Image

അമേരിക്കൻ മലയാളി രേഖ ഹരീന്ദ്രന് മികച്ച നവാഗത നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്

Published on 13 May, 2024
അമേരിക്കൻ മലയാളി രേഖ ഹരീന്ദ്രന് മികച്ച നവാഗത നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്

'ചെക്ക്‌മേറ്റ്' എന്ന ചിത്രത്തിലെ നായികയും, അമേരിക്കന്‍ മലയാളിയുമായ രേഖ ഹരീന്ദ്രന് മികച്ച നവാഗത നടിക്കുള്ള കേരള ഫിലിം  ക്രിട്ടിക്‌സ് അസോസിയേഷൻ അവാര്‍ഡ്. ഗരുഡന്‍ എന്ന ചിത്രത്തിലൂടെ ബിജു മേനോനും, പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവനും മികച്ച നടനുള്ള പുരസ്‌കാരം പങ്കുവച്ചപ്പോള്‍, ആട്ടത്തിലെ പ്രകടനത്തിന് ഷെറിന്‍ ശിഹാബും, മുല്ലപ്പൂവും എന്ന ചിത്രത്തിലൂടെ ശിവദയും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.

രതീഷ് ശേഖര്‍ സംവിധാനം ചെയ്ത 'ചെക്ക്‌മേറ്റ്' പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച മോളിവുഡ്-ഹോളിവുഡ് സഹകരണം എന്ന നിലയില്‍ വേറിട്ടുനില്‍ക്കുന്ന ചിത്രമാണ്. രേഖ ഹരീന്ദ്രനൊപ്പം അനൂപ് മേനോന്‍, ലാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1980-കളില്‍ കേരളത്തില്‍ ഹരിശ്രീ സ്റ്റുഡിയോ സ്ഥാപിച്ച് പ്രശസ്തനായ, പരേതനായ ജി എസ് ഹരീന്ദ്രന്റെ മകളാണ് രേഖ. ഹരിശ്രീ അശോകന്‍, സിദ്ദിഖ്-ലാല്‍ ജോഡി, എന്‍എഫ് വര്‍ഗീസ് എന്നിവരുള്‍പ്പെടെ നിരവധി പ്രശസ്തരായ കലാകാരന്മാരുടെ ലോഞ്ച്പാഡായി ഈ സ്റ്റുഡിയോ പ്രവര്‍ത്തിച്ചു.

2018-ല്‍, IFC ന്യൂയോര്‍ക്ക് സിറ്റിയിലെ നീലം, ധര്‍മ്മാത്മ ശരണ്‍ എന്നിവര്‍ സംഘടിപ്പിച്ച മിസിസ് ഇന്ത്യ കണക്റ്റിക്കട്ട് മത്സരത്തിലെ വിജയിയായിരുന്നു രേഖ.

തന്റെ കഴിവിനെ ഇത്രയും അഭിമാനകരമായ അവാര്‍ഡ് നല്‍കി അംഗീകരിച്ചതിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനോട് രേഖ നന്ദി രേഖപ്പെടുത്തി. 18 വര്‍ഷത്തിലേറെയായി കേരളത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും, ഏതൊരു മലയാളിയെയും പോലെ കേരളത്തിന്റെ അന്തഃസത്ത എക്കാലവും തന്റെ ഉള്ളില്‍ തങ്ങിനില്‍ക്കുന്നു എന്നും, ഈ പുരസ്‌കാരം ഏറ്റുവാങ്ങാനും അത് സമര്‍പ്പിക്കാനും സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞ രേഖ, തന്റെ അച്ഛനും, മലയാള സിനിമയോടുള്ള അര്‍പ്പണബോധവും തന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

'ചെക്ക്‌മേറ്റ്' എന്ന ചിത്രത്തിലെ രേഖയുടെ പ്രകടനം അഭിനയ മികവ് വ്യക്തമാക്കുക മാത്രമല്ല, മലയാള ചലച്ചിത്ര വ്യവസായത്തിലെ ഒരു പ്രതിഭയുടെ ഉദയം അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രശംസ നേടുന്നത് തുടരുമ്പോള്‍, ഭാവിയിലും ഇത്തരം ശക്തവും, മികച്ചതുമായി കഥാപാത്രങ്ങള്‍ രേഖയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

സീഡ് എന്റര്‍ടെയ്ന്‍മെന്റ്സ്, കേരള ടൈംസ് എന്റര്‍ടൈന്‍മെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായ പോള്‍ കറുകപ്പള്ളില്‍, ലിന്‍ഡോ ജോളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചെക്ക്‌മേറ്റ് ഈ വര്‍ഷം തന്നെ കേരളത്തിലും ആഗോളതലത്തിലും തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക