Image

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : ബിജു മേനോനും വിജയരാഘവനും മികച്ച നടന്മാര്‍; ആട്ടം മികച്ച ചിത്രം

Published on 12 May, 2024
 ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : ബിജു മേനോനും വിജയരാഘവനും മികച്ച നടന്മാര്‍; ആട്ടം മികച്ച ചിത്രം

തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. 2023 ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ആട്ടം സ്വന്തമാക്കി.

ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാലം സിനിമയിലെ പ്രകടനത്തിന് വിജയരാഘവനുമാണ് മികച്ച നടന്മാർ. ശിവദ (ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ആട്ടം) എന്നിവരെ മികച്ച നടിമാരായി തെരഞ്ഞെടുത്തു.

ആട്ടം ഒരുക്കിയ ആനന്ദ് ഏകർഷിയാണ് മികച്ച സംവിധായകൻ. സമഗ്രസംഭാവനകളെ മാനിച്ച്‌ നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിർന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് നല്‍കും. നടനും നിർമ്മാതാവുമായ മുകേഷ്, പ്രമുഖ നിർമാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടൻ പ്രേംകുമാർ, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യൻ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കും.

കേരളത്തില്‍ സംസ്ഥാന അവാർഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്‌, ജൂറി ചിത്രങ്ങള്‍ കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക