മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്കെതിരേ കടുത്ത വിദ്വേഷ പ്രചാരണം. പുഴു സിനിമയുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, ആ പരിപ്പ് ഇവിടെ വേവില്ല എന്ന് തിരിച്ചടിച്ച് പ്രമഖരും ആരാധകരും രംഗത്തെത്തി.
പുഴു സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനു പിന്നാലെയാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് പുഴു സിനിമ എടുത്തതെന്നും സവര്‍ണരെ അധിക്ഷേപിക്കുന്ന സിനിമയ്ക്ക് മമ്മൂട്ടി പിന്തുണ നല്‍കിയന്നുമാണ് ആക്ഷേപം.
രത്തീനയുടെ കൈയിലുള്ള ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്യാമെന്ന് മമ്മൂട്ടി സമ്മതിച്ചിരുന്നുവെന്ന് ഷെര്‍ഷാദ് അഭിമുഖത്തില്‍ പറഞ്ഞു. 2019 സപ്തംബറില്‍ സിനിമ ചെയ്യാമെന്നായിരുന്നു തീരുമാനം. എന്നാല്‍, ചില കാരണങ്ങള്‍ കൊണ്ട് അത് 2020ലേക്ക് നീണ്ടു. ആ സമയത്താണ് കോവിഡ് വന്നത്. ലോക്ക് ഡൗണ്‍ കാരണം അത് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ മമ്മൂട്ടിയോടൊത്ത് എന്തെങ്കിലും ഒരു പ്രോജക്ട് ചെയ്യണമെന്ന് രത്തീന താല്‍പര്യം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് മമ്മൂട്ടി തന്റെ തൊട്ടു മുന്‍പത്തേ ചിത്രമായ ‘ഉണ്ട’ സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദിനോട് ആവശ്യപ്പെട്ട് ഒടിടി സബ്ജകറ്റ് ആയ ‘പുഴു’ ചെയ്യാന്‍ രത്തീനയോട് പറഞ്ഞതെന്നും ഷെര്‍ഷാദ് അഭിമുഖത്തില്‍ അവകാശപ്പെടുന്നു.
അഭിമുഖത്തിലെ ഈ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയാണ് പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണെന്നും അതില്‍ മതപരമായ പ്രൊപ്പഗണ്ടയുണ്ടെന്നും അതിനു പിന്നില്‍ മമ്മൂട്ടിക്ക് പങ്കുണ്ടെന്നുമൊക്കെ ആരോപിച്ച് സൈബര്‍ ആക്രമണവും സോഷ്യല്‍മീഡിയയിലൂടെ വിദ്വേഷ പ്രചാരണവും വ്യാപകമായിരിക്കുന്നത്. ഹര്‍ഷദിന്റെ സിമി പശ്ചാത്തലമൊക്കെ എടുത്തിട്ട് മമ്മൂട്ടി സിനികളിലെ പല രംഗങ്ങളും പരാമര്‍ശിച്ചാണ് സൈബര്‍ ആക്രമണം. ഹിന്ദുക്കളെ താറടിക്കാന്‍ മലയാള സിനിമയില്‍ ഒരു മുസ്ലിം ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് മുസ്ലിമായ മമ്മൂട്ടിയുടെ പിന്തുണയുണ്ടെന്നുമാണ് അധിക്ഷേപം.
നിരവധി സംഘ്പരിവാര്‍ അനുകൂല പ്രൊഫൈലുകളും സംഘപരിവാര പിന്തുണയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. 2022ലാണ് പുഴു റിലീസായത്.
ഈ സാഹചര്യത്തിലാണ് നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവര്‍ രംഗത്തെത്തിയത്. ‘ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം’ എന്നാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് മന്ത്രി പിന്തുണയറിയിച്ചത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ‘ഇത് ഇവിടെ കിടക്കട്ടെ’ എന്നാണ് എ.എം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടിയെന്നും ഇദ്ദേഹം ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കുമെന്നും മന്ത്രി കെ. രാജന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ‘മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്യെയെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.