Image

ഉമ്മയുമൊത്ത് മറക്കാനാവാത്ത ഒരു തീര്‍ത്ഥയാത്ര (മാതൃദിനസ്മരണ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 12 May, 2024
ഉമ്മയുമൊത്ത് മറക്കാനാവാത്ത ഒരു തീര്‍ത്ഥയാത്ര (മാതൃദിനസ്മരണ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

ഉമ്മ മണ്‍മറഞ്ഞിട്ട് ഈ മാതൃദിനത്തില്‍ കാല്‍നൂറ്റാണ്ടാവുന്നു. ഈ ദിനത്തില്‍, 51 കൊല്ലം മുമ്പ് നടന്ന ഒരു രസകരമായ ംഭവം സ്മൃതിദര്‍പ്പണത്തില്‍ തെളിഞ്ഞുവരുമ്പോള്‍, ചുണ്ടില്‍ ചിരി വിരിയുന്നു. ഉമ്മയ്ക്ക് പുണ്യസ്ഥലങ്ങളും ദര്‍ഗ ശരീഫുകളും സന്ദര്‍ശിക്കുന്നത് ഇഷ്ടമായിരുന്നു. അങ്ങനെ ഞങ്ങള്‍ അജ്മീറിലെത്തി.

ദര്‍ഗയില്‍ നിന്ന് ചായ കുടിക്കാനും ഭക്ഷണം വാങ്ങിക്കാനുമായി ദര്‍ഗാ ഭോജനശാലയിലെത്തി. വിശാലമായ അവിടെ തിരക്കുണ്ടായിരുന്നു. ചായക്കുവേണ്ടി കാത്തുനില്‌ക്കെ, പാചകക്കാരന്‍ ബൃഹത്തായ പാല്‍പ്പാത്രം ഇളക്കിക്കൊണ്ടിരിക്കുന്നു. പാത്രത്തില്‍ എന്തോ വീഴുന്നതു പോലെ… ഇളക്കുമ്പോള്‍ കറുത്തത് കാണുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, അത് പാചകശാലയിലെ അസഹനീയമായ ആവിയില്‍ പെട്ടു വീഴുന്ന ഈച്ചകളാണെന്ന്! ചായ കുടിക്കാതെ റൂമില്‍ പോയി. ദര്‍ഗ ഭാരവാഹികളോട് വേറെ ഭക്ഷണത്തിനു അപേക്ഷിച്ചു.

പിറ്റേന്ന് ഉമ്മയുടെ ആഗ്രഹസഫലീകരണത്തിനായി പുണ്യകുടീരങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ഏതോ മലയടിവാരത്തിലെത്തിയപ്പോള്‍, കരകവിഞ്ഞൊഴുകുന്ന വെളളപ്പാച്ചില്‍ മുറിച്ചു മറുകര കടക്കാന്‍ ജനം വരിയായി നില്ക്കുന്നു

വെളളപ്പാച്ചില്‍ കണ്ടിട്ട് ഉമ്മ ഒന്നും ഉരിയാടുന്നില്ല; ഉദ്യമം ഉപേക്ഷിക്കാന്‍ പറയുന്നും ഇല്ല.
ചിലര്‍ ആഴവും ഒഴുക്കും കുറഞ്ഞ ഇടം നോക്കി കുത്തൊഴുക്ക് മുറിച്ചു കടന്നു അക്കരെയെത്തുന്നു. ഉമ്മ വീണ്ടും ഒന്നും മിണ്ടുന്നില്ല. ഉമ്മയുടെ അന്തരംഗം എന്നോട് സംസാരിക്കുന്നത് എനിക്ക് ഗ്രഹിക്കാമായിരുന്നു.  മോനെ നിനക്കറിയില്ലേ, നിന്റെ ഉപ്പ മലേഷ്യയിലുളളപ്പോള്‍ വര്‍ഷങ്ങളോളം ഞാന്‍ തെങ്ങ് കയറ്റിച്ചതും വട്ടന്‍പാടം പണിയിച്ചതും മകരവും പുഞ്ചയും കൊയ്യിച്ചതും, അരക്ക് വെളളമുളള രണ്ട് മൂന്ന് തോടുകള്‍ കടന്ന് വര്‍ഷങ്ങളോളം പുഞ്ചകൃഷി ചെയ്യിച്ചതും, വലിയ കുടുംബം നോക്കിയതും, എല്ലാം...

മറ്റൊരവസരത്തില്‍, പുഞ്ചക്കോള്‍ അധികൃതര്‍ കൃഷിക്കാര്‍ക്ക് മുന്നറിയിപ്പ് കൊടുത്തു: കോള്‍പ്പടവ് വറ്റിച്ചതിന്റെ ഇഞ്ചന്‍കൂലി കൊടുക്കാതെ ആരും കോളില്‍ വിത്തിറയ്ക്കണ്ട!
ആ വിജ്ഞാപനം വരുമ്പോഴേക്കും ഉമ്മ വിത്ത് മുളപ്പിച്ചത് വിതയ്ക്കാനുളള പരുവത്തിലായിരുന്നു.
ഉമ്മ: ഞങ്ങളുടെ വീട്ടുകാര്യ സ;ഹായിയോട് നാളെ വിത്ത് കണ്ടത്തില്‍ ഇട്ടില്ലെങ്കില്‍, വിത്തെല്ലാം നാശാകും.
സ;ഹായി മറ്റു രണ്ടുപേരേയും കൂട്ടി, നാലേക്കറുളള പുഞ്ചക്കോളില്‍ അര്‍ദ്ധരാത്രിയില്‍ വിത്തെറിഞ്ഞു!
പിറ്റെദിവസം അരമന രഹസ്യം, നാട്ടുകാരുടെ ഇടയില്‍ പരസ്യമായി. 
ഉമ്മ വിജയക്കൊടി പാറിച്ചു.

ഉമ്മ: ഇതൊക്കെ ഞാന്‍ ചെയ്ത സ്ഥിതിക്ക്, ഈ വെളളക്കെട്ടെനിക്ക് നിസ്സാരമല്ലേ…?
ഉമ്മാട് മനസ്സില്‍ പറഞ്ഞു: എനിക്കെല്ലാം അറിയാം, ഉമ്മാ. 
ഉമ്മ: എങ്കില്‍ ഞാന്‍ നിയ്യത്ത് ചെയ്തതുപോലെ മൂന്നോട്ടു പോകുക…

അതിനിടെ, ഞങ്ങള്‍ ദര്‍ഗയില്‍ നിന്ന് പോരുമ്പോള്‍ ദൃഢഗാത്രനായ ഒരു മലയാളിയെ എനിക്ക് കൂട്ടിനു കിട്ടിയിരുന്നു. ഞാന്‍ അയാളോട് പറഞ്ഞു: 'താങ്കള്‍ ഉമ്മയുടെ ഇടത് കൈ ബലമായി പിടിക്കുക; ഞാന്‍ വലതും.'

അയാള്‍ സമ്മതിച്ചു. ഞങ്ങള്‍ വെളളപ്പാച്ചില്‍ മുറിച്ചു കടക്കാന്‍ തീരുമാനിച്ചു. ശക്തമായ നീരൊഴുക്കിന്റെ നടുവിലെത്തിയപ്പോള്‍, ഉമ്മയുടെ കാല്‍ നിലത്തുറക്കുന്നില്ല. ഉമ്മയുടെ മുഖം വിളറുന്നു; ഉമ്മ തളരുന്നു. എന്റെ ഉമ്മ അതാ ഒഴുക്കില്‍ ഒലിച്ചു പോകുന്നു…! 
ഞാന്‍ കൂട്ടാളിയോട് കരുതലോടെ പറഞ്ഞു: 'ഉമ്മയുടെ കയ്യും ചുമലും മുറുകെ പിടിക്കുക.'

ഉടല്‍ ഞങ്ങളുടെ കൈകളിലാണെങ്കിലും, അരയ്ക്ക് താഴെ ഉമ്മ കൂന്തപ്പൂവിന്‍ തണ്ടു പേലെ ഒഴുക്കിലൂടെ. ഒഴുകുന്നു. ഉമ്മയുടെ മുണ്ട് നീരോട്ടത്തില്‍ നീങ്ങിപ്പോകുന്നതില്‍ വെപ്രാളപ്പെടുന്നു. ഉമ്മയുടെ ഭാവം, ഒഴുക്കില്‍ ഒലിച്ചു പോയാലും വേണ്ടില്ല, മുന്നില്‍ നിന്ന് മുണ്ട് നീങ്ങിപ്പോകരുത്.

ഞങ്ങള്‍ ഉമ്മയെ സുരക്ഷിതമായി കരക്കെത്തിച്ചു. ജീവിതത്തില്‍ പല വെല്ലുവിളികളെയും അതിജീവിച്ച ഉമ്മയുടെ ഉശിരും ഊര്‍ജ്ജവും വാര്‍ദ്ധക്യാധിക്യത്തില്‍ അല്പം ചോര്‍ന്നു പോയോ എന്ന് ഉമ്മാടെ മുഖത്ത് നോക്കി ചോദിക്കാനുളള ധൈര്യം അന്നും പിന്നെയും എനിക്കുണ്ടായിരുന്നില്ല. 
ഈ മാതൃദിനത്തില്‍ വീണ്ടും ഉമ്മയ്ക്ക് പ്രണാമം.

Join WhatsApp News
G.Puthenkurish 2024-05-12 11:19:04
Happy Mother’s Day
Sudhir Panikkaveetil 2024-05-12 15:33:32
മാതൃദിനത്തിൽ ഉമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ച ശ്രീ അബ്ദുൽ സാറിനു പ്രണാമം. അക്ബർ ചക്രവർത്തിയും രാജ്ഞിയും മകന് നേര്ച്ച ചെയ്യാനായി ആഗ്രയിൽ നിന്നും അജ്മീറിൽ സ്ഥിതിചെയ്യുന്ന ഈ ദർഗ ശരീഫിൽ പോകാറുണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു ദർഗ ശരീഫ് ഒരു സൂഫിയുടെ ഖബ്റിസ്‌ഥാൻ ആണ്. ഇവിടെ സന്ദർശനം നടത്തി മുസ്‌ലിം വിശ്വാസികൾ പുണ്യം നേടുന്നു. അബ്ദുൽ സാറിന്റെ ഉമ്മയുടെ ആത്മാവിനു ശാന്തി നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക