അസ്തമിച്ച മേലേപ്പുല്ലാരത്തറവാട്ടിനെ പറ്റി? ശരി. കഥ ഞാൻ പറഞ്ഞു തരാം."


സൂഫി പറഞ്ഞ കഥ എന്ന നോവലിലെ വരികളാണ് മുകളിൽ എഴുതിയത്. നമ്മുടെ സമൂഹത്തിലെ മാറ്റിനിർത്താനാവാത്ത സ്നേഹ പാരസ്പര്യത്തിന്റെ കഥ പറയുന്ന സൂഫി പറഞ്ഞ കഥ മലയാളത്തിന് സമ്മാനിച്ചത് Ponnani school of thought (പൊന്നാനി ധൈഷണിക ചിന്താധാര) ലെ പ്രമുഖനായ തൂലികക്കാരൻ കെ.പി രാമനുണ്ണിയാണ്. സൂഫി പറഞ്ഞ കഥ ആഖ്യാനത്തിലെ പൊന്നാനി ദേശത്തെ വിശുദ്ധയായ മഖ്ബറയുടെ പിന്നിലെ ഐതിഹ്യം എത്ര വലിയ പൊരുൾ മുറ്റി നിൽക്കുന്നതാണ്! സമുദ്രം പോൽ പ്രവിശാലമായ ഹിന്ദുസ്ഥാനി ദേശ സംസ്ക്കാരത്തിലെ ഇരു പുഴകൾ ഒഴുകി ഇഴുകിച്ചേരുന്നത് ഈ വിശുദ്ധ ദേശത്തിന്റെ സംസ്കൃതിയുടെ സമുദ്രത്തിലാണ്! ഈ ദേശത്തെ ഞാൻ വിശുദ്ധ ദേശമെന്ന് എഴുതിയത് ആലങ്കാരികമായല്ല! Ponnani school of thought ലെ വിശ്വവിഖ്യാത ചരിത്രകാരൻ ശൈഖ് സൈനുദ്ധീൻ മഖ്ദൂം തങ്ങൾ ഈ നാടിനെ കുറിച്ചെഴുതിയത് ശാന്തി ഭവനം, വിശുദ്ധ ഭൂമി - ദാറുൽ ഹുദ എന്ന് തന്നെയാണ്! ആ പൊന്നാനി ചിന്ത ധാരയിലെ പടച്ചോന്റെ റഹ്മത്ത് ഒരുപാട് ലഭിച്ച അനുഗ്രഹീത തൂലികക്കാരനാണ് കെ.പി രാമനുണ്ണി എന്ന മലപ്പുറത്ത് കാരുടെ ഉണ്ണി! പൊന്നാനി വലിയ ജുമാമസ്ജിന്റെ മിനാരങ്ങൾ മാനത്തേക്ക് വിരൽ ചുണ്ടി ഈ സമൂഹത്തെ ദ്യോതിപ്പിക്കുന്നത് നിങ്ങൾ ഒന്നാവൂ എന്നാണ്! 


കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ രാമനുണ്ണിയുടെ 'ദൈവത്തിന്റെ പുസ്തകം' മതത്തിന്റെ പേരിൽ നടക്കുന്ന പോരിനും വിഭാഗീയതയ്ക്കും വെറുപ്പിനും എതിരെയുള്ള ശക്തമായ ചിന്തകളാണ് മുന്നോട്ട് വെക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേര്‍ന്നുള്ള പുസ്തകത്തിലെ കഥ പറച്ചിൽ മതത്തിന്റെ കനത്ത മതിലുകള്‍ തകര്‍ക്കുന്നവയാണ്. കൃഷ്ണന്‍ മുഹമ്മദിനെ മുത്തേ എന്നും മുഹമ്മദ് നബി കൃഷ്ണനെ ഇക്കായെന്നും വിളിക്കുന്നത് സ്‌നേഹത്തിന്റെ ഒരുമയുടെ ഗൃഹാതുരതയുടെ സന്ദേശമാണ് വായനക്കാര്‍ക്ക് നല്‍കുന്നത്! ഈ കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചപ്പോൾ യഥാർത്ഥ ഹിന്ദു മത വിശ്വാസിയായ കെ.പി രാമനുണ്ണി ചെയ്തത് അവാർഡ് തുക മുഴുവൻ ട്രെയിനിൽ മതഭ്രാന്തൻമാരുടെ കുത്തേറ്റ് മരിച്ച പതിനാറുകാരൻ ജുനൈദിന്റെ വീട്ടിലെത്തി എല്ലാം നഷ്ടപ്പെട്ട അവന്റെ ഉമ്മയ്ക്കും ബാപ്പയ്ക്കും നൽകി ആശ്വാസ വചസ്സുകളും സമർപ്പിച്ച് യഥാർത്ഥ ഇന്ത്യൻ പൈതൃകത്തെ സചേതനമാക്കുകയായിരുന്നു! 


സർവ്വായുധ വിഭൂഷിതരായ പോർച്ചുഗീസുകാരുടെ കായബലത്തെ പേനയുടെ നിബ്ബ് കൊണ്ട് തോൽപ്പിച്ച ശൈഖ് സൈനുദ്ധീൻ മഖ്ദൂം! സമൂഹത്തിന് എക്കാലത്തും നെഞ്ചോട് ചേർക്കാൻ മങ്ങാട്ടച്ചനും കുഞ്ഞായിൽ മുസ്ലിയാരും ആത്മസൗഹൃദ വലയത്താൽ രചിച്ച ഒന്നാകലിന്റെ മർമ്മ പ്രധാന നർമ്മ കഥകൾ! ഞാൻ പിറന്ന മണ്ണിന് വൈദേശികർക്ക് നികുതി നൽകില്ലെന്ന് പ്രഖ്യാപിച്ച വെളിയങ്കോട് ഉമർ ഖാളി! അങ്ങനെയങ്ങനെ നീണ്ടുപോകുന്ന പൊന്നാനി പെരുമയിലെ ഒരു കണ്ണിയാണ് കെ.പി രാമനുണ്ണിയും.

അദ്ദേഹം ഞങ്ങളെ സംബന്ധിച്ചിടത്തോളം കേവലം ഒരു എഴുത്തുകാരൻ മാത്രല്ല! നോമ്പിനും പെരുന്നാളിനും പാണക്കാട് തങ്ങൾ പിറകണ്ടതുറപ്പിച്ചാൽ പിറ്റേന്ന് രാവിലെ ഞങ്ങളുടെ വീട്ടുപടിക്കലും പള്ളിയിലും എത്തുന്ന പത്രത്താളിലേയും ആനുകാലികങ്ങളിലേയും അക്ഷരക്കൂട്ടങ്ങളുടെ ഇടയിലെ ഒഴിച്ചു കൂടാനാകാത്ത ഒരു പേരാണ് കെ.പി രാമനുണ്ണി എന്നത്! ആ തൂലികയാൽ കോർത്തു വെച്ച അക്ഷരങ്ങളുടെ വിശുദ്ധി കൂടിയാണ് ഞങ്ങൾക്ക് നോമ്പിന്റെയും പെരുന്നാളിന്റെയും ആത്മീയതയുടെ സുഗന്ധം! 


മാസങ്ങൾക്ക് മുമ്പ് ഒരു സായാഹ്നത്തിൽ പുഴക്കരയിൽ ഇരിക്കുമ്പോൾ കൂലിപ്പണി കഴിഞ്ഞ് സലാം ബായ് കുളിക്കാൻ വന്നിട്ടുണ്ട്. പുഴയിലിറങ്ങും മുമ്പ് അവൻ എന്റെയടുത്ത് വർത്തമാനത്തിനിരുന്നു. വായനശാലയിൽ വെച്ച് ഇടക്ക് കാണുമ്പോൾ ഞങ്ങൾ സംസാരിക്കാറുണ്ട്. അവന് മൊബൈൽ ഫോൺ ഇല്ല. അത് കൊണ്ട് തന്നെ വാട്സാപ്പോ ഫേസ്ബുക്കോ ഒന്നും അവനില്ല! സ്കൂളിൽ പത്താം ക്ലാസ് വരെ അവൻ പോയിട്ട് പോലുമില്ല. പുഴക്കരയിലിരുന്നപ്പോൾ അവൻ പറഞ്ഞു - എന്തൊരു കാലമാണല്ലേ ഇത്! നമ്മളെ എല്ലാർക്കും ദേശ്യാണ്, എന്തോര് വർഗ്ഗീയതയാണ് ഈ ഹിന്ദുക്കൾക്കൊക്കെ! എന്തൊക്കെ അക്രമങ്ങളാണ് മുസ്ലിംകൾക്കെതിരെ നടന്ന് കൊണ്ടിരിക്കുന്നത്. മനുഷ്യൻമാരെയാണ് തല്ലി കൊല്ലുന്നത്. അവൻ നിരാശയോടെ പറഞ്ഞു നിർത്തി.


അവന്റെ സംസാരം കഴിഞ്ഞപ്പോൾ ഞാൻ ഇടപെട്ടു - നിങ്ങൾ പറഞ്ഞതിൽ ചില തിരുത്തലുകൾ വരുത്തിക്കോട്ടെ ഞാൻ? അവൻ സമ്മതിച്ചു. പത്രത്തിൽ കണ്ട വാർത്ത മനസ്സിലാക്കി വർഗ്ഗീയതയോ മത ഭ്രാന്തോ നമ്മൾ അളക്കരുത്. ഏതെങ്കിലും സംഭവങ്ങളെ എടുത്ത് ഒരു സമൂഹത്തെ മുഴുവൻ വർഗ്ഗീയവാദികൾ എന്നൊക്കെ പറയുന്നത് ശരിയല്ല. ഈ രാജ്യത്ത് വർഗ്ഗീയതക്ക് വേര് പിടിക്കാൻ കഴിയില്ല. ഏതൊക്കെയോ വെളിച്ചം വെക്കാത്ത വിവരം വെക്കാത്ത ഉത്തരേന്ത്യൻ നാടുകളിൽ സംഭവിക്കുന്ന കാര്യങ്ങൾ കണ്ട് അതൊക്കെ ഇന്ത്യയിലെ ഹിന്ദുവിന്റെ സ്വഭാവമാണ് എന്ന് പറഞ്ഞാൽ കളവായി മാറില്ലേ? സത്യവിശ്വാസിക്ക് ചേർന്നതല്ല ആ പറച്ചിലുകൾ! രാജ്യത്ത് മുസ്ലിം സമൂഹത്തിന്റെ നീതിക്കായി ശബ്ദിച്ചതിന്റെ പേരിൽ ജീവിതം തന്നെ നഷ്ടപ്പെട്ട അനവധി ഹിന്ദു മത വിശ്വാസികളില്ലേ? മഹാത്മാഗാന്ധി മുതൽ പ്രശസ്തരും അപ്രശസ്തരുമായ എത്രയോ മനുഷ്യർ! നമ്മുടെ നാട്ടിൽ ഏതെങ്കിലും ഹിന്ദുവിനെ വർഗ്ഗീയ വാദിയായി നീ കണ്ടിട്ടുണ്ടോ?

അവൻ പറഞ്ഞു - ഇല്ല; നമ്മുടെ നാട്ടിലെ ഹിന്ദുക്കളുടെ കൂടെ ഒരുമിച്ചല്ലേ ഞാനൊക്കെ ജോലി ചെയ്യുന്നത്, ഞങ്ങൾക്കിടയിൽ എന്ത് വർഗ്ഗീയത!!


ഇന്നത്തെ ഇന്ത്യയിൽ നാം പരസ്പരം തെറ്റിദ്ധരിച്ച് വിഭിന്ന ദ്രുവങ്ങളിൽ സംശയാലുക്കളായി മാറുന്ന കാലത്ത് നന്മ തുടിക്കുന്ന പാരസ്പര്യത്തിന്റെ വാതായനങ്ങളായി മാറുന്ന കഥകളാണ് കെ.പി രാമനുണ്ണി രചിക്കുന്നതത്രയും, അതിനാൽ തന്നെ ഈ ഹൈന്ദവം വായിച്ചിരിക്കേണ്ട ഒന്നാണ്.


സ്നേഹ നിധിയായ കഥാകാരൻ കെ.പി. രാമനുണ്ണിയുടെ പുതിയ കഥാസമാഹാരം ഹൈന്ദവം അധ്യായങ്ങൾ ഉൾപ്പെടുന്നതാണ് - ഹൈന്ദവം, വാരിയംകുന്നത്ത് വീണ്ടും, കേരളാമാരത്തോൺ, സർവൈലൻസ്, പൂർണ്ണനാരീശ്വരൻ, ശ്വാസം മുട്ട്, പുരുഷച്ഛിദ്രം, പരമ പീഡനം, ചിരിയും കരച്ചിലും തുടങ്ങിയവയാണ് പുതിയ കഥാസമാഹാരത്തിലെ വിഭവങ്ങൾ. വർഗ്ഗീയതയതക്കെതിരെയുള്ള ധൈഷണിക പ്രതിരോധം കൂടിയാണ് ഈ പുസ്തകം. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക