ഭാഗം - 14
ജൂൺ മാസത്തിന്റെ ആദ്യവാരം തന്നെ സ്കൂൾ തുറന്ന് പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ തുടങ്ങിയിരുന്നു. അപ്പോഴും റേഡിയോയിലും ടെലിവിഷനിലും പോപ്പി കുടയുടെയും ജോൺസ് കുടയുടെയും പരസ്യങ്ങൾ മഴ പെയ്യുന്നപോലെ വിളംബരം ഇടയ്ക്കിടയ്ക്ക് നടത്തിക്കൊണ്ടിരുന്നു. മൺസൂൺ മാസാരംഭിച്ചതിനാൽ തന്നെ രാവിലെ മിക്ക ദിവസങ്ങളിലും മഴയുണ്ടായിരുന്നു. ദിനചര്യയുടെ ഭാഗമായി മാറിയിരുന്ന വീട്ടിലെ ചെടികൾക്കും പച്ചക്കറികൾക്കും നനയ്ക്കുന്നത് മഴയുടെ വരവോടെ വിഘ്‌നം വന്നു. വൈകി എഴുന്നേൽക്കുന്നത് പതിവായി മാറി. പകൽ സമയങ്ങളിലെ ഘടികാരത്തിന്റെ കറക്കം മന്ദഗതിയിലായിക്കൊണ്ടിരുന്നു. ലൈബ്രറിയിലെ രജിസ്റ്ററിൽ എന്റെ പേരിനു നേരെ പിന്നെയും കുറേയധികം പുസ്തകങ്ങളുടെ പേരുകൾ ലൈബ്രെറിയൻ രാജേന്ദ്രൻ ചേട്ടൻ എഴുതി ചേർത്തു. വീടിന്റെ മേശപ്പുറത്തു നിലയുറപ്പിച്ച പുസ്തകങ്ങൾ ഓരോന്നായി ഞാൻ വായിച്ചു പൂർത്തീകരിക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ എന്റെ കൂട്ടുകാരോ നാട്ടുകാരോ അല്ലെങ്കിൽ എനിക്ക് ചുറ്റും താമസിക്കുന്നവരോ ആയിത്തീർന്നിരുന്നു.
"കൂമൻകാവിൽ ബസ്സു ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം." എന്ന മാതൃക വരിയുടെ അവാച്യമായ സൗന്ദര്യത്തിന്റെ നിറവിലൂടെ അന്ന് ഞാൻ രവിയോടൊപ്പം ഖസാക്കിലെക്കു യാത്ര ആരംഭിച്ചു. രവിയുടെ ജീവിതത്തിലൂടെ ശിവരാമൻ നായർ, അള്ളാപ്പിച്ചാ മൊല്ലാക്ക, മാധവൻ നായർ, കുപ്പുവച്ചൻ, അപ്പുക്കിളി, നൈജാമലി, മൈമുന, കുഞ്ഞാമിന തുടങ്ങി ഒരുപാട് ആളുകളുമായി പരിചയപ്പെട്ടു. ഏറെ നാളുകൾക്കു ഒടുവിൽ ഖസാക് വസമാസാനിപ്പിക്കാൻ ഒരുങ്ങിയ രവി ബസ്സിറങ്ങിയ അതേ കൂമൻ കാവിൽ ചെന്നെത്തി. ബസ്സു വരുവാൻ ഇനിയും നേരമുണ്ട്. അവിടെ വെച്ച് രവിക്ക് പാമ്പു ദംശനമേൽക്കുന്നു. പര്യവസാനം കുറിക്കപ്പെട്ട അവസാന താളുകളിലെ വാചകങ്ങൾ എന്റെ മനസിനെ വല്ലാതെ പിടിച്ചുലക്കുന്നുണ്ടായിരുന്നു. മഴ പെയ്യുന്നു. മഴ മാത്രമേയുള്ളു. ആരോഹണമില്ലാതെ അവരോഹണമില്ലാതെ കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി. ബസ്സ് വരാനായി രവി കാത്തു കിടന്നു. ഒ. വി. വിജയന്റെ "ഖസാക്കിന്റെ ഇതിഹാസം" ഞാൻ എന്റെ മനസ്സിൽ ഒരു ഇതിഹാസമായി രേഖപ്പെടുത്തി.
പുസ്തകം വായിച്ചു തീർന്നു മേശപ്പുറത്തേക്കെടുത്തു വെയ്ക്കുമ്പോൾ പിന്നെയും മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു. മുറ്റത്തു വെള്ളക്കെട്ടുകൾ എങ്ങോട്ടേക്കു ഒഴുകണമെന്നറിയാതെ തളംകെട്ടി നിന്നു. ആനന്ദവല്ലിയമ്മ അപ്പോഴും മഴയെ ശപിച്ചുകൊണ്ട് നാമജപം ഉരുവിടുന്നുണ്ടായിരുന്നു. അടുക്കളയിലെ പലഹാരപാത്രത്തിൽ നിന്നും ഒരു അവലോസുണ്ടയും കുറച്ചു മിച്ചറുമായി ഞാൻ വാതിക്കൽ വന്നിരുന്നു. മഴ പെയ്യുന്ന സംഗീതം ഏതു രാഗത്തിലാണെന്നു ശ്രവിക്കുന്നതിനായി ഞാൻ ശ്രദ്ധ കേന്ദ്രികരിച്ചു. അല്പസമയത്തിനു ശേഷം മഴയുടെ പെയ്തു ശമിക്കാൻ തുടങ്ങി. കുട ചൂടിയിട്ടുണ്ടെങ്കിലും തലയിൽ പ്ലാസ്റ്റിക്ക് കവറിന്റെ തൊപ്പി കൂടി ആലംകാരികമായി ധരിച്ചുകൊണ്ട് ബിനീഷ് വീട്ടിലേക്കു സൈക്ലിളിൽ സർക്കസ് അഭ്യാസിയെപ്പോലെ നിന്നുചവിട്ടി എത്തിച്ചേർന്നു. എന്റെ വീട്ടിൽ ബിനീഷിനു പൂർണ്ണ സ്വാതന്ത്ര്യം ഉള്ളതിനാൽ അവൻ ഔപചാരികതയൊന്നും കാണിക്കാതെ മഴ നനഞ്ഞ ചെളിവെള്ളത്തോടുകൂടി വീടിന്റെ അകത്തേക്ക് കയറി. കണ്ടപാടെ 'അമ്മ എന്റെ ഒരു ടീഷർട്ടും തോർത്തും ബിനീഷിനു കൊണ്ടുവന്നു കൊടുത്തു. വാതിൽ പടിയിൽ വന്നു നിന്നു ഇട്ടിരുന്ന നനഞ്ഞ ഷർട്ട് പിഴിഞ്ഞ് വെള്ളം കളഞ്ഞു. എന്റെ ടീഷർട് ചെറിയ വിറയലോടെ എടുത്തിട്ടു. ഞങ്ങളുടെ ശരീരപ്രകൃതം ഒരേപോലെയായിരുന്നതിനാൽ അവനു അത് പകമായിരുന്നു. തോർത്ത് എന്റെ തോളത്തു ഇട്ടതിനുശേഷം അവൻ പറഞ്ഞു തുടങ്ങി. എടാ .. സ്കൂളിൽ സർട്ടിഫിക്കറ്റും ടി സി യും നാളെ മുതൽ കൊടുത്തു തുടങ്ങും. എന്റെ മുഖത്ത് നിന്നുള്ള അടുത്ത ചോദ്യം വായിച്ചെടുത്തപോലെ മറുപടി പറഞ്ഞു. പ്യൂൺ സുഗുണൻ ചേട്ടൻ പറഞ്ഞതാണ്.
ബിനീഷിനും എനിക്കും 'അമ്മ ചെറിയ ചൂടോടുകൂടിയ കട്ടൻചായ കൊണ്ടുവന്നു തന്നതിനുശേഷം 'അമ്മ അകത്തേക്ക് പോയി. വീണ്ടും ഞങ്ങൾ ഭാവി പരിപാടിക്ക് ചുക്കാൻ പിടിക്കും വിധമായ ചർച്ചയിലേക്ക് കടന്നു. നാളെ രാവിലെ തന്നെ സർട്ടിഫിക്കറ്റ് സ്കൂളിൽ നിന്നും വാങ്ങണം. അതിനു ശേഷം വയലാർ സ്കൂളിൽ നിന്നും തുറവൂർ ടി. ഡി. സ്കൂളിൽ നിന്നും പ്ലസ് ടു കോഴ്സിനുള്ള അപ്ലിക്കേഷൻ വാങ്ങണം. മറ്റന്നാൾ ബോയ്സ് സ്കൂളിൽ നിന്നും അർത്തുങ്കൽ സ്കൂളിൽ നിന്നും അപ്ലിക്കേഷൻ പോയി വാങ്ങാം. ബിനീഷിന്റെ പദ്ധതികൾക്ക് ഞാൻ സമ്മതം മൂളി. കട്ടൻ ചായ കുടിച്ചു തീർത്തതിന് ശേഷം അരപ്രൈസിന്റെ സമീപത്തുള്ള തൂണിന്റെ അരികിലായി സ്റ്റീൽ ഗ്ലാസ് ചേർത്തുവെച്ചു. ആകാശം കാർമേഘങ്ങൾ അപ്രത്യക്ഷമാക്കി നീലവിരിക്കാൻ തുടങ്ങി. എല്ലാം പറഞ്ഞതുപോലെ നാളെ രാവിലെ പുതിയകാവ് കവലയിൽ വരാൻ പറഞ്ഞതിന് ശേഷം അമ്മേ.. ഞാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ട് ബിനീഷ് പുറത്തേക്കിറങ്ങി. അടുത്ത മഴയ്ക്ക് മുൻപ് വീട് എത്താൻ നോക്കണമെന്നും പറഞ്ഞു എന്നോടും യാത്രപറഞ്ഞു അവൻ സൈക്കിൾ നിന്നു ചവിട്ടി കടന്നുപോയി.
സ്കൂളിൽ നിന്നും സർട്ടിഫിക്കറ്റും പ്ലസ് ടു ആപ്ലിക്കേഷൻ ഫോം വാങ്ങുന്നതിനുമായി രാവിലെ അമ്മയുടെ കയ്യിൽ നിന്നും 300 രൂപ വാങ്ങി ഞാൻ പുതിയകാവ് കവലയിലേക്കു പോയി. കവലയിലെത്തി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴേക്കും ബിനീഷും വന്നു. ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. കുറച്ചു കുട്ടികൾ ക്യൂവിൽ നിൽക്കുന്നുണ്ടായിരുന്നു. സൈക്കിൾ ഷെഡിൽ കൊണ്ടുചെന്നു സ്റ്റാന്റിട്ടു നിർത്തി. ഹെഡ്മാസ്റ്ററിന്റെ ഓഫീസിനു മുന്നിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ സിമിയെ കണ്ടു. വലതു കൈപ്പിടിയോളം വലിപ്പമുള്ളൂ ഹൃദയത്തിനു എന്ന് ബിയോളജി ടീച്ചറായിരുന്ന ഷീബ ടീച്ചർ പറഞ്ഞിരുന്നതെങ്കിലും എന്റെ വിശാലമായ ഹൃദയത്തിൽ സൂര്യന്റെ കിരണമേറ്റു പൂത്തു വിടർന്ന ആയിരം സൂര്യകാന്തി പൂക്കളെപ്പോലെ എന്റെ മുഖം സിമിക്ക് വേണ്ടി തുറന്ന പുഞ്ചിരികൾ സമ്മാനിച്ചു. എനിക്ക് അപ്പോഴും സിമിയോടുള്ള അഗാധമായ പ്രണയം ഉള്ളിൽ കൊണ്ടുനടന്നതിനാലാവാം മറുപടി ലഭിക്കാഞ്ഞിട്ടും വിദ്ദ്വേഷമോ വിഷമമോ തോന്നാതെ ഞാൻ അവളിലേക്ക് നടന്നു തുടങ്ങി. ഞാൻ എന്റെ ഇഷ്ടം സിമിയോട് തുറന്നു പറഞ്ഞ വിവരം ബിനീഷിനു അറിയില്ലായിരുന്നു. പ്രണയത്തിന്റെ ചുഴിൽ തള്ളിയിടാൻ ശ്രമിക്കുന്ന ആത്മാർത്ഥ സുഹൃത്തിനെപ്പോലെ ആ വരാന്തയാകുന്ന ഇടനാഴിയിൽ നിന്നുകൊണ്ട് ബിനീഷ് അപ്പോഴും മാത്രിക്കുന്നുണ്ടായിരുന്നു. വിഷ്ണു ഇതാണ് അനിയോജ്യമായ സമയം നീ ഇന്ന് തന്നെ അവളോട് നിന്റെ ഇഷ്ടം തുറന്നു പറയു. പ്രണയത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയവും ചുമന്നുകൊണ്ട് ഞാൻ സിമിയുടെ അടുത്തേക്ക് ചെന്നുനിന്നു...
(തുടരും.....)
Read: https://emalayalee.com/writer/278