Image

മണിമുഴക്കം (കവിത: വേണുനമ്പ്യാർ)

Published on 10 May, 2024
മണിമുഴക്കം (കവിത: വേണുനമ്പ്യാർ)

പാദുകസൗഹൃദമല്ലാത്ത പാദത്തിൽ
മധുമേഹവ്രണം ചേക്കേറിയിരിക്കുന്നു.

സ്ക്രീൻസൗഹൃദമല്ലാത്ത കണ്ണിൽ
തിമിരം മുട്ടയിട്ടിരിക്കുന്നു.

ജരാനരയുടെ ക്രൂരമായ പ്രക്രിയ 
മനസ്സിൽ പിന്നെയും 
ഒരു പ്രഹേളികയായി തുടരുന്നു.

ഒരജ്ഞാതനിമിഷം
തണുത്ത നീല വെളിച്ചം തൂവി
പൊട്ടിത്തെറിക്കുവാൻ പാകത്തിൽ
ആകാശസൗഹൃദമല്ലാത്ത 
ധൂമകേതുവെപ്പോലെ 
സൂക്ഷ്മകോശങ്ങളിൽ
മരണം പതുങ്ങിയിരിക്കുന്നു.

ജീവന്റെ ഉടുപ്പിനു ഒട്ടും
പാകമാകാത്ത വാർദ്ധക്യം -
തയ്യൽക്കാരനെന്തേ
തയ്ച്ചില്ല ഫ്രീ സൈസിൽ?

ചോദ്യം അസംബന്ധമാകയാൽ
ഉത്തരം ആർക്കുമില്ല.

നീളം കുറയുന്ന ആയുസ്സിന്റെ കരിദിനങ്ങൾ ഉണരുന്നു
അസ്തമിക്കുന്നു
ജീവിതസൗഹൃദമല്ലാത്ത മരണത്തെ
വരവേൽക്കുവാൻ !

നാളെ ഈ വീട്ടിൽ
ആര് തങ്ങുമെന്ന് പറയാനാകില്ല
ആധാരത്തിൽ ഇന്ന് 
എന്റെ പേരിലാണ് വീട്.

വീട്ടിൽ ഒരു മൺകുടമില്ല
കുശവനെ കണ്ട് ഒരു കുടം വാങ്ങണം
ശ്മശാനത്തിലെ കർമ്മങ്ങളിൽ
വെള്ളം നിറച്ച മൺകുടം
ചിതയ്ക്കു മീതെ
പിറകോട്ടെറിഞ്ഞ്....

മൺകുടം ഉടഞ്ഞ് മണ്ണിനോട്
ചേരുമ്പോൾ ലാഭം മണ്ണിനൊ
കുടത്തിനൊ?

മരിക്കുന്നതേ മരിക്കൂ എന്ന
ബൗദ്ധികബോദ്ധ്യം സാന്ത്വനമല്ല
ഓരോ നിമിഷവും മനസ്സിലുണ്ട്
മരണക്കിടക്ക!
അതൊരു രണഭൂമി
അവിടെ ഞാൻ തനിച്ചാണ്
തനിച്ച് പൊരുതണം 
തനിച്ച് കീഴടങ്ങണം.

ജീവന്റെ കുപ്പായത്തിനു ഒട്ടും
പാകമാകാത്ത പഞ്ചഭൂതങ്ങൾ
പഴയതുപേക്ഷിച്ചാൽ
പുതിയൊരെണ്ണം ഫ്രീ!
അദൃശ്യനായ തയ്യൽക്കാരൻ അങ്ങനെ
പ്രലോഭിപ്പിക്കുന്നതെന്തേ?

നിത്യതയുടെ രഹസ്യത്താക്കോൽ
അയാളുടെ അടിവസ്ത്രത്തിന്റെ
കീശയിലാണൊ?

പ്രതിരോധങ്ങളില്ലാത്ത
ഒരു ശരീരത്തിന്റെ നഗ്നത
കുഴിച്ചിട്ടതിനുശേഷം 
ദഹിപ്പിക്കാനാവില്ല
ദഹിപ്പിച്ചതിനു ശേഷം
കിട്ടുന്ന ചാരം മണ്ണിൽ മൂടാം.

പക്ഷെ സൂക്ഷ്മശരീരത്തിലെ വാസനാസ്വപ്നങ്ങളെ
എവിടെ മറവ് ചെയ്യും
സഞ്ചിതകർമ്മങ്ങളിൽ
ശേഷിക്കുന്നവ എവിടെ കുഴിച്ചിടും?

ജീവന്റെ കൊട്ടിക്കയറിയിറങ്ങുന്ന
മേളപ്പെരുക്കത്തിൽ
പ്രകൃതിയുടെ പ്രക്രിയയും വിക്രിയയും കാലപ്രമാണദീക്ഷ പാലിക്കണമെന്ന വാശി ഉപേക്ഷിക്കുവാൻ
ഇനിയെങ്കിലും എനിക്ക് കഴിയണം.

ഉടുപ്പുകൾക്കടിയിലെ നഗ്നത
തയ്യൽക്കാരനെ രക്ഷിക്കട്ടെ!!

ഒരു ദിവസം അയാളും
കേൾക്കേണ്ടി വരും
ജൈവികഘടികാരത്തിലെ
കോശമണികളുടെ മുഴക്കം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക