Image

ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം (ക്ലാസ്‌മേറ്റ്‌സ്: സപ്‌ന അനു ബി. ജോര്‍ജ്‌)

Published on 16 May, 2024
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം (ക്ലാസ്‌മേറ്റ്‌സ്: സപ്‌ന അനു ബി. ജോര്‍ജ്‌)

മഴയും വെയിലുമൊരുമിച്ചുള്ള പകലുകളിൽ കൂട്ടുകാരിയുടെ കൈപിടിച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട കടൽത്തീരത്തുകൂടി നടന്ന്,ഭൂതകാലത്തിലേക്ക് ഊളിയിട്ട് ഇറങ്ങാൻ പലപ്പൊഴും തോന്നാറുണ്ട്! എന്നാൽ ആരുടെകൂടെ ആരാണ് എന്റെ കൂട്ടുകാരി ആർക്കാണ് എന്നോട് നിർവ്വചിക്കാനാവാ‍ത്ത ആത്മാർഥ സ്നേഹം എന്ന് എങ്ങനെ തിരിച്ചറിയും?ഈ ചോദ്യങ്ങൾ എന്നും എല്ലാവരുടെയും മനസ്സിനെ വ്യാലുലപ്പെടുത്തുന്നവയാണ്! കൂട്ടുകാരിയെന്ന വാക്കിന്റെ നിര്‍വ്വചനം മാറിയതറിയാതെ, ഏത്‌ കാലമാണിതെന്നറിയാതെ,ലോകത്തിന്റെ ഏതുകോണിലാണെന്നറിയാതെ,സ്ഥായിയായ ബന്ധങ്ങളില്ലതാകുന്നതിനെയോര്‍ത്ത്‌ ഞാൻ ഇന്ന് സങ്കടങ്ങൾ അയവിറക്കി.

എത്ര വിചിത്രമാണീ സൗഹൃദം!ആരാണ്‌ ഈ കൂട്ടുകാരി?എന്നോടു പറഞ്ഞോളൂ,നിനെക്കെന്തൊക്കെയാണ് സങ്കടങ്ങൾ!പരിഭവമില്ലാതെ പരാതിയില്ലാതെ എന്നും കാത്തിരിക്കുന്ന കൂട്ടുകാരി, സൂസൻ. 8 മുതൽ 10ആം ക്ലാസ്സ് വരെ കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ നിന്ന് എന്റെ ഒപ്പം പഠിച്ചിറിങ്ങി എന്നൊരു പാപം മാത്രമെ പാവം ചെയ്തിട്ടുള്ളു!എന്റെ മൊഴികളെ സന്തോഷങ്ങളെ സങ്കടങ്ങളെ കണ്ണുനീരിനെ എന്നും വെറും ഒരു  ചിരിയിൽ ഒതുക്കി ഇന്നും 39 വർഷങ്ങൾക്കുശേഷവും അതേ സ്നേഹത്തോടെ തന്മയത്വത്തോടെ എന്റെ കൂടെ കൂട്ടുകാരിയായി സൂസൻ.

നന്മയും നന്ദിയും സ്നേഹവും ഉള്ള ഏതൊന്നിനോടും എനിക്കു സ്നേഹമാണ് ബഹുമാനമാണ് ഇഷ്ടമാണ് പ്രണയമാണ് എന്ന് ഒറ്റവാക്കിൽ ഞാനെന്ന കൂട്ടുകാരിയെ നിർവ്വചിക്കാൻ കഴിവുള്ള കല ഗോപകുമാർ! സി എം എസ്സ് കോളേജിന്റെ അലുമിനി ഖത്തറിൽ രൂപീകരിക്കുംബോൾ ഞാൻ ചിന്തിച്ചിരിന്നില്ല  അതെനിക്ക് നേടിത്തരാൻ പോകുന്ന കല എന്ന ആജീവിനാന്ത സുഹൃത്തിനെ! കോളേജിൽ പഠിക്കുന്ന സമയത്ത് ഞങ്ങളോക്കെ ഈ സ്വപ്നങ്ങൾ ഉറങ്ങുന്ന ഈ കണ്ണുകളുള്ള സപ്നയെ നോക്കിയിരിക്കുമായിരുന്നു എന്ന് പറഞ്ഞ് പരിചയപ്പെട്ട കല.ഇന്ന് പ്രവാസജീവിതത്തിന്റെ ഭാരം ഏറി വീപ്പക്കുറ്റിയായിത്തീർന്ന എനിക്ക് സൌദര്യം എവിടെ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു!ഉണ്ടായിരിന്നിരിക്കാം  അന്ന്!ഏതാണ്ട് 1998 കാലം മുതൽ ഇന്നും എനിക്കുവേണ്ടി  നേച്ചയും കാഴ്ചയും പ്രാർഥനയും നിർത്താതെ കൊണ്ടുപോകുന്ന കല എന്ന കൂട്ടുകാരി. കവിതകളെ ലോകത്തിൽ സ്വയം ഒരു നിർവ്വചനം ഉണ്ടക്കിയെടുത്തു കല.

ഇവിടെ എന്താണ് എഴുതേണ്ടത് എന്ന് എനിക്കറിയില്ല, ഭക്ഷി, നിന്‍റെ പേര്‌ എങ്ങനെ എഴുതണമെന്ന് അറിയില്ല, ഗീത ഭക്ഷി.എന്‍റെ ജീവിതം കൂടുതൽ മനോഹരമാക്കിയ കൂട്ടുകാരി,ഞാന്‍ പഠികാത്തപ്പോൾ, എഴുതാത്തപ്പോൾ, ചിന്തകൾ കാടുകയറുംബോൾ  എന്നെ ശാസിച്ച കൂട്ടുകാരി.  കോളേജിൽ കൂടെപ്പഠിച്ചു,എഴുത്തുലോകത്തേക്ക് എനിക്കൊരു നിർവ്വചനം ആയിരുന്നു,പലവിധത്തിൽ ആയിരുന്നു പ്രചോദനങ്ങൾ തന്നത്! എന്നാൽ ഇതൊക്കെ  എന്തിനാണ് എന്ന് ചോദിച്ചാൽ  അതിനൊരു ഉത്തരം ഇല്ല, “ ഞാൻ നിന്റെ ആരാണെന്ന് നീ തന്നെ  ആലോചിച്ചു പറയൂ?”ശ്ശെടാ എന്താടി സപ്ന നിനക്കിന്ന് !ചോദ്യങ്ങളീലൂടെ എനിക്കുള്ള ഉത്തരങ്ങളിലേക്ക് എന്നെ അവൾ എത്തിച്ചു.എഴുത്തിന്റെ ലോകത്തിൽ, മീഡിയ ലോകത്തിൽ തന്റേതായ ഒരു ‘ലേബൽ’ അവർ നെയ്തെടുത്തിരുന്നു ഗീത ഭക്ഷി.

എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഇന്ന് നീ എവിടെയാണ് എന്റെ ജീവിതത്തിൽ നിന്നെ ഓർക്കാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല ,എനിക്ക് വരുന്ന ഫോണ്‍ കോളുകൾ മെയിലുകൾ എല്ലാം ഇന്ന് ഞാൻ തേടുന്നത് നിന്നെ മാത്രം. നിനക്ക് എന്താണ്സംഭവിച്ചത് ഒരു ദിവസം എനിക്കുവന്ന വാട്ട്സ് അപ്പിന്റെ ചുരുക്കം! ആരാണെന്ന് അന്വേഷിച്ചെത്തിയപ്പോൽ മനസ്സിലായി  6ആം ക്ലാസ്സ് മുതൽ എന്നോടൊപ്പം വർക്കല ഗവണ്മെന്റ് സ്കൂളിൽ പഠിച്ച് ജ്യോതി!ഞാൻ ക്ലാസ്സിൽ പാടിയ പാട്ടിന്റെ വരികൾ ‘നീലജലാശയത്തിൽ, ‘ സന്ധ്യെ കണ്ണിരിതെന്തെ സന്ധ്യേ” ആകാശത്തേക്ക് കണ്ണും നട്ട് നീ അന്ന് പാടിയ പാട്ട് ഞാനിന്നും ഓർക്കുന്നു എന്ന് പറഞ്ഞെത്തിയ കൂട്ടുകാരി. എന്നാൽ ആകാശത്തേക്കുള്ള എന്റെ നോട്ടം, ഞാൻ എന്റെ ഭയം മുഖത്തുകാണാതിരിക്കാനും, ആരുടെയും മുഖഭാ‍വങ്ങളാൽ എന്റെ പാട്ടു നിന്നുപോകാതിരിക്കാനും ആണെന്ന് അവർക്കറിയില്ലല്ലോ! ഇന്നും ആ പാട്ടുകേൾക്കുംബോൾ സപ്ന നീ എന്റെ മുന്നിൽ നിന്നു പാടുന്നതുപോലെയാണെനിക്കിന്നും തോന്നാറുള്ളത്... ഇന്നും  എന്നെ തേടിപ്പിടിച്ച ജ്യോതിയുടെ ആദ്യ ആവശ്യങ്ങളിലൊന്നായിരുന്നു, നീ എന്നും എനിക്കോരോ പാട്ടുപാടിത്തരണം.

നമ്മൾ ഒരു പാട് സ്നേഹിക്കുന്ന ഒരാൾക്കു വേണ്ടി നമ്മൾ നമ്മുടേതായ ഇഷ്ടങ്ങൾ വേണ്ടന്നു വെയ്ക്കുക, അതെങ്ങനെ സ്വാർഥതയാകും? ആത്മാർഥമായ പ്രണയം ഒരിക്കലും സ്വാർഥത അല്ല, വിട്ടു കൊടുക്കലുകളാണ് എന്ന് പഠിപ്പിച്ചത് റാണി സൂസൻ എബ്രഹാം ”.ഞാൻ  എന്റെ ബാല്യകാലത്ത് 8 വയസ്സുള്ള ഒരു കൊച്ചുകുട്ടിയായി നേടിയെടുത്ത അനിയത്തി നാത്തൂൻ മകൾ സുഹൃത്ത് ആരൊക്കെയൊ ആയിത്തീർന്ന ‘റാണിമോൾ എന്ന് വിളിപ്പേരുള്ള റാണിസൂസന്റെ സൌഹൃദത്തെപ്പറ്റിയുള്ള വിശകലനം ആണിത്. “നിന്റെ  ഉട്ടൊപ്പിയ ലോകം’ ഒരു സ്വപ്നം മാത്രമാണ് ,അവിടെ നീമാത്രമെയുള്ളു” ,എന്ന് മുഖത്തടിച്ചതുപോലെ പറഞ്ഞു മനസ്സിലാക്കാൻ അവൾ ഒരിക്കലും സ്ങ്കോചിച്ചിട്ടില്ല! ഞാനിതിനോട് അനുകൂലിക്കുന്നില്ല എങ്കിൽപ്പോലും പോട്ടെ വിട്ടുകള’ എന്ന് എന്നെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.കൂട്ടുകാരികൾ ,സൌഹൃദം എനിക്ക്  വിട്ടുകൊടുക്കലുകളും താഴ്മയും ഒന്നുമല്ല മറിച്ച്, ഞാനിഷ്ടപ്പെടുന്നവർ എന്നെ ഇഷ്ടപ്പെടണം എന്നില്ല,അവരുടെ നല്ലതിനെയും ചീത്തയെയും, സ്വഭാവവിശേഷങ്ങളെ എന്നും എവിടെയും ഉൾക്കൊള്ളാൻ എനിക്കു കഴിയുമായിരുന്നു.


സപ്ന, നീ പലപ്പോഴും നിന്റെ  എഴുത്തുകൾ വായിച്ച്‌ എഴുതാൻ പറഞ്ഞിട്ടുണ്ട്‌.പറഞ്ഞാൽ വിശ്വസിക്കുമെങ്കിൽ, ഞാൻ സീരിയസ്‌ വായന നിർത്തിയിട്ട്‌ ദശാബ്ദങ്ങൾ ആയി.അതിനെക്കാൾ വളരെ വളരെ സെലക്റ്റീവ്‌ ആണു ഞാൻ.എനിക്ക്‌ എം ടി അടക്കം മഹാന്മാരെ പോലും വിമർശ്ശനങ്ങൾ ഉള്ളിലുണ്ട്‌.വെറുതെ നന്നായ്ട്ടുണ്ട്‌ എന്നൊക്കെ പറയുന്ന ആത്മാർത്ഥതയില്ലായ്മ അക്ഷരങ്ങളോട്‌ കാണിക്കാൻ വയ്യ.അത്രമേൽ അതെന്റെ ഏകാന്തതകളെ വിസ്മയിപ്പിക്കാറുണ്ട്‌. ഈ തലമുറയിലെ എഴുത്തുകാരെ വായിക്കാത്തത്‌ എന്റെ വായന കൂടുതൽ ഫിലോസഫികൾ ആയി മാറിയതാണു.ജീവിതം നേർക്കുനേർ കണ്ടിട്ടുള്ള ഒരാളെ അലങ്കരിച്ച പ്രയോഗങ്ങൾ മയക്കുന്നില്ല.എന്നോട്‌ ക്ഷമിക്കുക.പ്രതിഭയെ നിരാകരിക്കാൻ കാലത്തിനു കഴിയില്ല.നമ്മളിൽ ആ വെളിച്ചം ഉണ്ടെങ്കിൽ അത്‌ എന്നായാലും ജ്വലിച്ചു പരക്കും.അതിനാരും ഒന്നും ചെയ്യണ്ട.നീ അർഹിക്കുന്ന വിജയം നിന്റെ മാത്രമാണു.അത്‌ നിനക്ക്‌ കിട്ടും നിന്റെ പരിശ്രമത്തിനു ഫലം എന്ന പോലെ.ആശംസകളും പ്രാർത്ഥനകളും എന്ന രത്നച്ചുരുക്കം എനിക്കു വേണ്ടി എഴുതിയ സുധ രാധിക എന്ന എന്റെ നല്ലൊരു കൂട്ടുകാരി.

തെന്നലിന്‍ കുളിര്‍മ്മയോടെ അടുത്തെത്തി
എന്നെന്നും സ്നേഹത്തിന്‍ കളിക്കൂട്ടുകാരിയായി,
ദൂരങ്ങൾ,നടവഴികൾ,ഇടവഴികൾ,കഥകളായി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

സ്വന്തമായി,ബന്ദമായി,മന്ദസ്മിതത്തിൽ,കൈനീട്ടി,
സൌഹൃദത്തിന്റെ ആലിഗനത്തിനായി നീട്ടിയ കൈ,
എങ്ങെങ്ങും എത്താതെ അന്തരീ‍ക്ഷത്തിൽ നിന്നു.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

വര്‍ഷങ്ങളിൽ നഷ്ടമായ സൌഹൃദം എന്നില്‍മാത്രം,
പ്രതീക്ഷയുടെ കൈക്കുമ്പിളിൽ രണ്ടിട്ടു കണ്ണീര്‍മാത്രം,
മനസ്സെല്ലാം ഒരു അച്ചിന്റെ സ്നേഹവായ്പ്പാവില്ലല്ലോ.
ഇവളെൻ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

“എന്റെ കൂട്ടുകാരികൾക്കായി മാത്രം ഞാൻ  മനസ്സിൽ കുറിച്ചിട്ട സ്നേഹത്തിന്റെ വരികൾ“.....................

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക