എങ്ങനെ വർണ്ണിക്കും ഞാൻ, ഈ മനോഹരാംഗിയെ
അഴകിൽ സ്നാനം ചെയ്തു നിൽക്കുമീ ശ്രീദേവിയെ
കണ്ണെടുക്കാനാകാതെ വലഞ്ഞു പോകുന്നു ഞാൻ
സർവ്വനേരവും കാണാൻ കണ്മുന്നിൽ ബന്ധിക്കുന്നു.
ലോലമാം ചുണ്ടിൽ ചെറു പുഞ്ചിരി പരത്തുന്നു
കണ്ണിലാഹ്ളാദത്തിന്റെ തിരകൾ ചാഞ്ചാടുന്നു.
നെറ്റിയോ ചന്ദ്രക്കല താഴോട്ട് പതിച്ചപോൽ
കവിളിൽ സ്വർണ്ണം ചിന്നും സ്വപ്‌നങ്ങൾ മയങ്ങുന്നു.
കാമചാപങ്ങൾ പോലെ തൊടുത്ത പുരികങ്ങൾ
മുഖസൗന്ദര്യം കൂട്ടാൻ മൂക്കിലെ മൂക്കുത്തിയും
യൗവനോന്മാദത്തിന്റെ കൂമ്പുകൾ മാറിൽ പേറി
ചുറ്റിലുള്ളോരേ വശം കെടുത്തി പോകുന്നവൾ
പുണരാൻ വെമ്പും പോലെ കൈവള കിലുക്കുന്നു
നയനാംബുജങ്ങളിൽ ഭൃംഗങ്ങൾ പറക്കുന്നു
മന്മഥ ശരം കൊണ്ട് കോൾമയിർ കൊണ്ടീടുന്നു
നാണത്താൽ മുഖം പൊത്തി അവനെ ക്ഷണിക്കുന്നു.
ആ നിമിഷത്തിനായി കാത്തിരിക്കുന്നു ഹരി
കാലവും അകലവും കൊഞ്ഞനം കുത്തീടുന്നു
സുന്ദരി മനോഹരി നിൻ മൃദു സങ്കല്പങ്ങൾ
ഹരിക്കായ് നൽകാൻ വച്ച് നീട്ടുന്ന കിനാവുകൾ
ജാലകവഴി എത്തി നോക്കുന്നുണ്ടിന്നും ചന്ദ്രൻ
മുറിയിൽ നിലാവ് പോൽ സുന്ദരി മയങ്ങുന്നു
ആ മനോഹരംഗി തൻ കൊലുസിൻ സംഗീതത്തിൽ
സ്വപ്നത്തിൻ രഥം കാത്ത് നിൽക്കുന്നു സങ്കല്പങ്ങൾ
ഒരിക്കൽ അവൾ ചൊല്ലി ധന്യയാണവളെന്നു
ദേവി തൻ പ്രസാദത്താൽ ഭാഗ്യശാലിനിയെന്നു
പ്രിയനാം ഹരിയൊരു കമ്ര നക്ഷത്രം പോലെ
മനസ്സിൻ മാനത്തോളി ചിതറി നിൽക്കുന്നെന്ന്.
കാലമാം ശ്രീകോവിലിൻ നടയിൽ നിൽക്കുന്നു നാം
വിധി തൻ നിയോഗം പോൽ പുനർദർശനത്തിനായി
ഓർമ്മതൻ പൂപ്പാലിക ചൊരിയാം നമുക്കിന്നു
പ്രണവസാനിധ്യത്തിൽ പുഷ്പങ്ങൾ സമർപ്പിക്കാം
പൊയ്‌പ്പോയ പ്രണയത്തിൻ സുഗന്ധം പരക്കുന്നു
ദിവ്യമാം അനുരാഗ കഥകൾ കൈകോർക്കുന്നു
കണ്ടുമുട്ടുന്നു നമ്മൾ പിരിയാൻ വേണ്ടി വീണ്ടും
കാലത്തിൻ നീതി,പക്ഷെ അന്യരാണല്ലോ നമ്മൾ!!
ശുഭം