Image

കിനാവള്ളി (കവിത:വേണുനമ്പ്യാർ)

Published on 13 May, 2024
കിനാവള്ളി (കവിത:വേണുനമ്പ്യാർ)

പഴി കേട്ടു പഴുത്തു
പടിപ്പുരയ്ക്കുള്ളിൽ

താവഴിയറ്റ്
ഗതി കെട്ടു
നാലു കെട്ടിനകത്ത്

യാത്രാമൊഴി 
കണ്ണും കണ്ണീരുമില്ലാത്ത
ചിത്രത്തൂണുകളോട്

ആവലാതിയൊക്കെ
ആവിയായി

വേവലാതിയൊക്കെ
വെന്തടിഞ്ഞു 

ലക്കും ലഗാനുമില്ലാതെ
ഒരലവലാതിയായി
ഊരു ചുറ്റി

ഓർമ്മകളുടെയും
പ്രതീക്ഷകളുടെയും
കൂടെരിച്ചു തീർത്തു

നിറങ്ങളന്ധമാക്കി കണ്ണിനെ
ശബ്ദങ്ങളടപ്പിച്ചു കാതിനെ

തിരിച്ചുപോക്കില്ലാത്ത 
അഹന്തയുടെ കാനനയാത്രയിൽ
ആത്മാവിന്റെ കിളി ദാഹിച്ചു
സത്യത്തിന്റെ പാനപാത്രം
കൊത്തിയെടുക്കാൻ

കൊത്തിയെടുക്കാൻ
പാകത്തിൽ അത്ര അരികെയല്ല
കൊത്തിയെടുക്കാനാകാത്ത വിധം
അത്ര ദൂരത്തുമല്ല

മേഘങ്ങളോട്
കണ്ണ് ഈറനാവുന്ന
മൌനവാങ്മയം

വഴി തിരിച്ചു പിടിച്ചത്
ഏകാന്തകാന്താരത്തിലല്ല
സൂര്യൻ അനുഗ്രഹിച്ച
മുക്കോലപ്പെരുവഴികളിൽ

ഓട്ടപ്പന്തയത്തിൽ
കിരീടം നേടി
കരയാമയായി

കരയാമ
പുതിയ മോഹാവേശത്തിൽ
കടലാമയായി

കുരുടനായ ഒരു മുക്കുവന്റെ 
കണ്ണുള്ള വലയിൽ കുടുങ്ങി

വെള്ള വലയ്ക്ക്
വെളിയിൽ ആറ് മഞ്ഞ
നൈലോൺ താങ്ങുവലകൾ

ഒരു വലയ്ക്കു വെളിയിൽ
വേറൊന്നു എന്ന രീതിയിൽ
ചുറ്റിപ്പിണഞ്ഞും കൂടിക്കലർന്നും
ഒരു ജലരാവണൻകോട്ട
രക്ഷ അസാദ്ധ്യം

വഴി തെറ്റി വലഞ്ഞത് പിന്നെ
കണ്ണികളുടെ കടുംകെട്ടിനുള്ളിൽ

അഴിക്കാൻ നോക്കുന്തോറും
മുറുകി മുറുകി വരും കൂരാംകുരുക്ക് 

നില കിട്ടാത്ത നിലനിൽപ്പിന്റെ തരംഗദൈർഘ്യം 
ഭയാനകം ആസുരീയം
ഓർക്കാപ്പുറത്ത്  
കുമിളകൾക്കിടയിലൂടെ 
സ്വർണ്ണനീരാളിപ്പുറത്തേറി വന്ന പായൽ ചൂടിയ മത്സ്യകന്യക 
അലകും പിടിയും ഒരു പോലെ അലകായ ഒരു വെള്ളിക്കിളിക്കത്തികൊണ്ട് വലക്കണ്ണികൾ ഒന്നൊന്നായി......

അറുത്തെടുത്തവ
മുപ്പത്തിമുക്കോടി കടക്കും

മത്സ്യകന്യക പാടി:
ഒന്നാം വല അന്നത്തിന്റെ
രണ്ടാം വല ഊർജ്ജത്തിന്റെ
മൂന്നാം വല അറിവിന്റെ
നാലാം വല ഭേദത്തിന്റെ
അഞ്ചാം വല ദുഃഖത്തിന്റെ
ആറം വല സുഖത്തിന്റെ
ഏഴാം വല പൂർണ്ണതയുടെ!

വലകളേഴും ഭേദിച്ചപ്പോൾ
കടൽ ചോരക്കടലായപ്പോൾ
ഇരു പള്ളയിലും നീലച്ചിറകു
മുളച്ച ഒരു നക്ഷത്രആമയായി
ഞാൻ സൂര്യനിലേക്ക് ഉയർന്നു!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക