ന്യൂഡൽഹി: ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം 14 പേര്‍ക്ക് നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് വിതരണം ചെയ്തു. സിഎഎയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് സർട്ടിഫിക്കറ്റുകൾ കൈമാറിയത്.
“ഡൽഹിയിലെ സെൻസസ് ഓപ്പറേഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഡൽഹി എംപവേർഡ് കമ്മിറ്റി കൃത്യമായ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 14 അപേക്ഷകർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചു. അതനുസരിച്ച്, ഡയറക്ടർ ഈ അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ അനുവദിച്ചു,” കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
2019 ഡിസംബറില്‍ പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. തുടര്‍ന്ന് നാല് വര്‍ഷത്തിന് ശേഷമായിരുന്നു നിയമം നടപ്പാക്കുന്നതിനായി മാര്‍ച്ച് 11 ന് കേന്ദ്രം പൗരത്വ ഭേദഗതി നിയമത്തിനായുള്ള നിയമങ്ങള്‍ വിജ്ഞാപനം ചെയ്തത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരുന്നത്.