ഇന്ന് മെയ് മാസം ഒൻപതാം തീയതി. ഇന്ന് വീട്ടിൽ വിളിച്ചപ്പോഴാണ് നാളെയും മറ്റെന്നാളും പുനലൂർ വാളക്കോട് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളാണ് എന്നറിഞ്ഞത്. നാളെയാണ് റാസ. കുട്ടിക്കാലമാണ് നമുക്കെല്ലാവർക്കും മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുന്നത്.
എന്റെ കുട്ടിക്കാലത്തെ പെരുന്നാൾ ഓർമകളിൽ നിന്നും ഞാൻ ഇവിടെ എഴുതുകയാണ്.
കലയനാട് ഗീവറുഗീസ്സഹദായുടെ കുരിശ്ശടിയിൽ നിന്നും പ്രാർത്ഥിച്ചു തുടങ്ങുന്ന റാസ പുനലൂർ ടിബി ജംഗ്ഷൻ വരെയോ അതല്ല ഇനിയും നാലാളു കാണട്ടെ എന്ന് കരുതി വൃന്താവൻ ഹോട്ടൽ വരെയോ നടന്നു അവിടുന്നു യു ടേൺ എടുത്ത് വന്നവഴി തിരിച്ചു വാളക്കോട് പള്ളിയിൽ ചെന്ന് അവസാനിക്കുന്നതാണ്.. പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് ഓരോ പള്ളി കമ്മറ്റിക്കാരുടെയും കഴിവ് തെളിയിക്കാൻ ശേഷിയുള്ള വെടിക്കെട്ട് മഹോത്സവമാണ് പിന്നെ. ചെണ്ടമേളം കഴിഞ്ഞിട്ടാണ് ഈ വെടിക്കെട്ട് നടത്തുന്നത്. വെടിക്കെട്ടും ചെണ്ടമേളവും ഒരുമിച്ചും നടക്കാറുണ്ട്. അകാലവൃദ്ധം ജനങ്ങൾ ചെണ്ടകൊട്ടുകാരുടെ വട്ടം ചുറ്റി നിൽക്കും. അവർ മുൻപോട്ടായും പിന്നോട്ട് മാറും വലത്ത് തിരിയും നേരെനിന്നു ഇടത്തു തിരിയും. അവരുടെ മേനിവഴക്കവും പ്രസരിപ്പും കണ്ട് എത്രെ എത്രെ കുട്ടികളാ വലുതാകുമ്പോൾ ചെണ്ടകൊട്ടുകാരാകണം എന്ന് മനക്കോട്ടെ കെട്ടിയിട്ടുള്ളത് എന്നറിയാമോ? ആഗ്രഹം വീട്ടിൽ അറിയിക്കുമ്പോൾ കൈയ്യിൽ കിട്ടുന്ന പണിയായുധം എടുത്ത് കുട്ടികൾക്ക് നേരെ ആയും ചിലപ്പോൾ എറിഞ്ഞു വീഴ്ത്തും. ആ വീഴ്ച്ചയോടെ ആ ആഗ്രഹവും വീണുടയും എന്നത് പരമസത്യം.
റാസ കടന്നു പോകുന്ന ഭാഗത്തെ വീടുകളിൽ ഉള്ള പള്ളിക്കാർ അന്യമതസ്ഥർ എന്നിവരടക്കം ഗീവറുഗീസ് സഹദായുടെ പടവും വെച്ച് അതിനുമുന്നിൽ മെഴുകുതിരി, വിളക്ക് തുടങ്ങിയ ദീപാലങ്കാരങ്ങൾ കൊണ്ട് അലങ്കരിക്കും. അച്ഛൻ അലങ്കരിച്ചു വെച്ചേക്കുന്ന പടത്തിനും ചുറ്റും കൂടി നിൽക്കുന്നവരെയും ധൂപക്കുറ്റി വീശും. ക്രിസ്ത്യാനികൾ മതിമറന്നു കുരിശു വരയ്ക്കും. അച്ഛൻ തലയിൽ കൈവെച്ചു പ്രാർത്ഥിക്കും. സ്തോത്രകാഴ്ച്ച അർപ്പിക്കും. റാസയെ വരവേൽക്കാൻ ഓരോ വീടുകളും ഇലക്ട്രിക് ലൈറ്റുകളാൽ അലങ്കരിക്കപ്പെട്ടിരിക്കും. ഞങ്ങളുടെ വീട്ടുകാര്യങ്ങൾ നോക്കിയിരുന്ന ഭാരതി- പൊടിയൻ അവർകളുടെ വീട്ടിലെ സ്ത്രീ പുരുഷ ബാല ജനങ്ങളും റാസ കാണാൻ ഹാജർ വെക്കും. അച്ഛൻ ധൂപക്കുറ്റിയായി ഞങ്ങളെ സമീപിക്കുമ്പോഴേ മുകളിൽ പറഞ്ഞ പരിവാരങ്ങൾ റോഡു മുറിച്ചു കടന്ന് ഞങ്ങൾക്കരികിൽ നിൽക്കും. അനുഗ്രഹങ്ങൾ അവർക്കും വേണം. ഗീവറുഗീസ് സഹദായുടെ പടം അലങ്കരിച്ചതും വീടും പരിസരവും ചെത്തി മിനുക്കിയതും അവരുടെ അച്ഛനും അമ്മയുമായ ഭാരതി- പൊടിയൻ അവർകളായതുകൊണ്ട് അനുഗ്രഹങ്ങൾ അവർക്കും വേണം. അവരുടെ അവകാശം അവർ ചോദിച്ചു വാങ്ങിക്കും.
അച്ഛന്റെ കൂട്ടത്തിൽ നിൽക്കുന്ന വെള്ളക്കുപ്പായം അണിഞ്ഞ ഒരു ശിഷ്യൻ വട്ടത്തിൽ കിലുക്കം ഘടിപ്പിച്ച് അതിനെ ഒരു കമ്പിനോട് ബന്ധിപ്പിച്ചിരിക്കുന്ന വിശിഷ്ട്ടമായ വാദ്യോപകരണം കിലുക്കി നിൽക്കും. ആ വ്യക്തിയോട് എനിക്ക് അഗാധമായ പ്രണയമായിരുന്നു. പുള്ളിയെ അടുത്തു കാണുമ്പോഴൊക്കെ ടപ് ടപ് ടപ് നെഞ്ചിടിച്ചു തുടങ്ങും. ദൂരത്തു കണ്ടാലും ഇടിക്കും. അങ്ങനെ പല സ്നേഹങ്ങൾ നോട്ടങ്ങൾ നെഞ്ചിടിപ്പുകൾ മധുരം വിരിയും അധരങ്ങൾ മനസ്സൊളുപ്പിക്കാൻ പാടുപെടും മിഴികൾ റാസയിൽ ഉണ്ടായിരുന്നു. അതൊക്കെ ഒരുമിക്കാൻ ആഗ്രഹിച്ചപരിശുദ്ധ പ്രണയങ്ങളായിരുന്നു.
മുതിർന്നവരിൽ ചില ആണുങ്ങളായിരുന്നു റാസയെ നിയന്ത്രിച്ചിരുന്നതും വാഹനങ്ങളെ സുഗമമായി കടത്തിവിട്ടിരുന്നതും. മുത്തുക്കുട കറക്കി പേപ്പർ കൊണ്ട് ഉണ്ടാക്കിയ മെഴുകുതിരിവിളക്കുപിടിച്ചു ഇളം നിറത്തിലുള്ള വസ്ത്രമണിഞ്ഞു ഇടയ്ക്ക് കലപില ചിലച്ചു നടക്കുന്ന പള്ളിക്കാരുടെ പുറകിൽ ചെണ്ടകൊട്ടു ടീംസും ഉണ്ട്. അവരുടെ പുറകിൽ പള്ളിക്കാരുടെ വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നു പോകും. റാസയെ മുന്നിൽനിന്നും നയിച്ചിരുന്നത് ഗീവറുഗീസ് സഹദായായിരുന്നു. സഹദായുടെ വലിയ പടം മുന്നേ ജീപ്പിൽ പോകും. സഹദായുടെ കൂടെ ഗായക സംഘവുമുണ്ട്. അവർ സ്വർഗ്ഗീയ ഗാനം മൈക്കിൽക്കൂടെ ആലപിക്കും. ആ ജീപ്പിൽ കയറാൻ യോഗ്യതയുള്ള ഗായകർ ആര് എന്നതിനും തർക്കമാണ്. വാളക്കോട് പള്ളി തർക്കത്തിന് പേരുകേട്ട പള്ളിയാണ് എന്ന് മുന്നേ പറയാൻ വിട്ടുപോയി ക്ഷമിക്കണം. തർക്കത്തിനൊടുവിൽ വാളക്കോട് പള്ളിയിലെ യേശുദാസും ചിത്രയും ആരെന്നു തീരുമാനിക്കും. തർക്കിക്കാൻ കാരണമുണ്ട്, പാട്ടുക്കാരുടെയും കൂട്ടമാണ് വാളക്കോട് പള്ളി. ഒരുത്തൻ അല്ലെങ്കിൽ ഒരുത്തി പാടുന്നത് വേറെ സംഗീതശിരോമണികൾക്ക് പിടിക്കുമോ? അപ്പോൾ ആ ജീപ്പിൽ സ്ഥാനം കിട്ടാത്തതോ!
റാസയുടെ ബാനർ ഇടതും വലതും നിന്ന് ആര് പിടിച്ചു നിർത്തണം എന്നതിനും തർക്കമുണ്ട്. പള്ളിയിലെ പ്രശസ്തയായ ഒരു പാട്ടുകാരി അവരുടെ മകളെ ബാനറിനോട് ചേർത്ത് കെട്ടിയേക്കുന്നപോലെയായിരുന്നു. ബാനറിന്റെ ഒരു ഭാഗം പിടിക്കുന്നത് എല്ലാവർഷവും ആ കുട്ടിതന്നെ. ക്ഷമ നശിച്ചു ഒരു പ്രാവശ്യം മൂന്ന് ഇളയസാഹോദരങ്ങളെ നോക്കി വളർത്തുന്ന അവരുടെ മൂത്ത ചേച്ചി മുന്നോട്ടു വന്ന് പാട്ടുകാരിയുമായി ഉടക്കി. ഇപ്രാവശ്യം ബാനറിന്റെ ഒരു ഭാഗം ചിഞ്ചു പിടിക്കും എന്ന് പ്രഖ്യാപിച്ചു.
അയ്യോ ഞാനോ.. എനിക്ക് പിടിക്കേണ്ട, നീ പിടിക്ക് എന്ന് ഞാൻ.
അതെന്താ നിനക്ക് പിടിച്ചാൽ?
അവൾ അവളുടെ മൂന്ന് ഇളയതുങ്ങൾക്കും കൂട്ടുകാരിയായ എനിക്കും വേണ്ടി ചുമ്മാ അങ്ങ് ഉടക്കും.
പാട്ടുകാരി എന്നെ തുറിച്ചു നോക്കി. എനിക്ക് ബാനർ പിടിക്കേണ്ട മുത്തുക്കുട പിടിച്ചാൽ മതി, ഞാൻ ഉറപ്പിച്ചു പറഞ്ഞു.
അവൾ ആ അടി അവിടെ നിർത്തി.
അവൾ എനിക്ക് ഒരു മുത്തുക്കുട കൈയ്യേറിത്തന്നു. എന്റെ അടുത്ത് അവളും നിന്നു. എനിക്കുവേണ്ടി അവൾ എന്തിനാ അടിയുണ്ടാക്കുന്നത് എന്നെനിക്ക് അറിയില്ല. ഒന്നും ഞാൻ പറഞ്ഞിട്ടല്ല. ചില മനോഹരമായ നിമിഷങ്ങൾ ജീവിക്കുംനാൾ വരെ ഓർത്തുവെക്കണം എന്ന് കരുതി ആ നിമിഷം ഉള്ളിൽ നിർത്താറുണ്ട്. അങ്ങനെയൊരു നിമിഷമായിരുന്നു അതും. മെയ് മാസം നടക്കുന്ന പെരുന്നാളിൽ ഒരിക്കൽ ചാറ്റൽ മഴ പെയ്തതും തണുത്ത കാറ്റ് വീശിയതും എന്റെ പ്രേമഭാജനം എന്നെ നോക്കി കടന്നു പോയതും അതിലൊന്നാണ്.
റാസയുള്ള ദിവസം രാത്രി പ്രാർത്ഥന കഴിഞ്ഞ് ചെണ്ടകൊട്ടും വെടിക്കെട്ടും കഴിഞ്ഞ് പുറത്തുവന്നു ഒരു വിശിഷ്ട്ട പൂത്തിരി കാണാൻ അച്ഛനും കമ്മിറ്റിക്കാരും എല്ലാവരോടും വിളിച്ചുപറഞ്ഞു. ആദ്യമായി ഇറക്കിയ വിശേഷതരം പൂത്തിരിയായിരുന്നു അത്. ആകാശത്തെത്തിമിന്നുന്ന വെളിച്ചത്തിന്റെ ഇടയിൽ കുഞ്ഞു കുടകൾ വിരിയുന്ന പൂത്തിരി. ആദ്യമായി ജനങ്ങൾ കാണുകയായിരുന്നു അങ്ങനെയുള്ളയൊന്ന്. കുട്ടികൾ കുട താഴെ വന്നോ എന്ന് നോക്കി കുട പെറുക്കാൻ വട്ടം ഓടി.
പിറ്റേന്ന് ഞായറാഴ്ച മുഖ്യകാർമികൻ തിരുമേനിയാണ്. തിരുമേനിക്കുള്ള ഊണ് ഞങ്ങളുടെ വീട്ടിലാണ് മിക്കവാറും തയ്യാറാക്കിയിരുന്നത്. മത്തായി എന്ന പേരുകേട്ട ഒരു കുശിനിക്കാരൻ ഞങ്ങളുടെ വീട്ടിൽ വന്ന് രുചിയേറും വിഭവങ്ങൾ ഉണ്ടാക്കും. വേണ്ടുന്ന വിഭവങ്ങൾ എന്താണ് എന്ന് ഞങ്ങൾ പറയും. മത്തായി ഉണ്ടാക്കുന്ന അവിയലും മീൻകറിയും എനിക്ക് ഇപ്പോഴും രുചിക്കാം. കുറേ ഏറെ ഉണ്ടാക്കാൻ പറയും ഒരാഴ്ച്ചത്തേക്ക് കൂട്ടാമല്ലോ. മത്തായി ശനിയാഴ്ച്ച ഉച്ചക്കേ പണി തുടങ്ങും. എല്ലാം സാവധാനത്തിൽ. താമസം വീട്ടിൽത്തന്നെ. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നെനിക്കറിയില്ല.
ഇന്ന് രാവിലെ ഒരു വിഷമുള്ള നീളൻ പാമ്പ് എന്നെ കടിക്കുന്നത് കണ്ട് ഉറക്കത്തിൽനിന്ന് ഞെട്ടിയുണരുകയായിരുന്നു ഞാൻ. കുറേ നാൾക്ക് ശേഷമാണ് പാമ്പിനെ സ്വപ്നം കാണുന്നത്. സ്വപ്നങ്ങൾ മിക്കതും സത്യമായി വരുന്ന എനിക്ക് വിഷമം ഉണ്ടായി. ഇന്ന് വീട്ടിൽ വിളിച്ചപ്പോഴാണ് ഗീവറുഗീസ് സഹദായുടെ പെരുന്നാളാണ് എന്ന് അറിഞ്ഞത്. പണ്ട് പാമ്പ് സ്വപ്നത്തിൽ വന്നാൽ പിറ്റേന്ന് നേർച്ച നേരും സഹദായ്ക്ക്. ഒന്നും നേരാതെ ഇരുന്ന എന്നോട് സഹദാ എന്റെ പെരുന്നാളാണ് എന്ന് പറയും പോലെ ആയിപ്പോയി. ഇപ്രാവശ്യം ഇലക്ട്രിക് അലങ്കാരങ്ങൾ ഇടുന്നില്ല എന്ന് ഡാഡി തീരുമാനിച്ചിരുന്നു. ഒരു പക്ഷേ ഇലക്ട്രിക് ബൾബുകൾ വേണം എന്ന് പറയുകയാണോ സഹദാ എന്നോട് എന്നും തോന്നിപ്പോയി. സഹദായ്ക്ക് പെരുന്നാൾ ഗംഭീരമാകണം എന്ന് ആഗ്രഹമുണ്ടാകില്ലേ! എല്ലാ പ്രാവശ്യവും ഇലക്ട്രിക് ലൈറ്റ് അലങ്കരിക്കുന്ന വീട്ടിൽ ലൈറ്റ് ഇല്ല എന്ന് പറഞ്ഞാൽ! എനിക്കും സഹദായ്ക്ക് ഉണ്ടായപോലെ നാണക്കേടുണ്ടായി. എന്തായാലും ഇലക്ട്രിക് ലൈറ്റുകൾ വേണം കൂട്ടത്തിൽ എന്റെ നേർച്ചയും എന്ന് ഞാൻ പറഞ്ഞു ഡീൽ ഉറപ്പിച്ചു.
പൊടിയനെ ഓർമ്മക്കുറവ് ഉണ്ടായതുകൊണ്ട് വീടിന്റെ വെളിയിൽ ഇറക്കുന്നില്ല. ഭാരതി മരിച്ചു പോയി. മമ്മിക്ക് കീമോ എടുത്തെടുത്ത് ഒരു സ്റ്റെപ്പ് നടക്കാൻ വയ്യ. ഡാഡി വേണം മേശയൊരുക്കി സഹദായെ മേശമേൽ ഇരുത്തി വിളക്ക് കത്തിക്കാൻ. ഡാഡി ഒറ്റയ്ക്കാണ് റാസ വരുമ്പോൾ.ആൾക്കൂട്ടങ്ങളൊഴിഞ്ഞു. പ്രായം എഴുപത്തിയേഴായി. അതുകൊണ്ടാകും ഇലക്ട്രിക് ലൈറ്റ് അലങ്കരിക്കാൻ മടിച്ചത്.
അന്ന് കണ്ട റാസയും പെരുന്നാളുമൊക്കെ ഒരേടായി ഓർമ്മയുടെ
പുസ്തകക്കെട്ടിൽ അവശേഷിക്കുന്നു. അതൊക്കെ കടന്നുപോയ നിമിഷം ജീവിതം ഇത്രവേഗം നടന്നകലും എന്നോർത്തുമില്ല.
ഇന്നുമുണ്ട് റാസയും പെരുന്നാളും , പശ്ചാത്തലത്തിലെ മാറ്റങ്ങളോടെ.