Image

വിനോദങ്ങളിലെ മാക്സിയൻ  വായന (ഷുക്കൂർ ഉഗ്രപുരം)

Published on 14 May, 2024
വിനോദങ്ങളിലെ മാക്സിയൻ  വായന (ഷുക്കൂർ ഉഗ്രപുരം)

വിനോദങ്ങൾക്ക് എല്ലാ കാലഘട്ടത്തിലും സമൂഹത്തിൽ പ്രാധാന്യം ലഭിച്ചിട്ടുണ്ട് .ഒരു കാലത്ത്  വിനോദങ്ങൾ വരേണ്യ വർഗ്ഗത്തിന്റെ മാത്രം ആസ്വാദന ഉപകരണങ്ങളായിരുന്നു. പല കൊട്ടാരങ്ങളിലും വ്യത്യസ്ഥ വിനോദ  വിഭാഗങ്ങളെ ആസ്വാദനങ്ങൾക്കായി നിലനിർത്തിപ്പോന്നിരുന്നു. സമരോത്സുക മരുഭൂ വിഭാഗങ്ങൾ യുദ്ധമുറകളെ സഹായിക്കുന്ന രീതിയിലുള്ള കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു.കളിയിലെ ജനാധിപത്യവൽക്കരണം ഇന്നും പരിപൂര്ണമായിട്ടില്ല. ജാതീയവും,വർണ്ണപരവും,വർഗ്ഗ,വംശപരവുമായ കെട്ടുപാടുകളിൽ നിന്നും പരിപൂർണ്ണ മോചനം ഇന്നും സാധിച്ചിട്ടില്ല . ലീഗ് ഫുട്ബാളും ,ക്രിക്കറ്റിലെ ഐ .പി .എല്ലുമെല്ലാം ഇന്നും കേവലം പണക്കാരന്റെ പോക്കറ്റിലെ ഡോളറിന്റെ തൂക്കം വർധിപ്പിക്കാനുള്ള വ്യവസായം മാത്രമാണ്. കളിക്കാരൻ പണക്കാരന്റെ കൂലിവേലക്കാരനായി മാറുകയാണിവിടെ .ലോകത്തിലെ തൊണ്ണൂറു ശതമാനത്തിലേറെ കായിക താരങ്ങളും കീഴാള  , അവർണ്ണ വിഭാഗത്തിലുള്ളവരാണ് .കായിക വിനോദ മേഖല എന്നും വ്യാവസായിക മേഖലക്ക് കീഴിൽ തന്നെയാണ് ,മാക്സിയൻ വീക്ഷണത്തിൽ കായിക മേഖല വരേണ്യ വർഗാധിപത്യമുള്ള കേവലമൊരു ഡയലറ്റിക്‌ മാത്രമാണ് !! അവിടെയും ചൂഷണം ചെയ്യപ്പെടുന്നത് അടിസ്ഥാന വർഗ്ഗത്തെയാണ് ! ലോകത്തിൻറെ വിവിധ കോണുകളിൽ ഇന്ന് ഫുട്‍ബോൾ കളിയാസ്വാദനങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ ഏറ്റവും ചുരുങ്ങിയ കളിയാസ്വാദനം നടക്കുന്നത് ലോകത്തെ ഏറ്റവും വികസിത ,വ്യാവസായിക ,സാമ്രാജ്യത്വ ,ധൈഷണിക  മേധാവിത്വമുള്ള അമേരിക്കയിലാണെന്നുള്ളത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട് . ഇടിക്കൂട്ടിൽ നിന്നും അമേരിക്കക്കായി സ്വർണ്ണം നേടിയ മുഹമ്മദലി ക്ലേ താൻ കറുത്ത വർഗ്ഗക്കാരനായതിനാൽ നേരിടേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ചു  സൂചിപ്പിച്ചിട്ടുണ്ട്, തൻ്റെ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ കഴുത്തിൽ തൂക്കി ‘തെയിംസ്’ നദീ തീരത്തിലൂടെ നടക്കുന്ന മുമ്മദലി ക്ലേയോട് വെളുത്ത വരേണ്യ വർഗ്ഗത്തിൽ പെട്ട കുട്ടികൾ ചോദിച്ചിട്ടുണ്ട്  ''അങ്ങയുടെ ആ മെഡൽ ഞങ്ങൾക്ക് തന്നാലും'' ഞങ്ങൾക്കതു ഞങ്ങളുടെ കാമുകിമാർക്ക് സമ്മാനിക്കാമല്ലോ !? കറുത്തവനായ അങ്ങേക്കത് എന്തിനാണ്  ?

വംശീയ അധിക്ഷേപങ്ങൾക്ക്   കുപ്രസിദ്ധിയാർജ്ജിച്ചതാണ്  കായിക മേഖല . ഹിന്ദി ഭാഷ അറിയാത്തവരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തരുതെന്ന വാദം ഹിന്ദി ബെൽറ്റിലുള്ള പല കളിക്കാരും ക്രിക്കറ്റ് അതോറിറ്റികളും ഉയർത്തിയിരുന്നു . ഒരു തരത്തിലുള്ള ഭാഷ വാദവും ''എത്നിസിറ്റി'' യുമാണ് ഇതിലൂടെ പുറത്തുവരുന്നത് . പലപ്പോഴും ദേശീയ ടീമുകളിലെത്താൻ ഉയർന്ന രാഷ്ട്രീയ ,പണ സ്വാധീനങ്ങൾ സഹായിക്കുന്നു . കായിക താരങ്ങൾക്ക് ദേശീയ അംഗീകാരങ്ങളും അവാർഡുകളും ലഭിക്കാനായി ജൂറി അംഗങ്ങൾക്ക് പണവും ശരീരവും കാഴ്ച വെച്ച വാർത്തകളും ഗോസിപ്പുകളും ചെറുതല്ല . മുമ്പ്  ഹോളിവുഡ് സിനിമാ ലോകവും മുംബൈ അധോലോകവും ക്രിക്കറ്റ് ടീമും തമ്മിലുള്ള വഴിവിട്ട അധോലോക കൂട്ടുകെട്ട് ഏറെ ചർച്ച ചെയ്തതാണ് . ടീം ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളുള്ള സമയങ്ങളിൽ ഉത്തരേന്ത്യൻ  സംസ്ഥാനങ്ങളിൽ നാലും അഞ്ചും ദിവസങ്ങളിൽ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക ലീവ് കാണാനാവും, ഇത് പൊതുജനങ്ങളുടെ അവകാശങ്ങൾക്ക് എതിരെയുള്ള കയ്യേറ്റമാണ് .  

  കളിയിൽ ദേശീയതയെ കുത്തിത്തിരുകി വോട്ട് മാത്രം ലക്‌ഷ്യം വെക്കുന്ന വിദ്യയും നമ്മുടെ ജനാധിപത്യത്തിൽ പയറ്റുന്നുണ്ട് .
ഹിറ്റ്ലറും മുസ്സോളിനിയും പോലുള്ളവർ കളിയെ തങ്ങളുടെ വംശീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയവരാണ്  . ഫുട്‌ബോളിന്റെ ഉൽപ്പത്തി തന്നെ വർഗ്ഗ  വെറിയിൽ നിന്നുമാണ്. ശത്രു  ഗോത്രക്കാരൻ്റെ  തല വെട്ടി ആരവങ്ങളോടെ അവരുടെ ഭൂപ്രദേശത്തിലേക്ക് തട്ടിക്കൊണ്ടു പോകുന്ന ക്രൂര വിനോദത്തിൽ നിന്നുമുത്ഭവിച്ചതാണ് ഫുട്‍ബോൾ. ഇന്ത്യയിലെ ഏറ്റവും വലിയ വംശീയ വാദികളായ ആർ .എസ് .എസ്  കാരുടെ  ശാഖാ ക്ലാസ്സുകളിലെ പ്രധാന കായിക മത്സരമാണ് കബഡി. എതിർ ടീമിനെ ക്രിസ്ത്യൻ ശത്രുക്കളായോ ,മുസ്ലിം ,ദളിത് ശത്രുക്കളായോ സങ്കല്പിച്ചാണ് ഓരോ ടീമും കളത്തിലിറങ്ങുന്നത്.

ആഗോള മത്സരങ്ങളിലെ വാതുവെപ്പുകാരുടെ സ്വാധീനം വളരെ വലുതാണ് ,കോടികളാണ് ഓരോമത്സരങ്ങൾക്കു ശേഷവും അവർ വാരിക്കൂട്ടുന്നത്. പല കളിക്കാരും ആ പണത്തിന്റെ പങ്കുപറ്റുന്നതായ വാർത്തകൾ പലഘട്ടങ്ങളിലും പുറത്തു വന്നതാണ് . പുരുഷാധിപത്യവും ,ലിംഗ വിവേചനവും എന്നും കായിക ലോകത്ത് കോലിളക്കം സൃഷ്ടിച്ചിട്ടുണ്ട് .

ഈ പശ്ചാത്തലം മനസ്സിലാക്കി  വേണം നാം കായികപ്രേമികളാവാൻ, ഈയിടെ ഫുട്‍ബോൾ ലോകക്കപ്പ് മത്സരങ്ങൾ തുടങ്ങുമ്പോൾ എന്തെല്ലാം കോപ്രായങ്ങളാണ് നമ്മുടെ നാടുകളിൽ  അരങ്ങേറുന്നത്!! പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുന്ന അനേകം ഫ്ലെക്സുകളും ,താരങ്ങളുടെ കട്ടൗട്ടുകളും ,ഇഷ്ട ടീമുകളുടെ ദേശീയ പതാകകളുമെല്ലാം നമ്മുടെ തെരുവുകൾ കീഴടക്കാറുണ്ട്! ഈ പേക്കൂത്തിനു വേണ്ടി പണവും സമയവും ,അധ്വാനവും ചിലവഴിക്കുന്നവർക്ക് എന്താണ് ലഭിക്കുന്നത്? രാത്രിയിൽ ഉറക്കൊഴിച്ച്  കളി കണ്ട് ഓഫീസിൽ വൈകിയെത്തുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലാണ് ! നമ്മുടെ നിർമ്മാണാത്മക മേഖലക്ക് എന്ത് ഗുണമാണിത് നൽകുന്നത് ?പഠനത്തിനായി ചെലവഴിക്കേണ്ട വിലപ്പെട്ട സമയം ഫുടബോൾ ഉൾപ്പെടെയുള്ള വിനോദ  ആസ്വാദനത്തിനായി മാറ്റി വെക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും ചെറുതല്ല .

മലബാറിൽ ഫുട്ബോൾ മാനിയ സൃഷ്ടിക്കുന്നതിൽ വലിയൊരു പങ്ക് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കാണ്. കഴിഞ്ഞ ഫുടബോൾ വേൾഡ് കപ്പിൽ അർജന്റീന പരാജയപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്ത  ചെറുപ്പക്കാരന്റെ മനോഘടനയെ നിർമ്മിച്ചതിൽ   ഇവിടുത്തെ മാധ്യമങ്ങളുടെ പങ്കിനെ പഠന വിധേയമാക്കേണ്ടതുണ്ട് .  

മലബാറിൽ സെവൻസ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വളരെ വലിയ  സ്വീകാര്യതയാണ് ലഭിക്കുന്നത്.പലപ്പോഴും സെവൻസ് ഫുടബോൾ ടൂർണ്ണമെന്റ് നടക്കാറുള്ളത് മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് .മത്സരങ്ങൾക്കായി വിദേശ രാഷ്ട്രങ്ങളിൽ നിന്നും താരങ്ങളെ ഇറക്കുമതി ചെയ്യുന്നുമുണ്ട് .
വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷകൾ നടക്കാറുള്ളതും ഇതേ മാസങ്ങളിലാണ് . അതിനാൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പരിപാടികൾക്ക് പോലീസ് മൈക്ക് പെർമിഷൻ  നൽകാറില്ല .എന്നാൽ സെവൻസ് ഫുട്‍ബോൾ ടൂര്ണമെന്റുകൾക്ക് അനൗൻസിനും ,ഫുട്‍ബോൾ  കമെന്ററിക്കും അവർ യധേഷ്ടം മൈക്ക് ഉപയോഗിക്കാറുണ്ട്. ട്രോഫിക്ക് പുറമെ വിന്നേഴ്സ് പ്രൈസ് മണി നൽകുന്നത് ലക്ഷങ്ങളാണ്. പലപ്പോഴും ട്രോഫി സമ്മാനിക്കാൻ വരുന്നത് ഉയർന്ന കേരള പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമെല്ലാമാണ് ,യാഥാർത്ഥത്തിലിത് നിയമ  ലംഘകരെ പിന്തുണക്കലാണ് .

സെവൻസ് ഫുട്‍ബോൾ ടൂർണമെന്റുകൾ ഇന്ന് വ്യവസായമായി മാറിയിട്ടുണ്ട് ,ഓരോ മത്സരങ്ങൾക്ക് ശേഷവും ലക്ഷങ്ങളുടെ ലാഭമാണ് കമ്മിറ്റി കൊയ്യുന്നത് . സെവൻസ് ഫുടബോളിന്റെ ബാക്കിപത്രമെന്ന നിലക്ക് മലബാറിൽ കൊലപാതകങ്ങളും നടന്നിട്ടുണ്ട് . ഫുട്‍ബോൾ മത്സരത്തിന്റെ പേരിൽ നമ്മുടെ തെരുവുകളിൽ അന്യ രാഷ്ട്രങ്ങളുടെ പതാകകൾ അപമാനിക്കപ്പെടുന്നു .ഒരു രാഷ്ട്രത്തിന്റെ പതാക ഉയർത്താൻ ചില മാനദണ്ഡങ്ങളും മര്യാദകളുമുണ്ട് ,അവ അർഹിക്കുന്ന പ്രാധാന്ന്യം അവക്ക് നൽകണം .ഇനി ഏതെങ്കിലും കാലത്ത് നമ്മുടെ അയൽ രാഷ്ട്രങ്ങളുടെ  ടീം ലോകക്കപ്പ് മത്സരത്തിൽ പങ്കെടുക്കാനെത്തിയാൽ കളിഭ്രാന്തന്മാർ അവരുടെ പതാകകളും നമ്മുടെ തെരുവിലുയർത്തിയേക്കാം , എന്തെല്ലാം പുകിലുകളായിരിക്കും അന്ന് നാം കേൾക്കേണ്ടിവരിക. അതിനാൽ ഇത്യാദി ഭരണ ഘടനാ ലംഘനങ്ങളെ പിടിച്ചുകെട്ടാനും അന്യ രാഷ്ട്രങ്ങളുടെ പതാകകൾ നമ്മുടെ തെരുവുകളിൽ നിന്നും എടുത്തു മാറ്റാനും നമ്മുടെ ഭരണ കൂടവും പോലീസും അങ്ങനെയുള്ള സമയങ്ങളിൽ തയ്യാറാവണം. മുൻപ് നമ്മുടെ ഫുട്‍ബോൾ കോച്ച് നജീബ് പറഞ്ഞത് പോലെ ഈ ഫുടബോൾ ഭ്രാന്തന്മാരൊന്നും നമ്മുടെ രാജ്യത്തിന്റെ ഫുട്‍ബോൾ വളർച്ചക്കൊന്നും ചെയ്തിട്ടില്ല . വിവേകം കൈവെടിയാതെ വിനോദമാസ്വദിക്കുന്ന സമൂഹത്തിനു മാത്രമേ ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിക്കാനാവൂ ...

(ലേഖകൻ ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജിയിൽ പി .എച്ച് .ഡി. ഗവേഷണ വിദ്യാർത്ഥിയാണ്    )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക