ഇടതുമുന്നണിയില്‍ രാജ്യസഭാ സീറ്റിന് ആവശ്യമുന്നയിച്ച് സിപിഐക്കും, കേരളാ കോണ്‍ഗ്രസ് എമ്മിനും പിന്നാലെ ആര്‍ജെഡിയും. എംവി ശ്രേയാംസ് കുമാറിന് രാജ്യസഭാ സീറ്റ് നല്‍കണമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യം. അടുത്ത മുന്നണി യോഗത്തില്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കായി മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടപ്പോള്‍ അത് പരിഗണിച്ചില്ലെന്നും, രാജ്യസഭയില്‍ ഒഴിവ് വരുമ്പോള്‍ നോക്കാം എന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതെന്നുമാണ് ആര്‍ജെഡിയുടെ പക്ഷം. ജോസ് കെ. മാണി ആറ് വര്‍ഷം എംപിയായി തുടര്‍ന്നപ്പോള്‍ ശ്രേയാംസ് കുമാറിന് ഒന്നരവര്‍ഷം മാത്രമാണ് കിട്ടിയതെന്നും ആര്‍ജെഡി പറയുന്നു. കൂടാതെ കേരളാ കോണ്‍ഗ്രസ് എമ്മിന് സോക്‌സഭാ സീറ്റും നല്‍കി.
മാത്രമല്ല ഘടകകക്ഷികളുടെ കാര്യം പരിഗണിക്കുമ്പോള്‍ പഞ്ചായത്ത്- കോര്‍പ്പറേഷന്‍ തലങ്ങളില്‍ മെമ്പര്‍മാരുടെ എണ്ണത്തില്‍ മുന്നണിയിലെ ഏറ്റവും വലിയ നാലാമത്തെ കക്ഷിയാണ് തങ്ങളെന്നും ആര്‍ജെഡി ചൂണ്ടിക്കാട്ടുന്നു. പക്ഷേ അതിനനുസരിച്ചുള്ള പ്രാധാന്യം മന്ത്രിസഭയിലോ, രാജ്യസഭയിലോ, ലോക്‌സഭയിലെ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ചേരുന്ന മുന്നണി യോഗത്തില്‍ ഇതോടെ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സിപിഐഎം നേതാവ് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കെയാണ് പകരക്കാര്‍ക്ക് വേണ്ടിയുള്ള വടംവലി മുറുകുന്നത്. ജൂലൈയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ട് പേരെ വിജയിപ്പിച്ച് രാജ്യസഭയിലെത്തിക്കാന്‍ എല്‍ഡിഎഫിന് സാധിക്കും. ഇതില്‍ ഒന്ന് സിപിഐഎം കയ്യാളുമ്പോള്‍ മറ്റേ സീറ്റിന് വേണ്ടിയാണ് നിലവില്‍ മൂന്ന് ഘടകകക്ഷികളും മുന്നോട്ട് വന്നിരിക്കുന്നത്.