Image

പരൽമീനുകൾ കളിക്കുന്ന തോട്ടുവക്കത്തെ വീട്-4 (ബാബു ഇരുമല)

Published on 12 May, 2024
പരൽമീനുകൾ കളിക്കുന്ന തോട്ടുവക്കത്തെ വീട്-4 (ബാബു ഇരുമല)

മൂവർ സാഹസം

രാവിലെ ആയതുകൊണ്ട് വഴിയിലെങ്ങും തിരക്കില്ലായിരുന്നു. ഇപ്പോൾ കാക്കനാട്-പെരുമ്പാവൂർ നല്ല റോഡുമാണ്. അങ്ങനെ പുക്കാട്ടുപടി, ചെമ്പറക്കി, പെരുമ്പാവൂർ, കുറുപ്പംപടി, ഇരുമലപ്പടി വഴി കൃത്യം ഒരു മണിക്കൂറേ കോതമംഗലം എത്തുവാൻ എടുത്തൊള്ളു.

കാറു നിറുത്തി ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും അമ്മമ്മ വാതിൽ തുറന്ന് വന്നു.

'അമ്മമ്മേടെ  നേതൻകുട്ടാ, നേഹ മോളെ'.  

സ്നേഹത്തോടെ ഞങ്ങളെ വിളിച്ച്,  ചിരിച്ചുകൊണ്ട് അമ്മമ്മ സിറ്റൗട്ടിൽ നിന്നു. അമ്മ വിൻഡോ താഴ്ത്തി അമ്മമ്മയോട് അസുഖത്തെക്കുറിച്ച്സം സാരിച്ചുകൊണ്ട് ഡിക്കി തുറന്നു തന്നു.

ഞാനും,  നേഹയും ഡിക്കിയിൽ നിന്നും  പാത്രങ്ങൾ, ബാഗുകൾ  ഉൾപ്പെടെ എടുത്തുവച്ചു. അപ്പുവിനെ ഇരുവരും കാണാതിരിക്കുവാൻ മറഞ്ഞു നിന്നും മറ്റും ഞങ്ങൾ ഏറെ പണിപ്പെട്ടു.

അമ്മ കാറിൻ്റെ താക്കോലുമെടുത്ത്, വരാന്തയിൽ വച്ച  രണ്ടു മൂന്ന് പാത്രങ്ങളുമായി അമ്മമ്മയോട് വർത്തമാനം പറഞ്ഞു നിൽക്കുകയാണ്.  അവസാനത്തെ പാത്രം എടുക്കുവാൻ ചെന്നപ്പോൾ ഡിക്കിയിൽ ഭയന്ന് പാത്തിരുന്ന അപ്പുവിനോട് ഞാൻ പതുക്കെ പറഞ്ഞു.

'പേടിക്കണ്ടാട്ടൊ, വൈകാതെ വരാം'  

അപ്പു പതിയെ പുഞ്ചിരിച്ചു. വീടിനു മുന്നിലെ ചെറിയ ടാർ റോഡും, ചെറിയ തോടും കഴിഞ്ഞാൽ പുതിയതായി തുറന്ന തങ്കളം - കല ഓഡിറ്റോറിയം ബൈപാസ് റോഡാണ്. രാവിലെ റോഡിലാകെ നടക്കുന്നവരുടെ തിരക്കാണ്.

അമ്മയുടെ ആങ്ങളയെ, ബെന്നി ചാച്ചൻ എന്ന ഞങ്ങൾ വിളിക്കുക. കാക്കനാട് ഐടി പാർക്കിലാണ് ജോലി.

'അവൻ രാത്രി കിടക്കുവാൻ വൈകീന്ന തോന്നണെ. എണീറ്റട്ടില്ല'.

അമ്മമ്മ അമ്മയോട് അകത്തേക്ക് പോകുന്നതിനിടയിൽ പറയുന്നതു കേട്ടു .

ഞങ്ങൾ വരാന്തയിൽ നിന്ന് പാത്രങ്ങൾ ഡൈനിങ്ങ് ടേബിളിൽ വയ്ക്കുമ്പോൾ കാറിൻ്റെ താക്കോൽ അവിടെ വച്ചിട്ട് അമ്മ ഡ്രസ് മാറുവാൻ പോയിരിക്കുകയാണെന്നു മനസ്സിലായി. അമ്മമ്മ അടുക്കളയിലാണ്.

ഇതു തന്നെ സമയം. താക്കോൽ എടുത്ത് കൊണ്ട് വന്ന് ഡിക്കി തുറന്നു. ആരും കാണാതെ വളരെ പെട്ടെന്ന് അപ്പുവിനെ, വരാന്തയിൽ ശേഷിച്ച രണ്ട് ബാഗുകൾക്കൊപ്പം ഞങ്ങളുടെ മുറിയിലെത്തിച്ചു. അവനെ എൻ്റെ കട്ടിലിനടിയിൽ ഒളിപ്പിച്ചു.

'നമുക്ക് ഭാഗ്യോണ്ട്'.

ഞാൻ നേഹയോട് പറഞ്ഞു.

' അപ്പു ചേട്ടന് ഭാഗ്യോണ്ടന്ന് പറ'.

നേഹ ഉറക്കെ ചിരിച്ചു.

'നിങ്ങള് രണ്ടും മുറീല് എന്തെടുക്വാ.എന്താ ഇത്ര ചിരി.  രണ്ടും വന്ന് ഇപ്പത്തന്നെ ഭക്ഷണം കഴിച്ചോ. ഇനി ചൂടാക്കാൻ ഒന്നും പറ്റില്ല'.

അമ്മ പലപ്പോഴും സ്ട്രിക്റ്റ് ആണ്. വീട്ടീന്ന് രാവിലത്തെ ഭക്ഷണവും കൊണ്ടാണ് വന്നിരിക്കുന്നത്. അമ്മമ്മക്ക് പറ്റില്ലല്ലൊ.

രണ്ടു മൂന്നു് ദിവസം കഴിഞ്ഞല്ലെ തിരിച്ചു പോകൂ. ഫ്രിഡ്ജിൽ ഇരിക്കുന്നത് ഒന്നും  കളയണ്ട എന്ന് അനു അമ്മ കരുതിക്കാണും.

'പൊറോട്ടയും, പൂരീം ഒണ്ട്. കറി കടല, ചിക്കൻ. ഏതാ വേണ്ടേന്ന് വെക്കം പറഞ്ഞോ'.

എനിക്ക് ഇഷ്ടമുള്ള പൊറോട്ട  ഇന്നലെ സന്ധ്യയ്ക്ക്  ഹോട്ടലീന്ന് അമ്മ വാങ്ങിയതാണ്. കുറെ ദിവസം പറഞ്ഞു നടന്നാൽ സഹികെട്ട് ചിലപ്പോൾ ഹോട്ടലിൽ നിന്ന് പൊറോട്ട ഒക്കെ ഓർഡർ ചെയ്ത് വാങ്ങിത്തരും.

'ആ. എനിക്ക് രണ്ട് പൂരി മതി, കടല കറീം' ,

അൽപനേരം ആലോചിച്ചിട്ട് നേഹ പറഞ്ഞു.

'എനിക്ക് രണ്ടു പൊറോട്ട, രണ്ട് പൂരി, ചിക്കൻ കറിയും,  കടലക്കറിയും വേണം.'

ഞാൻ പറഞ്ഞു.

'ആഹാ, അപ്പോ, നേതന് രാവിലെ തന്നെ ഇത്രേം ഒക്കെ കഴിക്കാന്നായോ?'

അമ്മ അത്ഭുതപ്പെട്ടു. അമ്മ ഞങ്ങൾക്ക് വിളമ്പി. അമ്മമ്മ നല്ല ചൂടൻ പാൽചായയുമായി വന്നു. അമ്മയോട് അമ്മമ്മയുടെ ഉപദേശം.

‘എടീ, നീ എന്തിനാ ഇതൊക്കെ ആയിട്ട് വന്നെ. ഇനി ഇങ്ങനെ ചെയ്യരുതട്ടൊ.

ലിസി രണ്ടു ദിവസം വന്നു പോണില്ലെ. അവള് അത്യാവശ്യം കറികളൊക്കെ വച്ചു തരണുണ്ട്.'

അപ്പുവിന് ചായേം പലഹാരോം കൊടുക്കണോലൊ.  അതിന് ഒരു സൂത്രം പ്രയോഗിച്ചു. ഞാൻ പറഞ്ഞു,

'ഞങ്ങടെ മുറീലിരുന്ന് ചായ കുടിച്ചോളാം'.

'മുറിയൊക്കെ വൃത്തികേടാകും'.

അമ്മ.

'ഞങ്ങള് മുറിയിലിരുന്ന് കഴിച്ചോളാം'.

നേഹ കൂടി പറഞ്ഞതോടെ അമ്മ എതിർത്തില്ല.

മുറിയിലേക്ക് ഭക്ഷണപ്ലേറ്റുകളും, ചായക്കപ്പുകളും ആയി ഞങ്ങൾ നടന്നു. നേഹ ചെവിയിൽ പറഞ്ഞു.

'നമുക്ക് വാതിലടയ്ക്കാം. അപ്പു ചേട്ടന് ആദ്യം ഭക്ഷണം കൊടുക്കാം.'

മുറിയുടെ വാതിലടച്ച്  ഞാൻ എൻ്റെ ഭക്ഷണ പ്ലേറ്റ് കട്ടിലിനടിയിലേക്ക് നീക്കി വച്ചുകൊടുത്തു. അപ്പുവിനോട്  ഞാൻ ചോദിച്ചു.

'ഇഷ്ടം പൊറോട്ടയാണോ, പൂരിയാണോ?  ഒരു കാര്യം ചെയ്യ്. അപ്പു പൊറോട്ടേം ചിക്കനും കഴിച്ചോ.'

എന്നാൽ  അപ്പു രണ്ട് പൂരിയും, കടലക്കറിയും ആണ്  കഴിച്ചത്. എനിക്ക് വേണ്ടെന്ന് പറഞ്ഞ് അപ്പുവിനെ കൊണ്ടുതന്നെ ഞാൻ ചായകുടിപ്പിച്ചു.

നേഹ ഭക്ഷണം കഴിച്ചു പ്ലേറ്റ് മേശപ്പുറത്തേക്ക് വച്ചു. അപ്പുവിന് കൊടുത്ത പ്ലേറ്റിലെ രണ്ട് പൊറോട്ടയും, ചിക്കൻ കറിയും ഞാൻ കഴിച്ചു.

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഞാനും, നേഹയും പ്ലേറ്റുകളും, കപ്പുകളും അടുക്കളയിൽ സിങ്കിനരികിൽ കൊണ്ടുപോയി വെച്ചു.  

'അമ്മേ, നല്ല ക്ഷീണം. ഞങ്ങള് കുറച്ച് നേരം ഉറങ്ങാൻ പോവ്വാ.'

നേഹ പറഞ്ഞു. ഞാനും അതുതന്നെ ആവർത്തിച്ചു.

'അപ്പ നിങ്ങക്ക് ജാക്കീനേം, സുന്ദരികളെയും കാണണ്ടെ?.

അമ്മമ്മ.

'വേണ്ട'.

നേഹ അതു പറഞ്ഞപാടെ ഞങ്ങൾ ഇരുവരും മുറിയിലേക്ക് കയറി. വാതില് കുറ്റിയിട്ടു. കുറ്റി ഇടുന്ന ഒച്ച കേട്ട് അമ്മയുടെ ശബ്ദം പുറമേ നിന്ന്  കേട്ടു.

'ഇന്നെന്ത ഇവർക്ക് പറ്റിയെ? എന്തിനാ നിങ്ങള് വാതില് കുറ്റിയിടണെ'.

ഞാൻ അപ്പുവിനോട് പറഞ്ഞു.

' അപ്പു ആ കട്ടിലിൽ കിടന്നോ. ഞങ്ങൾ രണ്ടുപേരും ഈ കട്ടിലിൽ കിടന്നോളാം.'  

വളരെ ക്ഷീണിതൻ ആയിരുന്നതിനാൽ കിടന്ന കിടപ്പിൽ തന്നെ അപ്പു  ഉറങ്ങിപ്പോയി. വൈകാതെ ഞങ്ങളും. യാത്രാ ക്ഷീണം, പിന്നെ, അതിരാവിലെ എഴുന്നേറ്റതല്ലെ.

ഉറക്കത്തിനിടയിൽ ഒരു ദുസ്വപ്നം കണ്ട് ഞാൻ ഉണർന്നപ്പോൾ അവർ രണ്ടും നല്ല ഉറക്കത്തിലാണ് എന്നു കണ്ട് വീണ്ടും മയക്കത്തിലേക്ക് പോയി.

എത്ര നേരം ഉറങ്ങി എന്നറിയില്ല.  ആരോ വാതിലിൽ മുട്ടിയിട്ട് എണീറ്റു കാണാഞ്ഞിട്ടാകണം മുറ്റത്തു ചെന്ന് ജനാലയ്ക്കലും മുട്ടി.

ഞാനും,  നേഹയും അതൊന്നും  കേട്ടില്ല.  അപ്പു  ഇതെല്ലാം കേട്ടിട്ട് എന്നെ വിളിച്ചുണർത്തി.

കട്ടിലിൽ നിന്നെഴുന്നേറ്റ അപ്പുവിനെ വീണ്ടും  കട്ടിലിൻ്റെ അടിയിൽ  ഞങ്ങൾ ഒളിപ്പിച്ചു. അമ്മയുടെ ഒപ്പം ബെന്നി ചാച്ചനും ഉണ്ടായിരുന്നു. മുറിയാകെ പരിശോധിക്കവെ ചാച്ചൻ പറഞ്ഞു.

'കട്ടിലിനടീന്ന് ഇങ്ങോട്ട് എഴുന്നേറ്റു പോരെ'.

'പെട്ടു'.

നേഹ തീരെ പതുക്കെ എന്നോട് പറഞ്ഞു. എന്തു വേണമെന്ന് അറിയാതെ ഞാൻ പകച്ചു നിന്നു.

read more: https://emalayalee.com/writer/294

Join WhatsApp News
ഉഷ മുരുകൻ 2024-05-15 17:38:07
കഥ കൂടുതൽ രസകരവും ഉദ്വേഗഭരിതവും ആകുന്നുണ്ട് Sir 👍All the best 👍💐💐👏👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക