'പെരുമാനി' എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ കെട്ടിലും മട്ടിലും വ്യത്യസ്തമായ രൂപഭാവങ്ങളുമായി ജീവിക്കുന്ന കുറേ മനുഷ്യര്‍. കഥ പറയുന്നതിലും പുതുമയാര്‍ന്ന ദൃശ്യാവിഷ്‌ക്കാരത്തിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയചിത്രം എന്ന വിശേഷണവുമായാണ് 'പെരുമാനി' തിയേറ്ററുകളില്‍ മുന്നേറുന്നത്. പെരുമാനിക്കാരുടെ വിശേഷങ്ങളും ഗ്രാമത്തിന്റെ സവിശേഷതകളുമെല്ലാം സിനിമ തുടങ്ങുന്ന ആദ്യ അഞ്ചു മിനിട്ടില്‍ വിവരിക്കുന്നുണ്ട്. ഇതോടെ പ്രേക്ഷകരും മെല്ലെ പെരുമാനിയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങും. ആ ഗ്രാമത്തിലേക്ക്, അവിടുത്തെ നാടന്‍ ചായക്കടയിലേക്കും ചെമ്മണ്ണ് വിരിച്ച നാട്ടുവഴികളിലേക്ക്, പുഴയിലേക്ക്, അവിടുത്തെ കല്യാണ വീട്ടിലേക്ക്, വഴക്കിലേക്ക്, സ്‌നേഹസൗഹാര്‍ദ്ദങ്ങളിലേക്ക് എല്ലാം പ്രേക്ഷകര്‍ എത്തിച്ചേരുന്നു.
ുന്ദരമായ ഒരു ഗ്രാമവും അവിടെ തങ്ങളുടേതായ വിശ്വാസങ്ങളും ഇണക്കങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും സ്‌നേഹവും പരിഭവങ്ങളുമൊക്കെയായി കഴിഞ്ഞിരിരുന്ന കുറേ ആളുകളും.~ഒരു കല്യാണവും അവിടെയുണ്ടാകുന്ന അടിപിടിയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പെരുമാനി. ശാന്തമായിഒരു പുഴ പോലെ ഒഴുകിയിരുന്ന ഗ്രാമത്തെ ചിലര്‍ കുത്തിക്കലക്കാന്‍ ശ്രമിക്കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
പുറംലോകത്തെ കുറിച്ച് അത്രയൊന്നും ഗ്രാഹ്യമില്ലാത്ത സാധാരണക്കാരായ നാട്ടിന്‍പുറത്തുകാരാണ് പെരുമാനിക്കാര്‍. അവര്‍ക്ക് എല്ലാകാര്യത്തിലും തങ്ങളുടേതായ വിശ്വാസമുണ്ട്. വിചിത്ര സ്വഭാവമുള്ളവരാണ് അന്നാട്ടുകാര്‍. ഗ്രാമത്തെ ഒരാപത്തും കൂടാതെ സംരക്ഷിക്കുന്നതും തങ്ങളെ എല്ലാ ആപത്തുകളില്‍ നിന്നു രക്ഷിക്കുന്നതും പെരുമാനി തങ്ങളാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. എന്നാല്‍ ഒരിക്കല്‍ ഗ്രാമത്തിനു പുറത്തു നിന്നും ഒരാള്‍ അവിടേക്കെത്തുന്നു. അറിഞ്ഞോ അറിയാതെയോ ഗ്രാമവാസികള്‍തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ അയാള്‍ കാരണമാകുന്നു. ഈ സാഹചര്യം തങ്ങളുടെ സ്വാര്‍ത്ഥ ലാഭത്തിനായി വിനിയോഗക്കാനും ചിലര്‍ ശ്രമിക്കുന്നതോടെ പെരുമാനിയുടെ കളം മാറുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും നര്‍മ്മ മുഹൂര്‍ത്തങ്ങളുമാണ് പെരുമാനിയില്‍ പറയുന്നത്.
സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ദീപാതോമസ്, ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുജി എന്ന കഥാപാത്രമായാണ് സണ്ണി വെയ്ന്‍ എത്തുന്നത്. നാസര്‍ എന് പുതുമണവാളനായി വിനയ് ഫോര്‍ട്ടും പ്രതിശ്രുത വധുവായി ദീപ തോമസും അബിയായി ലുക്മാന്‍ അവറാനും എത്തുന്നു. ഗ്രാമത്തിലെ വമ്പത്തി റംലയായി രാധികാ രാധാകൃഷ്ണനും എത്തുന്നു. വേഷവിധാനത്തലും പശ്ചാത്തല സംഗീതത്തിലുമടക്കം ആദ്യാവസാനം ചിത്രത്തില്‍പുതുമ കൊണ്ടു വരാന്‍ ശ്രമിച്ചിട്ടുണ്ട്. പെരുമാനിക്കാരുടെ സ്ഥിരം മുടിയും മീശയും സ്വര്‍ണ്ണപ്പല്ലുമൊക്കെയായി വിനയ് ഫോര്‍ട്ട് സ്‌ക്രീനില്‍ വരുമ്പോഴേ പ്രേക്ഷകര്‍ ചിരിക്കാന്‍ തുടങ്ങും. അല്‍പ്പം സംശയരോഗിയായ നാസറിന്റെ ചോദ്യങ്ങളും ചിരിപ്പിക്കാനുള്ള വക നല്‍കുന്നു. ലുക്മാന്റെ അബി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ കയറിക്കൂടും. ബാല്യവും കൗമാരവുമൊന്നും അബിയെ സംബന്ധിച്ച് നല്ല ഓര്‍മ്മകളല്ല. ആരുമില്ലാത്ത ഒരു പാവം നിഷ്‌ക്കളങ്കനായ ചെറുപ്പക്കാരനായി ലുക്മാന്‍ തിളങ്ങി. എന്നാല്‍ സണ്ണി വെയ്ന്‍ അവതരിപ്പിച്ച മുജി എന്ന കഥാപാത്രം അധികം സംഭാഷണങ്ങളൊന്നുമില്ലാതിരുന്നിട്ടും ശക്തമായ വൈകാരിക ഭാവങ്ങള്‍ സമ്മാനിക്കുന്നുണ്ട്. തന്റെ സ്വപ്നങ്ങളും പ്രണയവുമെല്ലാം ഉള്ളില്‍ ഒളിപ്പിച്ച് കുടുംബത്തിനും കൂട്ടുകാര്‍ക്കും വേണ്ടിയാണ് അയാള്‍ ജീവിക്കുന്നത്. റംലയുമായുള്ള അയാളുടെ നിശ്ശബ്ദ പ്രണയം ഒറ്റ നോട്ടത്തില്‍ ഒരു മിന്നലാട്ടം പോലെ അയാളില്‍ മിന്നി മറയുന്നു. അതുപോലെ കല്യാണ വീട്ടിലെ കലഹത്തിലും സണ്ണിവെയ്‌ന്റെ പ്രകടനം മിന്നുന്നതാണ്.
പ്രകടനം കൊമ്ടു മികച്ച നില്‍ക്കുന്ന സ്ത്രീകഥാപാത്രങ്ങളാണ് ദീപ തോമസ് അവതരിപ്പിച്ച ഫാത്തിമയും രാധിക അവതരിപ്പിച്ച റംലയും. തികച്ചും പെരുമാനിക്കാരുടെ എല്ലാ സവിശേഷതകളുമുളള കഥാപാത്രങ്ങളാണ്. അന്നാട്ടിലെ കീഴ് വഴക്കമനുസരിച്ച് സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമില്ലാത്തത് ചിത്രം തുറന്നു കാട്ടുന്നുണ്ട്. പെരുമാനിക്കാര്‍ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വേഷവിധാനങ്ങളും ഹെയര്‍ സ്റ്റൈലുമെല്ലാം വളരെ പുതുമ നിറഞ്ഞതാണ്. ഒരു സാങ്കല്‍പ്പിക ഗ്രാമം രൂപപ്പെടുത്തി വ്യത്യസ്തമായ വേഷവിദാനങ്ങളും രീതി#ികളുമൊക്കെ തികച്ചും ഒട്ടും അന്യമായി തോന്നാതെ അവതരിപ്പിച്ചു കൊണ്ട് സംവിധായകന്‍ മജു ഒരു നല്ല കൈയ്യടി അര്‍ഹിക്കുന്നു.
ഗോപീസുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടുകളും പശ്ചാത്തല സംഗീതവും കഥയോട് ചേര്‍ന്നു നില്‍ക്കുന്നതായി. മുസ്ലിം കഥാപാത്രങ്ങളുടെ ജീവിത പശാത്തലത്തില്‍ പറയുന്ന കഥയില്‍ അതിന് അനുസരിച്ചുള്ള പാട്ടുകളാണ് ചിത്രത്തിലുള്ളത്. കുടുംബത്തിനൊപ്പം ആസ്വദിച്ചു കാമാന്‍ കഴിയുന്ന ചിത്രമാണ് പെരുമാനി.