Image

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച സംഭവം ; പ്രതി അറസ്റ്റില്‍

Published on 15 May, 2024
തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച സംഭവം ; പ്രതി അറസ്റ്റില്‍


തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി സുരേഷ് എന്ന മധു ആണ് പിടിയിലായത്.  പൂരം കാണാനെത്തിയ ഇംഗ്ലണ്ട് സ്വദേശിനിയായ വ്‌ളോഗര്‍ക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത് . യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വിദേശത്തുനിന്ന് ഇന്ത്യയില്‍ എത്തി രാജ്യത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോ ചിത്രീകരിക്കുന്ന വ്‌ലോഗര്‍ ദമ്പതിമാരിലെ യുവതിയെ ആണ് പ്രതി തൃശൂര്‍ പൂരത്തിനിടെ അപമാനിക്കാന്‍ ശ്രമിച്ചത്. പൂരവിശേഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പ്രതി ബലമായി യുവതിയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെ യുവതി ഇമെയില്‍ വഴി തൃശൂര്‍ സിറ്റി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാലക്കാട് ആലത്തൂര്‍ കുനിശ്ശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഈസ്റ്റ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ഉത്തരാഖണ്ഡില്‍ വിദേശ ദമ്പതികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കേരളം സുരക്ഷിതമാണ് എന്ന തരത്തില്‍ വീഡിയോ ചെയ്ത വ്‌ലോഗര്‍മാര്‍ക്കാണ് ദുരനുഭവം ഉണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക