Image

കാറ്റ് വീശും വഴി ( കാലവർഷം വരുന്നു : പി.സീമ )

Published on 18 May, 2024
കാറ്റ് വീശും വഴി ( കാലവർഷം വരുന്നു : പി.സീമ )

"കാലവർഷം പെയ്യാൻ പോകുവാന്ന് തോന്നണ്‌....അന്നേരം   നിങ്ങള് എന്ത് നോക്കി നടക്കുവാ ഈ  മുറ്റത്ത്? വീട്ടിനകത്തോട്ടു കേറിക്കെ , ഇല്ലേൽ വല്ല മരോം വന്നു തലേൽ വീണു ചാകും "

"അകത്തു കേറി ഇരുന്നാൽ പോയ സാധനം കിട്ടുവോ.? തപ്പി നടക്കുവാ.. കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ..."

"എന്തോന്നാ കാണാതെ പോയേ..?"

"അതിപ്പോ ചോദിച്ചാൽ രണ്ടു കോണകം ഉണ്ടാരുന്നതിൽ ഒന്നേ ഇപ്പൊ ഉള്ളൂ "

"ആണോ എന്നാപ്പിന്നെ പറന്നു പോയായിരിക്കും ഇന്നലത്തെ കാറ്റില് "

"കോണകം മാത്രം അല്ലടീ അത് വിരിച്ചിട്ട അഴയും കാണ്മാനില്ല."

"അതാരാ അഴ കൊണ്ടു പോയത്.?""കാറ്റിനു നല്ല ശക്തി അല്ലാരുന്നോ.. ചിലപ്പോ അതും   പൊട്ടി പറന്നു പോയി കാണും. നിങ്ങൾക്ക് വേറെ ഒരു കോണകം മേടിച്ചാൽ പോരേ.?"

"പോരാ   അത് വിരിക്കാൻ അഴയും  വേണ്ടേ? അല്ലാതെ എങ്ങനെയാ..പിള്ളേരുടെ പ്ലാറ്റിൽ കോണകം വിരിക്കാൻ   പറ്റിയ സ്ഥലം ഇല്ലാഞ്ഞിട്ടല്ലേ ഇങ്ങോട്ട് പോന്നത്. ഇവിടെ വന്നപ്പോ കോണകവും പോയ്‌.. കൂടെ അഴയും പോയി... എന്നാ പറയാനാ "

"എന്നാപ്പിന്നെ ഇങ്ങോട്ട് കേറി പോര് കോണകം കൊണ്ടു അപ്പുറത്ത്  വീട്ടില്  റോസാക്കൊമ്പ് ഒടിയാതെ കെട്ടീട്ടുണ്ട്.. ഞാൻ കണ്ടാരുന്നു... അഴ എതിലെ പോയെന്നു ആർക്കറിയാം..."

"ഹോ ഇതിലും ഭേദം പിള്ളേരുടെ പ്ലാറ്റ് ആയിരുന്നേ.  ഫാൽക്കണി പറന്നു പോകൂല്ലാരുന്നല്ലോ..അന്ന് കോണകം ഒന്ന് പറന്നു പോയെന്നും പറഞ്ഞു 

ഇങ്ങോട്ട് പോരണ്ടാരുന്നു... ഇനീപ്പോ പറഞ്ഞിട്ട് കാര്യോല്ല.. ഞാൻ ആ തയ്യൽ കടയിൽ പോയി ഒരെണ്ണം മേടിക്കട്ടെ. നല്ല പട്ടിന്റെതു ഭഗവാന് സമർപ്പിക്കാൻ കൃഷ്ണൻ നമ്പൂരി തയ്‌പ്പിക്കുന്നുണ്ടാരുന്നു. എനിക്കും വേണം ഒരെണ്ണം "

""മേടിച്ചോ മേടിച്ചോ വയസ്സുകാലത്തു മുണ്ടിന്റെ അടീൽ എന്നാ ഇട്ടാലെന്താ ഉടുത്താലെന്താ ആര് കാണാനാ.. പിന്നെ ഒരു മോഹം തോന്നിയത് സാധിച്ചോ മനുഷ്യന്റെ കാര്യം അല്ലെ എപ്പോ വിളി വരും  വടി ആകും   മൂക്കിൽ പഞ്ഞി വെയ്ക്കും ന്ന് ആരറിഞ്ഞു."

"അതും ശരിയാ ആയുസ്സ് തീർന്നാൽ ആ നിമിഷം പോകും ആൾ . അതിനി ഒരു തേങ്ങ വന്നു തലേൽ വീണാലും മതീല്ലോ."

"അതാ പറഞ്ഞെ അകത്തേക്ക് കേറാൻ... ആ നിൽക്കണ മരം എപ്പോ വീഴും ന്ന് കാറ്റ് വീശണത് പോലിരിക്കും...ജീവിക്കണം ന്ന് മോഹം ഉണ്ടേൽ മതി."

"അതിപ്പോ ജീവിതം തന്നെ അങ്ങനല്ലേ...പൊഴ പോലെ പോകുന്ന വഴി ഒഴുകും .. കാറ്റ്  വീശുന്നിടത്തേക്ക് ചായും.... കവി പാടീട്ടില്ലേ ഇനിയൊരു ജന്മം കൂടി വേണം ന്ന്.. ജീവിച്ചു കൊതി തീർന്നു പോയവർ ആരേലും ഉണ്ടോ ഈ ഭൂമീല്..? തൂങ്ങി ചാകുന്നോനു പോലും കുരുക്ക് മുറുകുമ്പോ ജീവിക്കണം ന്ന് തോന്നും എന്നല്ലേ പറഞ്ഞു കേട്ടത് "

"അതും ശരിയാ...  വാതില് അടച്ചേക്ക് . അപ്പുറത്ത് പോയിരിക്കാം..നിങ്ങള് പറഞ്ഞ പോലെ വയസ്സായാലും നമുക്കും ജീവിക്കാൻ ഒരു കൊതി ഒക്കെയില്ലേ?

നമ്മളും മോഹിച്ചു കൊതി തീരാത്ത മനുഷ്യരല്ലേ?

Join WhatsApp News
Jayan Varghese 2024-05-18 07:12:17
കൊള്ളാം. നല്ല നിലവാരമുള്ള ജീവിത ഗന്ധിയായ എഴുത്ത് അഭിവാദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക