ഡാലസ് : അഭിവന്ദ്യ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തക്കു ഓർത്തഡോക്സ് പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസ്, വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു.
കൊളംബോ – കിഗാലി ഭദ്രാസന അധിപൻ ഗീവര്ഗീസ് മാർ മക്കാറിയോസ് മുഖ്യ കാർമ്മീകനായ ശ്രുശ്രുഷയിൽ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയേൽ മാർ തിമോത്തിയോസ് എപ്പിസ്കോപ്പ സഹ കാർമ്മീകനായി. സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേൽ ജോൺസൺ ഉൾപ്പെടെ നിരവധി വൈദീകർ ശ്രുശ്രുഷയുടെ ഭാഗമായി.
ഭൗതീക ശരീരം ഇന്ന് വൈകിട്ട് നാലു മുതൽ എട്ടു വരെ ഡാളസിലെ റസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും.
ഭൗതിക ശരീരം 20ന് കേരളത്തിലെത്തിക്കും. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിലും കുറ്റപ്പുഴ സഭാ ആസ്ഥാനത്ത് കൺവൻഷൻ സെന്ററിലും തുടർന്ന് കബറടക്കം 21ന് സെൻ്റ് തോമസ് നഗറിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടക്കുമെന്ന് സഭാ വക്താവ് ഫാദർ സിജോ പന്തപള്ളിൽ അറിയിച്ചു.
മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
'ബിലീവേഴ്‌സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ വിയോഗം കേരളീയ സമൂഹത്തിനു പൊതുവിലും, സഭക്കും സഭൈക്യ പ്രസ്ഥാനങ്ങൾക്കും പ്രത്യേകിച്ചും നഷ്ടമാണ്. കേരളത്തിന്റെ യശസ്സ് ലോകരംഗത്തെത്തിച്ച ആത്മീയാചാര്യൻ ആയിരുന്നു അഭിവന്ദ്യ മെത്രാപ്പൊലീത്ത. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ലോകമാകെ സുവിശേഷ പ്രചാരണം നടത്തി. റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളെ അതിനായി പ്രയോജനപ്പെടുത്തി. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് രൂപീകരിക്കുന്നതിലും, ആരോഗ്യ, വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളിൽ രാജ്യത്തിനു പുറത്തും മികച്ച സംഭാവനകൾ നൽകുന്ന നിലയിലേക്ക് സഭയെ വളർത്തുന്നതിലും മാതൃകാപരമായ നേതൃത്വം നൽകി.
അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ സഭാംഗങ്ങളുടെയും, കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.