Image

ആൽത്തറ (കവിത: വേണുനമ്പ്യാർ)

Published on 19 May, 2024
ആൽത്തറ (കവിത: വേണുനമ്പ്യാർ)

1
മാനത്തെ അരിവാളിനു 
ഉറയില്ല

ഉറയഴിക്കുന്ന പാമ്പിനു
ഒരു മാളമില്ല  തുറയിൽ

തുറ തോറും ചുററുന്നവന് 
പുരയില്ല

പുരയുള്ളവന് പെണ്ണില്ല
പെണ്ണുള്ളവന് മണ്ണില്ല

മണ്ണുള്ളവന് കൂന്താലിയില്ല
കൂന്താലിയുള്ളവന് പണിയില്ല

പണിയുള്ളവന് കുറവ്  കൂലി
കൂലിയുള്ളവന് കൈലിയില്ല

കൈലിക്കാരൻ  തരകനു മടിശ്ശീലയ്ക്കപ്പുറം ഒരു മുറയില്ല

മുറ തെറ്റിയ 
കന്നിപ്പെണ്ണിന് ആരുണ്ട് -
തെണ്ടികൾ?
ഭ്രാന്തന്മാർ?
മദ്യപന്മാർ?
കള്ളസന്ന്യാസികൾ?
 
സ്മാർത്തവിചാരവിധി- കർത്താക്കളല്ലാതെ
തുണയ്ക്കാരുമില്ല.

ആരോരുമില്ലാത്ത 
ഉപേക്ഷിതരുടെ
തറവാട് ആൽത്തറ!


2

ആൽത്തറയെ
പണ്ടൊരിക്കൽ സിദ്ധാർത്ഥനും  
ശരണാഗതിവീടാക്കി.

നിരന്തരസാധനയ്ക്ക് അറുതിയിട്ട്
സിദ്ധാർത്ഥൻ മനോശരീരങ്ങൾ
ഉപേക്ഷിച്ച് വെറുതെ ഇരുന്നപ്പോൾ
ആൽമരത്തിലെ ദേശാടനക്കിളികൾ പരികർമ്മികളായി
നിശ്ശബ്ദത സാധകം ചെയ്തു

ആലൊരു  പച്ചിലകൊട്ടാരം!
തൂണുകളുടെ സ്ഥാനത്ത് വേരുകൾ
വേരുകൾക്കിടയിൽ
നല്ല ഇരുളൻ പൊത്തുകൾ.
കരിയിലകളെ കണ്ട്
പച്ചിലകൾ ചിരിക്കുന്നില്ല
കരയുന്നുമില്ല
കാറ്റ് വീശുമ്പോൾ അവ കാറ്റിനൊത്ത്
ഉദാരമായി നൃത്തം ചെയ്യുന്നു
ഇല പൊഴിയും കാലത്ത്
ആ കാലത്തിന്റെ കല്പന
ശിരസാ വഹിക്കുന്നു

നിർവ്വാണസാധനയുടെ
ഈണവും ഭാവവും നിർമ്മൂകം
സിദ്ധാർത്ഥന്റെ മൌനത്തിനു
പുന്നാരക്കിളികൾ
മദ്ധ്യമത്തിൽ ഈണം പകർന്നു.

നിറശൂന്യതയുടെ
മംഗളമുഹൂർത്തങ്ങൾ
ഋതുകൽപ്പനകൾ പാലിക്കാതെ
അകാലത്ത്  പുഷ്പിച്ച
ചില വനമൊട്ടുകൾ
വിശുദ്ധപരിണാമത്തിന്റെ സൗരഭ്യം പരത്തി.

ഭൂമിയുടെ കാരുണ്യത്തിനും
ആകർഷണപ്പൊരുളിനും
ദിക്കുകളുടെ സാക്ഷീഭാവത്തിനും
നന്ദി!
സിദ്ധാർത്ഥൻ 
നിശ്ചലതയിൽ
നിസ്സംഗതയിൽ
മേഘരൂപനായി
ശ്രീബുദ്ധനായി!

മേഘങ്ങൾ മുറിവേറ്റ കുഞ്ഞാടുകളെപ്പോലെ
ബുദ്ധന്റെ മസൃണമായ
തോളിൽ വിശ്രമിച്ചു.

പരിനിർവ്വാണത്തിന്റെ നിറവിൽ
പാരിജാതം പോലെ 
പൂത്തുലഞ്ഞു വ്യോമമണ്ഡലം.

അവിടെ -
ഒരരിവാൾച്ചന്ദ്രൻ
ഉറയില്ലാതെ

കൂന്താലിമുനയുള്ള
നക്ഷത്രങ്ങൾ നിരവധി

നീലക്കൈലിയുടുത്ത ചക്രവാളം
നക്ഷത്രങ്ങളുടെ ദല്ലാളായി 
ആകാംക്ഷ പൂണ്ടിരിക്കുന്നു,

ചന്ദ്രന്റെ  ശ്രീബുദ്ധന്റെ
മതിപ്പുവിലയറിയാൻ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക