ഇന്ത്യ ദേശീയ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടം പൂർത്തിയാക്കിയ ഈ വേളയിൽ, ഒരു തരത്തിലും മൂന്നാം ടേമിലേക്ക് സുഗമമായി നടന്നടുക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് കൂടുതൽ വ്യക്തമായിരിക്കുകയാണ്. ശ്രദ്ധാപൂർവം രൂപപ്പെടുത്തിയ സ്വന്തം പ്രതിച്ഛായയിലും അനർഗളം ഒഴുകുന്ന വാക്ചാതുര്യത്തിലും ആശ്രയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്, തൻ്റെ വാഗ്ദാനങ്ങളിൽ സംശയം പ്രകടിപ്പിക്കുകയും ന്യൂനപക്ഷ വിരുദ്ധ പ്രലോഭനങ്ങളിൽ താൽപ്പര്യമില്ലാത്തതുമായ വോട്ടർമാർ നിറഞ്ഞ അജ്ഞാത ഭൂമികയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.
കഴിഞ്ഞ പത്തുവർഷം ഭരണ തലപ്പത്തിരുന്നും കർമ്മപദ്ധതികൾകൊണ്ടും കൈവരിച്ച അദ്ദേഹത്തിന്റെ നേട്ടങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിനുപകരം, രാജ്യത്തിനകത്ത് കൂടുതൽ വിദ്വേഷവും ഭിന്നിപ്പും നിറയ്ക്കുന്നതിലേക്ക് മോഡി ഭരണം അധഃപതിച്ചിരിക്കുന്നു. ഇന്ത്യയിലെ ടെലികോം വിപ്ലവത്തിൻ്റെ പിതാവായ സാം പിട്രോഡ, ദക്ഷിണേന്ത്യക്കാരുടെ രൂപം ആഫ്രിക്കൻ വംശജരുമായി താരതമ്യം ചെയ്തുകൊണ്ട് ബഹുസ്വരതയെക്കുറിച്ചുള്ള തൻ്റെ വാദത്തെ ശക്തിപ്പെടുത്തുന്നതിന് നിരുപദ്രവകരമായ പ്രസ്താവന നടത്തി.
വംശീയ വിദ്വേഷമുള്ള വ്യക്തിയല്ല പിത്രോഡ എന്ന് അദ്ദേഹത്തെ അറിയുന്ന ആരും പറയും. സ്വയം ഒരു പിന്നോക്ക ജാതി പശ്ചാത്തലത്തിൽ നിന്ന് വളർന്നു വന്നതുകൊണ്ടുതന്നെ ജാതി വിവേചനത്തിൻ്റെ അളവുകോലുകളെക്കുറിച്ചും രാജ്യത്തുടനീളമുള്ള ആളുകളിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരിക്കും.
പിത്രോഡയുടെ പ്രസ്താവനയെക്കാൾ യഥാർത്ഥത്തിൽ ഞെട്ടൽ ഉളവാക്കിയത്, പ്രധാനമന്ത്രി അത് പൊക്കിപ്പിടിച്ച് വംശീയമായ വിവാദത്തിന് തിരികൊളുത്തിയപ്പോഴാണ്.'ആ അധിക്ഷേപം എന്നെ കോപാകുലനാക്കി' എന്നാണ് പിത്രോഡയുടെ പ്രസ്താവന കേട്ട് മോഡി പറഞ്ഞത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്ന് വന്നതുകൊണ്ടുതന്നെ, ആഫ്രിക്കക്കാരുമായി താരതമ്യപ്പെടുത്തിയതിൽ ദേഷ്യമോ അപമാനമോ ഇല്ലെന്ന് വ്യക്തമായി പ്രസ്താവിക്കാൻ എനിക്ക് കഴിയും. മനസ്സിൽ വെറുപ്പും വിദ്വേഷവും വച്ചുപുലർത്തുന്ന ഒരാളുടെ വീഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്. ദക്ഷിണേന്ത്യക്കാരെ ചില സർക്കിളുകളിൽ 'കാലാ സാലാ മദ്രാസി' എന്നും വടക്കുകിഴക്കൻ ജനതയെ 'ചിങ്കി' എന്നും വിളിക്കുന്നതിനെക്കുറിച്ച് എന്നോട് പലരും പറഞ്ഞതുകേട്ട് നെറ്റി ചുളിഞ്ഞിട്ടുണ്ട്. വടക്കുള്ള ആഫ്രിക്കൻ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന പേരുവിളിക്കുകയും മനുഷ്യത്വരഹിതമായി പെരുമാറുന്നതിന്റെയും കഥകൾ നമുക്കറിയാം. പ്രമുഖ പത്രങ്ങളിലെ മാട്രിമോണിയൽ പരസ്യങ്ങളിൽപോലും തൊലിയുടെ നിറത്തെ അടിസ്ഥാനമാക്കി ആലോചനകൾ ക്ഷണിക്കുന്നതായി കാണാം. കുതിച്ചുയരുന്ന സൗന്ദര്യ വ്യവസായത്തിൽ,ചർമ്മത്തിന്റെ നിറം വർധിപ്പിക്കുന്ന ക്രീമുകളുടെ വില്പനയാണ് വരുമാനത്തിൻ്റെ പ്രാഥമിക സ്രോതസ്. രാജ്യത്ത് ഒരു വിഭാഗം ചർമ്മത്തിൻ്റെ നിറത്തിൽ ഭ്രമിച്ചിരിക്കുന്നു എന്നത് ഇതിൽ നിന്നുതന്നെ വ്യക്തമാണ്.ആഴത്തിൽ വേരൂന്നിയ വംശീയ വിവേചനങ്ങളെ ഉൾക്കൊള്ളുന്നത് അത്തരം മാനസികാവസ്ഥ ഉള്ളവരാണ്. സമീപകാലത്തെ പൊട്ടിത്തെറികൾ ഉണ്ടായതും അതിൽ നിന്നാണ്.
ഞാൻ മുകളിൽ വിവരിച്ചത് പ്രധാനമന്ത്രിയുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അടുത്തിടെ മോഡി മുസ്ലീങ്ങളെ ' നുഴഞ്ഞുകയറ്റക്കാർ' എന്ന് പരാമർശിക്കുകയും, പ്രതിപക്ഷം അധികാരത്തിൽ വന്നാൽ അവർ ഇന്ത്യയുടെ സമ്പത്ത് കവർന്നെടുക്കുമെന്ന് പറയുകയും ചെയ്തിരുന്നു. രാജസ്ഥാനിലെ വോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട്, കൂടുതൽ കുട്ടികളുള്ള ആ നുഴഞ്ഞുകയറ്റക്കാർക്ക്, കോൺഗ്രസ് പാർട്ടി ഇന്ത്യയുടെ സമ്പത്ത് വീതം വയ്ക്കും എന്നാണ് മോഡി പ്രസ്താവിച്ചത്. കൂടാതെ,'അമ്മമാരേ,സഹോദരിമാരേ 'എന്ന് വികാരാർദ്രമായി സംബോധന ചെയ്തുകൊണ്ട് ഹിന്ദുസ്ത്രീകളോട് എതിർ പാർട്ടിക്കാരായ കോൺഗ്രസുകാർ അവരുടെ സ്വർണ്ണം എടുത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്നും മോഡി പറഞ്ഞുധരിപ്പിച്ചു.
ഇന്ത്യയിൽ 200 മില്യൺ മുസ്ലീങ്ങളാണ് താമസിക്കുന്നത്. അവർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, എല്ലാ അർത്ഥത്തിലും രാജ്യത്തെ പൗരന്മാരാണ്. ഒരു പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തെയോ വംശീയ വിഭാഗത്തെയോ സേവിക്കുന്ന വ്യക്തിയല്ല. ജാതി, മതം, ഭാഷ, കുലം, പ്രദേശം എന്നിവയ്ക്ക് അതീതമായി എല്ലാ പൗരന്മാരെയും സേവിക്കുന്നയാളാണ്. ഒരു പ്രധാനമന്ത്രിയിൽ നിന്ന് നമ്മൾ ഇവിടെ സാക്ഷ്യം വഹിക്കുന്നത് ഇന്ത്യയിലെ ജനങ്ങളെ അവഹേളിക്കുന്ന ധിക്കാരപരവും വിഭജിക്കുന്നതുമായ പ്രവണതയാണ്. വിദേശയാത്രയിൽ ഇന്ത്യയെ ജനാധിപത്യത്തിൻ്റെ മാതാവായി വാഴ്ത്തുകയും 'വാസുദൈവ കുടുംബകം' എന്ന തത്ത്വചിന്ത വിളിച്ചോതുകയും ചെയ്തുകൊണ്ട് മോഡി പറഞ്ഞ കാര്യങ്ങൾക്ക് ഘടകവിരുദ്ധമായാണ് അദ്ദേഹത്തിന്റെ പ്രവർത്തികൾ.
മണിപ്പൂരിലെ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ജിപ്‌സിയിൽ അഭയം തേടിയ രണ്ട് കുക്കി-സോമി ക്രിസ്ത്യൻ സ്ത്രീകളെ കാങ്‌പോക്‌പി ജില്ലയിൽ ആയിരത്തോളം വരുന്ന മെയ്തി കലാപകാരികളുടെ മുന്നിലേക്ക് ഇട്ടുകൊടുത്തപ്പോൾ മോഡിക്ക് ദേഷ്യമോ വേദനയോ അനുഭവപ്പെട്ടില്ല.തങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ പോലീസിനോട് കേണപേക്ഷിച്ച ആ സ്ത്രീകളിൽ ഒരാൾ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്റെ പത്നിയാണ്.എന്നാൽ,അവർ ആ അപേക്ഷ നിരസിച്ചു. കഴിഞ്ഞ വർഷം മണിപ്പൂരിൽ 450 ക്രിസ്ത്യൻ പള്ളികളാണ് കത്തി അമരുകയോ നാമാവശേഷം ആവുകയോ ചെയ്തത്. കുക്കി-സോമി ഗോത്രത്തിൽപ്പെട്ടവരെ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് വംശീയമായി ഉന്മൂലനം ചെയ്യുന്നതിന് ബി.ജെ.പി സർക്കാരിൻ്റെ പിന്തുണയോടെ അറമ്പായി തെങ്കോളും മെയ്‌തി ലീപുനും അഴിച്ചുവിട്ട വംശഹത്യയിൽ 219 പേർ കൊല്ലപ്പെട്ടതായാണ് 2024 ഫെബ്രുവരി 28 വരെയുള്ള സർക്കാർ കണക്കുകൾ പറയുന്നത്.
രാജസ്ഥാനിൽ നിന്ന് രണ്ട് പശുക്കളെ ഹരിയാനയിലെ തൻ്റെ ഗ്രാമത്തിലേക്ക് കടത്തിക്കൊണ്ട് പോകുകയായിരുന്ന അക്ബർ എന്ന മുസ്ലീം യുവാവിനെ വിജിലൻസ് സംഘം മൃഗങ്ങളെ കടത്തിയെന്നാരോപിച്ച് സമീപിക്കുകയും മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തപ്പോൾ മോഡിക്ക് ദേഷ്യമോ വേദനയോ തോന്നിയില്ല. 'പിങ്ക് വിപ്ലവ'ത്തിനെതിരായ മോഡിയുടെ വർഷങ്ങളോളം നീണ്ട പ്രചാരണം ഒടുവിൽ അദ്ദേഹത്തിൻ്റെ ഭൂരിപക്ഷ ഭരണത്തിൻ കീഴിൽ ഫലം കണ്ടു. ഗോവധ നിരോധനം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുമ്പോൾ അതിനെ എങ്ങനെ ന്യായീകരിക്കുന്നു എന്നത് വളരെ കൗതുകകരമായിരിക്കും. മതപരമായ ഭിന്നതകൾ മുതലെടുത്ത് മോഡി തൻ്റെ അധികാരം നിലനിർത്താൻ അന്വേഷണ ഏജൻസികളെ ആയുധമാക്കുകയാണെന്നതിൽ സംശയമില്ല. കോടതികളെ തങ്ങളുടെ വശത്താക്കിയും, മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടിയും, പൊതുസമൂഹത്തെ തകർത്തും, നിയമനിർമ്മാണ സഭയെ സൂക്ഷ്മമായ വഴികളിലൂടെ ദുർബലപ്പെടുത്തിയും വ്യവസ്ഥാപിതമായി അധികാരം ഉറപ്പിക്കുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു.ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ ഭൂരിപക്ഷ ഹിന്ദു പ്രത്യയശാസ്ത്രവും പിന്തുണയ്ക്കുന്ന ചട്ടക്കൂടും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള മോഡി`ഭരണകൂടത്തിൻ്റെ അധികാരം പിടിച്ചെടുക്കുന്നതിൻ്റെ മറ്റൊരു ഉദാഹരണമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുനർനിർമ്മാണം. മോഡി പലപ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കുന്നുണ്ടെങ്കിലും, അദ്ദേഹം സ്വന്തമായി ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിച്ചിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് ചക്രം തിരിയുമ്പോൾ, ഇന്ത്യൻ വോട്ടർമാർ അഭിമുഖീകരിക്കുന്ന ചോദ്യം, തങ്ങൾക്ക് യാതൊരു ഗുണവും സംഭാവന ചെയ്യാത്ത ഈ ധ്രുവീകരണ മത സംവാദങ്ങളുടെ ആവശ്യമെന്താണ് എന്നതായിരിക്കും. ഉറപ്പിച്ചുവച്ചിരുന്നതുപോലെ അനായാസമായി ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയിക്കാനാകുമോയെന്ന സംശയം രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വർധിച്ചുവരികയാണ്. എല്ലാ കണ്ണുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലായിരിക്കും. സമൂഹത്തെ വിഭജിക്കുന്ന വിദ്വേഷ പ്രസംഗങ്ങളിലൂടെ ആളുകളെ വഴിതിരിച്ചുവിടുന്ന തന്ത്രങ്ങളിൽ വശംവദരാകരുതെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വോട്ടർമാർക്കുള്ള തന്റെ സന്ദേശത്തിൽ പറഞ്ഞത്.ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ഭാവി തീരുമാനിക്കുമെന്നാണ് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയുടെ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. "കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തിൻ്റെ ആത്മാവിൽ ഏൽപ്പിച്ച മുറിവുകളിൽ നിങ്ങളുടെ വോട്ട് ആകുന്ന ലേപനം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, വിദ്വേഷത്തെ പരാജയപ്പെടുത്തുക. " ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 969 മില്യൺ വോട്ടർമാർ രചിക്കുന്ന ചരിത്രം സൃഷ്ടിക്കുന്ന ആ വിധി ജൂൺ 4 ന് അറിയാം.