2023 ഒക്ടോബർ 7 -നു ശേഷം ഇസ്രായേൽ ഗാസയിൽ നടത്തുന്നത് ഏത് അർത്ഥത്തിലായാലും ഒരു "യുദ്ധം" അല്ല. ഗാസ ഒരു രാജ്യമല്ല. ഒരു പരമാധികാര രാഷ്‌ട്രത്തിനുണ്ടായിരിക്കേണ്ട യാതൊരവകാശവും ഗാസയ്‌ക്കില്ല. ഇസ്രായേലിന്റെ സൂക്ഷ്മ നിരീക്ഷണത്തിലും പൂർണ്ണ നിയന്ത്രണത്തിലുമുള്ള ഒരു "വെറും കോളനി" മാത്രമാണ് ഗാസാ മുനന്പ് ! ഗാസയിലെ നിവാസികൾ ഭൂരിപക്ഷവും അഭയാർത്ഥികളാണ്. അവർക്ക് സ്വന്തമായ
സ്ഥലവും വീടുകളുമുണ്ടായിരുന്നു. അത് ഇന്നത്തെ 'ജ്യൂയിഷ് സ്റ്റേറ്റി'നുള്ളിൽ ത്തന്നെയാണ്. ജ്യൂയിഷ് കൈയ്യേറ്റക്കാർ ബലം പ്രയോഗിച്ച് അവരെ കുടിയിറക്കി. ഇറങ്ങാൻ മടിച്ചവരെ വെടിവെച്ചുകൊന്നു! മരണത്തിൽനിന്ന് ഓടി രക്ഷപെട്ടവരാണ് ഗാസാമുനന്പിലെ അഭയാർത്ഥികൾ! സ്വന്തം നാട്ടിൽ അന്യരാക്കപ്പെട്ടവർ. അടിമകളൂടേതിനേക്കാൾ പരിതാപകരമാണ് അവരുടെ ജീവിതം. അന്യർ നീട്ടിക്കൊടുക്കുന്ന കാരുണ്യത്തിന്റെ അപ്പം ഭക്ഷിച്ച് അവർ നിലനിൽക്കുന്നു. ലോകം അവരോട് നീതി പുലർത്തിയില്ല. തിരസ്‌കരിക്കപ്പെട്ടതിൽ നീറി പുകയുന്ന മനസ്സാണ് അവരുടേത്. അതിന്റെ അനിവാര്യമായ പൊട്ടിത്തെറിക്കലാണ് ഒക്ടോബർ ഏഴിന് നടന്നത്. എങ്കിൽത്തന്നെ, ആയിരത്തി ഇരുനൂറോളം പേരെ കൊന്നതും ഇരുനൂരിൽ ആധികം പേരെ ബന്ദികളാക്കിയതും ന്യായീകരിക്കാനാവാത്ത ക്രൂരകൃത്യമാണ്.
ഒക് ടോബർ ഏഴിനുശേഷം ഗാസാമുനന്പിലുള്ള അഭയാർത്ഥികളുടെ നേരെ ഇസ്രായേൽ നടത്തുന്ന ഭീകരമായ സൈനികാക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാല്പതിനായിരത്തോട്
അടുക്കുന്നു. മരണസംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്‌ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവും- അതാണ് വംശഹത്യയുടെ പ്രവർത്തന തന്ത്രം! വീടുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, അഭയാർത്ഥികേന്ദ്രങ്ങൾ, ദേവാലയങ്ങൾ- എല്ലാംതന്നെ ഇസ്രായേലിന്റെ ബോംബിങ്ങിൽ തകർന്നു നിലം പറ്റി! തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ ഉള്ളിൽപ്പെട്ടു മരിച്ചവരുടെയൊ ബുൾഡോസറും പട്ടാളവണ്ടിയും കയറിയിറങ്ങി ചതഞ്ഞരഞ്ഞവരുടെയൊ കണക്ക് ആർക്കറിയാം!
ഇരുപത്തിമൂന്നുലക്ഷം മനുഷ്യർ! സ്വന്തം മണ്ണിൽ മേൽവിലാസം ഇല്ലാത്തവർ-അഭയാർത്ഥികൾ! യു. എൻ. പ്രവർത്തകരുടെ നിരീക്ഷണത്തിൽ ഭൂമിയിലെ "നരകം"- അതാണ് ഗാസാമുനന്പ് !
ഇലക്‌ട്രിസിറ്റിയും വാർത്താവിനിമയ സംവിധാനങ്ങളും കട്ടുചെയ്തുകഴിഞ്ഞു. കൂടെക്കൂടെ കുടിയിറക്ക്, എങ്ങോട്ടെന്ന് അറിയാത്ത പലായനം, കിടക്കാനൊരിടമില്ല, മരുന്നില്ല, ഭക്ഷണമില്ല, തൊട്ടടുത്തുണ്ട് പട്ടിണിമരണം! ഭക്ഷണസാധനകളുമായി കാത്തുനിൽക്കുന്ന നൂറു കണക്കിന് ട്രക്കുകൾക്ക് ഇസ്രായേൽ പ്രവേശനം വിലക്കിയിരിക്കുന്നു! അപൂർവമായി കടന്നുവരുന്ന ട്രക്കുകൾക്കടുത്ത് ഭക്ഷണത്തിന് കാത്തുനിൽക്കുന്ന കുട്ടികൾക്കുനേരെ അമേരിക്ക നൽകിയ തോക്കുകൾകൊണ്ട് ഇസ്രായേൽ പട്ടാളം വെടിവയ്‌ക്കുന്നു!
അഭയാർത്ഥികൾ അടിഞ്ഞുകൂടിയിരിക്കുന്ന ഗാസാമുനന്പ് ഇപ്പോൾ ഒരു "മരണ മുനന്പാണ്"!
അഭയാർത്ഥികളുടെ സംരക്ഷണ ചുമലയുള്ള UNRWA -യുടെ 198 പ്രവർത്തകരെയും വിശക്കുന്നവർക്ക് കക്ഷിഭേദമില്ലാതെ ആഹാരം നൽകുന്ന World Central Kitchen -നിലെ
ഏഴ് വോളന്റീയേഴ്‌സിനെയും ബോധപൂർവ്വം കൊന്നത്, അമേരിക്കയുടെ ആയുധങ്ങൾകൊണ്ടാണ്! ഇസ്രായേൽ അറിയിക്കുന്നതല്ലാതെ ഒരു വാർത്തയും പുറത്തു
വരുന്നില്ല. അമേരിക്ക അത് ആവർത്തിക്കുന്നു. പത്രപ്രവർത്തകർക്ക് സംരക്ഷണമില്ല. ഇതിനകം 99 ജേർണലിറ്റ്സ് കൊല്ലപ്പെട്ടു കഴിഞ്ഞു.
"യുദ്ധം" എന്നപേരിൽ നടക്കുന്ന ഈ മനുഷ്യക്കുരുതിയിൽ ലോകരാഷ്ട്രങ്ങളുടെ പ്രതികരണം നിർഭാഗ്യകരമാണ്! ആദ്യം പരിശോധിക്കേണ്ടത് അമേരിക്ക( യു. എസ്. എ.)യുടെ നിലപാടാണ്. ആഗോള ജനാധിപത്യത്തിന്റെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും ചുമതല സ്വയം
ഏറ്റെടുത്തിരിക്കുന്ന ആയുധശക്തിയാണ് അമേരിക്ക. പക്ഷേ, ഇസ്രായേൽ നടത്തുന്ന ക്രൂരമായ നരഹത്യയുടെ കാര്യത്തിൽ അമേരിക്കയുടെ നിലപാടിൽ പ്രകടമായ വൈരുദ്ധ്യമുണ്ട്.
* ഹാമാസ് ഇസ്രായേലിനെ ആക്രമിച്ച വാർത്ത അറിഞ്ഞയുടൻ അമേരിക്കൻ പ്രസിഡന്റ് ഇസ്രായേലിൽ പറന്നെത്തി. ഇസ്രായേൽ പ്രധാനമന്ത്രിയെ ഗാഢമായി ആലിംഗനം ചെയ്‌തുകൊണ്ട് ഉറപ്പു കൊടുത്തു,"ഞങ്ങൾ കൂടെയുണ്ട്"! യുദ്ധതന്ത്രങ്ങൾ ചർച്ചചെയ്യുന്ന “ഇസ്രായേൽ വാർ ക്യാബിനെറ്റിൽ " യു. എസ്. കമാൻഡർ ഇൻ ചീഫ് പങ്കാളിയായി. " I am a Zionist ", എന്ന് അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.
*ടെൽ അവീവിൽ, ഇസ്രായേൽ ഡിഫെൻസ് മിനിസ്‌ട്രിയെ സംബോധന ചെയ്‌തുകൊണ്ട് ആന്റണി ബ്ലിങ്കൻ പ്രഖ്യാപിച്ചു, " I come before you not only as the United States's Secretary of State but also as a JEW" ! അദ്ദേഹം ഇസ്രായേലിന്റെ അയൽ രാജ്യങ്ങളിൽ പലവട്ടം സന്ദർശിച്ചു. പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും അവരെ നിശ്ശബ്ദരാക്കി, നിഷ്‌ക്രിയരാക്കി, അറബ് ഭരണാധികാരികളെ നിസ്സംഗരാക്കി. നാറ്റോ രാഷ്‌ട്രങ്ങളെയും യൂറോപ്യൻ യൂണിയനിൽ പെട്ടവരെയും അദ്ദേഹം സ്വാധീനിച്ചു. ഇസ്രായേൽ നടത്തുന്ന
വംശഹത്യയെ ന്യായീകരിക്കാൻ ലോക രാഷ്‌ട്രങ്ങളെ പ്രേരിപ്പിച്ചു.
*പട്ടിണി മരണത്തെ നേരിടുന്ന ഗാസാ അഭയാർത്ഥികൾക്ക് ഭക്ഷണമെത്തിക്കാൻ താൽക്കാലികമായി വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ. രക്ഷാസമിതിയുടെ
പ്രമേയങ്ങൾ അമേരിക്ക ആവർത്തിച്ചു വീറ്റോ ചെയ്തു!
*ഗാസാ അഭയാർഥികളുടെ സംരക്ഷണ ചുമതലയുള്ള UNRWA യുടെ പ്രവർത്തനങ്ങൾ
തടസ്സപ്പെടുത്താൻ ഇസ്രായേൽ ഉന്നയിച്ച അപഹാസ്യമായ ഒരു ആരോപണത്തിന്റെ
പേരിൽ അമേരിക്ക യു.എൻ. ഫണ്ട് റദ്ദാക്കി. UNRWA-ക്ക് ഫണ്ട് കൊടുക്കാതിരിക്കാൻ മറ്റു രാജ്യങ്ങളെ പ്രേരിപ്പിച്ചു.
*ഇസ്രായേലിന്റ സുരക്ഷക്ക് ആണ്ടുതോറും കൊടുക്കുന്ന 3.8 ബില്യൺ ഡോറലിനു പുറമെ 14 ബില്യൺ ഡോളർ കൂടി അടിയന്തിരമായി കൊടുക്കാൻ പ്രസിഡന്റ്
നടപടിയെടുത്തു. 93.5 ബില്യൺ ഡോളറിന്റെ പാക്കേജ് കോൺഗ്രസ് അംഗീകരിച്ചുകഴിഞ്ഞു. അതിൽ സിംഹഭാഗവും ഇസ്രായേലിന്റെ യുദ്ധാവശ്യങ്ങൾക്കാണ്.
*ഇസ്രായേൽ ഉപയോഗിക്കുന്ന ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും തൊണ്ണൂറുശതമാനവും അമേരിക്ക നൽകുന്നതാണ്. യാതൊരു നിബന്ധനകളും ഏർപ്പെടുത്താതെയാണ് അതീവ മാരകശേഷിയുള്ള ആയുധങ്ങൾ ഇസ്രായേലിനു കൊടുക്കുന്നത്. പലതരം ബോംബുകളും മിസൈലുകളും ഡ്രോണുകളും F -16 ഫൈറ്റർ ജെറ്റ്സും മെഷീൻ ഗണ്ണും ആയുധങ്ങളിൽ ചിലതു മാത്രം ! അമേരിക്കയിൽ ഇപ്പോൾ നിലവിലുള്ള നിയമങ്ങളെയും കീഴ്‌വഴക്കങ്ങളെയും അവഗണിച്ചുകൊണ്ട്, യു.എസ്. കോൺഗ്രസ്സിന്റെ അനുമതിക്കുപോലും അവസരം നൽകാതെ, ജനലക്ഷങ്ങളെ കൊന്നൊടുക്കാൻ ശക്തിയുള്ള മാരകായുധങ്ങൾ ഇസ്രായേലിലേക്ക് നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്നു!
*യു.എസ്. ഡിഫെൻസ് ഡിപ്പാർട്മെന്റിൽ നിന്നുമാത്രമല്ല അമേരിക്കയിലെ
ആയുധനിർമാതാക്കളിൽനിന്നു നേരിട്ടും ആയുധങ്ങൾ വാങ്ങാനുള്ള അനുവാദം
ഇസ്രായേലിനുണ്ട്.
ലോക്ഹീഡ് മാർട്ടിൻ, ജനറൽ ഇലട്രിക്, ജനറൽ ഡയനമിക്‌സ്, കോൾട് സ് മാനുഫാക്ചറിങ്
കന്പനി, കാറ്റർപില്ലർ, ദി ബോയിങ് കന്പനി, എയ് റൊ വിറോണ്മെന്റ്, എ എം ജനറൽ തുടങ്ങിയ ആയുധ നിർമാണ കന്പനികൾ ഇസ്രായേലിന് ആയുധം നൽകുന്നവയിൽ ചിലതുമാത്രം! ആയുധ നിർമാണ കന്പനികൾക്ക് പഴയ ആയുധങ്ങൾ വിറ്റഴിക്കാനും
പുതിയവ പരീക്ഷിക്കാനുമുള്ള ഒരു പരീക്ഷണ ശാല മാത്രാണ് ഗാസാമുനന്പ് !
അമേരിക്കയുടെയും മറ്റുള്ള ആയുധശക്തികളുടെയും ഭരണാധികാരികളെ നിയന്ത്രിക്കാനുള്ള
സ്വാധീന ശക്തിയുണ്ട് ആയുധവ്യാപാരികൾക്ക്!
*ഈ യുദ്ധം അമേരിക്കയുടേതാണ്. ആയുധങ്ങൾ അമേരിക്കയുടേതാണ്.
പണച്ചെലവ് അമേരിക്കയുടേതാണ്. ഇസ്രായേലിന്റെ വിശദീകരണം അതേപടി
ഏറ്റുപറയുന്നത് അമേരിക്കയാണ്. ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ
വീറ്റോകളിലൂടെ പരാജയപ്പെടുത്തുന്നത് അമേരിക്കയാണ്. "അരുത് "എന്ന ഒരൊറ്റ വാക്ക് അർഹിക്കുന്ന അർത്ഥത്തിൽ അമേരിക്ക പറഞ്ഞാൽ അപ്പോൾത്തന്നെ ഇസ്രായേൽ ഈ വംശഹത്യ അവസാനിപ്പിക്കും! അനുഭവങ്ങൾ ചരിത്രത്തിലുണ്ട്. പക്ഷേ, ഇസ്രായേൽ - ഗാസാ യുദ്ധത്തിന് അമേരിക്കയുടെ അനുമതിയുണ്ട്, സഹായമുണ്ട്, സംരക്ഷണമുണ്ട്- ഈ യുദ്ധം
അമേരിക്കയുടേതാണ് !