Image

ദൈവമാണമ്മ (ചാക്കോ ഇട്ടിച്ചെറിയ)

Published on 13 May, 2024
ദൈവമാണമ്മ (ചാക്കോ ഇട്ടിച്ചെറിയ)

വന്നീയുലകത്തിലന്നൊരുനാളില്‍ഞാ 
നൊന്നുമറിയാതൊരുശിശുവായ് തുലോം
ഒന്നുനടുങ്ങിജനിച്ചപ്പൊളീലോകെ  
എന്നെവെടിഞ്ഞുപോയെന്നു നിനച്ചുഞാന്‍
 
ആരൊക്കെയോപിടിക്കുന്നുവലിക്കുന്നു 
കാര്യമറിയുന്നതില്ലഞാനൊന്നുമേ
ഊരാക്കുടുക്കില്‍ കിടക്കുന്നോരെന്‍ഗതി
ആരാല്‍പറവതിന്നാവതുണ്ടീശ്വരാ!    
 
ഒന്നുമറിയാതെ ഗര്ഭാശയേയമ്മ
തന്നിലൊളിച്ചുകഴിഞ്ഞുഞാനെത്രനാള്‍  
ഇന്ന് ഹാ!നഷ്ടമായാസൌഖ്യജീവിത
മിന്നുവന്നമ്മയ്ക്കുമാശ്വാസമേതുമേ  
 
അല്‍പസമയത്തിനുള്ളിലാനല്ലവര്‍
കല്പിച്ചുമെയ്യ് വെടിപ്പാക്കിയെടുത്തുടന്‍   
കണ്കള്‍തുറന്നുഞാന്‍ കണ്ടുപലരെയെന്‍
കണ്കളിറുക്കിയടച്ചു ഭ്രമിച്ചുഞാന്‍ !
 
ഞെട്ടിയലറിവിളിച്ചുഞാന്‍വാവിട്ടു  
പൊട്ടിത്തെറിച്ചുദിഗന്ധങ്ങളൊക്കെയും
പെട്ടുപോയെതോകുടിക്കിലെന്നോര്‍ത്തകം 
ചുട്ടുപഴുത്താധികേറിയകാരണാല്‍! 
 
പെട്ടന്നൊരുകരസ്പര്ശനംശാന്തമായ്
തട്ടിയെന്‍കാതിലുമമ്മതന്‍ സാന്ത്വനം 
തിട്ടമറിഞ്ഞുഞാനമ്മയെന്നമ്മതാ
നൊട്ടുതലോടുമിത്താരിളംമേനിയില്‍ 
 
ചേര്‍ത്തുമാറില്‍ചിരംതന്‍മുലപ്പാല്‍‍തന്നു 
തീര്‍ത്തുതിമര്‍ത്തുനിന്നാധിയുംവ്യാധിയും   
ഓര്‍ത്തുപോയക്ഷണമമ്മയെന്‍പൊന്നമ്മ
പ്രാര്‍ഥിച്ചുഞാന്‍ദൈവമെന്നമ്മപൊന്നമ്മ! 
 
അച്ഛനെക്കണ്ടുഞാന്‍ചാരത്തുവന്നെന്നെ
സ്വച്ഛതനല്‍കിക്കളിപ്പിച്ചുസൗഹൃദാല്‍ 
ഓരോദിനങ്ങള്‍കഴിയവേകണ്ടുഞാന്‍
ഓരോരൊമാറ്റങ്ങള്‍നൂതനവസ്തുക്കള്‍ ‍‍  ‍‍ ‍
 
ഞാനൊന്നുഞെട്ടിക്കരയുകിലാധിയാ
ലൊന്നുപിടയുമെന്നമ്മനിരന്തരം
ചാരത്തടുത്തെടുത്തൊത്തിരിച്ചുംബന  
മോരുമൊരമ്മതന്‍ ചേതന ചേര്‍ത്തിടും!
 
എന്‍കൊച്ചുകൈകളെന്‍കാല്കള്‍വിരലുകള്‍
ഒക്കെയുമോരോദിനത്തിലും കണ്‍കളാല്‍
കണ്ടുവളരുന്നതോര്‍ത്തു മനക്കാമ്പി
ലുണ്ടായൊരാനന്ദമാര്‍ക്കുവര്ണ്ണിച്ചിടാം!  
 
കാണപ്പെടുന്നൊരുദൈവമാണമ്മയെ
ന്നാണുങ്ങളാരോപറഞ്ഞതുസത്യമേ
കാണേണമമ്മയെദൈവമായല്ലെങ്കി
ലാണല്ലപൂമാന്‍വെറുംമൃഗപ്രായനും!
 
പത്തുമാസംവഹിചില്ലേയുദരത്തി 
 ലൊത്തിരിപാടുംപ്രയാസങ്ങളൊക്കെയും
കുത്തുവാക്കുംസഹിച്ചില്ലെബന്ധുക്കളിന്‍
ചിത്തംകലുഷമായ്തീര്‍ന്നുക്രൂദ്ധിക്കവേ!  
 
പട്ടികള്‍പൂച്ചകള്‍ക്രൂരജന്തുക്കളും
ചട്ടങ്ങളില്ലാത്തിഴജാതിയെന്നിവ
തട്ടിത്തെറിപ്പിച്ചു ജീവിതംനശ്വര
മൊട്ടുതകര്‍ക്കാതെയമ്മരക്ഷിച്ചതാല്‍
 
മുത്തട്ടെയെന്നമ്മതന്‍കവിള്‍ത്താരുകള്‍!
ചിത്തംചിറകെട്ടിനില്‍ക്കുന്നു നന്ദിയാല്‍!
സ്നേഹമാണീശ്വരന്‍! സ്നേഹമാണീശ്വരന്‍!  ‍
അമ്മതന്‍ സ്നേഹത്തിനുള്ളപേരീശ്വരൻ!
 
ഞാന്‍മരിച്ചാലുമെന്നമ്മജീവിക്കണം
ഞാന്‍വളര്‍ന്നാലുമെന്നമ്മതന്‍പൈതലാം
അമ്മയുംദൈവവുമൊന്നായിജീവിത
മിമ്മന്നിലുള്ളോനനിന്ദ്യനാം ധന്യനാം!!!.
 
* എല്ലാ അമ്മമാര്‍ക്കും വളരെ സന്തോഷകരമായ ഒരു
   അമ്മദിന  ആശംസകള്‍! (HAPPY MOTHER'S DAY!)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക