ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മുപ്പത്തി നാലാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ നാഷണല്‍ വോളീബോള്‍ ടൂര്ണമെന്റിനുള്ള ഒരുക്കങ്ങള്‍ ന്യൂയോര്‍ക്കില്‍ പൂര്‍ത്തിയായി. മെയ് 25, 26 (ശനി, ഞായര്‍) ദിവസങ്ങളിലായി ന്യൂയോര്‍ക്ക് ക്വീന്‍സ് കോളേജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (65-30 Kissena Blvd, Queens, NY 11367) അമേരിക്കന്‍ വോളീബോള്‍ ചരിത്രത്തില്‍ കായിക പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന പുതിയ ഏടുകള്‍ തുറക്കുവാന്‍ പ്രഗത്ഭരായ വോളീബോള്‍ താരങ്ങളെ അണിനിരത്തുന്ന ഇരുപതോളം ടീമുകള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ വര്‍ഷത്തെ മെമ്മോറിയല്‍ ഡേ വാരാന്ത്യം വോളീബോള്‍ പ്രേമികള്‍ക്കും സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും സ്മൃതി മണ്ഡലത്തില്‍ നിന്നും മായ്ക്കാനാവാത്തതരം തീ പാറുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ ഓരോ ടീമും മാറ്റുരക്കുമെന്നതില്‍ ലവലേശം സംശയം വേണ്ടാ. ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ട്രോഫി ഈ വര്‍ഷം ആര് കൈക്കലാക്കും എന്നതാണ് സ്‌പോര്‍ട്‌സ് പ്രേമികള്‍ ഏവരും ഉറ്റു നോക്കുന്നത്.
സ്‌പോര്‍ട്‌സ് പ്രേമികളുടെ ആവേശകരമായ കരഘോഷങ്ങളാല്‍ ക്വീന്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുവാന്‍ ഉതകുന്ന മാസ്മരിക വോളീബോള്‍ സ്മാഷുകളും ബ്ലോക്കുകളും ചരിത്രത്തിന്റെ അദ്ധ്യായങ്ങളാക്കി മാറ്റുവാനും ജിമ്മി ജോര്‍ജിനെപ്പോലെയുള്ള വോളീബോള്‍ ഇതിഹാസങ്ങളെ സൃഷ്ടിക്കുവാനും ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റിലൂടെ സാധ്യമാക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. അതിനനുസരിച്ചുള്ള കൈപ്പന്ത് കളിയുടെ മാസ്മരിക പ്രകടനങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ നൂറുകണക്കിന് സ്‌പോര്‍ട്‌സ് പ്രേമികള്‍ എത്തിച്ചേരുമെന്നാണ് സംഘാടകരായ കേരളാ സ്പൈക്കേഴ്സ് വോളീബോള്‍ ക്ലബ്ബ് ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് പ്രതീക്ഷിക്കുന്നത്. ആവേശവും ഉല്ലാസവും നിറഞ്ഞ ധാരാളം നിമിഷങ്ങള്‍ ഓരോരുത്തരുടെ മനസ്സിലും ഇടം പിടിക്കത്തക്കവിധമുള്ള ഒരുക്കങ്ങളാണ് ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നത്.
ജിമ്മി ജോര്‍ജിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാനും വോളീബോള്‍ ആവേശത്തിന് തീ പകരുവാനും ഏറ്റവും അനുയോജ്യനായ വ്യക്തിയെയാണ് ഇത്തവണ മാമാങ്കത്തിന്റെ ഉദ്ഘാടകനായി സംഘാടകര്‍ ക്ഷണിച്ചിരിക്കുന്നത്. ജിമ്മി ജോര്‍ജിനൊപ്പം വോളീബോള്‍ ടീമില്‍ കളിച്ച് വളര്‍ന്ന് ഇന്റര്‍നാഷണല്‍ വോളീബോള്‍ താരമായും പിന്നീട് സിനിമയിലും രാഷ്ട്രീയത്തിലും താരമായും മാറിയ ആദരണീയനായ പാലാ എം.എല്‍.എ. ശ്രീ. മാണി സി. കപ്പനാണ് ടൂര്‍ണമെന്റ് ഉദ്ഘാടകന്‍. തന്റെ ഉറ്റ സുഹൃത്തായ ജിമ്മി ജോര്‍ജിനെ സ്മരിക്കുവാനും ജിമ്മിയുമൊത്തുള്ള അസുലഭ മുഹൂര്‍ത്തങ്ങള്‍ നമ്മളുമായി പങ്ക് വയ്ക്കുവാനും പ്രസ്തുത സുഹൃത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിന്റെ പേരില്‍ നടത്തുന്ന മത്സര മാമാങ്കം ഉദ്ഘാടനം ചെയ്യുവാന്‍ ഇതിലും അനുയോജ്യനായ മറ്റൊരാളെ നമുക്ക് ലഭിക്കാനില്ല എന്നാണ് സംഘാടക സമിതി പ്രസിഡന്റ് ഷാജു സാം പറഞ്ഞത്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായും കാനഡയിലെ വിവിധ പ്രൊവിന്‍സുകളിലായും രൂപപ്പെട്ടിരിക്കുന്ന ഇരുപതിലധികം വോളീബോള്‍ ടീമുകളാണ് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളീബോള്‍ എവര്‍ റോളിങ്ങ് ട്രോഫി കരസ്ഥമാക്കുവാനായി ഇത്തവണ മാറ്റുരക്കുന്നത്. ഹ്യൂസ്റ്റണ്‍ ചലഞ്ചേഴ്സ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ്, വാഷിംഗ്ടണ്‍ കിങ്സ്, ഫിലാഡല്‍ഫിയ ഫിലി സ്റ്റാര്‍സ്, നയാഗ്ര സ്പാര്‍ട്ടന്‍സ്, റോക്ലാന്‍ഡ് സോള്‍ഡിയേഴ്‌സ്, ഡാളസ് സ്ട്രൈക്കേഴ്സ്, ചിക്കാഗോ കൈരളി ലയണ്‍സ്, ന്യൂയോര്‍ക്ക് കേരളാ സ്പൈക്കേഴ്സ് ടീം എ, ടീം ബി, വിര്‍ജീനിയ വാരിയേഴ്സ്, കനേഡിയന്‍ ലയണ്‍സ്, നയാഗ്ര പാന്തേഴ്‌സ് എന്നീ പ്രശസ്ത വോളീബോള്‍ ടീമുകള്‍ കൂടാതെ പ്രസ്തുത ടീമുകളുടെ നാല്‍പ്പത് വയസ്സിനു മേല്‍ പ്രായമുള്ളവരുടെ അഞ്ചു ടീമുകളും, പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ അഞ്ചു ടീമുകളുമാണ് കൈപ്പന്ത് കളിയിലെ തീ പാറുന്ന മാസ്മരിക പ്രകടനങ്ങള്‍ കാഴ്ചവക്കുവാന്‍ സ്റ്റേഡിയത്തില്‍ അണിനിരക്കുന്നത്.
ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നതിനും വിജയികളെ കണ്ടെത്തുന്നതിനുമായി മൂന്ന് കോര്‍ട്ടുകളില്‍ സമാന്തരമായി നടക്കുന്ന മത്സരങ്ങളുടെ വിധികര്‍ത്താക്കളായി 25 പ്രശസ്ത റഫറിമാരെയാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്ന പ്രഗത്ഭരായ വോളീബോള്‍ താരങ്ങളെ അണിനിരത്തി 25-ന് ശനിയാഴ്ച രാവിലെ എട്ടു മണിക്ക് നടത്തപ്പെടുന്ന പരേഡിന് ശേഷമുള്ള ഉദ്ഘാടന സമ്മേളനത്തോടെ വോളീബോള്‍ മാമാങ്കത്തിന് തിരി കൊളുത്തപ്പെടും. പിന്നീടങ്ങോട്ട് രണ്ടു ദിവസം വൈകിട്ട് ആറ് മണി വരെ ആവേശകരമായ തീപാറുന്ന പ്രകടനങ്ങളാണ് അരങ്ങേറുന്നത്. ഞായറാഴ്ച സമാപനത്തോടനുബന്ധിച്ച് വൈകിട്ട് ഏഴു മണിക്ക് ബാങ്ക്വറ്റ് ഡിന്നറും കലാപരിപാടികളും സംഘാടകര്‍ ക്രമീകരിക്കുന്നുണ്ട്.
മാമാങ്കത്തിന് ഇനി പത്തു ദിവസം മാത്രം ബാക്കിനില്‍ക്കുമ്പോള്‍ ഇതിന്റെ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആതിഥേയരായ ന്യൂയോര്‍ക്ക് കേരളാ സ്പൈക്കേഴ്സ് വോളീബോള്‍ ക്ലബ്ബിന്റെ മുന്‍ കളിക്കാരും നിലവിലെ കളിക്കാരും ചേര്‍ന്നുള്ള സംഘാടക സമിതിയാണ്. സംഘാടക സമിതി പ്രസിഡന്റ് ഷാജു സാം, സെക്രട്ടറി അലക്‌സ് ഉമ്മന്‍, ട്രഷറര്‍ ബേബികുട്ടി, ജനറല്‍ കണ്‍വീനറും ടീം മാനേജരുമായ ബിഞ്ചു ജോണ്‍, ടീം കോച്ച് റോണ്‍ ജേക്കബ്, ഫണ്ട് റൈസിംഗ് കണ്‍വീനര്‍ സിറില്‍ മഞ്ചേരില്‍, സുവനീര്‍ കണ്‍വീനര്‍ ജോര്‍ജ് ഉമ്മന്‍, അസിസ്റ്റന്റ് കോച്ച് അലക്‌സാണ്ടര്‍ തോമസ്, റിഫ്രഷ്‌മെന്റ് കണ്‍വീനര്‍ അലക്‌സ് സിബി, അഡ്വര്‍ടൈസ്മെന്റ് കോര്‍ഡിനേറ്റര്‍ ജെയ്സണ്‍ കെ. സജി, ട്രാന്‍സ്പോര്‍ട്ടേഷന്‍ കണ്‍വീനര്‍ ജെയിംസ് അഗസ്റ്റിന്‍, ബാങ്ക്വറ്റ് കണ്‍വീനര്‍ ലിബിന്‍ ജോണ്‍, മീഡിയ കോര്‍ഡിനേറ്റര്‍ കം പി.ആര്‍.ഓ. മാത്യുക്കുട്ടി ഈശോ, സോഷ്യല്‍ മീഡിയ കണ്‍വീനര്‍മാരായ ജസ്റ്റിന്‍ സജി, ഫെലിക്‌സ് സിബി, സ്പൈക്കേഴ്സ് ടീം ക്യാപ്റ്റന്‍ റയാന്‍ ഉമ്മന്‍, ടീം വൈസ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ മഞ്ചേരില്‍ എന്നിവരും മറ്റു അഭ്യുദയ കാംക്ഷികളായ സ്പൈക്കേഴ്സ് ക്‌ളബ്ബ് അംഗങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി ടൂര്‍ണമെന്റ് ക്രമീകരണങ്ങളുടെ അശ്രാന്ത പരിശ്രമത്തിലായിരുന്നു.
നല്ലവരായ സ്‌പോര്‍ട്‌സ് പ്രേമികളുടെയും ബിസിനെസ്സുകാരായ കുറേ സ്‌പോണ്‍സര്‍മാരുടെയും നിസ്സീമമായ പിന്തുണ ഏറ്റവും സ്ലാഘനീയമാണ് എന്നും വളരെ ചിലവേറിയ ഈ ടൂര്‍ണമെന്റിന് സ്‌പോണ്‍സേര്‍സ് നല്‍കിയ സാമ്പത്തിക സഹായത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ട്രഷറര്‍ ബേബികുട്ടിയും, ജനറല്‍ കണ്‍വീനര്‍ ബിഞ്ചു ജോണും, ഫണ്ട് റൈസിംഗ് കണ്‍വീനര്‍ സിറില്‍ മഞ്ചേരിലും സംയുക്തമായി പറഞ്ഞു. പ്രസ്തുത മാമാങ്കത്തിന്റെ ക്രമീകരണങ്ങളുടെയും മത്സരങ്ങളുടെയും അന്തിമ വിജയം നല്ലവരായ സ്‌പോര്‍ട്‌സസ് പ്രേമികളുടെയും മലയാളി സുഹൃത്തുക്കളുടെയും ആവേശകരമായ പ്രോത്സാഹനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നതിനാല്‍ എല്ലാവരും ഈ ടൂര്‍ണമെന്റില്‍ മുഴുവന്‍ സമയവും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടക സമിതി സെക്രട്ടറി അലക്‌സ് ഉമ്മന്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ സ്മരണകള്‍ നിലനിര്‍ത്താനായി അതി മനോഹരമായ ഒരു സുവനീര്‍ മത്സരത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് സുവനീര്‍ കണ്‍വീനര്‍ ജോര്‍ജ് ഉമ്മന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: (1) ഷാജു സാം - 646-427-4470 (2) അലക്‌സ് ഉമ്മന്‍ - 516-784-7700 (3) ബേബികുട്ടി തോമസ് - 516-974-1735 (4) ബിഞ്ചു ജോണ്‍ - 646-584-6859 (5) സിറില്‍ മഞ്ചേരില്‍ - 917-637-3116.