Image

ഒരു ഡ്രൈവര്‍ക്ക് എന്ത് മാന്യത (സി തോമസ്)

Published on 01 May, 2024
ഒരു ഡ്രൈവര്‍ക്ക് എന്ത് മാന്യത (സി തോമസ്)

ഞാൻ കുറേ നേരമായി ഒരേ ജോലിതന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇതല്ലല്ലോ ഞാൻ ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്! എന്റെ എത്രെ സമയം പോയി! മുപ്പത്തിയെട്ടു വയസ്സുള്ള ഞാൻ ഇങ്ങനെയാണെങ്കിൽ പ്രായമായവർ എങ്ങനെയാകും പെരുമാറുക. 
അവർക്ക് തൊട്ടതിനും പിടിച്ചതിനും ദേഷ്യമാകും. പറഞ്ഞത് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു വാശിപിടിക്കും. പിറുപിറുക്കും. അവരുടെ സ്വന്തം മക്കൾക്കുപോലും അവരെ നോക്കാൻ കഴിയാത്ത സ്ഥിതി വരും. നമ്മുടെയൊക്കെ പ്രായമായ അപ്പനെയും അമ്മയെയും നോക്കുന്നത്, അവർക്ക് ആഹാരം ഉണ്ടാക്കിക്കൊടുക്കുന്നത്, ആശുപത്രിയിൽ കൊണ്ടുപോകുന്നത് ഇതിനൊക്കെ നമ്മുടെ  വീടുകളിൽ ഒരു അടുക്കള ജോലിക്കാരിയും ഒരു ഡ്രൈവറും കാണാതിരിക്കില്ല. ചിലപ്പോൾ അവരുടെ അവസാന നിമിഷങ്ങളിൽ  ഒരു കുമ്പിൾ വെള്ളം അവരുടെ വായിൽ പകർന്നു കൊടുക്കുന്നതും മക്കളായിരിക്കില്ല,  ഈ ഡ്രൈവറോ ജോലിക്കാരിയോ ആകും.അവർ ചിലപ്പോൾ അടുത്തകാലത്തായി കണ്ട മുഖമാകും അവർ അവസാനമായി കാണുന്ന മുഖം. 
ഡ്രൈവർ എത്ര ശ്രദ്ധിച്ചു വണ്ടിയൊടിച്ചാലാണ് സുരക്ഷിതനായി  ഒരാൾക്ക് വീടെത്താൻ സാധിക്കുക. ശമ്പളം, മാന്യത ഇവയൊക്കെ കുറവാണ് ആ ജോലിക്ക്. എങ്കിലും ആ ജോലിയിലുമുണ്ട് ആത്മാർത്ഥത, ദൈവികത. ആ ജോലിക്ക് മാന്യതക്കുറവുണ്ട് എന്ന് ഞാൻ പറയുമ്പോൾ എന്നെ സദാചാരം പഠിപ്പിക്കാൻ ആരും ഓടി വരേണ്ട. ആ ജോലിക്ക് മാന്യതക്കുറവുള്ളതുകൊണ്ടാണ് തന്നെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുമ്പോൾ മേയറുടെ വണ്ടിയോടിച്ചിരുന്ന മേയറുടെ സഹോദരനെയും വൈദ്യപരിശോധനയ്ക്കു വിധേയനാക്കണം എന്ന് യദു പോലീസിനോട് പറഞ്ഞിട്ടും അതു ചെയ്യാതിരുന്നത്, യദുവിന്റെ പരാതി സ്വീകരിക്കാതെയിരുന്നത്. പത്തു പതിനാറു മണിക്കൂർ  വണ്ടിയോടിച്ചു ക്ഷീണിച്ചു തളർന്ന യദുവിനെ രാത്രി പത്തു മുതൽ പിറ്റേ ദിവസം പത്തു മണിവരെ പോലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തിയത്. മേയർ പറയുന്നതുകേട്ടു : ഇത്രെയും കാലം ഒരു ksrtc ഡ്രൈവർ പറയുന്നത് ആരും കേട്ടിട്ടില്ല പിന്നെയെന്തിനു മാധ്യമ സുഹൃത്തുക്കളേ നിങ്ങൾ ഈ ഒരു പ്രശ്നം വന്നപ്പോൾ മേയർ ആയ എനിക്കെതിരെയും എന്റെ ഭർത്താവ് mla ക്ക് എതിരെയും  വാർത്തകൾ പടച്ചുവിടുന്നു? 
നമ്മളെക്കാൾ ഒത്തിരി താഴ്ന്നു നിൽക്കുന്ന കഷ്ടപ്പെടുന്ന ജനങ്ങളെ നമ്മൾ സഹായിക്കാറുണ്ട്. പക്ഷേ അതിനുള്ള സംഭാവന സമാഹരിക്കുകയും അത് ഒരു സ്റ്റേജിൽ നിർത്തി വിതരണം ചെയ്യുകയും ചെയ്യുമ്പോൾ അവിടെ ചിലപ്പോൾ നമ്മൾ ‘ലെസ്സ് ഫോർച്ചുണേറ്റ്’ എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതിവെക്കാറില്ലേ? അതെഴുതാൻ തോന്നുന്ന മനസ്സ് എന്നെ എപ്പോഴും ദുഃഖിപ്പിക്കും. ദൈവമേ നീ എനിക്ക് അങ്ങനെയൊന്നും ചെന്നു നിന്നു വാങ്ങിക്കേണ്ടുന്ന ഗതി വരുത്തിയില്ലല്ലോ എന്നോർക്കും. എന്നെ ലെസ്സ് ഫോർച്ചുനേറ്റ് ആക്കാതെ എല്ലാ സുഖങ്ങളും തന്നു ജീവിപ്പിക്കുമ്പോൾ ഞാൻ എങ്ങനെ വേറൊരാളെ ലെസ്സ് ഫോർച്ചുണേറ്റ് എന്ന് വിളിക്കും? അങ്ങനെ വിളിക്കാൻ കാണിക്കുന്ന മനസ്സ് എന്ത് നന്ദികെട്ട മനസ്സാണ്!  
 
യദു പറയുന്നു , ഞാനൊരു മേയറോ mla യോ ആയിരുന്നെങ്കിൽ നിങ്ങൾ ഞാൻ പറയുന്നത് കേൾക്കില്ലായിരുന്നോ? ഞാൻ ഒരു പാവം ksrtcയുടെ സ്ഥിരം ജോലിക്കാരനല്ലാത്ത ഡ്രൈവർ. 

‘24 ന്യൂസ്‌ അവതാരകൻ യദുവിനോട് ചോദിക്കുന്നു :
യദുവിനെതിരെയുള്ള പരാതി :
വാഹനത്തിന് സൈഡ് കൊടുത്തില്ല..
ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു..
ധിക്കാരത്തോടുകൂടി പെരുമാറി ..
അപ്പോൾ മേയർ ചോദിക്കുകയാണ് ഞങ്ങളോടുള്ള സമീപനം ഇങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ്. ഇതൊക്കെ ശരിക്കും സംഭവിച്ചോ യദു? ഇതൊക്കെയാണോ ശരിക്കും സംഭവിച്ചത്? 
യദു പറയുന്നത് കേൾക്കു:
ഇതൊക്കെ ശരിക്കും സംഭവിച്ചോ എന്ന് ചോദിച്ചു കഴിഞ്ഞാൽ, അവര് പറയുന്നതല്ലേ നിങ്ങൾ കേൾക്കുന്നത്. അവര് പറയുന്നതാണല്ലോ നിങ്ങൾ പറയുന്നത്.  ശരിക്കും എന്താണെന്നു എന്റെയടുത്തു ചോദിച്ചിട്ടില്ലല്ലോ. ഈ വാർത്തയിലൊക്കെ പറയുന്നത്ഞാൻ മോശമായി ആംഗ്യം കാണിച്ചു എന്നാണ്. ഈ വണ്ടിയൊടിക്കുമ്പോൾ എങ്ങനെയാണു ആംഗ്യം കാണിക്കുന്നത്. അല്ലെങ്കിൽ ഈ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു ഫ്രന്റ്റിൽ ഒരു കാർ പോകുമ്പോൾ ആംഗ്യം കാണിച്ചു ഓടിച്ചു നോക്കുക. ഇത്രെയും ദൂരം യാത്ര ചെയ്തു ക്ഷീണിച്ചു വരുമ്പോൾ ആംഗ്യം കാണിക്കാനാണ് സമയം! ഇപ്പോൾ ഞാൻ ആംഗ്യം കാണിക്കുന്നവനായി വേറെ കേസൊക്കെയുണ്ട് എന്നായി. എന്നെ ഇത്രത്തോളം നാണം കെടുത്തി,അവർക്കെന്തു നേടാനാണ്?‘ 

ശരിയാണ് അവർ എന്തു നേടി എന്നുള്ളതാണ് പ്രധാന ചോദ്യം.

എന്തുകൊണ്ടാണ് ഇടത്തു ഭാഗത്തുകൂടി ഓവർടേക്ക് ചെയ്തിട്ടും സീബ്രക്രോസ്സിംഗിൽ വണ്ടി നിർത്തിയിട്ടിട്ടും യാത്രക്കാരെ ഇറക്കിവിട്ടിട്ടും പോലീസ് മേയർക്കെതിരെ കേസ് എടുക്കാതിരിക്കുന്നത്? 

മേയർ നിരുപാധികം ക്ഷമിക്കുമായിരുന്നു  ഒരു പക്ഷേ യദു താണുകേണ് മാപ്പു ചോദിച്ചിരുന്നെങ്കിൽ. മേയർ ആണെന്ന് അറിഞ്ഞപ്പോൾ കാലുകൾ തൊട്ട് നമസ്ക്കരിച്ചിരുന്നെങ്കിൽ. മുടങ്ങിക്കിടക്കുന്ന എന്റെ ശമ്പളം തന്നിട്ടു സംസാരിക്കു എന്ന് പറഞ്ഞില്ലായിരുന്നു എങ്കിൽ.. എങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. സിഗ്നലിൽ  സീബ്രലൈനിൽ ബസ്സിന്‌ കുറുകെ നിർത്തിയിട്ടിരുന്ന മേയർ യാത്ര ചെയ്തിരുന്ന വണ്ടി എടുത്തുകൊണ്ട് മേയറും കൂട്ടരും ഒന്നും സംഭവിക്കാത്തതുപോലെ പോകുമായിരുന്നു.

ഒരു ഡ്രൈവറിന് എന്ത് മാന്യത! ഡ്രൈവർ ചോദ്യങ്ങൾ ചോദിക്കരുത്. തർക്കിക്കരുത്. അഭിമാനമുള്ളവനാകരുത്. ഒരു ഡ്രൈവർക്ക് എന്ത് മാന്യത!  
 

 

Join WhatsApp News
Sudhir Panikkaveetil 2024-05-01 16:55:42
"മേയർ നിരുപാധികം ക്ഷമിക്കുമായിരുന്നു ഒരു പക്ഷേ യദു താണുകേണ് മാപ്പു ചോദിച്ചിരുന്നെങ്കിൽ. മേയർ ആണെന്ന് അറിഞ്ഞപ്പോൾ കാലുകൾ തൊട്ട് നമസ്ക്കരിച്ചിരുന്നെങ്കിൽ. മുടങ്ങിക്കിടക്കുന്ന എന്റെ ശമ്പളം തന്നിട്ടു സംസാരിക്കു എന്ന് പറഞ്ഞില്ലായിരുന്നു എങ്കിൽ.. എങ്കിൽ എങ്കിൽ.. എങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു"ലേഖികയോട് യോജിക്കേണ്ടിയിരിക്കുന്നു. എംബ്രാനും അടിയനും അങ്ങനെ വേണം സമൂഹം. അത് മാറ്റാൻ തുടങ്ങിയപ്പോൾ പ്രശ്നമായി. തിരുവനന്തപുരിയുടെ തമ്പുരാട്ടിയുടെ തേര് കടന്നുപോകുമ്പോൾ വാകൈ പൊത്തി തമ്പുരാട്ടിയെ തൊഴുന്നതിനുപകരം...ഛെ നമ്മൾ എന്താണ് പുരോഗമിക്കാത്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക