Image

പതനം (കവിത: വേണുനമ്പ്യാർ)

Published on 16 May, 2024
പതനം (കവിത: വേണുനമ്പ്യാർ)

കീഴ്പ്പോട്ടൊ മേൽപ്പോട്ടൊ
യാത്ര തിരിക്കും മുമ്പ്
വാശിയില്ലാതെ മുൻവിധി കൂടാതെ
ദിശയുറപ്പിക്കാം.

ഒരു പൂവിനോട് 
ഒരു തുവലിനോട് 
ഒരു കണ്ണീർക്കണത്തോട് 
ഉപേക്ഷിക്കപ്പെട്ട 
ഒരു പ്രണയത്തൂവാലയോട്
എങ്ങനെ പറയും
പതനത്തിന്റെ
വഴിഞ്ഞൊഴുകുന്ന
സൗന്ദര്യത്തെക്കുറിച്ച്!

ലക്ഷ്യം സ്വയം ഇറങ്ങിത്തിരിച്ച്
നിന്നെ കണ്ടെത്തുമ്പോൾ
തിരിച്ചറിയുമ്പോൾ
നിനക്ക് ആഹ്ലാദിക്കാം
പുൽക്കൊടികളുടെയിടയിൽ
പതനത്തിന്റെ ആവർത്തനതാളത്തിൽ നിമഗ്നയായി കാറ്റ് കൊള്ളാം.

നീ അനുവദിച്ച സ്വാതന്ത്ര്യമാണ്
എന്റെ പ്രാരബ്ധം
ഞാൻ ഭൂപടത്തെ വെറുക്കുമ്പോൾത്തന്നെ
ഭൂമിയെ ഓമനിക്കുന്നു
മടിക്കുത്തിൽ ഒരു വടക്കു നോക്കിയന്ത്രവും കൊണ്ട് 
ഒരനാഥനെ പോൽ കറങ്ങുന്നു
എനിക്ക് പോകേണ്ടത്
തെക്കോട്ടേക്ക്
വണ്ടി കാത്തിരിക്കുന്നത്
കിഴക്കെ നടയിൽ!

അറിയുന്നോരും
അറിയാത്തോരുമായ
പുരുഷാരമൊക്കെ
കല്ലെറിഞ്ഞോട്ടെ
മാനസാന്തരപ്പെടാൻ
മനസ്സില്ലാത്ത പാപിയായ ഞാൻ
അതിനെയൊക്കെ
നാഴികക്കല്ലാക്കും
ഈ പുണ്യഭൂമിയിൽ

പതനം
വിടുതലിന്റെ
ചാരുതയൊ
അബോധത്തിലേക്കുള്ള
രാജപാതയൊ?

പ്രേമസഖി സ്വപ്നം കാണുന്നു
ഞാൻ കടലാഴങ്ങളിലേക്ക്
വീഴുന്നതായി.

പതനത്തിന്റെ
താളബദ്ധമായ
വയലിൻ വായന
നീ കേൾക്കുന്നില്ലേ?

പുലർച്ചെ കണ്ട സ്വപ്നത്തിൽ
മേൽനിരയിലെ  
ഉളിപ്പല്ലുകൾക്കിടയിലെ പല്ലെല്ലാം
അടർന്നു വീണു കൊണ്ടേയിരുന്നു.

ചെറിയ ഒരു വിടവ് 
ഭീകരമായ ഒരു പൊളളയിലേക്ക് വികസിക്കുമെന്ന് ഓർത്തതേയില്ല!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക