സാഹിത്യസന്യാസിനിയുടെ ആശ്രമപ്രവേശനം. ആശ്രമം സാഹിത്യത്തിന്‍റേതുതന്നെ. സാഹിത്യത്തിന്‍റെ വിവിധ മേഖലകളില്‍ സഞ്ചരിച്ച് സര്‍ഗ്ഗ വ്യാപാരത്തിന്‍റെ ഉള്ളു കള്ളികള്‍ മനസ്സിലാക്കി അതില്‍ ധ്യാനനിരതമായിരിക്കുക ഡോ: കെ.പി.സുധീരയുടെ സവിശേഷതയാണ്. സര്‍ഗ്ഗ വ്യാപാരത്തിന്‍റെ ഒരു മേഖലയും തൊടാതെ പോയിട്ടില്ല ഈ യാത്രയില്‍ അവര്‍.
കവിതയും ചെറുകഥയും നോവലും യാത്രാവിവരണങ്ങളുമടങ്ങിയ ആ മഹാമേരുവിലേക്ക് ഓടിക്കയറാന്‍ ഒരു പ്രയാസവുമില്ല. അങ്ങനെ ഒരു കായികതാരത്തെപ്പോലെ ഓടിക്കയറിയപ്പോള്‍ നിരവധി അവാര്‍ഡുകളും അവര്‍ക്കൊപ്പമെത്തി, കൈക്കലാക്കി. ഈ ഓട്ടം സാഹിത്യത്തില്‍ മാത്രമല്ല, ഭൂഖണ്ഡത്തിന്‍റെ എല്ലാ അതിരുകളും അതിലംഘിച്ചുകൊണ്ടുള്ള യാത്രയുമായിരുന്നു. ഏതൊക്കെ മനുഷ്യര്‍, ഏതൊക്കെ സംസ്‌കാരങ്ങള്‍, ഭാഷകള്‍, ഭൂപ്രകൃതികള്‍... എല്ലാം ഈ സാഹിത്യ സഞ്ചാരത്തിനിടയില്‍ അവര്‍ക്ക് കൂട്ടായി.
അങ്ങനെയിരിക്കുമ്പോഴാണ് തന്‍റെ തൊട്ടടുത്തിരിക്കുന്ന സാഹിത്യ ഹിമാലയത്തിലേക്ക് നോട്ടമിട്ട് അവിടെ കാണുന്ന ഭൗതിക, ആത്മിയ, മാനസിക രഹസ്യങ്ങളിലേക്ക് സുധീരയുടെ ശ്രദ്ധ പതിഞ്ഞത്. വളരെക്കാലമായി സാഹിത്യത്തിന്‍റെ ഉത്തംഗശൃംഗങ്ങളില്‍ വിഹരിച്ച എം.ടി.യാണ് സുധീരയുടെ ഉന്നം പിഴയ്ക്കാത്ത സാഹിത്യ സായകങ്ങള്‍ക്ക് വിഷയീഭവിച്ചത്.
അങ്ങനെ തികഞ്ഞ കയ്യടക്കത്തോടുകൂടിയുള്ള ധ്യാനനിരതമായ സാഹിത്യസാഹസം കൂടിയാണ് സുധീര ഇവിടെ കാണിച്ചിരിക്കുന്നത്. അങ്ങനെ രൂപം കൊണ്ടതാണ് എം.ടി.ഏകാകിതയുടെ വിസ്മയം എന്ന പുസ്തകം.
നല്ല ഭാഷ കൊണ്ട് എം.ടി.യുടെ ജീവിതപാഠങ്ങളുടെ ആഴങ്ങളളക്കാന്‍ സുധീര ഇവിടെ ശ്രമിക്കുന്നു. എം.ടി. എന്ന മഹാത്ഭുതത്തെ വെള്ളക്കടലാസിലെ അക്ഷരക്കളങ്ങളില്‍ കോറിയിട്ട് പ്ര
കാശിപ്പിക്കുക എന്നത് വളരെ സാഹസികമായ പ്രവൃത്തിയാണ്. വളരെ വര്‍ഷങ്ങളുടെ ശ്രമങ്ങള്‍കൊണ്ട് അവര്‍ക്ക് അത് നന്നായി സാധിച്ചിരിക്കുന്നു.
എം.ടി.യുടെ കഥകളെയും നോവലുകളെയും സിനിമ ജീവിതത്തെയും വ്യക്തിജീവിതത്തെയും കീറിമുറിച്ചുകൊണ്ടുള്ള സാഹിത്യ ശസ്ത്രക്രിയ വളരെ വിജയത്തോടെയാണ് ഞാന്‍ കാണുന്നത്. ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്ത എം.ടി.യുടെ കഥാപാത്രങ്ങളെ അവരുടെയതായ - കഥാപാത്രങ്ങളുടെതായ - സംഭാഷണങ്ങളില്‍ കുത്തിക്കുറിച്ചുള്ള അക്ഷരയാത്ര - എഴുത്തിന്‍റെ തീക്ഷ്ണത - എഴുത്തുകാരി തന്നെ വെളിപ്പെടുത്തുന്ന ഒരു ഘട്ടമുണ്ട് എം.ടി.യ്ക്കുള്ളിലെ എം.ടി. എന്ന ആമുഖത്തില്‍.
എം.ടി.യുടെ സാഹിത്യങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് വായിച്ച അനുഭൂതിയുണ്ടാക്കിത്തരുന്നതാണ് പുസ്തകത്തിലെ ഓരോ വിവരണവും. അനുവാചകര്‍ വായിച്ചവയും വായിക്കാത്തവയുമായ കഥാപാത്രങ്ങള്‍ മുമ്പിലൂടെ കടന്നുപോകുമ്പോള്‍ ഏതോ ഒരു പൂര്‍വ്വകാല മാസ്മരിക ലോകത്തില്‍ നാം അറിയാതെ എത്തിപ്പെടുന്നതായി അനുഭവപ്പെടും.
എം.ടി.യുടെ സാഹിത്യങ്ങള്‍ വായിക്കാത്തവര്‍ക്ക് എം.ടി.സാഹിത്യത്തിന്‍റെ സൃഷ്ടിസ്ഥിതി ലയതാളങ്ങള്‍ ഹൃദയത്തിലേക്ക് വേരിറങ്ങി വൃക്ഷമായി പൂക്കുന്ന അവസ്ഥ ഉണ്ടാകുന്നു.
എം.ടി.യുടെ ജീവിതം തന്നെയാണ് എം.ടി.യുടെ സാഹിത്യവും. എം.ടി.യെ മനസ്സിലാക്കാന്‍ മറ്റൊരു ജീവിതചരിത്രമോ ഒരു ആത്മകഥയോ ആവശ്യമില്ല എന്ന്
224 പേജുള്ള ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
എം.ടി.യുടെ പ്രധാന കാഥാപാത്രങ്ങളായ വേലായുധനും, സേതുവും, അപ്പുണ്ണിയും, സരോജിനിയും, ഓപോളും, കുട്ട്യേടത്തിയും എല്ലാ ഈ പുസ്തകത്തില്‍ നിരന്ന് നിന്ന് നമ്മോട് അവരുടെ അനുഭവങ്ങള്‍ പറയുന്നു. മരുമക്കത്തായ സമ്പ്രദായം നിലനിന്നു പോന്ന പഴയകാലം. വയസ്സന്‍ നമ്പൂതിരിമാര്‍ വേളികഴിച്ചു വിധവകളാകുന്ന യുവതികള്‍, സ്ത്രീ പുരുഷ മനസ്സില്‍ പണ്ടും ഇന്നും നിലനില്‍ക്കുന്ന നിരവധി സംഘര്‍ഷങ്ങള്‍ ഇവയെല്ലാം തന്മയത്വത്തോടെ സ്വന്തമായ ശൈലിയില്‍ കുറിച്ചിട്ട്, സാഹിത്യ വിസ്മയം തീര്‍ത്ത എം.ടി.യുടെ കഥകളും നോവലുകളും സിനിമാ തിരക്കഥകളും എല്ലാം ഒരു നീലനിശീഥത്തിലെ ശുഭ്രവിഹായസ്സില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെ, ചന്ദ്രികയെപ്പോലെ വീക്ഷിച്ചാസ്വദിക്കാനും, പഠിക്കാനും, ചിന്തിക്കാനും കഴിയുന്നു ഈ മഹത്തായ സംരംഭത്തിലൂടെ.
എം.ടി.യുടെ എല്ലാ പ്രധാനകൃതികളിലെ കഥാപാത്രങ്ങളെക്കുറിച്ച് എഴുതിയശേഷം എം.ടി.യുടെ സ്‌നേഹസൗഹൃദങ്ങളെക്കുറിച്ച് എഴുതിയശേഷം എം.ടി.യുടെ സ്‌നേഹസൗഹൃദങ്ങളെക്കുറിച്ചും അവരുടെ വ്യക്തിബന്ധങ്ങളെക്കുറിച്ചും എഴുത്തുകാരി ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു. മഹാന്മാരായ സാഹിത്യകാരന്മാരെപ്പറ്റിയും അവരുടെമായുള്ള വ്യക്തിബന്ധങ്ങളെക്കുറിച്ചും അറിയാന്‍ നമുക്ക് താല്പര്യമുണ്ടാകുമല്ലോ.
തകഴി, ബഷീര്‍, എന്‍.പി.മുഹമ്മദ്, തിക്കോടിയന്‍, എസ്.കെ., ഇടശ്ശേരി, കമലാദാസ് എന്നീ മലയാള സാഹിത്യകാരന്മാരെ കൂടാതെ അന്യഭാഷാ
സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിത്തരാനും ഈ മഹത്തായ സംരംഭം നമ്മെ സഹായിക്കുന്നുണ്ട്.
അധികാമാരോടും സംസാരിക്കാത്ത വളരെ തിരക്കുള്ള ഈ സാഹിത്യകാരന്‍റെ സൗകര്യം നോക്കി അവിടെ ചെന്ന് സാഹിത്യ ഇന്റര്‍വ്യൂ നടത്തുക വളരെ ശ്രമകരമായ പ്രവൃത്തിയാണല്ലോ. ആ കാര്യത്തിലും നന്നായി വിജയിച്ചു ഗ്രന്ഥകര്‍ത്രി എന്ന് ഒടുവില്‍ എഴുതിചേര്‍ത്ത ഇന്‍റര്‍വ്യൂവിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
നിരവധി സംശയങ്ങള്‍ എം.ടി.സാഹിത്യത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സാഹിത്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എം.ടി.യുടെ ആരാധകന്മാര്‍ക്ക് ഉണ്ടാകുമല്ലോ. അതൊക്കെ പരിഹരിക്കാന്‍ തക്കവണ്ണമുള്ള ചോദ്യാവലികളും ഉത്തരങ്ങളും പുസ്തകത്തിന്‍റെ ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്.
കഥകളിലൂടെയും നാടകങ്ങളിലൂടെയും സാഹിത്യസഞ്ചാരം നടത്തിയ എം.ടി. വളരെ പെട്ടെന്നാണ് സിനിമയിലേക്ക് കടന്നതെന്ന് തോന്നുന്നു.സാഹിത്യത്തിന്‍റെയും കലയുടെയും ഹരിതചില്ലകളും പൂക്കളും എത്ര ഉയരത്തിലായാലും വളരെ വേഗം കയ്യെത്തിപ്പിടിക്കാന്‍ കഴിയുന്ന സാഹിത്യകാരന് സിനിമ എന്ന കലയെ അനായാസം കയ്യടക്കുക വളരെ പ്രയാസകരമായ കാര്യമായിരുന്നില്ല.
ആ കാര്യങ്ങളെല്ലാം സുധീരയുടെ 'എം.ടി. ഏകാകിതയുടെ വിസ്മയം' എന്ന ഈ ഗ്രന്ഥത്തില്‍ ഒരു നക്ഷത്ര വെളിച്ചം പോലെ അല്ലെങ്കില്‍ ഒരു നിലാവെളിച്ചം പോലെ മിന്നിമറയുന്നുണ്ട്.
നിര്‍മ്മാല്യത്തിലൂടെ - സ്വന്തം കയ്യൊപ്പ് പതിച്ച സിനിമ എന്ന മാസ്മരിക കലയെ - മലയാളത്തിനൊരു ദേശീയ പുരസ്‌കാരവും മറ്റ് നിരവധി പുരസ്‌കാരങ്ങളും സമ്മാനിച്ചുകൊണ്ടാണ് എം.ടി. അവസാനിപ്പിച്ചത്. അത് തന്മയത്വത്തോടെയാണ് ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്.
എന്തുതന്നെയായാലും എം.ടി.യുടെ ജീവിതത്തെക്കുറിച്ച് വേറെ പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടാവുമെങ്കിലും എം.ടി. തന്നെ അദ്ദേഹത്തിന്‍റെ കലയെയും ജീവിതത്തെക്കുറിച്ചും പലപ്പോഴും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും എം.ടി.സാഹിത്യത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ കലയെക്കുറിച്ചും വിശദമായി പഠിക്കാന്‍ ഉപകരിക്കുന്ന ഗ്രന്ഥമാണ് ' എം.ടി. ഏകാകിതയുടെ വിസ്മയം' എന്ന സുധീരയുടെ ഈ സാഹിത്യസൃഷ്ടിയെന്ന് നിസ്സംശയം പറയാം.