ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
ഏഴാമത്തെ വയസില്‍ അമ്മ മരണപ്പെട്ടതോടെ രജനികാന്തിന്റെ ജീവിതം ദുരിതത്തിലായി. താൻ കടന്നുവന്ന ജീവിതത്തെ കുറിച്ചുള്ള തലൈവർ മുൻപ് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
വലുതാകുമ്ബോള്‍ പണക്കാരൻ ആവണമെന്ന ആഗ്രഹമുണ്ടായിരുന്നതായി രജനീകാന്ത് പറഞ്ഞു. ഓഫീസ് ബോയ് ആയാണ് ജീവിതം തുടങ്ങിയത്. കൂലിപ്പണി , മരപ്പണി തുടങ്ങി നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ ദാരിദ്രം മാറ്റാൻ എന്ത് ജോലിയും ചെയ്യാൻ തയ്യാറായിരുന്നു. കഷ്ടപ്പാടിലുടെ വളർന്ന തനിക്ക് പട്ടിണി എന്താണെന്ന് നേരിട്ട് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിക്കാലത്ത് ഒന്നിനോടും ഭയമുണ്ടായിരുന്നില്ല. എന്നിട്ടും പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നു . ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്ന ഒരു സന്യസിയുടെ ഛായ ചിത്രം കണ്ടപ്പോഴാണ് ആത്മഹത്യയില്‍ നിന്നും പിന്തിരിഞ്ഞത്. അന്ന് രാത്രി ഉറക്കത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അന്ന് നദിയുടെ മറുകരയില്‍ ഇരിക്കുന്നതായാണ് കണ്ടത്. അദ്ദേഹം അടുത്തേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു.
താൻ സ്വപ്നത്തില്‍ കണ്ടത് ശ്രീ രാഘവേന്ദ്ര സ്വാമികളാണെന്ന് പിന്നീട് മനസിലായി. അദ്ദേഹത്തിന്റെ മഠം കണ്ടെത്തുകയും അവിടേക്ക് പോകുകയും ചെയ്തു. ധനികനാക്കണമേയെന്ന് മഠത്തില്‍ വെച്ച് പ്രാർത്ഥിച്ചതും എല്ലാ വ്യാഴാഴ്ചയും വ്രതം ആരംഭിച്ചതും താരം അനുസ്മരിക്കുന്നുണ്ട്.
തമിഴ് ജനതയുടെ പിന്തുണയാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറയുന്നു. ബസ് കണ്ടക്ടറായ തന്നെ സ്യൂട്ട് ധരിച്ച് നില്‍ക്കാൻ കഴിയുന്ന ഒരാളാക്കി അവർ മാറ്റി. തന്റെ വിജയത്തില്‍ തമിഴ് ജനത പ്രധാന പങ്കുവഹിച്ചുവെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.