Image

പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 15: വിനീത് വിശ്വദേവ്)  

Published on 16 May, 2024
പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 15: വിനീത് വിശ്വദേവ്)  

പുതിയകാവ് സ്കൂളിൽ സർട്ടിഫിക്കറ്റും ടി സി യും വാങ്ങുന്നതിനു വന്ന കുട്ടികൾ ഓരോരുത്തരായി വരിയിൽ നിന്നും അവരുടെ ആഗമനോദ്ദേശം നേടി എടുത്തു കൊഴിഞ്ഞുകൊണ്ടിരുന്നു. വരാന്തയിലെ തുണിന് പിന്നിൽ നിന്നും ബിനീഷ് എന്റെ നേർക്ക് നൃത്ത മുദ്രകളെന്നപോലെ കൈകളാൽ ആംഗ്യങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. വരാന്തയുടെ അറ്റത്തുള്ള തൂണിൽ ചാരി നിന്നുകൊണ്ട് ഞാൻ ഇനി ചേരാൻ പോകുന്ന സ്കൂളുകളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും സിമിയോട് സംസാരിക്കുന്നതിനിടയിൽ ബിനീഷിന്റെ കൈമുദ്രകൾ സിമിയുടെ ശ്രദ്ധയിപ്പെട്ടു. സിമി ബിനീഷിനെ കൈകാട്ടി വിളിച്ചു. പിന്നീട് അതിനെക്കുറിച്ചു സിമി എന്നോട് ചോദിച്ചു. അവളുടെ കണ്ണുകളിൽ നോക്കാതെ ഇവിടെ നിന്നും സർട്ടിഫിക്കറ്റ് വാങ്ങിയതിന് ശേഷം വേറെ ഒന്ന് രണ്ടു സ്ഥലത്തു കൂടി ഞങ്ങൾക്ക് പോകാൻ ഉണ്ട്. അവൻ അതിനുള്ള ധൃതി കാണിക്കുന്നതാണ് എന്ന് പറഞ്ഞു ഞാൻ തടിതപ്പാൻ ശ്രമിച്ച എന്റെ മുഖത്തേക്ക് സിമി തനിക്കു കാര്യങ്ങൾ മനസിലായെന്ന അലസഭാവത്തോടെ ഒരു മൂളൽ മാത്രം വിക്ഷേപിച്ചുള്ളു. അൽപനേരത്തെ മൗനത്തിനു ശേഷം എന്റെ പുസ്തകവായനയിൽ കമ്പം കൂടിയതിനെക്കുറിച്ചു ലൈബ്രെറിയൻ രാജേന്ദ്രൻ ചേട്ടൻ പറഞ്ഞതിനെക്കുറിച്ചു സംസാരിച്ചു. ഞാൻ അതിന്റെ സുഖമനുഭവിക്കുന്നുണ്ടെന്ന ഭാവത്തിൽ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. പുസ്തക വായനയിൽ അഭിരമിക്കാൻ കരണമായതിന്റെ മുഴുവൻ നന്ദിയും സിമിക്ക് മാത്രമാണ് എന്ന് ഞാൻ പറഞ്ഞു നിർത്തി. ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങൾ തിരിച്ചു കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ രണ്ടു ദിവസം കഴിഞ്ഞു പോകുവാണേൽ സിമിയും വരുന്നുണ്ടെന്നു പറഞ്ഞു. പരസ്പരം കാണാനും സംസാരിക്കാനും അവസരമൊരുങ്ങുന്നു ഓരോ നിമിഷത്തിനും ജീവിതത്തിൽ അത്രമേൽ പ്രാധാന്യം നൽകിയിരുന്നതിനാൽ സിമി വരാമെന്നു പറഞ്ഞ ദിവസം വൈകുന്നേരം ലൈബ്രറിയിൽ ഞാൻ വരാം എന്ന് പറഞ്ഞു. പിന്നീട് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ഹെഡ് മാസ്റ്ററുടെ ഓഫീസിനു മുന്നിലേക്ക് ഞങ്ങൾ നടന്നു.

വരാന്തയുടെ സമീപത്തെ തുണിന് മുന്നിൽ നിന്ന ബിനീഷിനോട് സിമി തുടർ പഠനത്തെക്കുറിച്ചു സംസാരിച്ചു. ബോയ്സ് സ്കൂളിലോ ടി ഡി സ്കൂളിലോ പ്ലസ് ടു സയൻസ് അല്ലെങ്കിൽ കോമേഴ്സിന് ചേരണമെന്ന ഉറച്ച മറുപടി കേട്ട് ഞാനും അന്താളിച്ചുപോയി. ഞാൻ അറിയാത്ത ഭാവത്തിൽ മനസ്സിൽ ഒന്ന് ചിരിച്ചു. അല്ലേലും ചാകാൻ പോണ നേരത്തും മനുഷ്യന് ആത്മവിശ്വാസം കൈവിടാത്തവനെ പോലെ ബിനീഷ് സംസാരിക്കുന്നതു ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതായിരുന്നു. ഞങ്ങൾക്ക് മുന്നിൽ നിന്നിരുന്ന നാലു കുട്ടികൾ സ്കൂൾ സർട്ടിഫിക്കറ്റ് ഹെഡ് മാസ്റ്ററിന്റെ റൂമിൽ നിന്നും രജിസ്റ്ററിൽ ഒപ്പിട്ടു വാങ്ങി. ടി സി വാങ്ങുന്നതിനായി സ്റ്റാഫ് റൂമിലേക്ക് പോയി. ഞാനും സിമിയും ബിനീഷും സ്കൂളിനോട് വിടപറയുന്ന പൂർവ്വവിദ്യാർത്ഥിയെന്ന പദത്തിലേക്ക് ആനയിക്കുന്ന സാക്ഷിപത്രംപോലെ ഹെഡ്മാസ്റ്ററിനു മുന്നിലെ 2005 പത്താം ക്ലാസ് ബാച്ച് രജിസ്റ്ററിൽ ഞങ്ങൾ മൂന്നുപേരും ഒപ്പിട്ടു സർട്ടിഫിക്കറ്റ് വാങ്ങി. മുറിയിൽ നിന്നും പുറത്തേക്കിറത്തേക്കിറങ്ങുമ്പോൾ ക്ലാസ് മുറികളും എല്ലാ വിഷയങ്ങൾ പഠിപ്പിച്ച ടീച്ചർമാരെയും ആൺകുട്ടികളുടെ മൂത്രപ്പുരയിലെ തെറിവാചകങ്ങളും ചോക്കും കരിയും ചേർത്ത് വരച്ച കുൽസിത ചിത്രങ്ങളും യുവജനോത്സവവും സ്പോർട് ഡേയും പരെന്റ്സ് മീറ്റിംഗുകളും എല്ലാം തറയിൽ ചിന്നി ചിതറി വീണിരുന്നു. സ്കൂളിന്റെ അങ്കണം വിട്ടുകഴിയുമ്പോൾ അത്രയും വർഷം കൂടെ പഠിച്ചിരുന്ന എല്ലാ സുഹൃത്തുക്കളും ഇനി അവരവരുടെ വഴികളിലേക്ക് തിരിയുമെന്ന യാഥാർഥ്യങ്ങൾ    എന്റെ മനസ്സിൽ ഒരു മൂകസാക്ഷിയായി നിലനിന്നു. 

ടി സി വാങ്ങുന്നതിനായി സ്റ്റാഫ് റൂമിലേക്ക് കേറി ചെല്ലുന്നതിനു മുന്നേ ബിനീഷ് പുറത്തു നിന്നും പ്യൂൺ സുഗുണൻ ചേട്ടനെ വിളിച്ചു രാഷ്ട്രീയ നേതാക്കന്മാരെപ്പോലെ കൈകളുയർത്തി സലാം കാണിച്ചു. അദ്ദേഹം ബിനീഷിനെ കുടുംബപരമായി പരിചയം പുലർത്തിയിരുന്നതിനാൽ തിരിച്ചും സലാം നൽകി. ഉരുവാക്കപ്പെട്ട ജീവന്റെ നാഡിത്തുടിപ്പുകൾ പൊക്കിൾകൊടി ബന്ധം വിച്ഛേദിക്കുപോലെ ഞങ്ങൾക്ക് മൂന്നുപേർക്കും സ്കൂളിൽ നിന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സുഗുണൻ ചേട്ടൻ ഇളം പച്ചനിറത്തിലുള്ള പേപ്പറിൽ എഴുതി തന്നു. മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ഓളം തള്ളുന്നുണ്ടായിരുന്നു. ദീർഘനിശ്വാസത്തോടെ ഞാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ നോക്കി  സുഗുണൻ ചേട്ടന്റെ മനോഹരമായ കൈയ്യക്ഷരം അച്ചടിപോലും തോറ്റുപോകും വിധമായിരുന്നു. ബിനീഷ് മുന്നിലും ഞാനും സിമിയും പിന്നിലായി സൈക്കിൾ ഷെഡ്ഡുവരെ സ്കൂൾ മുറ്റത്തെ മണ്ണ് തരികളെ മൃദുവായി ചവിട്ടി പതിയെ നടന്നു. യാത്രപറഞ്ഞു പോകുന്നതിനു മുന്നേ ജയദേവൻ ചേട്ടന്റെ കടയിൽ നിന്നും ഓരോ നാരങ്ങാ വെള്ളവും പപ്സും കഴിക്കാമെന്നു പറഞ്ഞു ബിനീഷ് നിർബന്ധിച്ചു. അങ്ങനെ ആദ്യമായി ഞങ്ങൾ ഒരുമിച്ചു സിമിയുടെ ചിലവിൽ ഓരോ സർബത്തും മുട്ടപപ്സും കഴിച്ചു. ജീവിതത്തിൽ എത്ര എത്ര പലഹാര സാധനങ്ങൾ കടന്നു വന്നിരിക്കുന്നു പക്ഷേ ഇപ്പോഴും പപ്സിന്റെ പൊടികൾ താഴെ കളയാതെ പപ്സ് കഴിക്കാൻ പഠിച്ചിട്ടില്ലെടാ വിഷ്ണു എന്ന് സിമി അന്ന് കളിയാക്കിയത് ഓർമ്മപുസ്തകത്തിലെ വരികളായി തെളിഞ്ഞു വരും. ആ ദിവസം കുടിച്ച സർബത്തും കഴിച്ച പപ്സും ഓർമ്മയുടെ ഏടുകയിൽ മനസ്സിനെ കുളിരണിയിക്കുന്ന ദാഹജലവും വിശപ്പടക്കിയ ആഹാരവുമായി മാറിയിരുന്നു. ബിനീഷിന്റെ കുറെ പുളു വർത്തമാനത്തിൽ ഞങ്ങൾ ഒരുപാടു ചിരിച്ചു. സിമിയുടെ കവിൾത്തടത്തിൽ വിരിഞ്ഞ അരുണശോഭ ഞാൻ കണ്ണുകളാൽ തൊട്ടടുത്തു. എന്നോട് യാത്ര പറയുന്നതിനിടയിൽ ലൈബ്രറിയിൽ വരുമ്പോൾ കാണാമെന്നു പറഞ്ഞു. തണൽ മരത്തിന്റെ ചുവട്ടിൽ നിന്നും സിമി പതിയെ മുന്നോട്ടു നടന്നകന്നു.

മുട്ട പപ്സിലെ സവാളയുടെ അംശം ബിനീഷിന്റെ പല്ലിന്റെ ഇടയിൽ കയറിയത് എടുത്തുകളയുന്ന തക്കത്തിൽ മറ്റൊരാലോചനയ്ക്കു അവസരം നൽകാതെ ഞാൻ ബിനീഷിന്റെ ചിന്തയെ പ്ലസ് ടു കോഴ്സിന്റെ അപ്ലിക്കേഷൻ വയലാർ സ്കൂളിൽ നിന്നും ടി ഡി സ്കൂളിൽ നിന്നും വാങ്ങാൻ പോകുന്ന കാര്യം ഓർമ്മിപ്പിച്ചു. സർബത്തിന്റെയും പപ്സിന്റെയും ഊർജ്ജത്തിൽ ഞങ്ങൾ സൈക്കിൾ നിന്നും ഇരുന്നും ഒക്കെ ചവിട്ടി രണ്ടു സ്കൂളിൽ നിന്നും അപ്ലിക്കേഷൻ വാങ്ങി തിരിച്ചു പുതിയകാവ് കവലയിൽ വന്നു. നാളെ രാവിലെ ബോയ്സ് സ്കൂളിൽ നിന്നും അർത്തുങ്കൽ സ്കൂളിൽ നിന്നും പ്ലസ് ടുന്റെ അപ്ലിക്കേഷൻ വാങ്ങാൻ പോകാമെന്നു പറഞ്ഞുകൊണ്ട് ബിനീഷ് അവന്റെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലേക്കും പൊന്നു. അപ്പോഴും എന്റെ മനസ്സിൽ സിമിയെ ലൈബ്രറിയിൽ കാണുമ്പോൾ എന്നോടുള്ള ഇഷ്ടം അവൾ തുറന്നു പറയുമോ എന്നുള്ള ചിന്ത സർബത്തു ഗ്ലാസ്സിലൊഴിച്ച സോഡാപോലെ നുരഞ്ഞു പൊന്തിക്കൊണ്ടിരുന്നു. പ്രണയം മനുഷ്യനെ ഭ്രാന്തമായ ഭാവനകളാൽ ചിത്രകൊട്ടാരങ്ങൾ പണിയാൻ പ്രാപ്തനാക്കുന്നു. പ്രേമ സുരഭിലമാം ഭൂമിയിൽ ജീവിക്കാൻ കഴിയുന്നത് എത്ര സുന്ദരമായ അനുഭൂതിയാണ്. 

ഉച്ചഭക്ഷണം കഴിക്കുന്നത് മൂന്നുമണി ആകാറായപ്പോഴായിരുന്നു. വിശപ്പിന്റെ കാഠിന്യം കൂടുതലായിരുന്നതിനാൽ മത്തി വർത്തതും മോരുകറിയും ചെമ്മീപുളിയച്ചാറും കൂട്ടി രണ്ടു പ്ലേറ്റ് ചോറ് കഴിച്ചു. അൽപനേരം മയങ്ങാം എന്ന ഭാവത്തിൽ മുറിയിലേക്ക് വന്നപ്പോഴേക്കും മേശപ്പുറത്തു എം മുകുന്ദന്റെ "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" എന്റെ ശ്രദ്ധയാകർഷിച്ചു. ഉറക്കമെന്ന ലാഞ്ചന എവിടേക്കോ ഓടിയൊളിച്ചു. അങ്ങനെ ഞാൻ മയ്യഴിപ്പുഴയിൽ മുങ്ങിക്കുളിക്കാനിറങ്ങി. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കപ്പെട്ട ഈ കൃതിയിലേക്കു ഞാൻ കൂടുതൽ വിരാജിച്ചപ്പോൾ ആ നാട്ടുകാരനായി മാറി. മരണത്തിനും ജനനത്തിനും ഇടയിൽ ആത്മാക്കളുടെ ഇടത്താവളമായ അറബിക്കടലിലെ വെള്ളിയാംകല്ലിന്റേയും കഥകൾ കുറമ്പിയമ്മയിൽ നിന്ന് കേട്ടു. പാമ്പുകടിയേറ്റു മരിച്ച കേളുവച്ചന്റേയും കുറമ്പിയമ്മയുടേയും മകനായിരുന്ന ദാമു റൈട്ടരുടെ മകൻ ദാസനെയും കാമുകി ചന്ദ്രിയെയും അടുത്തറിഞ്ഞു. വിവാഹ ദിനത്തിൽ അപ്രത്യക്ഷയായ ചന്ദ്രിയെ പിന്നെ ആരും കണ്ടില്ല. താമസിയായെ ദാസനും അവളുടെ വഴി പിന്തുടർന്നു. ദാസനും ചന്ദ്രിയും കടലിനു നടുവിൽ വെള്ളിയാങ്കല്ലുകൽക്കു മുകളിലെ തുമ്പികളായി മാറി. ദാസനെയും ചന്ദ്രിയെയും പോലെ ഞാനും സിമിയും പുതിയകാവ് ഗ്രാമാന്തരീക്ഷത്തിൽ തുമ്പികളായി പാറിപ്പറക്കുമോ എന്ന സ്വപ്നത്തിലേക്ക് ഞാൻ കൂപ്പുകുത്തി വീണു.

(തുടരും.....)

Read: https://emalayalee.com/writer/278

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക