Image

മൊഴികളില്ലാത്ത ഗാനങ്ങൾ ( കവിത : അന്നാ പോൾ )

Published on 12 May, 2024
മൊഴികളില്ലാത്ത ഗാനങ്ങൾ ( കവിത : അന്നാ പോൾ )
എൻ അന്തര്യാമിതൻ
ഹരിത സ്ഥലികളിൽ
മൊഴികളില്ലാത്ത
അനവധി ഗാനങ്ങളുണ്ടു... ഉണ്മയെ
പ്പൊതിഞ്ഞു കൊണ്ടു
കനമേറിയ ഒരു വസ്ത്രം പോലെ
വരിഞ്ഞു മുറുക്കി അതെന്നെ
സദാ വീർപ്പുമുട്ടിക്കുന്നു
നിർദ്ദയനാവുകളുടെ
പരിഹാസം ഭയന്നു ഞാൻ
ഒരിക്കലും അതു പാടില്ല
പകർത്തില്ല എവിടേയും
എന്റെ നിഴലായ് ഹൃദയ താളമായ്
എന്റെ ചേതനയെ ഉന്മത്തമാക്കിക്കൊണ്ടു്
അവസാന ശ്വാസം വരെയും
കാത്തുസൂക്ഷിക്കും,
ഇടയ്ക്കിടെയുള്ള അതിന്റെ
പ്രകമ്പനങ്ങൾ മതിയെനിക്കു ഈ
ജീവിതത്തിനു നിറവും വെളിച്ചവും പകരാൻ
അല്ലെങ്കിലും ഞാനതു ആരെ
പാടി കേൾപ്പിയ്ക്കാനാണ്? 
അതെന്റെ അന്തരാത്മാവിൽ തന്നെ
വിലയം കൊള്ളട്ടെ!.... 
കനികൾക്കുള്ളിൽ
വിത്തുകളെന്ന പോലെ ഞാനതു
ഇറുകെ ഇറുകെ പുണർന്നു സൂക്ഷിക്കും
ഒടുവിലൊരുനാൾ..... മൗനത്തിലാണ്ടു പോയവരുടെ
ലോകത്തു ഞാനാ ഗീതങ്ങൾ പാടും അതിന്റെ ശാന്തസുന്ദരമായ ആന്ദോളനങ്ങളിൽ
നിദ്ര വിട്ടുണർന്നു 
അവരെന്നോടൊത്തു പാടിയാർക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക