മമ്മൂട്ടിയോടൊപ്പം രണ്ടു സിനിമകളിലെ ( പളുങ്ക് , യുഗപുരുഷൻ ) ഞാൻ അഭിനയിച്ചിട്ടുള്ളുവെങ്കിലും. വളരെ അടുത്തറിയാവുന്ന ഒരു കലാകാരനാണ്. ഒരിക്കൽ ദുൽക്കറിനൊപ്പം സാൻ ഫ്രാൻസിസ്കോയിൽ വന്നപ്പോൾ എന്നെ വിളിച്ചിരുന്നു. സാധാരണ അമേരിക്കയിൽ വരുന്ന നടന്മാരൊന്നും എന്നെ ഇങ്ങോട്ടു വിളിക്കാറില്ല എന്നോർക്കണം. അതും അദ്ദേഹത്തിന്റെ നാട്ടുകാരനും കൂട്ടുകാരനുമായിരുന്ന ചോക്കോട്ടു രാധാകൃഷ്‌ണൻ മുഖാന്തിരമാണ് എന്റെ നമ്പർ കണ്ടുപിടിച്ചത്. രാധാകൃഷ്‌ണൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ ഞാനും പ്രേമയും ഉടൻതന്നെ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ എത്തി. ഒന്നിച്ചു ബ്രയിക്ക്ഫാസ്റ്റ് കഴിച്ചു, ഒരുപാടുന്നേരം അദ്ദേഹവുമൊത്തു ചിലവിഴിച്ചു. ബാപ്പായുടെ കൂട്ടുകാരനോടുള്ള ബഹുമാനംകൊണ്ടാകാം ദുൽക്കർ അന്ന് അധികമൊന്നും സംസാരിച്ചിരുന്നില്ല. ഞങ്ങളൊന്നിച്ച് തെരുവിലൂടെ കുറേനേരം നടന്നത്തിനുശേഷം ലഞ്ചും കഴിഞ്ഞാണ് പിരിഞ്ഞത്. ഒരു സിനിമാക്കാരനല്ലാത്ത യഥാർത്ഥ മമ്മൂട്ടിയെ അന്നാണ് എനിക്കും ശരിക്കും മനസ്സിലായത്.
എന്നെ മാത്രമല്ല, എന്നെപോലെയുള്ള എത്രയോ പുതുമുഖങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരിക്കുന്നു. അന്നൊന്നും ആർക്കുംതോന്നാതിരുന്ന ജാതിചിന്ത
ഇപ്പോഴെവിടുന്നുവന്നു എന്നാണ് എനിക്കുമനസ്സിലാക്കാത്തത്. മലയാളസിനിമയുടെ വെറുമൊരു നടനല്ല മമ്മൂട്ടി എന്ന മമ്മൂക്ക. നല്പതു വർഷത്തോളമായി ഇന്ത്യൻ സിനിമയുടെ അവിഭാജ്യഘടകമാണ്. അദ്ദേഹം ചെയ്യ്തുവെച്ച കഥാപാത്രങ്ങൾ മാത്രം മതി, അതൊക്കെ മനസ്സിലാക്കാൻ. അങ്ങനെയുള്ള ഒരു കലാകാരനെ ഏതാനും സിനിമകളുടെ പേരിലും മതത്തിന്റെപേരിലും തേജോവധം ചെയ്യുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല.
ഇങ്ങനെയുള്ള വിമർശനങ്ങൾ സ്വാഭാവികമാണ്.
ഏതൊരു താരത്തിനും ഉണ്ടാവാം. പണ്ടാരോ പറഞ്ഞതുപോലെ, മാങ്ങയുള്ള മാവിനിട്ടല്ലേ ഏറു കിട്ടുകയുള്ളു!
സിനിമയാണ് പ്രശ്നമെങ്കിൽ, അതിനൊക്കെ ഉത്തരവാദികൾ തിരക്കഥ എഴുതുന്നവരും സംവിധായക്കാരും തന്നെയാണ്. താരങ്ങൾ തിരക്കിനിടയിൽ അതൊന്നും ശ്രദ്ധിക്കാനിടയില്ല. മമ്മൂക്ക അതിനൊക്കെ കൂട്ടുനിൽക്കുന്ന ഒരാളാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.