Image

അബുവിന്‍റെ ലോകം (പി എസ് ജോസഫ്‌ -വാക്കനല്‍)

Published on 20 May, 2024
അബുവിന്‍റെ ലോകം (പി എസ് ജോസഫ്‌ -വാക്കനല്‍)

see also: https://mag.emalayalee.com/magazine/may2024/#page=70

അബു എബ്രാഹമിന്റെ( 1924-2002) അടിയന്തിരാവസ്ഥ കാര്‍ട്ടൂണിനു  അമ്പത് വയസ്സാകുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും .ഒരു പോക്കറ്റ് കാര്‍ട്ടൂണോ എഡിറ്റോറിയല്‍ കാര്‍ട്ടൂണോ പൊതുവേ  ഒരു ദിവസത്തെ ആയുസെ ഉള്ളൂ .പക്ഷേ  അബുവിന്‍റെ  ഓരോ  കാര്‍ട്ടൂണും  ഇന്നും എത്രയോ പ്രസക്തമാണെന്നു ലളിത കലാ അക്കാദമി  കൊച്ചിയില്‍ അടുത്തയിടെ സംഘടിപ്പിച്ച  അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പ്രദര്‍ശനം  വ്യക്തമാക്കി.ഒരു കാലത്ത് ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ആ കാര്‍ട്ടൂണുകള്‍ ജീവനോടെ മുന്നില്‍ നിറഞ്ഞു നിന്നപ്പോള്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ സംഭവബഹുലമായ ആ കാലങ്ങളിലൂടെ മനസ്സ് കടന്നു പോയി .

   ലണ്ടനില്‍ ഒബ്സേര്‍വരിലും (1956-66 ),ഗാര്‍ഡിയനിലും (66 -69) പ്രവര്‍ത്തിച്ച ശേഷം ഇന്ത്യയില്‍ എത്തുന്നതോടെയാണ് അബു എബ്രഹാം നമ്മുടെ സാംസ്കാരിക  ഭാവുകത്വത്തിന്റെ ഭാഗമായത് .ഇന്ദിര അധികാരത്തില്‍ നിറഞ്ഞു നിന്ന കാലത്തായിരുന്നു അത് .ഇന്ത്യ ഒരു രാഷ്ട്രം എന്ന രൂപത്തിലേക്ക് പരിണമിക്കുന്ന കാലഘട്ടം .ഇഷ്ടമാണെങ്കിലും അല്ലെങ്കിലും കാര്ട്ടൂണിസ്റ്റ്കള്‍ക്ക് പേടിക്കാതെ വരയ്ക്കാനും വിമര്‍ശിക്കാനും കഴിഞ്ഞ കാലം കൂടിയായിരുന്നു അത് .അടിയന്തിരാവസ്ഥ അതിനു മാറ്റം വരുത്തി .ഇന്നത്തെ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ട ദശകങ്ങള്‍ കൂടിയായിരുന്നു അതെന്നു അബുവിന്‍റെ വരകളില്‍ തെളിഞ്ഞു കാണാം .

    ഇന്ദിരയുടെ നിലനില്‍പ്പിന്റെ രാഷ്ട്രീയത്തില്‍ സോഷ്യലിസത്തിണോ  സെക്ക്യുലറിസത്തിനോ വലിയ പ്രാധാന്യമില്ല എന്ന് അബു തന്‍റെ കാര്‍ട്ടൂണുകളില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട് .വലിയ തലയെടുപ്പും ആകാരവും സ്വാധീനവുമുള്ള പുരുഷ നേതാക്കളെ നിലക്ക് നിര്‍ത്തുന്ന അവരെ അദ്ദേഹം ചെറുചിരിയോടെ അവതരിപ്പിക്കുന്നുമുണ്ട് .അധികാരത്തിനു വേണ്ടിയുള്ള കടുത്ത പോരാട്ടമാണ് അക്കാലത്തെ കാര്‍ട്ടൂണുകളില്‍ തെളിയുന്നത് .സംഘടനാ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയും ഇന്ദിരയുടെ ഉയര്‍ച്ചയും അബു നോക്കി ക്കാണുന്നു .

    കാര്‍ട്ടൂന്‍ പൊതുവേ ഹൃദ്യവും സരസവും ചിന്തോദ്ദീപകവും ചിരിപ്പിക്കുന്നതുമാകണം .വരകളുടെ വക്രീകരണം തുടങ്ങി പശ്ചാത്തല  സൃഷ്ടി വരെ വളരെ  ശ്രദ്ധിച്ചു ഒരുക്കണം .പിന്നെ ഉദ്ദേശിക്കുന്ന വിഷയത്തിന് അനുസൃതമായ കഥാപാത്രങ്ങള്‍ .നിശിതമായ വാക്കുകള്‍ കൊണ്ടു അതിനു രൂപവും ഭാവം വികാരവും നല്‍കണം .രാഷ്ട്രീയമായ് നിഷ്ണാതനായ ഒരാള്‍ക്കേ അതിനു കഴിയൂ . .ഹ്രസ്വമായി ഒരു കവിത പോലെ ചുരുങ്ങിയ വാക്കുകളില്‍ വലിയ വികാരസാഗരം തന്നെ സൃഷ്ട്ടിക്കാന്‍ കാര്‍ട്ടൂണിനു  കഴിയണം .വരകളിലും വരിയിലും അബു തിളങ്ങുന്നു .അത് മാന്യത അതിലംഘിക്കാറില്ല .ചരിത്രത്തില്‍ വേണ്ട ഇടത്തു നിര്‍ത്തിയാണ് അദ്ദേഹത്തിന്‍റെ ആക്ഷേപഹാസ്യം .കുറിക്ക്  കൊള്ളുന്ന വാക്കുകളാല്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കും .ഒരു പക്ഷെ അന്നത്തെ തലക്കെട്ടുകള്‍ മറന്നാലും  ഒരു വികാരമായി ആ ചിത്രങ്ങളും അടിക്കുറിപ്പും  നില കൊള്ളും .

  സമകാലിക രാഷ്ട്രീയം മാത്രമല്ല അന്തര്‍ദേശീയ വിഷയങ്ങളും അബുവിന്‍റെ വരയില്‍ നിറയുന്നുണ്ട്.ഒരു നഗരത്തെ നശിപ്പിച്ചു നഗരം രക്ഷപെടുത്തുന്ന വിയറ്റ്നാമിലെ അമേരിക്കന്‍ വിമാനപ്പടയും തെരഞ്ഞെടുപ്പു നടത്തില്ല എന്ന് തന്‍റെ വാക്ക് പാലിച്ചു എന്ന് പറയുന്ന ജനറല്‍ സിയയും യു എന്നിലെ കാശ്മീരും റെഗനും  ആ കണ്ണുകളില്‍ കടന്നു വരുന്നുണ്ട് .ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ധര്‍മസങ്കടങ്ങളും .

  ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളെ കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ എത്ര ക്രാന്തദര്‍ശിത്വം ഉള്ളതായിരുന്നു എന്ന് കാണാം ഒരിടത്ത് ഫെഡറലിസ്ത്തിനു വാദിക്കുന്ന സംസ്ഥാനനേതാക്കള്‍ അവരെ സെന്ട്രലിസം എന്ന ഉമ്മാക്കി കാട്ടുന്ന ഇന്ദിര .കാലം മാറിയെങ്കിലും രാഷ്ട്രീയം അങ്ങനെ തന്നെ തുടരുന്നു .ഹെഗ്ടെയും എന്‍ ടി ആറും എം ജി ആറും അങ്ങനെ ദേശീയ കാഴ്ചപ്പാടില്‍ എത്തുന്നു .ഇടക്ക് ഹിന്ദി തമിഴ് ഭായി ഭായിയുമായി ഇന്ദിര കടന്നു വരുന്നുണ്ട് .

    ഇമാമിനെയും ബി ജെപിയെയും ചേര്‍ത്തു പിടിച്ചു ഇ എം എസിനോട് താന്‍ എത്ര സെക്യുലര്‍ ആണെന്ന് അവകാശപ്പെടുന്ന വി പി സിംഗ് കാലാതീതമായ മറ്റൊരു കാര്‍ട്ടൂണ്‍ ആണ് . ഒരു പക്ഷേ വലതു പക്ഷ രാഷ്ട്രീയത്തിന് വഴിമരുന്നിട്ട ആ സംഖ്യം ഇന്ന് ദേശീയ രാഷ്ട്രീയത്തെ തന്നെ മാസ്റ്റി വരച്ചിരിക്കുന്നു .

കാര്‍ട്ടുണില്‍ നമുക്ക് ശക്തമായ ഒരു പാരമ്പര്യമുണ്ട് .ശങ്കേര്‍സ് വീക്ക്ലി തൊട്ടുള്ള ഒരു വലിയ കാലം നമുക്ക് മുന്നിലുണ്ട് .ഇന്നത്‌ ഇ പി ഉണ്ണിയിലൂടെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നു .അടിയന്തിരാവസ്ഥയോടെ വീക്കിലി പൂട്ടിയെങ്കിലും മലയാളി കാര്‍ട്ടൂണിസ്റ്റുകളുടെ ശക്തമായ സാന്നിധ്യം ഇന്നുമുണ്ട് .ഒരു പക്ഷേ പ്രാദേശിക  ഭാഷകളിലും  അവരുടെ സാന്നിധ്യം വലുതാണ്‌ .

    പക്ഷേ അബുവിന്റെ ലോകം ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ബൗദ്ധിക ചരിത്രം കൂടിയാണ് .കാര്‍ട്ടൂണിലെ ഈ ആചാര്യന് ഉചിതമായ ആദരം ആയി ഈ പ്രദര്‍ശനം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക