സിനിമ ഇറങ്ങുന്നതിന് പിന്നാലെ കഥ മുഴുവന്‍ വ്യക്തമാക്കുന്ന രീതിയില്‍ റിവ്യൂ നടത്തുന്ന യൂട്യൂബര്‍മാര്‍ക്കെതിരേ വീണ്ടും പരാതി. യുട്യൂബില്‍ സിനിമാ നിരൂപണം നടത്തുന്ന അശ്വന്ത് കോക്കിനെതിരേ ഇത്തവണ പരാതിയുമായെത്തിയത് നിര്‍മാതാവ് സിയാദ് കോക്കറാണ്. മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന തന്റെ സിനിമ റിലീസ് ആയ ഉടന്‍ റിവ്യൂ ബോംബിങ് നടത്തിയെന്നാരോപിപ്ച്ച് സിയാദ് കോക്കര്‍ കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി
താന്‍ നിര്‍മ്മിച്ച മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമ റിലീസ് ആയതിന്റെ തൊട്ടടുത്ത ദിവസം ഉള്ളടക്കം മനസ്സിലാകുന്ന രീതിയില്‍ നിരൂപണം നടത്തിയെന്നാണ് പരാതി. ഹൈക്കോടതി അടക്കം ഇടപെട്ടിട്ടും ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ മലയാള സിനിമയെ നശിപ്പിക്കുന്നതിനായി ബോധപൂര്‍വ്വം ഇറങ്ങിയിരിക്കകയാണെന്ന് പരാതിയില്‍ പറയുന്നു.
പൊലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. പരാതി നല്‍കിയതോടെ റിവ്യൂ വീഡിയോ അശ്വന്ത് കോക്ക് ഡിലീറ്റ് ചെയ്തു. എന്നാല്‍, യഥാര്‍ത്ഥ വസ്തുതകള്‍ ഉള്‍പ്പെടുത്തി യൂട്യൂബില്‍ തന്നെ വീഡിയോ പോസ്റ്റ് ചെയ്യണമെന്നും അതുവരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് സിയാദ് കോക്കറിന്റെ നിലപാട്.
നേരത്തെ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുക്കുകയും നവമാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അതിന് ശേഷം ഇത്തരം പരാതികള്‍ ഉണ്ടായിരുന്നില്ല. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും റിവ്യൂ ബോംബിങ് വിവാദം കത്തുകയാണ്.