Image

പരൽമീനുകൾ കളിക്കുന്ന തോട്ടുവക്കത്തെ വീട് (ബാബു ഇരുമല- ബാലസാഹിത്യം /നോവല്‍/-3)

വര: മറിയം ജാസ്മിന്‍ Published on 04 May, 2024
പരൽമീനുകൾ കളിക്കുന്ന തോട്ടുവക്കത്തെ വീട് (ബാബു ഇരുമല- ബാലസാഹിത്യം /നോവല്‍/-3)

അദ്ധ്യായം 3

പെടാപ്പാട്

വാതിൽ പതുക്കെ തുറന്ന് ഞങ്ങൾ വീട്ടിലേക്ക് കയറി. അടുക്കളയിൽ നാളെ പോകുന്നതിനുള്ള സാധനങ്ങൾ   ഒരുക്കുന്ന തിരക്കിലാണ് അമ്മ.  

ഒന്ന് രണ്ടു മാസമായി അമ്മമ്മയുടെ വലത് കാൽമുട്ട്, കൈ ഇവയ്ക്ക് മരവിപ്പ്, വേദന ഒക്കെയായി അടുക്കള പണികൾ പോലും ചെയ്യുവാൻ വയ്യാത്ത അവസ്ഥയിലാണ്. 

അതുകൊണ്ട് കോതമംഗലത്തിന് പോകുമ്പോൾ അത്യാവശ്യം കറികളൊക്കെ അമ്മ ഉണ്ടാക്കി കൊണ്ടുപോകും. 

ഏതായാലും പുറത്തു നടന്ന സംഭവങ്ങൾ ഒന്നും അമ്മ ഉൾപ്പെടെ ആരും അറിഞ്ഞിട്ടില്ല.  നേഹയോട് ഞാൻ പ്രത്യേകം പറഞ്ഞു.

'നേഹേ, നീ അമ്മയോട് ഉൾപ്പെടെ ആരോടും മണ്ടത്തരം ഒന്നും എഴുന്നള്ളിക്കരുത് ട്ടോ'. 

നേഹ പറഞ്ഞു.

'അച്ചാച്ച അതൊക്കെ എനിക്കറിയാം' .

ചെയ്യാൻ പോകുന്നതിനെകുറിച്ച് ഓർത്ത് എൻ്റെ മനസ്സിൽ ആധിയായി. നാളെ രാവിലെ അപ്പുവിനെ കാണാതായാൽ മന്ത്രവാദിയായ ആ അങ്കിളിൻ്റെ പ്രതികരണം എന്താവും എന്ന് ഓർത്തിട്ട് എനിക്ക് പേടിയായി. 

ഞാനെൻ്റെ സന്ദേഹവും, ഭയപ്പാടും  നേഹയുമായി പങ്കുവച്ചു.  അപ്പോൾ നേഹ വളരെ കൂളായി പറഞ്ഞു.

'എന്താ വരുന്നത് എന്ന് വെച്ച അപ്പോൾ കാണാം' .  

ആ നിലപാട് എന്നിൽ ഉന്മേഷം പരത്തി. ഞങ്ങൾ ഇരുവരും സെറ്റിയിൽ ചടഞ്ഞിരിക്കുന്നതു കണ്ടു അടുക്കളയിൽ നിന്ന് വന്ന അമ്മ ചോദിച്ചു.

'എന്താ പറ്റിയേ? രണ്ടു പേർക്കും യാതൊരു ഉന്മേഷവും ഇല്ലാത്ത പോലെ. കളി ഒന്നുമില്ലേ? എന്താ പറ്റിയെ നേഹേ? വഴക്ക് കൂടിയോ? കളിക്കണില്ലെങ്കി അടുക്കളേല് എന്നെ സഹായിക്ക്'. 

അമ്മ വിടുന്ന മട്ടില്ല. ഞാൻ ടിവി ഓൺ ചെയ്തു. സൺ ടിവിയിൽ ഒരു മലയാളം ഡബ്ബിങ്ങ് സിനിമയാണ്. കണ്ടിരിക്കുവാൻ രസമാണ്. 

നേഹ  സ്ഥിരം പരിപാടി തുടർന്നു. അവൾ കുട്ടി ടിവിയുടെ ചാനൽ 695ലേക്ക് മാറ്റി വെച്ചു. ടിവി ഓൺ ആയതോടെ അമ്മ വീണ്ടും അടുക്കളയിലേക്കു പോയി.

കുറച്ചുകഴിഞ്ഞപ്പോൾ ഞാനും,  നേഹയും അടുക്കളയിലേക്ക് ചെന്നു. കോതമംഗലത്തിന് നാളെ രാവിലെ അമ്മമ്മയ്ക്കുവേണ്ടി കൊണ്ടു പോകുവാനായി വഴുതനങ്ങ വറുത്തരച്ച കറി, ഇഞ്ചി അച്ചാർ,  കാളൻ, സാമ്പാർ ഒക്കെ അമ്മ വെച്ച് കഴിഞ്ഞിരുന്നു. 

ഒരോ കറികളുടെയും പാത്ര മൂടികൾ ഞങ്ങൾ ഇരുവരും കൂടി തുറന്നു നോക്കിയത് അമ്മക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. 

ഒന്നും സഹായിച്ചില്ലല്ലൊ!  അതിനാൽ അടുക്കളയിൽ  അധികനേരം നിൽക്കാതെ ഞങ്ങൾ പോന്നു. ചായയും, ഇലയടയും നാലു മണി പലഹാരം റെഡി ആയപ്പോൾ കഴിച്ചു. 

ഞാനും, നേഹയും മനസ്സ് കൊണ്ട് സത്യത്തിൽ പതറി പോയിരുന്നു. വരുംവരായ്കകളെക്കുറിച്ച് ആലോചിക്കാത്ത ഒരു തീരുമാനം  ആയിപ്പോയില്ലേ എന്ന  സംശയം. 

ചെയ്തതിനെക്കുറിച്ച്, ചെയ്യുവാൻ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്തോറും ഞങ്ങളിൽ ആ സംശയം ബാക്കി നിന്നു. 

അവസാനം ഞങ്ങൾ ഒരു ഉറപ്പിലെത്തി. തീരുമാനിച്ചതാണ്  ശരി. ഇതു തന്നെയാണ് ചെയ്യേണ്ടത്. 

ഇത്തരമൊരു ചുറ്റുപാടിൽ, പ്രത്യേകിച്ചും, വേദന കണ്ടറിഞ്ഞ് പീഢനങ്ങളിൽ നിന്ന് ഒരാളെ രക്ഷപെടുത്തുക എന്നാൽ, ദൈവം അയാളോട് കാണിക്കുന്ന കരുതലിന് നാം തുണയേകുക എന്നു തന്നെയാണ്. 

ദൈവം ആവശ്യപ്പെട്ടത് ഞാനും നേഹയും ചെയ്തില്ലെങ്കിൽ അപ്പുവിൻ്റെ അവസ്ഥ എന്താകും?സൺഡേ സ്കൂളിൽ പഠിക്കുന്നതിൻ്റെ കൂടി ചിന്തകളാകാം. 

അങ്ങനെ അപ്പുവിനെ രക്ഷപ്പെടുത്താൻ പറ്റിയില്ലെങ്കിൽ അതു തന്നെയാണ്  കുറ്റകരമെന്ന് ഞങ്ങൾക്ക് ഉത്തമബോധ്യം ആയി.

ടിവി കണ്ടും, അമ്മയെ സഹായിച്ചും ഒക്കെ സമയം പോയി. പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് അമ്മമ്മയുടെ വീട്ടിലേക്ക് പോകുവാൻ നിശ്ചയിച്ചിരുന്നതിനാൽ സമയത്തു തന്നെ കിടന്നു. 

ഞങ്ങൾ ഉറങ്ങിയത് പക്ഷെ കുറേ കഴിഞ്ഞാണെന്നു മാത്രം.

അമ്മ നാലരയ്ക്ക് വിളിച്ചുണർത്തി. പ്രഭാതകൃത്യങ്ങൾ നടത്തി, ഒരോ പാൽച്ചായയും കഴിച്ച് അമ്മ ഡൈനിങ്ങ് ടേബിളിൽ വച്ചിരുന്ന പാത്രങ്ങളും, വസ്ത്രങ്ങൾ നിറച്ച രണ്ട്  ബാഗുകളും ഞാനും, നേഹയും കൂടി സിറ്റൗട്ടിലേക്ക് പല തവണയായി കൊണ്ടു വച്ചു. അമ്മ ഡ്രസ് മാറുകയാണ്. 

ഞങ്ങളുടെ പ്രതീക്ഷ പോലെ അപ്പു കാറിൻ്റെ മറവിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. ഡിക്കി തുറന്ന് ആദ്യം അപ്പുവിനോട് വട്ടം കയറി ഇരിക്കുവാൻ പറഞ്ഞു. 

കാലുകൾ നീട്ടി വച്ച് ചാരി ആയിരുന്നു ഇരുപ്പ്. തല ഉയർത്തുകയോ, ചുമക്കുകയോ പോലും ചെയ്യരുതെന്ന് ഞാൻ അപ്പുവിനെ പ്രത്യേകം വിലക്കി. 

ബാഗുകളും, പാത്രങ്ങളും കയറ്റി ഡിക്കി അടച്ചപ്പോഴേക്കം അമ്മ വീടിൻ്റെ ഫ്രണ്ട് ഡോർ പൂട്ടി ഇറങ്ങി. 

'എല്ലാം എടുത്തു വച്ചില്ലെ? ഒന്നും മറിയൂല്ലല്ലൊ?' 

ഇല്ലാന്ന് നേഹ ഉറപ്പുകൊടുത്തു.

'എന്നാ പോവാം'.

അമ്മ. ഞങ്ങൾ രണ്ടു പേരും പിറകിലെ സീറ്റിൽ കയറി. 

'ഇന്നെന്താ മുന്നിൽ ആരും ഇരിക്കണില്ലെ?' 

മുന്നിലെ സീറ്റിൽ ഇരിക്കുന്നതിനായി ചെറുപ്പം തൊട്ടേ ഞങ്ങൾ തമ്മിൽ വഴക്കടിക്കാറുണ്ട്. പലപ്പോഴും കരച്ചിലും, പിഴിച്ചിലും വരെ എത്താറുള്ളതുകൊണ്ടാണ് അമ്മയുടെ ചോദ്യം.

'അമ്മേ, പാത്രങ്ങള് മറിയാതെ നോക്കണ്ടെ?'.

ഞാൻ പറഞ്ഞു.

'ഓ, ഈ ഇരുട്ടത്ത്  കാഴ്ച്ചയൊന്നും കാണാനില്ലല്ലൊ' 

നേഹ. ഞങ്ങൾ ഗേറ്റു കടന്ന്, മെയിൻ റോഡിലൂടെ റേഡിയോ നിലയം - ബി.എം.സി.- വള്ളത്തോൾ നഗർ - വഴി കങ്ങരപ്പടി  പള്ളിയുടെ മുന്നിൽ എത്തവെ കണ്ണാടിയിലേക്ക് നോക്കി അമ്മയുടെ ആത്മഗതം വന്നു.

'ഓ, ഇന്ന് മക്കൾക്ക് എന്തു ശ്രദ്ധയ'. 

പിന്നെ അമ്മ പുഞ്ചിരിച്ചു കൊണ്ട് അടഞ്ഞുകിടക്കുന്ന ഇരുവശത്തേയും കടകളുടെ മദ്ധ്യത്തിലൂടെ കാറോടിക്കുന്നത് നേരിയ ഇരുട്ടിൽ നോക്കി ഇരിക്കെ  നേഹ എന്നോട് ഒരു കുസൃതിച്ചോദ്യം എറിഞ്ഞു. 

'ഇനി അമ്മയെങ്ങാനും അറിഞ്ഞോ ?'. 

ചുണ്ടിൽ രണ്ടു വിരലുകൾ ചേർത്തു പിടിച്ച ശേഷം കൈമാറ്റി ഞാനവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു.
'ചുപ്പ് രഹോ'.

പിന്നെ കോതമംഗലം വരെ ഞങ്ങൾ മൂവരും ഉരിയാടിയില്ല.

(തുടരും)

read more: https://emalayalee.com/writer/294

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക