പർവ്വതങ്ങൾക്കുമപ്പുറമപ്പുറം
ഗംഗ വന്ന വഴികൾക്കുമപ്പുറം
സങ്കടങ്ങൾ ചിലമ്പിട്ട സന്ധ്യയിൽ
കുങ്കുമപ്പൂവടർന്ന് വീണീടവേ,
വാക്കിലകൾ നിശ്ശബ്ദമുറങ്ങവേ,
പ്രാർത്ഥന പോലെ കാറ്റ് വീശീടവേ,
രാത്രിവന്ന് പകലിൻ്റെ ഭിത്തിയിൽ
കോട്ടകെട്ടുമിരുട്ടുചായങ്ങളിൽ
പൂർത്തിയാക്കണമിന്നപരാജിത!
വൻകൊടുങ്കാടിരമ്പം മറന്നതിൽ
മന്ത്രസാധകം ചെയ്യും വിപഞ്ചിക
തന്ത്രികൾക്കുള്ളിലാരൂഢദൈവതം
മന്തണം പോലെ പൂർവ്വാംബരശ്രുതി
പോരിലാനന്ദഭൈരവിയിട്ടുകൊണ്ടോടി-
യെത്തും തിരകൾ, മണൽത്തരി
നേരുണർന്ന് വരുന്നതിൻ മുൻപ് കോൽ-
ത്താഴ് കുത്തിത്തുറക്കും നിലാച്ചുരുൾ
പച്ചിലക്കൂട്ടെടുത്ത് മുറിവിൻ്റ് ദൃഷ്ടി-
ദോഷം പതുക്കെ മായ്ചീടവേ
ഇറ്റുവീണ കണ്ണീരിൻ്റെ പാടുകൾ
ചിത്രമാകെ പടരുന്നതിൻ മുൻപ്
കാറ്റുവന്നതിൽ കൈത്തറിച്ചുറ്റിനാൽ-
ചേർത്തടച്ചു നിറച്ചു ഭൂവർണ്ണങ്ങൾ
പാട്ടിലാകെ നിറഞ്ഞ കല്യാണിയിൽ-
കാറ്റ് തൂവുന്ന നാൽപ്പാമരച്ചുരുൾ
പേക്കിനാവിൻ്റെ രാശിക്കളങ്ങളിൽ-
പ്രാർത്ഥനാഗീതചിത്രസങ്കീർത്തനം!
ചായമോരോയിലയ്ക്ക്, പൂവിൽ
മന്ത്രവാദനം പോൽ പ്രകാശം. നിരാശ-
കൾക്കാഴമേറും കുടത്തിൽ നിന്നിറ്റിറ്റ്
വീഴുമാവഴി മുഗ്ദ്ധം. മനോഹരം!
ചാറ്റലിൻ മഴ തൊട്ട് വിടരുന്ന പൂക്കൾ-
ആലേഖനം ചെയ്തൊരുക്കുന്ന-
ശ്രേഷ്ഠചിത്രമതിലുണ്ടിതേ പോലെ-
പോക്കുവെയിലിൻ്റെ സ്വർണ്ണത്തരിക്കനൽ
നാട്ടറിവിൻ സുഗന്ധമരുന്നുകൾ
പാട്ടിലാടുന്ന കാറ്റാടിസന്ധ്യകൾ
നേർത്തലിയുന്ന മൗനസാരംഗികൾ
നേർത്ത പട്ടുനൂൽപ്പൊട്ടിട്ടതിൽ നിന്ന്
കൂട്ട് ചിത്രശലഭങ്ങളെങ്കിലും
കല്ല് കൊത്തുന്ന ശില്പിക്കുമപ്പുറം-
കല്ല് സൂക്ഷിച്ച് വച്ച ലിപികളിൽ
ഈ പുരാതനചിത്രഗൃഹത്തിൻ്റെ-
സ്തൂപമുദ്രകൾ, മൺചിത്രജാലകം
ചായമെല്ലാം പകുത്ത് മേഘത്തിൻ്റെ-
പാതിമെല്ലെയടർത്തിപ്പതിച്ചൊരു-
വാതിലിൽ കൊത്തി വച്ച ചിത്രത്തിൻ്റെ-
പ്രാണശീർഷകം പോലപരാജിത!
പാറിവീണൊരു മിന്നൽത്തരിപ്പിണർ-
ജാലവിദ്യപോൽ ഗോവർദ്ധനക്കുട
ശീലയിൽ നിന്നുതിർന്നൊരവിൽത്തരി
നോവടർത്തി ചിരിച്ച കടമ്പുകൾ
ശില്പശാലയിൽ ചായമൊഴുകവേ
പച്ചിലക്കൂട്ട് വീണ്ടും തളിക്കവേ
സ്നിഗ്ദ്ധമേതോ ശിലാകാവ്യമെന്ന പോൽ
കത്തി നിന്ന് ജ്വലിച്ചപരാജിത..
മണ്ണിൽ നിന്നൊരു ചിത്രപടത്തിലായ്
മെല്ലെ ഭൂമി വരയ്ക്കുമിടങ്ങളിൽ
കൽവിളക്കിൽ കറുത്ത മേഘത്തരി
കാറ്റിലാകെ പ്രപഞ്ചഗാനാർദ്രത
ചിത്രലേഖനം ചെയ്യാനിരുന്നൊരു
ശില്പശാലയിൽ ഭൂമണ്ഡലത്തിലെ
മുഗ്ദ്ധമാകും ഋതുക്കളാം ഭാഷയിൽ
സ്നിഗ്ദ്ധമാകുന്ന ചാരുരാഗങ്ങളിൽ
പച്ചിലകൾ പടർന്ന മനസ്സുമായ്
ചിത്രകാവ്യം രചിച്ചപരാജിത...