ആക്ഷന്‍, ത്രില്ലര്‍ ചിത്രങ്ങളുടെ തട്ടകത്തു നിന്നും ആട്ജീവിതത്തില്‍ അഭിനയിച്ചതോടെ മണ്ണില്‍ചവിട്ടിയ താരമാണ് പൃഥ്വിരാജ്. ബേസില്‍ ആകട്ടെ, ലളിത സുന്ദരമായ പ്രമേയങ്ങളില്‍ ഫണ്‍ മുവീ ചിത്രങ്ങളിലൂടെ പ്രേക്ഷകനെ നിറയെ ചിരിപ്പിക്കുന്ന താരവും. ഇവര്‍ രണ്ടു പേരും കൂടി ചേര്‍ന്നപ്പോള്‍ ചിരിച്ചു മണ്ണ് കപ്പുന്ന ഒരു മികച്ച കോഡ് എന്റര്‍ടെയ്‌നറാണ് മലയാളി പ്രേക്ഷകര്‍ക്ക് കിട്ടിയത്. ആട് ജീവിതം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം ആയിരം കോടി ക്‌ളബ്ബിലേക്ക് ഓടിക്കയറാന്‍ തയ്യാറെടുക്കുകയാണ് മലയാള സിനിമ. ഏറ്റവുമൊടുവില്‍ ഗുരുവായൂരമ്പല നടയില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു കൊണ്ട് അങ്ങോട്ട് കുതിപ്പു തുടങ്ങി കഴിഞ്ഞു.
ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിലൂടെ ആദ്യന്തം കോമഡിയുടെ വേദിയില്‍ അരങ്ങ് തകര്‍ക്കുകയാണ് പൃഥ്വിരാജ് എന്ന നടന്‍. ആനന്ദും (പൃഥ്വിരാജ്) വിനു രാമചന്ദ്രനും (ബേസില്‍ ജോസഫ്) തമ്മില്‍ വലിയ സൗഹൃദമാണ്. വിവാഹമേ വേണ്ട എന്ന തീരുമാനവുമായി കഴിഞ്ഞിരുന്ന ചെറുപ്പക്കാരനാണ് വിനു. എന്നാല്‍ ആ തീരുമാനത്തില്‍ നിന്നും വിനുവിനെ പിന്തിരിപ്പിക്കാന്‍ ആനന്ദ് ഒരുപാട് തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു. ഒടുവില്‍ ആനന്ദിന്റെ സഹോദരി അഞ്ജലിയും വിനുവുമായുള്ള വിവാഹം തീരുമാനിക്കുന്നു. ഇതോടെ രണ്ടു പേരും ജോലി സ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. എന്നാല്‍ ഈ വിവാഹത്തിന് മുന്‍കൈയെടുത്ത ആനന്ദ് തന്നെ അത് മുടക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ കാരണമെന്താണെന്നുള്ള അന്വേഷണവും അതേ തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് 'ഗുരുവായൂരമ്പലനടയില്‍' മുന്നേറുന്നത്.
ആനന്ദും വിനും തമ്മിലുള്ള സൗഹൃദത്തിന്റെ കരുത്താണ് ചിത്രത്തെ മുന്നോടു നയിക്കുന്നത്. ആദ്യന്തം വിവാഹമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. നായികാ നായകന്‍മാര്‍ മാത്രമല്ല, അവരുടെ വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളുമെല്ലാം തമ്മില്‍ കാണുന്നിടത്ത് പറയുന്നത് കല്യാണ വിശേഷമാണ്. ഒരു വിവാഹ വീട്ടില്‍ എത്തിയ പ്രതീതിയാണ് സിനിമതുടങ്ങി കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. നായികാ കേന്ദ്രീകൃതമായ തന്റെ ആദ്യചിത്രമായ ജയ ജയ ജയഹേയുടെ വഴിയില്‍ നിന്നു മാറി ഫുള്‍ ഫണ്‍ മുവീ എന്ന ട്രാക്കിലേക്ക് സംവിധായകന്‍ വിപിന്‍ദാസ് മാറിയിരിക്കുന്നു. മാത്രവുമല്ല, ഓരോ സീനിലും തമാശകള്‍ നിറച്ച പ്രിയദര്‍ശന്‍ സിനിമകളുടെ കെട്ടും മട്ടും പലയിടത്തും പ്രേക്ഷകന് അനുഭവിച്ചറിയാനാകുന്നുണ്ട്.
ആനന്ദും പൃഥ്വിരാജും തമ്മില്‍ പുതിയൊരു താരജോഡി മലയാള പ്രേക്ഷകന് ലഭിക്കുന്നു എന്ന് അടിവരയിട്ടു പറയുന്ന അനേകം സീനുകള്‍ ചിത്രത്തില്‍ കാണാം. രണ്ടു പേരും കട്ടയ്ക്ക് നില്‍ക്കുന്നുണ്ട്. തഗ് തമാശകള്‍ മാലപ്പടക്കം പോലെ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്നു. തന്റെ പതിവ് വേദിയില്‍നിന്നു മാറി അളിയന്‍ ആനന്ദായി എത്തിയ പൃഥ്വിരാജ് കോമിഡിയില്‍ താന്‍ ഒട്ടും പിന്നിലല്ല എന്നു തെളിയിച്ചിട്ടുണ്ട്. മസില്‍ പിടിത്തം പാടേ മാറ്റി വച്ച് വളരെ ഫ്‌ളക്‌സിബിള്‍ ആയി പൃഥ്വി ഈ കഥാപാത്രം കൈകാര്യം ചെയ്തിട്ടുണ്ട്. ബേസില്‍ വളരെ തന്‍മയത്വത്തോടെ, ആയാസരഹിതമായി വിനു രാമചന്ദ്രനെ അവതരിപ്പിച്ചു. അതിനുള്ള കൈയ്യടി പ്രേക്ഷകരില്‍ നിന്നു കിട്ടുന്നുമുണ്ട്. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, അഖില്‍ കവലിയൂര്‍, സിജു സണ്ണി, യോഗി ബാബു, രേഖ, ഇര്‍ഷാദ്. കോട്ടയം രമേഷ് എന്നിവരും മികച്ച രീതിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.
ദീപു പ്രദീന്റെ തിരക്കഥ, നീരജ് രവിയുടെ ഛായാഗ്രഹണം, ജോണ്‍കുട്ടിയുടെ എഡിറ്റിങ്ങ്, അങ്കിത് മേനോന്റെ സംഗീതം എന്നിവ ചിത്രത്തിന് മുതല്‍ക്കൂട്ടായി. ഒറിജിനല്‍ ഗുരുവായൂരമ്പലത്തിന്റെ അതേ മാതൃകയിലും വലിപ്പത്തിലും സെറ്റൊരുക്കിയ ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു . ശരിക്കും ഒരു കല്യാണവും ആഘോഷവും കണ്ട് തമാശകള്‍ കേട്ട് മനസു നിറഞ്ഞു തിയേറ്റര്‍ വിട്ടു പോരാന്‍ കഴിയുന്ന ഒരു ചിത്രമെന്ന് ഉറപ്പു പറയാം. ആരും മിസ്സ് ചെയ്യരുത്.