Image

ഗ്രഹണിപിടിച്ചവള്‍ (ചെറുകഥ: ചിഞ്ചു തോമസ്)

Published on 17 May, 2024
ഗ്രഹണിപിടിച്ചവള്‍ (ചെറുകഥ: ചിഞ്ചു തോമസ്)

അമ്മേ.. വയറ് വേദനിക്കുന്നു.. അവൾ വയർ അമക്കി പിടിച്ച് മുന്നോട്ട് വളഞ്ഞു.
ടാർപ്പയിട്ട് കെട്ടിയ ഒരു മുറിയും അടുക്കളയുമുള്ള വീട്ടിൽ ചോറ്റുപാത്രം നിറയ്ക്കുകയായിരുന്നു അവളുടെ അമ്മ രമണി. കറകൾ കൊണ്ട് വികൃതമായ ചെളി നിറത്തിലുള്ള ഒരു ഷർട്ടും മുഷിഞ്ഞു നാറിയ കൈലിയുമായിരുന്നു അവരുടെ വേഷം. 
എന്താ നിന്റെ വയറുവേദന ഇതുവരെ പോയില്ലേ! നീ കുറച്ചുനേരം കമഴ്ന്നു കിടക്ക്, അമ്മ അലസമായി പറഞ്ഞു.

റോഡിന്റെ അരികിൽ നിന്ന ചീരയാണ് ചോറിന്റെ കൂടെ കഴിക്കാൻ ചോറ്റുപാത്രത്തിൽ നിറയ്ക്കുന്നത്. കള്ളുകുടിയന്മാർ ഛർദ്ധിക്കുകയും മലമൂത്ര വിസർജനം നടത്തുകയും ചെയ്യുന്ന സ്ഥലത്തുനിൽക്കുന്ന ചീരയാണ് രമണി ഒരു വിമുഖതയും കാട്ടാതെ മുറിച്ചുകൊണ്ടുവന്നത്. അതുവെച്ചു ചീരത്തോരനുണ്ടാക്കി. ഓ.. തോരനെന്നു അതിനെ വിളിക്കാൻ കഴിയില്ല. അതിനുവേണ്ടുന്ന തേങ്ങ സവാള മുളക് ഇതൊന്നും ആ കൂട്ടാനിലില്ല. അതിനെ  ചീര അവിച്ചത് എന്ന് പറയേണ്ടിവരും. ചിലർ വയറ്റിലെ തീ അണയ്ക്കാനല്ലേ ഭക്ഷണം കഴിക്കുന്നത്‌. അവർ രുചി നോക്കാറില്ലല്ലോ. ആ ചിലരിൽ രമണിയും പത്തു വയസുള്ള മകളും  ഭർത്താവുമുണ്ട്.

രമണിക്കും ഭർത്താവിനും ആ നാട്ടിലെ പ്രമുഖനായ ഒരു മുതലാളിയുടെ റബ്ബർ എസ്റ്റേറ്റിലാണ് പണി. രാവിലെ അഞ്ചുമണിയാകുമ്പോൾ ഭർത്താവ് റബ്ബർപാൽ എടുത്തുതുടങ്ങും. രമണി എട്ടുമണിയാകുമ്പോഴേക്കും എസ്റ്റേറ്റിൽ എടുത്തു വെച്ചിരിക്കുന്ന പാലിലേക്ക് ഫോർമിക് ആസിഡും വെള്ളവുമൊഴിച്ചു കട്ടപ്പിടിക്കാൻ വെക്കും. എസ്റ്റേറ്റിൽ വേറെയും കുറേ പണിക്കാരുണ്ട്. നേരത്തേ പണി തീർത്തു ഭർത്താവ് കള്ളുഷാപ്പിലേക്കു ഓടിക്കയറും. ബോധം പോകുംവരെ കള്ളുകുടിക്കും. ആടി ആടി വീടെത്തും. അവർക്ക് രണ്ടുപേർക്കും കിട്ടുന്ന പൈസ കള്ളുഷാപ്പിൽ കൊണ്ടുക്കൊടുക്കുകയാണ്. റേഷൻ കിട്ടുന്നതുകൊണ്ട് മൂന്ന് പേരുടെ വയറും ജീവനും കഷ്ടിച്ചു മുന്നോട്ടു പോയി.
പച്ചക്കറിയോ പഴങ്ങളോ വാങ്ങാൻ രൂപ ചോദിച്ചാലോ ഇടിയും ചവിട്ടുമാണ്. മകൾ വളർന്നു വരികയല്ലേ! അവൾക്ക് പോഷകാഹാരം വല്ലതും കൊടുക്കണ്ടേ! രമണി ഭർത്താവിനോട് രൂപ ഇരക്കും. അയാൾ അവളെ അടിച്ചും തൊഴിച്ചും കഴിഞ്ഞ് പോക്കറ്റിൽ എന്തേലുമുണ്ടങ്കിൽ എറിഞ്ഞു കൊടുക്കും. ചില്ലറ പൈസകളാണ്. തറയിൽ വീഴുന്ന പൈസയുടെ മുകളിലേക്ക് രമണി തളർന്നു വീഴും. ആ ചില്ലറയിൽ അവർ ഭക്ഷണത്തിനു രുചി കണ്ടെത്തും.

അന്നേദിവസം ഭക്ഷണം കഴിക്കാൻ റബ്ബർപുരയുടെ  ഒരു മൂലയ്ക്ക് ഇരുന്നുകൊണ്ട് രമണി ചിന്തിച്ചു, ഈ ലോകത്തിന് എന്നെക്കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ? ‘
അവളുടെ കണ്ണുകൾ നിറഞ്ഞു. ഉപകാരമുണ്ടോ? ഇല്ലെങ്കിൽ ഞാൻ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്? കണ്ണിൽ ചൂടു കയറി. കണ്ണുനീർ കുടുകുട ഒഴുകി.
ഉപകാരമുണ്ട്.. എന്റെ മകൾക്ക്.പിന്നെ എസ്റ്റേറ്റ് മുതലാളിക്ക്.. ഞാനൂടെ ചേർന്നല്ലേ ഈ കാണുന്ന ആയിരക്കണക്കിന് റബ്ബർ ഷീറ്റുകൾ ഉണ്ടാക്കുന്നത്. ഞാൻ പാവപ്പെട്ടവളാണെങ്കിലും മുതലാളി പണക്കാരനാകാൻ ഞാനുംകൂടേ കാരണക്കാരിയല്ലേ..
രമണിക്ക് അതോർത്ത് ആശ്വാസമുണ്ടായി. ഉപകാരമുണ്ട്.. അവൾ അവൾക്ക് ഉറപ്പുനൽകി.
ഭക്ഷണംകഴിഞ്ഞു ഒട്ടും താമസിക്കാതെ അവൾ വീട്ടിലേക്കോടി. അക്ഷരാർത്ഥത്തിൽ ഓടി. ഓടുമ്പോൾ അവൾക്ക് കാലചക്രം പിന്നോട്ട് പോകുമ്പോലെ തോന്നും. അതുകൊണ്ട് എന്നും അവൾ ഓടും. കൂടെയോടാൻ അവളുടെ ചേച്ചിമാരും ഉള്ളപോലെ. ഓടിയോടി പള്ളിക്കൂടത്തിൽ എത്തുംപോലെ. അവൾ ഉറക്കെ ചിരിക്കും. അട്ടഹസിക്കും. വഴിയിൽ ആരെയെങ്കിലും കണ്ടാൽ ഓട്ടത്തിന്റെ വേഗത കുറഞ്ഞു കുറഞ്ഞു വേഗത്തിലുള്ള നടത്തമാകും. അട്ടഹാസം മാറി അവരെനോക്കി ശബ്ദമില്ലാതെ പുഞ്ചിരിക്കും. രമണിക്ക് വട്ടാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ. വട്ടില്ല എങ്കിലും ഇങ്ങനെയൊക്കെക്കണ്ടാൽ ആൾക്കാർക്ക് പറഞ്ഞുണ്ടാക്കാൻ എന്തുവേണം!
ഓടി വീട്ടിലെത്തിയപ്പോഴേക്കും അവൾ അണയ്ക്കുന്നുണ്ടായിരുന്നു. ശ്വാസംകിട്ടാതെ  വീട്ടുമുറ്റത്തു മുട്ടുകുത്തി. വായിലൂടെ  ശ്വാസമെടുത്തു ആകാശം നോക്കി കുറച്ചുനേരം മലർന്നുകിടന്നു. 
വീടിന്റെയുള്ളിൽനിന്നും എന്തൊക്കെയോ ശബ്ദങ്ങൾ! ഞരക്കവും മൂളലും മകളുടെ ഇടറിയ ശബ്ദത്തിലുള്ള കരച്ചിലും. രമണിയുടെ ഭർത്താവിന്റെ ശബ്ദവും കേൾക്കുന്നു.. കുറച്ചുംകൂടെ..ഇപ്പോൾ കഴിയും.. അയാൾ പറഞ്ഞു.
രമണിയുടെ നെഞ്ചിൽ തീയാളി.. അവൾ കതകിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി..
എന്റെ മകൾ.. അവൾ വാതിൽ തള്ളിത്തുറന്നു. 
രമണി അവിടെനിന്നും അലറിക്കരഞ്ഞു. പക്ഷേ അയാൾ നിർത്തിയില്ല. ഇറങ്ങിപ്പോ.. അവൾ അലറിവിളിച്ചു. പത്തുവയസ്സുകാരി മകളുടെ മുകളിൽനിന്നും കാമംതീർത്തിട്ടല്ലാതെ അയാളിറങ്ങിയില്ല. ഭിത്തിയിൽ തലയടിച്ചുകൊണ്ട് അറപ്പോടെ ഭൂമി കരിച്ചുകളയുംപോലെ അവൾ നിലവിളിച്ചു. മുണ്ടു തപ്പിയെടുത്തു അയാൾ വീടിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അയാളുടെ കള്ളം രണമി അറിഞ്ഞതിലുള്ള ചളിപ്പോ തെറ്റുചെയ്തതിലുള്ള കുറ്റബോധമോ അയാൾക്കുണ്ടായിരുന്നില്ല. 
മകളെ ഒന്ന് നോക്കാൻപോലും കഴിയാതെ ഒരു ശവം പോലെ തന്റെ മുട്ടുകാൽ ചുറ്റിപ്പിടിച്ച് തല കാൽമുട്ടിൽവെച്ചു അങ്ങനെയിരുന്നു. എങ്ങോട്ടും പോകാനില്ല, ആരോടും ഒന്നും പറയാനില്ല.
രമണിയുടെ മകൾ അവളുടെയടുത്തുവന്നിരുന്നു. ‘ അമ്മ എന്താ ഇങ്ങനെയിരിക്കുന്നത്’, അവൾ ചോദിച്ചു.

രമണി മകളെ തുറിച്ചു നോക്കി. 
മോൾ എന്താ അച്ഛൻ ഉപദ്രവിക്കുന്ന കാര്യം പറയാതിരുന്നത്? 

അച്ഛൻ എന്നെ ഉപദ്രവിച്ചില്ലല്ലോ അമ്മാ..
അച്ഛൻ ഇപ്പോൾ ചെയ്തതെന്താ മോളെ.. ആ കാര്യം മോൾ എന്താ അമ്മയോട് പറയാതിരുന്നത്? 
അത് അച്ഛൻ പറഞ്ഞു ഇത് എല്ലാ അച്ഛന്മാരും മക്കളെ ചെയ്യുന്നതാണെന്ന്.. സ്നേഹം വരുമ്പോൾ ഇങ്ങനെയാണെന്ന്. അച്ഛന് അപ്പോൾ എന്നോട് വലിയ സ്നേഹമാണമ്മേ..അമ്മയോട് പറയല്ലേ എന്ന് പറഞ്ഞ് ചോക്ലേറ്റും തരും. 

അയ്യോ.. എന്റെ കുഞ്ഞിനെ എന്തൊക്കെപ്പറഞ്ഞാ അയാൾ.. നല്ല അച്ഛന്മാരൊന്നും ഇങ്ങനെ ചെയ്യില്ല മോളെ. രമണി മകളെ നെഞ്ചോട് ചേർത്തു പിടിച്ചു. 
ഇല്ല.. ഞാൻ ഇനി എന്റെ മകളെ അയാൾക്ക്‌ കൊടുക്കില്ല. ഒരു ഭ്രാന്തിയെപ്പോലെ രമണി മകളെ നിർത്താതെ ഉമ്മവെച്ചു.

അമ്മാ എനിക്ക് വയറ് വേദനിക്കുന്നു അമ്മാ..

രമണി അവളുടെ വയറ് തടവിനോക്കി. ഒരു വീർപ്പുണ്ട്. അവളുടെ പെറ്റിക്കോട്ട് ഊരിനോക്കി. എല്ലും തോലുമായ ശരീരത്തിൽ  വയറു മാത്രം തള്ളിയിരിക്കുന്നു ഗ്രഹണിപിടിച്ചവളെപ്പോലെ. ‘എന്റെ മകൾക്ക് പോഷകാഹാരക്കുറവാണ്‘, രമണി മകളോട് പറഞ്ഞു. രമണി  ചില്ലറപ്പൈസകൾ പെറുക്കി തന്റെ മുണ്ടിന്റെ തുമ്പിൽ കെട്ടിവെച്ചു. മകളെയുംകൊണ്ട് അവൾ അടുത്തുള്ള  ക്ലിനിക്കിലേക്ക് തിരിച്ചു. 
                                                       -------------------------
ഡോക്ടറേ, എന്റെ മകൾക്കാണ് അസുഖം. വയറ് വേദന.
ഡോക്ടർ മകളുടെ വയറ് ആകെയൊന്നുനോക്കി എന്നിട്ട് രമണിയോട് ചോദിച്ചു, നിങ്ങളുടെ കൂടെ വേറെയാരാണ് വന്നിട്ടുള്ളത്? 

ആരുമില്ല ഡോക്ടർ, ഞങ്ങൾമാത്രമേയുള്ളൂ.
മകളുടെ വയർ പരിശോധിക്കട്ടെ, നിങ്ങൾ പുറത്തു കാത്തിരിക്കൂ.

അൽപ്പം കഴിഞ്ഞു ഡോക്ടർ രമണിയെ വിളിപ്പിച്ചു.

നിങ്ങളുടെ മകൾ ഗർഭിണിയാണ്.

ഗർഭിണിയോ.. അവൾക്ക് പ്രായപൂർത്തിയായിട്ടില്ല ഡോക്ടരേ..

ഉം.. ആരാണ് ഉത്തരവാദി എന്നറിയാമോ നിങ്ങൾക്ക്?

അവളുടെ അച്ഛൻ!
ഇത് ബാലപീഡനമാണ്,  ഞാൻ പോലീസിനെ അറിയിക്കട്ടേ? 

അറിയില്ല ഡോക്ടറേ.

നിങ്ങളുടെ  മകളുടെ ഭാവി! ടിവിക്കാരൊക്കെ അറിയും. വാർത്തയാകും. 

അയ്യോ അത് വേണ്ട.. വേണ്ട 
എനിക്ക് പോലീസിനെ അറിയിക്കാതെ നിവർത്തിയില്ല.
വേണ്ട ഡോക്ടറെ, ഞാൻ കാല് പിടിക്കാം. ആരേം അറിയിക്കരുതേ.. രമണി ഡോക്ടറുടെ കാലിൽ വീണു കരഞ്ഞു.
നമുക്ക് ശരിയാക്കാം, ഡോക്ടർ രമണിയെ എഴുന്നേൽപ്പിച്ചു. അയാൾ  ചിരിച്ചുകൊണ്ട് ഒരു കളിപ്പാട്ടമെടുത്തു മകളുടെ കൈയിൽ കൊടുത്തിട്ടു മോൾ ഇവിടെയിരിക്ക് എന്ന് പറഞ്ഞു. രമണിയുടെ കൈപിടിച്ച് അടുത്ത മുറിയിലേക്ക് കൊണ്ട്പോയി. രമണി ഡോക്ടറെ തള്ളിമാറ്റാൻ ശ്രമിച്ചു എങ്കിലും മകളെപ്പറ്റി ചിന്തിച്ചു. പിന്നെ അവൾ എതിർത്തില്ല. 

കുറച്ചു കഴിഞ്ഞ് മകളുടെ അടുത്തേക്ക് വന്നപ്പോൾ അവൾ സെതസ്ക്കോപ്പിട്ട്  കളിപ്പാട്ടത്തിനെ പരിശോധിക്കുന്നതാണ് രമണി കണ്ടത്. മകളുടെ മുഖത്ത് കളിചിരിയാണ്. 

നീ വിഷമിക്കേണ്ട, നിന്റെ മകളുടെ ഗർഭം ആരുമറിയാതെ അലസിപ്പിച്ചുതരാം. രണ്ടു ദിവസം കഴിഞ്ഞ് എന്റെ ക്ലിനിക്കിലോട്ട് വന്നാൽ മതി. 
രമണിക്ക് എന്തോ വലിത് നേടിയെടുത്ത സന്തോഷം തോന്നി.

വീട്ടിലേക്ക് പോകുംവഴി സെതസ്കോപ്പു കൊണ്ട് സ്വന്തം ഹൃദയമിടിപ്പ് കേട്ടതും പാവയെ പരിശോധിച്ചതും അവിടെയുള്ള മേശയെയും കസേരയെയും പരിശോധിച്ചതും മകൾ വാ തോരാതെ പറഞ്ഞു സന്തോഷിച്ചു.

മോളെ നീ ഒത്തിരി ചിരിക്കാതെ.. ഒത്തിരി ചിരിച്ചാൽ കരച്ചിലാകും പിന്നെ.

അതെന്താ..

അത് അങ്ങനെയാണ്, അമ്മക്ക് ചിരിക്കാൻ ഇപ്പോൾ പേടിയാണ്.

അമ്മേ ആ ഡോക്ടർ എന്താ എന്നെ അകത്തുകൊണ്ടുപോയിട്ട്  അച്ഛൻ ചെയ്യുന്നപോലെ ചെയ്തത്? ഡോക്ടർ അങ്ങനെ ചെയ്തപ്പോൾ ഞാൻ പറഞ്ഞു അച്ഛൻ എന്നെ ഇങ്ങനെ ചെയ്യാറുണ്ട് എന്ന്. നല്ല അച്ഛന്മാർ  ഇങ്ങനെ ചെയ്യില്ലന്ന് അമ്മ പറഞ്ഞിട്ടുണ്ട് എന്നും ഞാൻ പറഞ്ഞു. അപ്പോൾ ഡോക്ടർ പറയുകയാ അച്ഛന്മാർ ചെയ്യാൻ പാടില്ല പക്ഷേ വേറെ ആണുങ്ങൾക്ക് ചെയ്യാമെന്ന്. ഡോക്ടർ വേറെ ആണാണെന്ന്!

ഉം.. രമണി അതുകേട്ടു  മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.

അല്ലെങ്കിലും വീട്ടിലേക്ക് പോയിട്ട് എന്തിനാ..ആരിരിക്കുന്നു.. അവൾ പിറുപിറുത്തു.

മോൾക്ക്‌ അമ്മ കുറേ സെതസ്കോപ്പും കുറേ പാവകളെയും കാണിച്ചു തരട്ടേ? 
പാലത്തിന്റെ അരികിൽനിന്ന് ആഴിയിലേക്ക് നോക്കി രമണി മകളോട് ചോദിച്ചു.
എവിടെ? ഈ കായലിലോ? പോ അമ്മാ.. അവൾ പിന്നെയും ചിരിച്ചു.

അതേ മോളെ.. താഴെച്ചെല്ലുമ്പോൾ  മോൾ വേണ്ടുന്നതേ എടുക്കാവൂ. ബാക്കി അവിടെത്തന്നെ വെച്ചേക്കണം വേറെ കുട്ടികൾക്ക് കളിക്കാൻ. 
അവൾ മകളെ കെട്ടിപ്പിടിച്ചു ചുംബിച്ചു.. മോൾക്ക്‌ അമ്മയെക്കൊണ്ട് പ്രയോജനമുണ്ട് എന്നാ അമ്മ ചിന്തിച്ചത് ഇതുവരെ, എന്തിനാ മോൾക്ക്‌ ഇങ്ങനെയൊരു അമ്മ..

രമണി മകളെയെടുത്തു വെള്ളത്തിലേക്കെറിഞ്ഞു. എന്നിട്ട് രമണിയും കൂടെച്ചാടി. ചാടും വഴി അവൾ ഉറക്കെ ഉറക്കെ ചിരിച്ചു.. 
ഹ ഹ ഹ ഹാ..

Join WhatsApp News
Sudhir Panikkaveetil 2024-05-18 10:50:40
ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ച ഹൃദയസ്പര്ശിയായ ഒരു കഥ. പുരുഷ മേധാവിത്വത്തിന്റെ നിര്ദയ സമീപനങ്ങൾ അച്ഛനിലൂടെ, ഡോക്ടറിലൂടെ വെളിപ്പെടുത്തുന്നുണ്ട്. കുട്ടിയുടെ നിഷ്കളങ്കതയും അച്ഛന്റെ കാപട്യവും അമ്മയുടെ നിസ്സഹായതയും വായനക്കാർക്ക് അനുഭവപ്പെടും വിധം കഥനം ചെയ്തിട്ടുണ്ട്.
Chinchu Thomas 2024-05-19 10:32:30
Geevarghese uncle thanks a lot
Chinchu Thomas 2024-05-19 10:34:40
Sudhir sir, sir വായിച്ച് കമന്റ്‌ ചെയ്യുമ്പോൾ അവാർഡ് കിട്ടിയ പോലെയാ. Thanks a lot sir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക