"വൈക്കം ബോട്ട് ജെട്ടിയിലും കായലോരത്തും വലിയ തിരക്ക്. എങ്ങും ബഹളം. മറ്റു വിദ്യാർഥികളൊന്നിച്ച് ഞാനും തിക്കിത്തിരക്കി ജനക്കൂട്ടത്തിന്റെ മുന്നിലെത്തി. ബോട്ടിൽ ഗാന്ധിജിയെ ദൂരെ വെച്ചേ കണ്ടു. ആ അർധ നഗ്നനായ ഫക്കീർ രണ്ടു പല്ലുപോയ മോണ കാണിച്ചു ചിരിച്ചു തൊഴുകയ്യോടെ കരയ്ക്കിറങ്ങി. വല്ലാത്ത ആരവം. തുറന്ന കാറിൽ അദ്ദേഹം മെല്ലെ കയറിയിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കാർ സത്യഗ്രഹാശ്രമത്തിലേക്കു പതുക്കെ നീങ്ങി. വിദ്യാർഥികളിൽ പലരും കാറിന്റെ സൈഡിൽ തൂങ്ങി നിന്നു. അക്കൂട്ടത്തിൽ ഞാനും. ആ ബഹളത്തിനിടയ്ക്ക് എനിക്കൊരാഗ്രഹം. ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്നു തൊടണം. ഒന്നു തൊട്ടില്ലെങ്കിൽ ഞാൻ മരിച്ചു പോകുമെന്നെനിക്കു തോന്നി. ലക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്... ആരെങ്കിലും കണ്ടാലോ..? എനിക്കു ഭയവും പരിഭ്രമവും ഉണ്ടായി. എല്ലാം മറന്നു ഞാൻ ഗാന്ധിജിയുടെ വലതു തോളിൽ പതുക്കെ ഒന്നു തൊട്ടു. ഗാന്ധിജി എന്നെ നോക്കി മന്ദഹസിച്ചു. അന്നു സന്ധ്യയ്ക്കു വീട്ടിൽച്ചെന്ന് അമ്മയോട് അഭിമാനത്തോടെ ഞാൻ പറഞ്ഞു. ‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ടു’." (വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഓർമക്കുറിപ്പ്’ കഥാസമാഹാരത്തിലെ ‘അമ്മ’ എന്ന കഥയിൽനിന്ന്).
കുടുംബത്തിനകത്ത് അമ്മയെ / സ്ത്രീയെ സ്പർശിക്കാതെ കടന്നുപോകുന്ന ഒരു ചെറിയ സംഗതി പോലുമില്ല വൈക്കം മുഹമ്മദ് ബഷീറിന്റെ മുകളിലെ അനുഭവക്കുറിപ്പ് വായിക്കുമ്പോൾ മനസ്സിലാകും.
മനുഷ്യൻ എന്നതിന് സമ്പൂർണ്ണാർത്ഥത്തിലുള്ള ഒരു പര്യായമുണ്ടെങ്കിൽ അത് മാതാവ് എന്നായിരിക്കും. മാനവ കുലത്തെ ഇന്നത്തെ രീതിയിൽ സംസ്ക്കരിച്ചെടുത്തത്തിൽ സ്ത്രീയ്ക്ക് / മാതാവിന് വലിയ പങ്കുണ്ടെന്ന് പഠനങ്ങളിലൂടെ ഗ്രഹിച്ചെടുക്കാനാകും. ഏത് മാനവ സംസ്കൃതിയുടേയും സുസ്ഥിരതയ്ക്കും നിലനിൽപിനും അത്യന്താപേക്ഷിതമാണ് സമാധാനപൂർണ്ണമായ സാഹചര്യം. പുരുഷൻ ആധിപത്യത്തിലും അദ്ധ്വാനത്തിലും അധിനിവേശത്തിലും ശ്രദ്ധ ചെലുത്തിയപ്പോൾ മാനവിക ഉൺമകളിൽ ശ്രദ്ധ ചെലുത്തിയത് സ്ത്രീ സമൂഹമായിരുന്നു. മാനവ സമൂഹത്തിൻ്റെ പ്രഥമ സാമൂഹിക രൂപങ്ങളിൽ ഏറ്റവും പ്രധാനമായത് Hunting and Gathering സമൂഹമാണ്. കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും നിലനിൽപിനായി പുരുഷൻ്റെ കൂടെത്തന്നെ സ്ത്രീ സമൂഹവും അധ്വാനിച്ചും / പ്രയത്നിച്ചും തുടങ്ങിയത് ഇന്നും ഇന്നലേയുമല്ല മറിച്ച് ആദിമ സമൂഹം മുതൽക്കുള്ളതാണത്. അതിനാൽ തന്നെ പുരുഷാധിപത്യം അല്ലങ്കിൽ Patriarchy എന്ന സംജ്ഞക്ക് ആശയപരമായി നിലനിൽക്കാൻ കഴിയില്ല. ലിംഗ വേർത്തിരിവിനും / ലിംഗ വിവേചനത്തിനും അപ്പുറത്തുള്ള തുല്ല്യ നീതി എന്ന ആശയം ഉരിത്തിരിഞ്ഞു വന്നത് ഈ പശ്ചാത്തലത്തിലായിരിക്കാം. തുല്ല്യ ജോലിക്ക് തുല്ല്യ വേതനമെന്നത് നമ്മുടെ മഹത്തായ ഇന്ത്യൻ ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന തൊഴിൽ നിയമത്തി പ്രധാന ഭാഗമാണ്. എന്നിരുന്നാലും നമ്മുടെ കേരള സമൂഹത്തിൽ പോലും നാട്ടുനടപ്പായി നാടൻ തൊഴിലുകൾക്ക് ഉള്ളത് പുരുഷന് ഉയർന്ന കൂലിയും സ്ത്രീയ്ക്ക് അതിലും കുറഞ്ഞ കൂലി എന്ന രീതിയാണ്.
എന്നാൽ ആ രണ്ട് പേർക്ക് വേർതിരിവോടെ ലഭിക്കുന്ന കൂലി / പണം കുടുംബത്തിലെത്തി ജീവിത ചിലവുകൾക്കായി ഉപയോഗപ്പെടുത്തുന്നയിടത്തും ചില മാറ്റങ്ങൾ കാണാൻ കഴിയുന്നു എന്നത് അത്ഭുതകരമാണ്. പുരുഷൻ കിട്ടിയ കൂലിയുമായി മുറുക്കാൻ കടയിലും ബീവറേജിലും മറ്റും കയറിയിറങ്ങി കിട്ടിയ കൂലിയുടെ 50% പോലും കുടുംബത്തിനുപയോഗിക്കാത്ത സാഹചര്യം നിലനിൽക്കുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാൽ കുറഞ്ഞ കൂലി ലഭിച്ച അമ്മ / സ്ത്രീ അവരുടെ കയ്യിൽ കിട്ടിയ പണം അന്യായമായി ചിലവഴിക്കാതെ ആഹാരത്തിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും വേണ്ടി ചിലവഴിക്കുമ്പോൾ ഒരു മഹിത മാനവ സമൂഹത്തെയാണ് അവർ നിർമ്മിച്ചെടുക്കുന്നത്.
"കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ കെട്ടിപ്പിടിക്കാൻ അവകാശമില്ലെ?" ഈ ആഴ്ച്ചയിലെ വിശ്വവിഖ്യതമായ THE NEW YORKER ലെ പ്രധാന ലേഖനങ്ങളിൽ ഒന്നിൻ്റെ തലക്കെട്ടാണിത്. അതിൻ്റെ ഉള്ളടക്കം എന്തായിരിക്കുമെന്ന് തലവാചകം വായിക്കുമ്പോൾ തന്നെ നമുക്ക് ഗ്രഹിക്കാനാകും. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ സാമൂഹിക സ്ഥാപനമായ കുടുംബത്തിനകത്ത് പോലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പ്രശ്നങ്ങളും അവയെ സ്ത്രീ കൈകാര്യം ചെയ്ത് പ്രശ്ന പരിഹാരത്തിലേക്ക് എത്തിക്കുന്നതും ഇന്ന് ഒട്ടും അത്ഭുതമുള്ള കാര്യമല്ല. Duel role നിർവ്വഹിക്കുന്ന സ്ത്രീ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യൻ സമൂഹശാസ്ത്രം വിശദമായി പഠന വിധേയമാക്കുന്നുണ്ട്. അമ്മയായും ഉദ്യോഗസ്ഥയായും വീട്ടിലും തൊഴിലിടത്തിലും Role നിർവ്വഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരിമാരെക്കുറിച്ച് അധികമൊന്നും നാം ആലോചിച്ചിട്ടുണ്ടാകാൻ വഴിയില്ല. അത്രയും അടഞ്ഞ സാമൂഹ്യ വ്യവസ്ഥയിലാണ് നാം ജീവിച്ചു പോന്നത്. പുരുഷ മേധാവിത്വത്തിൻ്റെ ദുർഗന്ധം പേറുന്ന ഒരു മനസ്സും ചിന്താരാഹിത്യവുമാണ് നമ്മുടെ കൈമുതലെങ്കിൽ പല വസ്തുതകളും നാം കാണാതെ പോവാനിടയുണ്ട്.
"ഞാനൊരു 10 വയസ്സുകാരനായിരുന്നപ്പോഴത്തെ ഒരു ദിനം ഇന്നും ഓർക്കുന്നു, ഞാനന്ന് നിൻമടിയിലുറങ്ങി ചേട്ടന്മാർക്കും ചേച്ചിമാർക്കുമസൂയയേകും പോൽ,
അതൊരു പൗർണമി രാവായിരുന്നു, എൻറെ ലോകം നീ മാത്രം അറിഞ്ഞു, അമ്മേ! എന്റെ അമ്മേ!
എന്റെ കാൽമുട്ടുകളിലിറ്റിറ്റു വീഴുന്ന നിൻ കണ്ണുനീർത്തുള്ളികളുമായ് പാതിരാ നേരത്ത് ഞാൻ ഉണർന്നപ്പോൾ
അമ്മേ നിൻ കുഞ്ഞിൻ വേദന നീ അറിഞ്ഞു.
വേദനകളെ തഴുകി നീക്കിയ നിൻ കരുതലാർന്ന കരങ്ങൾ, നിൻ സ്നേഹം നിൻ പരിചരണം, നിൻ വിശ്വാസം, എനിക്ക് ശക്തി നൽകി ഭയലേശമന്യേ ഈ ലോകത്തെ നേരിടാൻ, സർവ്വേശ ശക്തിയാൽ. നാമിനിയും കണ്ടുമുട്ടും എന്റെ അമ്മേ, ആ മഹത്തായ അന്ത്യ വിധി നാളിൽ!
(അഗ്നിച്ചിറകുകൾ - ഡോ. എ.പി.ജെ. അബ്ദുൾ കലാം, എൻ്റെ മാതാപിതാക്കളുടെ സ്മരണയ്ക്ക് - എൻ്റെ അമ്മ).
ഉപരി സൂചിത വരികളിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ കഴിയുന്ന ഒരു കാര്യം കുഞ്ഞുങ്ങൾക്ക് സന്തോഷമോ സന്താപമോ വന്നാൽ പോലും അവർ അത് പങ്കുവെക്കപ്പെടുന്നത് അവരുടെ അമ്മയുമായിട്ടായിരിക്കും. കുടുംബത്തിൻ്റെ ഏത് ചെറിയ കാര്യങ്ങൾ പോലും അവരെ സ്പർശിച്ചായിരിക്കും കടന്നുപോകുന്നത്. കുടുംബവിഷയം ഓഫീസിലും ഓഫീസ് വിഷയം കുടുംബത്തിലും കലരാതെ സൂക്ഷിക്കാൻ ചില്ലറ പരിശ്രമമൊന്നും പേരാ.
അതിനും പുറമെ സഹോദരിമാരനുഭവിക്കുന്ന ജൈവിക വിഷയങ്ങളും നാം മനസ്സിലാക്കാതിരുന്നുകൂടാ. ഈയടുത്ത് ഒരു റീൽ കണ്ടു. അതിൽ ആങ്കർ സ്ത്രീകളോട് ചോദിക്കുന്നുണ്ട്, നിങ്ങൾ ആണായി മാറാൻ അവസരം കിട്ടിയാൽ മാറുമോ എന്ന്. അതിനു മറുപടിയായി ഒരു സഹോദരി ഇങ്ങനെ പറയുന്നു - 'മെൻസസ് സർക്കിളിൻ്റെ ആ സമയം അനുഭവിക്കുന്ന പ്രയാസങ്ങൾ ഒന്ന് കുറഞ്ഞാൽ മതി. ആണായി മാറുകയൊന്നും വേണ്ട. ഇങ്ങനെ പറഞ്ഞറിയിക്കാനാകാത്ത ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന നമ്മുടെ സഹോദരിമാരുടെ / അമ്മമാരുടെ ത്യാഗത്തെയും ആർജ്ജവത്തേയും മനസ്സിലാക്കാൻ ഒരു പുരുഷായുസ്സു കൊണ്ട് സാധിക്കണമെന്നില്ല. വർഷങ്ങളോളം ഡിപ്പാർട്ട്മെൻ്റിൽ സേവനം ചെയ്യുകയും അതിലൂടെ സമൂഹത്തിന് നന്മ ചെയ്യുകയും ചെയ്യുന്ന സഹോദരിമാരുടെ ജീവിതം ദൈവത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ സുകൃതമല്ലാതെ മറ്റൊന്നുമല്ല.