കുമരകത്തെ പക്ഷിസങ്കേതത്തിനു
സമീപം വെച്ചാണ്
ആ ദേശാടനക്കിളിയെ
ഞാൻ കണ്ടുമുട്ടിയത്.
അറിവുകളുടെ കൈമാറ്റത്തിന്റെ
പൂർണ്ണതയിൽ
അവൾക്ക് പോകുവാൻ
സമയമായി.
“ഇനി നീ അടുത്തവർഷം
ഇതേസമയത്ത് വരുമല്ലോ.
ഇവിടെത്തന്നെ ഞാൻ
കാത്തിരിക്കും”.
“ഇല്ല.
ഞാൻ മറ്റൊരു ദേശത്തായിരിക്കും.
അടുത്തവർഷം ഇവിടെയെത്തുന്നത്
പുതിയ ദേശാടനപ്പക്ഷികൾ”.
ഹൃദയം മുറിഞ്ഞ വേദനയോടെ
ഞാൻ ചോദിച്ചു:
“ഇവിടം വിട്ടുപോകാൻ
നിനക്ക് സങ്കടം തോന്നുന്നില്ലേ?”
“ഇല്ല. ദേശാടനക്കിളി കരയാറില്ല”.
ചക്രവാള സീമയിൽ മറയുന്ന
ആ വർണപക്ഷിയെ നോക്കി
കണ്ണു നനയ്ക്കുമ്പോൾ
പിറകിൽ നിന്ന് വേഴാമ്പൽ പറഞ്ഞു:
“കാത്തിരിക്കൂ എന്നെപ്പോലെ”.
ഈ ചുട്ടുപൊള്ളുന്ന ചൂടുകാലത്ത്
ഒരു തോരാ മഴയ്ക്കായ്
ഞാനും കാത്തിരിക്കുന്നു.
വേഴാമ്പലിനെ പോലെ…