(വാക്കിലൊതുങ്ങാത്ത മൗനം എന്ന കാവ്യസമാഹാര ത്തെപ്പറ്റിയുള്ള നിരൂപണം. ഈ കൃതിക്കും ഗൂഢം എന്ന മറ്റു കൃതിക്കും തത്ത്വമസി സുകുമാർ അഴിക്കോട് കവിതാ പുരസ്കാരം ശ്രീമതി രമാ പിഷാരടിക്ക് ലഭിച്ചു.)
ഇതിനകം ഒമ്പത്* കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച് സഹൃദയലോകത്തിനു സുപരിചിതയായ കവയിത്രി ശ്രീമതി രമ പ്രസന്ന പിഷാരടിയുടെ മുപ്പത്തിമൂന്നു കവിതകൾ അടങ്ങിയ "വാക്കിലൊതുങ്ങാത്ത മൗനം" എന്ന പുസ്തകത്തിന്റെ ഒരു എളിയ അവലോകനമാണിത്. ഇ-മലയാളിയിൽ ധാരാളം എഴുതുന്ന ഇവർ അമേരിക്കൻ മലയാളികൾക്കും ഇഷ്ടപ്പെട്ട കവയിത്രിയാണ്.
ഉച്ചരിക്കാൻ കഴിയുന്ന, അതിനു ഒരർത്ഥമുള്ള ശബ്ദം തന്നെയാണ് വാക്ക്. വാക്കിലൂടെ നമുക്ക് എല്ലാം വിവരിക്കാൻ കഴിയുന്നു എന്ന് നമ്മൾ വിശ്വസിക്കുന്നു. ശ്രീമതി രമ പിഷാരടിയുടെ ഈ കവിതാസാമാഹാരത്തിലെ വാക്കിലൊതുങ്ങാത്ത മൗനം എന്ന ആദ്യത്തെ കവിതയിൽ ഈ പ്രപഞ്ചം മുഴുവൻ അവർ വാക്കിൽ ഒതുക്കുന്നുണ്ട്. പക്ഷെ മൗനം. അത് വാക്കിൽ ഒതുങ്ങുന്നില്ലെന്നു അവർ പറയുന്നു. അതെ സമയം ചിലപ്പോഴെല്ലാം വാക്കുകളുടെ അപര്യാപ്തത മൗനം നികത്തുന്നു. രബീന്ദ്രനാഥ് ടാഗോറിന്റെ ഒരു ഉദ്ധരണി പുസ്തകത്തിലെ ആദ്യതാളുകളിൽ കൊടുത്തിട്ടുണ്ട്. അതിൽ ടാഗോർ [പറയുന്നു നിശബ്ദതയിൽ ആണ് ഞാൻ എന്നെ കണ്ടെത്തുന്നതെന്നു. നമ്മുടെ സമ്പത്ത് നമ്മുടെ ഹൃദയത്തിലാണെന്നു. മൗനങ്ങൾ വാക്കുകളെ തിരയുന്നത് ഹൃദയത്തിൽ നിന്നാണ്. ഹൃദയത്തിൻെറ ഭാഷ മൗനമാണ് അതിനെയെങ്ങനെ വാക്കിൽ ഒതുക്കും. മൗനം വാചാലമാകുന്നുവെന്നും നമ്മൾ മനസ്സിലാക്കുന്നു. പറയാനുള്ളത് വാക്കുകളിൽ ഒതുങ്ങുകയില്ലെങ്കിൽ പിന്നെ മൗനാവലംബനം കാമ്യം. മൗനത്തിനാണോ വാക്കിനാണോ ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് വായനക്കാർ ചിന്തിക്കും. കവിക്ക് ഇഷ്ടം അവരുടെ വാക്കിലെ മൗനമത്രെ. വാക്കുകൾ എങ്ങനെ മൗനമാകുന്നുവെന്ന കൗതുകം ,വായനക്കാരിൽ ഉണ്ടാകുക സ്വാഭാവികം, ഹൃദയം സംസാരിക്കുന്ന ഭാഷ അല്ലെങ്കിൽ വാക്കു മൗനമാണ്. ഹൃദയത്തിന്റെ ഭാഷ സംസാരിക്കുന്നതാണ് കവിക്ക് ഇഷ്ടമെന്ന് നമ്മൾക്കു മനസ്സിലാക്കാം. വാക്കിലൊതുങ്ങാത്ത ആ മൗനഭാഷയെ ദൈവീകമാക്കുന്നു കവി.
ഒമ്പതാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന കവിയും നിരൂപകനും, ദാര്ശനികനുമായിരുന്ന ആനന്ദവർധന്റെ പ്രധാനകൃതിയായ ധ്വന്യാലോകത്തിൽ കവി കാവ്യസംസാരത്തിലെ രാജാവാണെന്നു പറയുന്നുണ്ട്. ഈശ്വരനെപോലെ സൃഷ്ടികര്മം അദ്ദേഹം നിർവഹിക്കുന്നു. അതുകൊണ്ട് കവികൾ നമുക്ക് മുന്നിൽ അവരുടെ ഭാവനാലോകം സൃഷ്ടിക്കുന്നു വാക്കിലൊതുങ്ങാത്ത മൗനം എന്ന കണ്ടുപിടിത്തം അല്ലെങ്കിൽ സൃഷ്ടി നടത്തിയിരിക്കയാണ് ശ്രീമതി പിഷാരടി. അതേസമയം ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃത എഴുത്തുകാരനും വ്യഖാതാവുമായ ദണ്ഡി പറയുന്നത് വാക്കെന്ന ജ്യോതിസ്സ് ഇല്ലായിരുന്നെങ്കിൽ ഈ ലോകം തന്നെ അന്ധകാരാവൃത്തമായിപ്പോകുമായിരുന്നു എന്നാണു. വാക്കിനു ജ്യോതിസ്സ് എന്നും ജ്ഞാനം എന്നും പര്യായങ്ങൾ ഉണ്ട്. അദ്ദേഹം പറയുന്നത് അന്ധകാരമായ ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നത് വാക്കാകുന്ന ജ്യോതിസ്സാണെന്നാണ്. കവി ജ്യോതിസ്സിന്റെ അധീശനും. വാക്കിലൊതുങ്ങാത്ത മൗനം എന്ന കവിതയിൽ വാക്കിന്റെ ഭംഗിയും ശക്തിയും കവി ആവാഹിക്കുന്നുണ്ട്. കാരണം കവി വാക്കിന്റെ അധീശയാണ്. വാക്കിനെ വെളിച്ചമായും മൗനത്തെ അന്ധകാരമായും സങ്കൽപ്പിച്ചാൽ വാക്കിൽ മൗനം ഒതുങ്ങുകയില്ലെന്നു വ്യക്തമാകും. വെളിച്ചം ഉണ്ടാകുമ്പോൾ അന്ധകാരം മായുന്നു.
സർഗാത്മകതയും ചിന്താപരമായ ഔന്ന്യത്യവും ഈ കവയിത്രിയുടെ സവിശേഷതകളാണ്. വായനക്കാരന് സുപരിചിതമായ വിഷയങ്ങളായതുകൊണ്ടു അവയെല്ലാം അവനിൽ ഒരു പ്രതികരണം സൃഷ്ടിക്കാൻ പര്യാപ്തമാണ്. കവയിത്രിയുടെ വായനാനുഭവങ്ങളുടെ കലവറയിൽ നിന്നും ഉൾപ്പെടുത്തുന്ന വിവരണങ്ങൾ കവിതകൾക്ക് വികാരസാന്ദ്രത നൽകുന്നു. ബിംബങ്ങളുടെ ചാരുതയും പരിചിതത്വവും കാവ്യാസ്വാദനം വായനക്കാരിൽ കൂടുതൽ താൽപ്പര്യമുണർത്തുന്നതാക്കുന്നു. മനുഷ്യമനസ്സുകൾക്കേൽക്കുന്ന വ്യത്യസ്തവികാരങ്ങളുടെ ആവിഷ്കാരങ്ങളാണ് പല കവിതകളിലും കാണുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാഹിത്യശാസ്ത്രജ്ഞനായ മമ്മടഭട്ടൻ രചിച്ച "കാവ്യപ്രകാശത്തിൽ" കവിതയുടെ പ്രയോജനം എന്തെന്ന് ആധികാരികമായി പറയുന്നുണ്ട്. അതിങ്ങനെ "കാവ്യം യശ്ശസ്സിനുവേണ്ടിയും അമംഗളങ്ങളുടെ നാശത്തിനും, അനുവാചകർക്ക് ആനന്ദാനുഭൂതിയുണർത്തുന്നതിനും, കാന്ത, കാന്തനെയെന്നപോലെ ലോകോപദേശത്തിനുവേണ്ടിയും ആണെന്നുമാണ്. ശ്രീമതി പിഷാരടിയുടെ കവിതകൾ പ്രസ്തുത ഗുണങ്ങൾ ശരിയായ വിധത്തിൽ ഉൾക്കൊള്ളുന്നതായി അനുഭവപ്പെടുകയുണ്ടായി.
ആദ്യത്തെ ഗ്രന്ഥപ്പുര അമ്മയുടെ ഗർഭപാത്രമാണെന്ന കവിയുടെ ചിന്തയോട് ശാസ്ത്രം യോജിക്കുന്നുണ്ട്. ഗർഭപാത്രത്തില് വളരുന്ന കുഞ്ഞിനു പുറത്തുള്ള ശബ്ദങ്ങൾ മനസ്സിലാക്കാനും ജനിച്ചുവീഴുമ്പോൾ മുതൽ അവയെല്ലാം തിരിച്ചറിയാനുമുള്ള കഴിവിണ്ടത്രേ. പക്ഷെ ഈ കവിതയിൽ കവി സ്ഥാപിക്കുന്നത് അമ്മയും അമ്മയുടെ ഭാഷയും കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനമാണ്. അമ്മയുടെ ചുണ്ടിൽ നിന്ന് കേട്ടതെല്ലാം വളർച്ചയുടെ ഘട്ടത്തിൽ ഒരു പുസ്തകത്തോപ്പുണ്ടാക്കാൻ സഹായിക്കുന്നു. അവിടെ അക്ഷരങ്ങൾ തിങ്ങിക്കൂടി ഭാഷകൾ മാറിയപ്പോൾ ലോകം ചുരുങ്ങിപ്പോയി. പക്ഷെ എല്ലാറ്റിനും സഹായകമായത് അമ്മ നൽകിയ വിജ്ഞാന ശകലങ്ങൾ. അറിവിന്റെ ആദ്യപാഠങ്ങൾ നൽകുന്നത് അമ്മയാണ് അതാണ് തുടർന്നു ലഭ്യമാകുന്ന അറിവുകളുടെ അടിത്തറയെന്നു ഈ കവിത നമ്മെ ബോധിപ്പിക്കുന്നു.
എല്ലാം വാണിജ്ജ്യവൽക്കരിക്കപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്റെ മരവിച്ച മനസ്സാക്ഷി തന്നെയാണ് വാർത്തകൾ നമുക്ക് നൽകുന്ന .മാധ്യമങ്ങൾക്കും ഉള്ളത്. (അഭ്യർത്ഥന എന്ന കവിത) അവർ ദുരന്തങ്ങളെ ആഘോഷിക്കുന്നു. അവരോടുള്ള അഭ്യർത്ഥനയിൽ കവിയുടെ ആവശ്യം നന്മകൾ ചുറ്റിലും വിരിയുന്നത് കാണുകയും അവ മുന്നേ കാണിക്കയും വേണമെന്നാണ്. ഉദാഹരണമായി കർണാടകയിലെ പരിസ്ഥിതി പ്രവർത്തകയായ സാലുമരദ തിമ്മക്കയുടെ ആൽമരങ്ങൾ, ഒരു പെൺകുട്ടി ജനിക്കുമ്പോൾ നൂറ്റിപതിനൊന്നു വൃക്ഷങ്ങൾ വയ്ക്കുന്ന രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമം, കുട്ടികളെ രക്ഷിക്കാനുള്ള സത്യാർത്ഥിയുടെ ധർമ്മസമരങ്ങൾ തുടങ്ങിയവ. കവി വിനായിന്വിതയായി ഈ ആവശ്യങ്ങൾക്കായി അപേക്ഷിക്കുന്നു.
വിശന്നപ്പോൾ അരി മോഷ്ടിച്ചയാളിനെ കൊന്ന് "അയാൾക്ക് അക്ഷതം വെച്ചവർ പോയി" എന്ന് കനൽ (11) എന്ന കവിതയിൽ നമ്മൾ വായിക്കുന്നു. അക്ഷതം പൊട്ടാത്ത, പൊടിയാത്ത ഉണക്കലരി ഹിന്ദു മതാനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്നതാണ്. ഇതിൽ മഞ്ഞൾപൊടി ചാർത്തിയും അനുഗ്രഹിക്കാനായി ഉയോഗിക്കുന്നു. പിതൃക്കൾക്ക് ശ്രാദ്ധമൂട്ടുമ്പോൾ അവരോടൊത്ത് പൂജിക്കപ്പെടുന്ന ദേവന്മാർക്കും അക്ഷതം സമർപ്പിക്കുന്നു. അരിമോഷ്ടിച്ച് മരണം കൈവരിച്ചവന് അക്ഷതം (അരിമണികൾ) വെച്ചവർ പോയി എന്ന് പറയുന്ന കവയിത്രി വായനക്കാരുടെ ചിന്തകൾക്ക് ചിറകു നൽകുന്നു. വീണ്ടും നാറാണത്ത് ഭ്രാന്തനെ ഓർമ്മിപ്പിക്കുന്നു. ഉരുട്ടിക്കയറ്റിയ കല്ല് ഒരു നിമിഷം കൊണ്ടു താഴേക്ക് വീഴുന്നതിലൂടെ വിജയങ്ങളുടെ ക്ഷണികതയെ ഓർമിപ്പിച്ച പ്രവാചകനായ ഭ്രാന്തൻ. ഇളയത് കുടുംബത്തിൽ വളർന്നതുകൊണ്ടു ശ്രാദ്ധമൂട്ടൽ കുലധർമ്മമാണ്. പക്ഷെ നാറാണത്തു ഭ്രാന്തൻ അതിൽ താൽപ്പര്യം കാണിച്ചില്ല. ഭൗതികനേട്ടങ്ങൾക്കുവേണ്ടി ഒരാളെ നിഗ്രഹിക്കുന്ന സമൂഹത്തിൽ ജീവിതം നിസ്സാരമാണ് അതിനെ ഗൗരവമായി എടുക്കേണ്ടെന്ന പഠിപ്പിച്ച നാറാണത്തു ഭ്രാന്തനെ കവിതയിൽ കൊണ്ടുവരുമ്പോൾ കവയിത്രിയുടെ ഉദ്ദേശ്യം സഫലമാകുന്നു.
മനോഹരമായ കാവ്യസങ്കല്പങ്ങളും ലാവണ്യമുള്ള അലങ്കാരങ്ങളും കവിതകളിലുടനീളം പ്രകടമാണ്. കാവ്യവിഷയം നമ്മുടെ ചുറ്റുപാടും ജീവിതവും തന്നെ. പരിചിതമായ ഒരു ലോകം നമ്മുടെ മുന്നിൽ തുറക്കുന്നു. പ്രത്യക്ഷ ജീവിതാനുഭവങ്ങൾ പ്രതിപാദിക്കുമ്പോൾ പലപ്പോഴും നഷ്ടപ്പെടുന്ന കലാപരമായ ഭംഗി പക്ഷെ ശ്രീമതി പിഷാരടി ഒട്ടുമേ നഷ്ടപെടുത്തില്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. കാവ്യവിഷയങ്ങൾക്കിണങ്ങുന്ന ഭാഷയും ഛന്ദസ്സും വിദഗ്‌ധമായി സമന്വയിപ്പിക്കാൻ കവിക്ക് കഴിയുന്നതുകൊണ്ട് കവിതകൾ ആസ്വാദകരങ്ങളാകുന്നുണ്ട്.
മൗനം പല എഴുത്തുകാരുടെയും ഭാഷയായിരുന്നു. അവർ അതിനെ വരികൾക്കിടയിൽ നിവേശിപ്പിച്ചു. മൗനഭാഷയുടെ പ്രത്യേകത ഇത് ലിപികളിൽ ബന്ധിക്കപ്പെട്ടു കിടക്കുന്നില്ലെന്നാണ്. അതുകൊണ്ടാണ് കവി പറയുന്നത് വാക്കിൽ ഒതുങ്ങാത്ത മൗനമെന്നു. ഭാഷയേക്കാൾ ശക്തമായി മൗനം വിചാരങ്ങളെ കൈമാറുന്നതു എങ്ങനെയാണെന്നു ജീവിതത്തിലെ ചില സന്ദർഭങ്ങൾ ഉദ്ധരിച്ചുകൊണ്ട് അവർ വ്യക്തമാക്കുന്നുണ്ട്. താഴെ പറയുന്ന വരികൾ ശ്രദ്ധിക്കുക.
(1) തണുത്തങ്ങുറഞ്ഞൊരു
മൗനത്തിൻ ധ്രുവങ്ങളിൽ
രഹസ്യത്താക്കോൽ തേടി
വന്നുപോയ് മഴത്തുള്ളി!
(2) ഒരു കാറ്റിനെ കൈയിലൊതുക്കി
നിശ്ശബ്ദതയുടെ പ്രകമ്പനത്തിനായ്
കാത്തുനിൽക്കവെ
(3) കയറൊരു ബിംബ-
മുടഞ്ഞ വാക്കായി
കനത്ത്പോകുന്നു
നിശ്ശബ്ദമാകുന്നു.
(4) ചിലമ്പണിഞ്ഞ സന്ധ്യയും
ചാരുകേശി രാഗവും
അഗസ്ത്യ മലകളെയും തേടി
കിഴക്കോട്ട് യാത്രയാവുന്നു
ടൈബർ നദി ശാന്തമായൊഴുകുന്നു എന്ന് ഈ കവിതയിൽ പറയുന്നുണ്ട്. ചാരുകേശി രാഗം (കരുണരസവും ഭക്തിയും) പാടി അഗസ്ത്യമലത്തേടി കിഴക്കോട്ടു പോകുന്നവർ. അഗസ്ത്യകൂടാരത്തിൽ സ്ത്രീകൾക്ക് പ്രവേശമുണ്ടായിരുന്നില്ല. പടിഞ്ഞാട്ടുപോകുന്നവരുടെ പുഴയിൽ പവിഴപ്പുറ്റുകളുടെ കടലുണ്ടായിരുന്നു. കടലിലെ മഴക്കാടുകൾ എന്നറിയുന്ന പവിഴപ്പുറ്റുകൾ . വളരെ സൗന്ദര്യമുള്ള ഇവ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവയ്ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. കണ്ടിരിക്കെ ഇവയും മാഞ്ഞുപോയേക്കാം. ആഭിജാത്യത്തിന്റെ പേരിൽ ഇഷ്ടവിവാഹം നിരസിക്കപ്പെട്ടു സൂര്യനെ കാണാതെ കാൽ നൂറ്റാണ്ടു തടവിൽ കഴിഞ്ഞ ഒരു പെണ്ണിന്റെ കഥ കവയിത്രി അതിനോട് ചേർത്ത് പറയുന്നു ഇങ്ങനെ മിക്ക കവിതകളും വായനക്കാരന്റെ ജിജ്ഞാസ വളര്ത്തി തന്റെ കാവ്യസപര്യയിലൂടെ അവനു വിജ്ഞാനം പകരുന്നുണ്ട്.
(5) അതിഗൂഢമൊരു മൗന—
മെന്നെ പൊതിഞ്ഞതിൻ
വരികളിൽ കാലം-
ഋതുക്കളായി
(6) മറന്നേ പോയെന്നോർത്ത്
മൗനത്തിലായോർ വന്ന്
വസന്തം പോലെ പൂക്കൾ
നിറച്ചും തന്നേ പോയി
ചെടികൾ പൂക്കുകയും തളിർക്കുകയും ചെയ്തു ഋതുക്കളെ പ്രണയിക്കുന്നു. മൗനവും പ്രണയവും ഒരിക്കലും വേർപെടുന്നില്ല. ഓർമ്മകളെ ഉണർത്തികൊണ്ടു വസന്തം താരും തളിരുമണിയുന്നു. കവിതയാകുന്ന ചെടികൾക്കൊക്കെ പൂക്കാലം. കാവ്യഭാവനകൾ പൂത്തുലയുന്നുണ്ട് കവിതകളിൽ.
(7) വേനൽ മഴച്ചാറ്റലിൽ
ബൗദ്ധികവും യാന്ത്രികവുമായ
ഒരിടവേളയിൽ
നിശ്ശബ്ദതയിലേയ്ക്ക് തിരിച്ച് പോകാം
(8)തെച്ചിപ്പഴം തൂവി
സന്ധ്യ പിരിഞ്ഞുപോകുമ്പോൾ
വെറുതെയെങ്കിലും
മൗനം പോലൊന്നിലേയ്ക്ക്
നമ്മൾ ആവാഹിക്കപ്പെട്ടേയ്ക്കാം
(9) നിറമടർന്നു വീഴുന്ന
സ്വപ്നങ്ങളിൽ
നെടിയമൗനം ഉറഞ്ഞു
നിൽക്കുന്നുണ്ട്.
മൗനത്തിന്റെ വൈവിധ്യഭാവങ്ങൾ കവിക്ക് കാൽപ്പനിക ഉന്മാദം നൽകുന്ന പ്രതീതി താഴെപറയുന്ന കവിതകൾ വായനക്കാരിൽ ജനിപ്പിക്കുന്നു.
വസന്തത്തിലെ പൂവുകൾ മുടിയിൽ തിരുകി
സുഗന്ധവാഹിനിയായ കാറ്റിൽ
പ്രണയസന്ദേശങ്ങളയച്ചു
വർഷകാലത്തിൽ മന്ദാരങ്ങളുടെ
ഇലപോലെ പച്ചനിറമുള്ള
ഉടുപ്പണിഞ്ഞ ഭൂമിയിലൂടെ
മണ്ണിൽ വേരോടി
വർഷകാലത്തിൽ ചങ്ങാടങ്ങളിൽ
വയലേലകൾ കണ്ട് നടന്നു
ശരത്കാലസന്ധ്യകളിൽ
പൂർണ്ണചന്ദ്രനോടൊത്ത്
മധുവന്തി പാടി
ചിന്തകൾക്ക് മൗനമാണ്. അവ വാക്കുകളായി പുറത്തുവന്നാലും മൗനം അവിടെ ഘനീഭവിച്ച് നിൽക്കുന്നുണ്ടാകും. മൗനം വിട്ടു വരുന്ന വാക്കുകൾക്ക് അതിരുകളില്ല.കാല്പനികത വാക്കുകളെപോലും മോഹിപ്പിച്ച് മൗനഖനി കുഴിക്കുമ്പോൾ വാക്കുകൾ സമ്പന്നരാകുന്നു. സൗന്ദര്യമുള്ള ബിംബങ്ങളുടെ സമന്വയങ്ങളിലൂടെ ഈ വരികൾ വളരെ ആസ്വാദകരങ്ങളാകുന്നുണ്ട്.
എൻ്റെയോർമ്മയിൽ
നിന്നുമായിരം വെൺ-
പ്രാവുകൾ പറന്നേറുന്നു
വെളുവെളുപ്പിൻ
മന്ദാരങ്ങൾ വിടരും
കിഴക്കായി, യൊലിവിൻ
ഇലച്ചാർത്തിലൂഞ്ഞാലിൽ
സ്വപ്നാടനം.
ഓർമ്മകളുടെ വെള്ളാപ്പിറാവുകൾ, വെളുത്ത മന്ദാരപുഷ്പങ്ങൾ, സമാധാനത്തിന്റെ സന്ദേശം നൽകുന്ന ഒലി വ്‌കൊമ്പുകൾ. പ്രാവുകളും ഒളിവുകമ്പുകളും സമാധാനത്തിന്റ പ്രതീകങ്ങളാണ് . ഇതിലൂടെ ഒരു സ്വപ്നാടനം കവയിത്രി ആഗ്രഹിക്കുന്നു. സ്വപ്നത്തിലൂടെ ഒരു യാത്ര. കാരണം ഭൂമി ചിതറി പോകുന്നു. ഗൃഹാതുരതത്തിന്റെ നോവും നെടുവീർപ്പുമുള്ള കവിതകൾ വായനക്കാരനെയും പുറകോട്ട് നടത്തിപ്പിച്ചുകൊണ്ട് കവിതയിലെ മുഴുവൻ വികാരങ്ങളും നൽകുന്നുണ്ട്. മഴയോട് ഇങ്ങനെ ചോദിക്കുന്നു.
മണിമുഴങ്ങുന്ന പള്ളിമൈതാനത്ത്,
പുതിയ വീടിൻ്റെയിഷ്ടികത്തിണ്ണയിൽ,
ഇടവഴിയും കടന്ന് മാഞ്ചോട്ടിലായ്-
പഴയ കളിവീട്ടിൽ നമ്മളുണ്ടാകുമോ?
കവിതകൾ ഇഷ്ടപ്പെടുന്ന ആർക്കും തന്നെ ഈ പുസ്തകം കാവ്യാനുഭൂതികൾ നൽകും. കോപ്പികൾക്കായി ശ്രീമതി പിഷാരടിയുമായി ബന്ധപ്പെടുക.
ശ്രീമതി രമാ പ്രസന്ന പിഷാരടിക്കു ഭാവുകങ്ങൾ നേരുന്നു.
*ഇപ്പോൾ പത്തു
ശുഭം