Image

മിന്റി റോസ് ഹാരിയറ്റ് ടബ്മാനായ കഥ  (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 19 - സാംസി കൊടുമണ്‍)

Published on 18 May, 2024
മിന്റി റോസ് ഹാരിയറ്റ് ടബ്മാനായ കഥ  (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 19 - സാംസി കൊടുമണ്‍)

അല്പനേരത്തെ ആലോചനക്കു ശേഷം അവള്‍ പറഞ്ഞു: വില്ല്യംസ്, ഞാന്‍ ജനിച്ച വീട്ടിലേക്കു പോകുകയാണ്. എനിക്കെന്റെ സഹോദരങ്ങളേയും മോചിപ്പിക്കണം.

വില്ല്യം അവളെ ആശങ്കയോടെ നോക്കി. എന്നിട്ട് മെല്ലെ പറഞ്ഞു; “ഹാരിയറ്റ്, നിനക്ക് ഇവിടെനിന്നും പോകാന്‍ പറ്റില്ല. നിന്റെ തലയ്ക്ക് അവര്‍ അറുനൂറു വെള്ളിനാണയം വിലയിട്ടിരിക്കുയാണ്. നിന്നെ പിടിച്ചു കൊടുക്കാന്‍ അവര്‍ സ്ലേവ് ഹണ്ടേഷ്‌സിനെ നിയോഗിച്ചിട്ടുണ്ട്. നിന്റെ രേഖാചിത്രവും പുറത്തുവിട്ടിരിക്കുന്നു. പിന്നെ നിന്നെ തിരിച്ചറിയാനുള്ള അടയാളം നിന്റെ നെറ്റിയിലെ ഈ വലിയ മുറിപ്പാടാണ്. അതു നീ എങ്ങനെ മറയ്ക്കും.”

കോട്ടിന്റെ പോക്കറ്റില്‍ നിന്നും ആരൊ കൊടുത്ത ഒരു കടലാസ് നിവര്‍ത്തി അയാള്‍ അവളെ കാണിച്ചു. ഒരു സ്ത്രിയുടെ രേഖാചിത്രം. നെറ്റിയിലെ പാട് വ്യക്തമാണ്. ആ ചിത്രം ആരുടെതെന്ന് അന്താളിച്ചു നില്‍ക്കെ അയാള്‍ ചോദിച്ചു;

“ഈ ആളിനെ വല്ല പരിചയവും ഉണ്ടോ... ഇതു നീ തന്നെയാണ്.”

അവള്‍ പടം സൂക്ഷിച്ച് നോക്കി അയാളെ ചെറുപുഞ്ചിരിയാല്‍ നോക്കി. സ്വന്തം രൂപം ഇതിനുമുമ്പ് എങ്ങും കണ്ടിട്ടില്ലാത്ത അവള്‍ ഒരു കണ്ണാടിയില്‍ ഇതുവരെ നോക്കിയിട്ടില്ല. ആകെ ഉള്ള ഓര്‍മ്മ നാലോ അഞ്ചോ വയസ്സില്‍ യജമാനന്റെ കുഞ്ഞിനെ നോക്കുന്ന കാലത്ത് ആ വീട്ടിലെ കണ്ണാടിയില്‍ സ്വയം കണ്ട രൂപമാണ്. ഇതു താന്‍ തന്നെയോ അവള്‍ വീണ്ടും സംശയിച്ചു.

“മിഴിച്ചു നോക്കണ്ട ഇതു നീ തന്നെയാണ്.” അയാള്‍ ഉറപ്പിച്ചു പറഞ്ഞു. ആദ്യത്തെ കൗതുകം ഒന്നാറിയപ്പോള്‍ അവള്‍ ഉറപ്പിച്ചു പറഞ്ഞു:

“ഞാന്‍ പോകും എനിക്കെന്തു സംഭവിച്ചാലും സംഭവിക്കട്ടെ... നല്ലവനായ എന്റെ ദൈവം എന്നെ കാക്കും.മുതുകില്‍ ഭാരവും, വായില്‍ പുണ്ണുമായി കഴിയുന്ന എന്റെ സഹോദാങ്ങളുടെ അടിമത്വം കണ്ടില്ലെന്നു നടിക്കാന്‍ എനിക്കു കഴിയില്ല. ഞാന്‍ സ്വാതന്ത്ര്യം എന്തെന്നറിഞ്ഞവളാ... അവരും അതറിയണം. എനിക്കെന്തു സംഭവിച്ചാലും എനിക്കു പോകാതിരിക്കാന്‍ കഴിയില്ല.” അവളുടെ വാക്കുകള്‍ ഉറച്ചതായിരുന്നു.

വില്ലം അവളെ ആവുന്നത്ര നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവള്‍ അവളുടെ തീരുമാനത്തില്‍ ഉറച്ചവളായിരുന്നു. പോകുന്നവഴികളിലെ ഒളിത്താവളങ്ങളേയും, സേഫ് ഹൗസുകളേയും, കാണേണ്ടവരേയും കുറിച്ച് വിസ്തരിച്ചു പറഞ്ഞു. പിടികൊടുക്കാതിരിക്കാന്‍ വില്ല്യമിന്റെകോട്ടും തൊപ്പിയും കൊടുത്തു ആണിനെപ്പോലെ വേഷം ധരിക്കാന്‍ പഠിപ്പിച്ചു. തലയിലെ തൊപ്പി അല്പം മുന്നോട്ടു മറച്ച് മുറുവ് മൂടാന്‍ പറഞ്ഞു. അങ്ങനെ പല വേഷപ്പകര്‍ച്ചകളില്‍ വിമോചകയെ പോകാന്‍ അനുവദിക്കുമ്പോള്‍ ഒരു കരുതല്‍ എന്ന മട്ടില്‍ കയ്യില്‍ ഒരു തോക്ക് പിടിപ്പിച്ചു പറഞ്ഞു; “ആവശ്യമെങ്കില്‍ ഉപയോഗിക്കണം.”ഹാരിയറ്റ് തോക്കിലേക്കും വില്ല്യമിന്റെ കണ്ണുകളിലേക്കും മാറി മാറി നോക്കി അതുവാങ്ങി കോട്ടിന്റെ പോക്കറ്റില്‍ ഇട്ടു.ആ ആയുധം ഒരിക്കലും ഉപയോഗിച്ചിട്ടില്ലെങ്കിലും അതെപ്പോഴും കൂടെയുണ്ടായിരുന്നു.

ഹാരിയറ്റ് മറ്റുള്ളവരുടെ മോചനത്തിനായുള്ള തന്റെ കന്നിയാത്ര ആരംഭിച്ചു. ലേലത്തിനുമുമ്പ് അവിടെ എത്തണം അതായിരുന്നു ആഗ്രഹം. പണ്ട് മൂന്നു മാസം കൊണ്ടു വന്ന വഴികള്‍ ഒരാഴ്ചകൊണ്ട് തിരിച്ചു നടക്കണം. പക്ഷേ വില്ല്യം പെന്‍സല്‍വേനിയയുടെ അതിരോളം പൊട്ടറ്റോ കൊണ്ടുപോകുന്ന ഒരു കുതിരവണ്ടിയില്‍ സഹായിയുടെ വേഷം കെട്ടാന്‍ പറഞ്ഞു. ആണിന്റെ വേഷത്തില്‍ കുതിരവണ്ടിയില്‍ ആരും സംശയിച്ചില്ല. പിന്നെ വില്ല്യം പറഞ്ഞ എളുപ്പവഴികളിലൂടെ രാത്രിയുടെ മറപറ്റിയായി യാത്ര. ഒന്നുരണ്ടു സ്റ്റേഷനുകളില്‍ വിശ്രമിച്ചു. അവിടെനിന്നും അവര്‍ പറഞ്ഞ കുതിരവണ്ടിയില്‍ പൊട്ടറ്റോ ചാക്കുകളുടെ ഇടയില്‍ ഒളിച്ച് കുറെയേറെ ദൂരം പോയി. ബക്കിദൂരമത്രയും തോടുകളും അരുവികളും കടന്ന് ഒളിഞ്ഞും പതുങ്ങിയും നടന്നു. ഒരു സന്ധ്യക്ക് പീടിക്കപ്പെട്ടു എന്നു കരുതി. ഒരു കുതിരക്കാരാന്‍ നേരെ മുന്നില്‍ വന്നു പെട്ടു. അയാള്‍ അ പ്രദേശത്തെ ഓവര്‍സീയര്‍ ആയിരിക്കും . എന്തുചെയ്യണമെന്നറിയാതെ ഒന്നു പരുങ്ങി, പെട്ടന്നുണ്ടായബുദ്ധിയില്‍ മരത്തില്‍ നിന്നും ഒടിഞ്ഞുകിടന്ന ഒരുകമ്പെടുത്ത് ഊന്നി നടക്കാന്‍ പ്രയാസമുള്ളഒരടിമസ്ത്രീയായി. അയാളടുത്തുകൂടെ കടന്നുപോയപ്പോള്‍ ഒരാചാരമെന്നപോലെ എന്തൊക്കയോ ചോദിച്ചു. ചെവികേള്‍ക്കാത്ത ഒരു കിഴവിത്തള്ള അടുത്തുള്ള തോട്ടത്തിലെ സ്ലേവ് ക്യാബിനിലേക്കെന്നു സ്വയം പറഞ്ഞയാള്‍ കുതിരയെ പായിച്ചു. അയാള്‍ പോയി എന്നുറപ്പായപ്പോള്‍ ഒന്നു നിവര്‍ന്നു നിന്നു ചിരിച്ചു. ഹാരിയറ്റിന്റെ കഥയില്‍ ഇങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഞങ്ങള്‍ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്. ഒരു കഥ ഇങ്ങനെയാണ്;

തന്റെ കൂടെയുള്ള പത്തോളം അടിമളെ മോചനവഴിയിലുള്ള സ്റ്റേഷന്‍ ഹൗസിലെ രഹസ്യഅറയില്‍ ആക്കി അവര്‍ക്കു ഭക്ഷണം കൊടുക്കാന്‍ സ്റ്റേഷന്‍ മാസ്റ്ററെ സമീപിച്ചപ്പോഴാണറിയുന്നത്, തങ്ങളുടെ വരവിനെക്കുറിച്ചറിയാമായിരുന്നെങ്കിലും, ആ വീട്ടില്‍ കൗണ്ടിയിലെ ചില ഉദ്ദ്യോഗസ്ഥരും, സ്ലേവ്ഹണ്ടേഴ്‌സും ചേര്‍ന്ന് പരിശോധനക്കു വന്നതിനാല്‍ ഒന്നും കരുതാന്‍ പറ്റിയില്ലന്നറിയുന്നത്. ഏതായാലും തങ്ങള്‍ വരുന്നതിനുമുമ്പേ അവര്‍ പോയല്ലോ എന്ന സമാധനത്തിലായിരുന്നു ആ നല്ല മനുഷ്യന്‍. ''ഹാരിയറ്റ്,ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പറഞ്ഞു വെച്ചിരുന്ന ചിക്കന്‍ ഒരരമൈയിലകലെ ഉള്ള ഫാമിലാണ്. പോയി കൊണ്ടുവന്ന് അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കേണ്ടയിരിക്കുന്നു. ഇങ്ങനെയൊക്കെ പറ്റിയതിന് ഞാന്‍ ക്ഷമചോദിക്കുന്നു.'

'അരുത് ഞങ്ങളുടെ മോചനത്തിനായി ഇത്രയൊക്കെ ചെയ്യുന്ന അങ്ങയുടെ നല്ല മനസ്സില്‍ അങ്ങനെ ഒന്നും തോന്നരുത്. ഇപ്പോള്‍ തന്നെ ഞാന്‍ ചിക്കന്‍ വാങ്ങിവരാം'ഹാരിയറ്റ് ചിക്കന്‍ വാങ്ങി വീടിനോടടുക്കാറായപ്പോള്‍, മൂന്നു പേര്‍ കുതിരപ്പുറത്ത് വരുന്നു. നേരത്തെ പരിശോധനക്കു വന്നവരായിരിക്കാംപിടികിട്ടിപ്പോയി എന്നമട്ടില്‍ അവര്‍ അടുത്തുവരുന്നു. പെട്ടന്ന് കയ്യില്‍ അടുക്കിപ്പിടിച്ചിരുന്ന മൂന്നു കോഴികളുടേയും പിടിയങ്ങവിട്ടു. കോഴി മൂന്നു ദിക്കിലേക്കും ഓടി. ഹാരിയറ്റ് യജമാനനു കറിവെക്കാനുള്ള കോഴികളെ വരീന്‍ എന്നു പറഞ്ഞ് കോഴിയെപ്പിടിക്കാന്‍ കോഴികള്‍ക്കു പിറകെ ഓടി, ഇപ്പം കിട്ടിയെന്ന മട്ടില്‍ തറയില്‍ വീണ് കോഴിയെ തൊടും അപ്പോള്‍ കോഴി വീണ്ടും ഓടും. ഇതു രണ്ടു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ കുതിരപ്പുറത്തുള്ളവര്‍, വിഡ്ഡിപ്പെണ്ണെന്ന് ഉറക്കെപ്പറഞ്ഞ് കുതിരയെ തെളിച്ചുപോയി.ഇതൊക്കെ അവര്‍ തന്നെ പറഞ്ഞ കഥകളായി ഞങ്ങളുടെ ഒക്കെ ചെറുപ്പാത്തില്‍ പറയുമായിരുന്നു.

ഹാരിയറ്റ് സ്വന്തം സഹോദരങ്ങളെ രക്ഷിച്ച കഥയാണല്ലോ പറഞ്ഞുവന്നത്. ലേലദിവസം രാവിലെ വീട്ടില്‍ ചെന്നപ്പോള്‍ അവരെ ലേല സ്ഥലത്തേക്കു കൊണ്ടുപോയി എന്നറിഞ്ഞ്, എങ്ങനെ രക്ഷിക്കും എന്ന ചിന്തയില്‍ അങ്ങോട്ടേക്കു പോയി. പോകുന്ന പോക്കില്‍ വില്ല്യം പറഞ്ഞ ഒന്നുരണ്ടുപേരുകള്‍ ഓര്‍മ്മയില്‍ വന്നു. അവരില്‍ ഒരാള്‍ ഒന്നും അറിയാത്തപോലെ കൂടെക്കൂടി വെറുതെ പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു. ലേലസ്ഥലത്തെത്തുന്നതിനു മുമ്പ് ഹാരിയറ്റിനെ ഒരു ചതിപ്പിന്റെ മറവില്‍ ഒളിപ്പിച്ച് അയാള്‍ ലേലസ്ഥലത്ത് ഒരു ദല്ലാളിനെപ്പോലെ ചമഞ്ഞു. ഹാരിയറ്റിന്റെ സഹോദരങ്ങളുടെ ലേലം കഴിഞ്ഞപ്പോഴേക്കും, ഉച്ചഭക്ഷണം കഴിഞ്ഞ് പേപ്പറുകള്‍ എഴുതാന്‍ മാറ്റിവെച്ച് അവര്‍ പോയി. ഹാരിയറ്റിനെ സഹായിക്കാമെന്നെറ്റയാള്‍ ഈ സമയം ആഫിസില്‍ നിന്നും ഒന്നും അറിയാത്തവനെപ്പോലെ ഇറങ്ങിവന്ന് പൊക്കറ്റില്‍ നിന്നും ഒരു പേപ്പര്‍ കാവല്‍ക്കാരനെ കാണിച്ചു. എഴുത്തും വായനയും അറിയാത്ത അയാള്‍ പേപ്പറിലെ സീലുമാത്രം നോക്കി നേരെന്നു കരുതി അടിമകളെ രണ്ടും അയാള്‍ക്കൊപ്പം വിട്ടു. മാത്രമല്ല ലേലക്കാരോടൊപ്പം അയാളും അവിടൊക്കെ നില്‍ക്കുന്നതവര്‍ കണ്ടതായതിനാല്‍ ഒന്നും സംശയിച്ചില്ല.

ചതിമനസ്സിലാക്കിയപ്പോഴേക്കും ഹാരിയറ്റ് തന്റെ രണ്ടു സഹാദരന്മാരേയും കൂട്ടി ചതുപ്പിലെ പുല്ലുകള്‍ക്കിടയിലൂടെ ഇഴഞ്ഞ് ഒളിസ്ഥലത്തേക്കുമാറി. ഇങ്ങനെ ഒത്തിരി കഥകള്‍ അവരെപ്പറ്റി പ്രചാരത്തിലുണ്ട്. ഒക്കെ അല്പമൊക്കെ കഥകളായി മാറിയിട്ടുണ്ടാകാം എങ്കിലും വസ്തുതകള്‍ ഏറെയുണ്ട്. പതിമൂന്നു തവണ അവര്‍ മോചനയാത്ര നടത്തി എഴുപതില്‍പരം ആളൂകളെ മോചനത്തിന്റെ പാതയില്‍ എത്തിച്ചു എന്നു പറയുന്നു. ചിലരൊക്കെ മുന്നൂറോളം എന്നു പറയുന്നു. പക്ഷേ എണ്ണമല്ല കാര്യം ആ മനസ്സ്. അടിമത്വത്തിന്റെനുകം എന്റെ ജനതയുടെ മുതുകില്‍ നിന്നും മാറണമെന്നവര്‍ കൊതിച്ചു. ഹാരിയറ്റ് പിടികിട്ടാത്തവളായി, മുതലാളിമാരുടെ തലവേദനയായി. ഒരേ വഴിയില്‍ അവര്‍ ഒരിക്കലും യാത്ര ചെയ്തിട്ടില്ല. കെണി മണത്തറിയാന്‍ അവര്‍ക്കു കഴിയുമായിരുന്നു. അവരുടെ തലയ്ക്ക് നല്പതിനായിരം വരെ വില ഉയര്‍ന്നു. അതറിഞ്ഞ അവര്‍ ഒന്നു ചിരിക്ക മാത്രമേ ചെയ്തുള്ളു. നല്പതിനായിരം തലയ്ക്കു വിലയുള്ള ഒരടിമ വേറെ ഉണ്ടായിരുന്നുവോ.. തോട്ടം ഉടമകള്‍ അവരെ എത്രമത്രം ഭയപ്പെട്ടിരുന്നു എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.... 'ഫുജിറ്റീവ് സ്ലേവ് ആക്റ്റ്' നിലവില്‍ വന്നപ്പോള്‍ ഓടിപ്പോയ അടിമകളെ എവിടെ നിന്നും പിടിക്കാനുള്ള അധികാരമായി അതു മാറി. അതു മറികടക്കാനായി ഒളിച്ചോടിയവരില്‍ ഏറെപ്പേരേയും ഹാരിയറ്റും മറ്റും കാനഡയിലേക്കു കടത്തി. അത് ആയിരത്തി എണ്ണുറ്റി അമ്പതിലാണന്നാണോര്‍മ്മ (1850). പതിമൂന്നാമത്ത യാത്ര അപ്പനും അമ്മയ്ക്കും വേണ്ടി മാത്രമായിരുന്നു. അവരെ കാനഡയിലാക്കി ഹാരിയറ്റ് മടങ്ങി. .

ഈ മോചനയാത്രയില്‍ എപ്പോഴെങ്കിലും പിടിക്കപ്പെട്ടിട്ടുണ്ടോ? എപ്പോഴും കയ്യില്‍ കൊണ്ടു നടന്ന തോക്ക് ഒരിയ്ക്കലെങ്കിലും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടോ? ഈ യത്രകളെ വിജയിപ്പിച്ച തന്ത്രങ്ങള്‍ എന്തൊക്കെയായിരുന്നു? ഈ ചോദ്യങ്ങള്‍ ചോദിച്ചവരോട്, അല്പം ആലോചനക്കു ശേഷം ഒന്നു ചിരിക്കും.പല്ലുകളില്ലാത്ത ആ ചിരി ഞാന്‍ എന്റെ ഭാവനയില്‍ കാണുന്നു. അങ്കിള്‍ ടോം അപ്പോള്‍ ഹാരിയറ്റിനൊപ്പം എന്നു തോന്നും. ആ ചിരിയില്‍ അവര്‍ സഹിച്ച എല്ലാ ത്യാഗങ്ങളും ഉണ്ടായിരുന്നു. അവര്‍ പറയുന്നു: സാഹചര്യയങ്ങളെ വിലയിരുത്താനും, അതിനെ അതിവിക്കാനുമുള്ള തീര്‍മാനങ്ങള്‍ എടുക്കാനുമുള്ള കഴിവ്. വേഷപ്പകര്‍ച്ചയും, പതറത്ത മനസ്സും, ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്തമാണന്ന ഉറപ്പ്. ഈ കാര്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉറച്ചാല്‍ പിന്നെ സൂഷ്മ നിരീക്ഷണമാണു വേണ്ടത്. രണ്ടു പ്രാവശ്യം ഒരേവഴിയിലൂടെ നടക്കാതിരിക്കുക. വഴിയിലെ പാര്‍പ്പിടങ്ങളില്‍ നിന്നും അധികം അകലത്തിലല്ലാതെ വഴി കണ്ടെത്തണം. എന്നിട്ടും ഒന്നോ രണ്ടോ അവസരങ്ങളില്‍ തോക്കെടുക്കേണ്ടിവന്നു. അതു ശത്ര്‌വിനു നേരെയല്ല. കൂടെയുണ്ടായിരുന്നവരുടെ ഭയം അവരെ തിരിഞ്ഞോടാന്‍ പ്രേരിപ്പിച്ചപ്പോള്‍ തോക്കുചൂണ്ടി അവരെ ഭയപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. തന്റെ തലയുടെ വിലയെക്കുറിച്ചറിഞ്ഞുകൂടാത്തവര്‍ പിടിക്കപ്പെട്ടാലത്തെ അവസ്ഥ ഓര്‍ത്തിട്ടാണങ്ങനെ വേണ്ടിവന്നത്. പിന്നെ യാത്രയിലെ വലിയ പ്രശ്‌നം കുട്ടികളുമായുള്ള യാത്ര ആയിരുന്നു. കരയുന്ന കുട്ടികളുടെ നേരെ തോക്കു ചൂണ്ടിയിട്ട് കാര്യമില്ലല്ലോ. അപ്പോള്‍ ച്‌ല പച്ചിലകള്‍ പിഴിഞ്ഞ് ഒന്നോരണ്ടോ തുള്ളി അവരുടെ നാക്കില്‍ പുരട്ടും. അവര്‍ മയക്കത്തില്‍ ആകും. അതച്ഛനില്‍ നിന്നും പഠിച്ചതാണ്.

ഹാരിയറ്റിന്റെ പ്രവര്‍ത്തനം തിരിച്ചറിഞ്ഞ വിമോചന പ്രസ്ഥാനക്കാര്‍ അവരെ തേടി വന്നു. അതില്‍ ഹാരിയെറ്റെന്നും വിലമതിച്ചിരുന്ന ഒരാള്‍ ജോണ്‍ ബ്രൗണ്‍ ആയിരുന്നു. സായുധ കലാപം കൊണ്ടുമാത്രമേ മോചനം സാദ്ധ്യമാകു എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്ന ആ അബോളിഷനിസ്റ്റ് ആയിരത്തി എണ്ണുറ്റി അമ്പത്തൊപ്പതിലെ (1859)ഫെറിയാക്രമണത്തിനു മുന്നൊരുക്കം എന്ന പോലെ ഹാരിയറ്റിനേയും അതില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. 'ജനറല്‍ ഹാരിയറ്റ് ടബ്മാന്‍' നിങ്ങള്‍ ഉണ്ടെക്കില്‍ എന്റെ വിജയം ഉറപ്പാണന്നാണ’’് അന്ന് ജോണ്‍ ബ്രൗണ്‍ അങ്ങനെ പറഞ്ഞതായിട്ടാണ് പിന്നീട് രേഖപ്പെടുത്തിയിട്ടുള്ളത്. അവരെ ജനറല്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ജോണ്‍ ബ്രൗണിനെ തൂക്കിക്കൊന്നപ്പോള്‍ ഹാരിയറ്റേറെ വേദനിച്ചു. അസുഖം പിടിച്ച് കിടപ്പായിപ്പോയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ താനും അന്നു കൊല്ലപ്പെടുമായിരുന്നു എന്നവര്‍ പറയാറുണ്ട്. എപ്പോഴും രണ്ടു വെള്ളക്കാരക്കുറിച്ച് അവര്‍ വളരെ അഭിമാനത്തോടും ആദരവോടുമേ സംസാരിക്കു അതില്‍ ഒന്ന് ജോണ്‍ ബ്രൗണ്‍ ആണ്. ലോകത്തിലെ സകലരുടെയും പാപത്തിനായി ക്രൂശിലേറി മരിച്ച ക്രിസ്ത്യുവിനെപ്പോലെ അടിമകളുടെ മോചനത്തിനായി തൂക്കിലേറിയ ജോണ്‍ ബ്രൗന്‍ എന്നും ആദരിക്കപ്പെടേണ്ടവനാണെന്നവര്‍ പറയും. ഒപ്പം അടിമകള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഏബ്രഹാം ലിങ്കനോടും അവര്‍ കടപ്പെട്ടിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തിനു ജീവിയന്‍ ബലികൊടുക്കേണ്ടി വന്നു.

ശരിക്കും പറഞ്ഞാല്‍ ജോണ്‍ ബ്രൗണിന്റെ തൂക്കുമരണം സിവില്‍ വാറിലേക്കു രാജ്യത്തെ നയിച്ചു. രാജ്യം രണ്ടു തട്ടിലായി. അടിമവ്യാപാരം നിലനിര്‍ത്തണമെന്നു വാദിക്കുന്നവരും, നിര്‍ത്തലാക്കണമെന്നു വാദിക്കുന്നവരും തമ്മിലുള്ള ആഭ്യന്തര യുദ്ധമായിരുന്നു സിവില്‍ വാര്‍. ഏബ്രഹാം ലിങ്കണ്‍ അടിമവ്യാപാരത്തിനെതിരായിരുന്നു. അദ്ദേഹം പ്രസിഡന്റായി ഒരു വര്‍ഷത്തിനകം ആഭ്യന്തര കലാപം ഉണ്ടായി.ആ യുദ്ധകാലത്ത്, ധാരാളം അടിമകളെ പട്ടാളത്തില്‍ ചേര്‍ക്കാനും, യുദ്ധത്തിനു ശേഷം അവരുടെ മോചനം ഉറപ്പുവരുത്താനും ഹാരിയറ്റ് മുന്നില്‍ ഉണ്ടായിരുന്നു. യുദ്ധത്തില്‍ അവര്‍ ലിങ്കന്റെ പക്ഷത്തായിരുന്നു. യുദ്ധത്തില്‍ മുറിവേറ്റവരെ സഹായിക്കുന്ന നെഴ്‌സായി, എതിര്‍ച്ചേരിയിലെ യുദ്ധ തന്ത്രങ്ങള്‍ ചോര്‍ത്തിയെടുത്ത് കൊടുക്കുന്ന ഒരു ചാരവനിതയായി . ഒരു കറുത്തവള്‍ക്ക് കിട്ടുന്ന വലിയ അംഗീകാരങ്ങളായിരുന്നത്. അല്ലെങ്കില്‍ ആര്‍മിക്കു വേണ്ടി ജോലിചെയ്യുന്ന ആദ്യത്തെകറുത്തവള്‍ എന്ന ചരിത്രം. അടിമത്വം നിര്‍ത്തലാക്കിയതു സ്വയം കാണാന്‍ കഴിഞ്ഞ ഭാഗ്യവതിയാണവര്‍. എബ്രഹാം ലിങ്കന്റെ സെക്രട്ടറി ന്യുയോര്‍ക്കില്‍ അവര്‍ക്ക് ഏഴേക്കര്‍ സ്ഥലം നല്‍കി അവരെ ആദരിച്ചു. അവിടെ അശരണരായ പ്രായമായവര്‍ക്കുള്ള വീടുകള്‍ വെച്ച്, സ്ത്രീവിമോചനത്തിനായി അവരുടെ ശിഷ്ടജീവിതം മാറ്റിവെച്ചു. ബ്രിട്ടനില്‍ നിന്നും ക്യുന്‍ വിക്ടോറിയ ആദരസൂചകമായി സ്‌കാര്‍ഫ് അവര്‍ക്കുവേണ്ടി ഉണ്ടാക്കി എത്തിച്ചുകൊടുത്തു എന്നുപറഞ്ഞാല്‍ അവര്‍ക്കു കിട്ടിയ ബഹുമതിയുടെ വലുപ്പം നിങ്ങള്‍ക്ക് മനസ്സിലാകുമോ എന്തോ.?അവര്‍ സ്വയം പറയാറുള്ളതെന്താണെന്നു കൂടി ഞാന്‍ പറയാം. ' എന്റെ വണ്ടി ഒരിക്കലും പാളം തെറ്റിയിട്ടുമില്ല, ഒരു യാത്രക്കാരനേയും എനിക്കു നഷ്ടമായിട്ടും ഇല്ല’. അത് അഭിമാനത്തിന്റെ മുദ്രാവാക്യമാണ്. ഞാന്‍ അല്പം വാചാലനായിപ്പോയോ...? അത്രയ്ക്കും അവരെന്റെ മനസ്സിലുണ്ടെന്നു കൂട്ടിക്കോ.


Read: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക