മാനവ രാശിയുടെ ചുണ്ടിലെ എറ്റവും മധുരമുള്ള പദമാണ് 'അമ്മ . സ്നേഹവും കരുണയും വാത്സല്യവും നിറഞ്ഞുതുളുമ്പുന്ന അമ്മയെന്ന വികാരം, ആ സ്നേഹത്തിനു പകരം വെയ്ക്കാന്‍ എന്താണ് ഈ ഭൂമിയില്‍ ഉള്ളത്. ദൈവത്തിന്റെ സ്നേഹത്തെ അമ്മയുടെ സ്നേഹത്തോടാണ് ഉപമിക്കുക.
ഈ പ്രപഞ്ചം മുഴുവൻ പരിപാലിക്കുബോൾ എല്ലായിടത്തും എത്താനാവാത്തതിനാൽ ദൈവം അമ്മമാരെ സൃഷ്‌ടിച്ചു എന്നാണ് പൊതുവെയുള്ള വിശ്വാസം . മനുഷ്യന്റെ ഉത്ഭവം മുതൽ അമ്മ, ദൈവത്തിന്റെ പ്രതിനിധിയായി ഭൂമിയിലെ സൃഷ്ടികർമ്മങ്ങൾ ഏറ്റെടുത്ത് ഓരോ കുഞ്ഞിനും ജന്മം നൽകി ഒന്നാം ദൈവമായി മാറുന്നു. അപ്പോൾ അമ്മക്ക് ദൈവത്തെക്കാൾ ഉയർന്ന സ്ഥാനമാണു ജീവനുകളിൽ ഉള്ളത് എന്ന് മനസിലാവും. ദൈവം ചെയ്യെണ്ട കർമ്മമാണ് ഓരോ അമ്മമാരും ചെയ്യുന്നത്. അങ്ങനെ അമ്മമാർ ദൈവത്തിന്റെ അവതാരങ്ങൾ ആയി മാറുന്നു.
കാലമെത്രമാറിയിട്ടും അമ്മ എന്ന സങ്കല്പം മാത്രം മാറുന്നില്ല. സ്നേഹത്തിന്റെ പുഴയായി അതിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്. കണ്ണീരും വിയര്‍പ്പുമായി ജീവിതയാത്രയില്‍ മക്കള്‍ക്കുവേണ്ടി, പങ്കാളിക്കു വേണ്ടി, മാതാപിതാക്കള്‍ക്കുവേണ്ടി ,സഹോദരങ്ങള്‍ക്കു വേണ്ടി ,സ്നേഹിതര്‍ക്കു വേണ്ടിയൊക്കെ അവള്‍ ഏറ്റെടുക്കുന്ന സഹനങ്ങളാണ് അവരെ ദൈവത്തിന്റെ പ്രതിനിധികൾ ആക്കി മാറ്റുന്നത്.
ഈ ഭൂമിയിൽ പിറന്ന ഏതൊരാൾക്കും ഏറ്റവും പ്രിയതരമായ സാമീപ്യം അമ്മയുടെത് തന്നെയാണ് , ആദ്യമായിക്കേട്ട താരാട്ട് പാട്ടും, ആദ്യമായി നൽകിയ സ്നേഹചുംബനവും നാവിലെ ആദ്യ രുചിയായ
അമ്മിഞ്ഞപ്പാലുമെല്ലാം അമ്മയുടെ ആദ്യ സമ്മാനങ്ങളാണ് . സ്ത്രീ എന്ന നാമം അതിന്റെ പരിപൂർണ്ണതയിലെത്തുന്നത് മാതൃത്വം എന്ന അവസ്ഥ കൈവരിക്കുമ്പോഴാണ്. അമ്മ ,അച്ഛൻ,ഭാര്യ ,മക്കൾ ,മക്കളുടെ മക്കൾ തുടങ്ങിയവരടങ്ങിയ വ്യവസ്ഥാപിത കുടുംബങ്ങളിലാണ് നമ്മളോരോരുത്തരും ജനിച്ചതും വളർന്നതും ജീവിച്ചുകൊണ്ടിരിക്കുന്നതും. നാം ഈ ഭൂമിയിൽ ജനിച്ചുവീണ നിമിഷം മുതൽ ഈ ലോകത്തു നിന്നും വിട്ടുപിരിഞ്ഞുപോകുന്നതിനിടയിൽ ഏറ്റവും കൂടുതൽ തവണ ഉച്ചരിച്ച വാക്കേതെന്നാൽ അത് അമ്മ എന്ന പദമായിരിക്കും.
അമ്മയാണ് ഓരോ വീടിന്റെയും ഐശ്യര്യം. അമ്മയില്ലാത്ത ഒരു വീട്ടിലേക്ക് കയറിച്ചെല്ലുബോൾ തന്നെ നമുക്ക് ആ വ്യത്യസം മനസിലാക്കാം. അമ്മയില്ലെങ്കിൽ ആ വീട് ശൂന്യമാണ്. ആ സ്നേഹമില്ലെങ്കിൽ നമ്മൾ അനാഥരാണ്. ഒരു വീടിന്റെ വിളക്കാണ് 'അമ്മ എന്ന് എന്റെ അനുഭവത്തിൽ നിന്നും ഞാന്‍ വിശ്വസിക്കുന്നു.
ജീവിതം സങ്കടങ്ങളാലും നിസ്സഹായതയാലും നിരാശയാലും വീർപ്പുമുട്ടിയ സമയത്താണ് എനിക്ക് എന്റെ അമ്മേയെ നഷ്‌ടമാകുന്നത് . അമ്മയും കൂടി പോയപ്പോൾ വല്ലാത്ത ഒരു അനാഥത്വം അനുഭവപ്പെട്ടു. എന്റെ കുട്ടികളും അതെ അവസ്ഥയിൽകുടി തന്നെ കടന്നുപോയപ്പോൾ അവരുടെ മനസ്സ് എനിക്ക് നല്ലതായി വായിച്ചു എടുക്കാൻ കഴിയുമായിരുന്നു .അമ്മയുമായി പ്രത്യേക അടുപ്പം കാത്തുസൂക്ഷിച്ചിരുന്നവരാണ് എന്റെ കുട്ടികൾ , അവരിൽ കാണുന്ന നല്ല വശങ്ങളെല്ലാം അമ്മയിൽനിന്നാണ് കിട്ടിയത് . അവർ കൂടുതൽ സമയം ചെലവഴിച്ചിരുന്നതും അമ്മയ്‌ക്കൊപ്പമാണ്. ഏതിനും എന്തിനും അവർ അമ്മയെ ആശ്രയിച്ചിരുന്നു , അങ്ങനെ യിരിക്കുബോൾ ആ 'അമ്മ നഷ്‌ടപ്പെട്ടൽ ഉണ്ടാകാവുന്ന അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേ യുള്ളൂ.
കുട്ടികളുടെ അമ്മയുടെ മരണത്തിന് ശേഷം അവർ നന്നേ കഷ്‌ടപ്പെടുന്നത് കണ്ടിട്ടുണ്ട് . ഏറെ ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും കടന്നു പോയത് . രാവിലെ കോളേജിൽ പോകുന്നത് മുതൽ രാത്രിയിൽ ഉള്ള ഡിന്നർ വരെ കൃത്യമായി പ്ലാൻ ചെയ്തു നടപ്പാക്കുമായിരുന്നത് അമ്മയാണ് . വളരെ ചെറിയ കാര്യങ്ങൾ പോലും കൃത്യനിഷ്‌ടയോടും ഉത്തരവാദിത്തത്തോടും ചെയ്തിരുന്നു. അവർ ഇല്ലാതായതോട് വീടിന്റെ അവസ്ഥ തന്നെ മാറി.
അമ്മയില്ലാത്ത അടുക്കളയിൽ ഒന്നു കയറി നോക്കണം, ആ ശൂന്യതയിൽ നിന്ന് അമ്മ എന്താണെന്നും എങ്ങനെ ആയിരുന്നു എന്നും മനസ്സിലാകും.അമ്മയുടെ കൈയിൽ നിന്ന് ഭക്ഷണം കിട്ടിയില്ലെങ്കിൽ തൃപ്തിയാവില്ല നമുക്കൊരിക്കലും. അത് കുട്ടികൾക്ക് ആയാലും വലിയവർക്ക് ആയാലും. അമ്മയുടെ കൈപ്പുണ്യം അറിയാത്ത ദിനങ്ങൾക്ക് തൃപ്തിയുണ്ടാവില്ല... അടുക്കളയിൽ നിറഞ്ഞിരുന്ന ഭക്ഷണങ്ങളുടെ സ്ഥാനത്തു ഒന്നുമില്ലാത്ത പത്രങ്ങൾ നമ്മെ അലസോര പ്പെടുത്തിയേക്കാം .അമ്മകൈപുണ്യമേൽക്കാത്ത രസക്കൂട്ടുകളോട് പിണങ്ങി നാവു വിശപ്പിനോട് പരിഭവം പറഞ്ഞേക്കാം. ഒരായിരം ചോദ്യങ്ങൾ അടുക്കളയുടെ ചുമരിൽ തട്ടി പ്രതിധ്വനിച്ചേക്കാം....... ആരും കേൾക്കാതെ കുറെ ചോദ്യങ്ങൾ പിന്നയും പിന്നയും ആവർത്തിച്ച് നാം മനസമാധാനം കണ്ടേക്കാം . ആ ശൂന്യതയിൽ നിന്ന് അമ്മ എന്താണെന്ന് നമുക്ക് മനസ്സിലാകും.....
ഒടുവിൽ ജീവിതത്തിൽനിന്നു അമ്മമാർ അകന്നുമറയുമ്പോൾ ആണ് അവർ ജീവിതത്തിൽ എത്രത്തോളം
പ്രിയപ്പെട്ടവർ ആയിരുന്നു എന്നും അവരുടെ നഷ്ടം വിലമതിക്കാനാകില്ലെന്നും മനസിലാകുന്നത്. ആ വേർപാടിന്റെ വേദന നമ്മെ പിച്ചിച്ചീന്തുന്നു. .അമ്മയില്ലാതെയും കാലം പിന്നെയും നമ്മെ മുന്നോട്ട് നയിക്കുന്നു. ആ ഓർമ്മകളിൽ ജീവിക്കുമ്പോൾ അവിടെ അമ്മയുടെ വാത്സല്യത്തിന്റെ ഓർമ്മകളും , നന്മയിലേക്ക് നയിക്കുന്ന ശാസനകളും , മാറോടണച്ച് പാടിയ താരാട്ടിന്റെ ഈണവും , അമ്മയുടെ ഗന്ധവും എന്നും എന്നും കൂട്ടിനുണ്ടാകും.
കാത്തിരിക്കാനും കൂട്ടിരിക്കാനും ഓർത്തിരിക്കുവാനും ഒരമ്മയുണ്ടെങ്കിൽ മിക്ക കുട്ടികളുംഅനുസരണക്കേട് കാണിക്കാറില്ല . കുട്ടികൾ അല്പം കുസൃതി കാണിച്ചാലും അവരെ നേർവഴിക്ക് കൊണ്ടുവരാൻ ഒരമ്മക്കെ കഴിയു .
അമ്മ എന്ന വാക്കിന് ഓരോരുത്തർക്കും അവരുടെതായ നിർവചനങ്ങൾ ഉണ്ടാകും. പക്ഷേ ഏതുഭാഷയിലായാലും നിർവ്വചനങ്ങളിലോ വ്യാഖ്യാനങ്ങളിലോ ഒതുക്കാനാവാത്ത ഒരു മഹാപുണ്യമാണ് ഓരോ അമ്മമാരും. അത് ലോകത്തിൽ ഏത് കോണിൽ ആയിരുന്നാലും ഏത് ഭാഷയിൽ ആയിരുന്നാലും 'അമ്മ എന്ന വികാരം മികച്ചതാണ് . എ .ആർ .രാജവർമ്മ തൻറെ പ്രസിദ്ധമായ ' കേരള പാണിനീയ ' ത്തിൽ വ്യക്തമാക്കുന്നത് .'അമ്മ' യായാലും വേണ്ടില്ല 'ഉമ്മ' യായാലും വേണ്ടില്ല ഇനി 'മമ്മി' എന്നോ 'മാ ' എന്നായാലൂം തരക്കേടില്ല മാതൃത്വത്തിൻറെ വിസ്‌മയ മഹനീയ ഭാവത്തിനും വിശുദ്ധിക്കും വിളിപ്പേര് മാറിയാൽ മാറ്റമൊന്നുമുണ്ടാവില്ല തീർച്ച .
കാലമെത്രമാറിയിട്ടും അമ്മ എന്ന സങ്കല്പം മാത്രം മാറുന്നില്ല. സ്നേഹത്തിന്റെ പുഴയായി അതിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്.
. "ഓരോരുത്തരുടെ മനസ്സിലും വിസ്മയങ്ങൾ നിറയ്ക്കുന്ന ദൈവമാണ് അമ്മ ". അമ്മയില്ലാത്ത ലോകം ശൂന്യമാണ്