Image

ഒരു സ്ത്രീയുടെയും  കാക്കയുടെയും കഥ (ജോസഫ്‌  എബ്രഹാം)

Published on 20 May, 2024
ഒരു സ്ത്രീയുടെയും  കാക്കയുടെയും കഥ (ജോസഫ്‌  എബ്രഹാം)

SEE MAGAZINE: https://mag.emalayalee.com/magazine/may2024/#page=21

കഴിഞ്ഞ രണ്ടുമൂന്നു   വൈകുന്നേരങ്ങളിലായി, ‘ഓര്‍മ്മകരടി’യുടെ രൂപങ്ങളുണ്ടാക്കാന്‍ ശ്രെമിച്ചു  കൊണ്ടിരിക്കുകയായിരുന്നു.

എത്ര മെനക്കെട്ടിട്ടും, അലങ്കാരപ്പണികള്‍ ചെയ്തു നോക്കിയിട്ടും കരടികളുടെ മുഖത്ത്  ഓമനത്തം  വരുത്താന്‍ കഴിഞ്ഞില്ല. പേടിപ്പെടുത്തുന്ന ക്രൌര്യമാണ് മുഖത്ത്. തുന്നല്‍പണികളും, ചിത്രപ്പണികളും  മാറ്റിയും മറിച്ചും നോക്കിയെങ്കിലും  കരടികളുടെ  മുഖത്തുള്ള   ക്രൌര്യം  കൂടി വരികയാണ്‌. കുട്ടികള്‍ക്ക്  സമ്മാനമായി  നല്കാന്‍  ഉണ്ടാക്കുന്ന കരടികളുടെ രൂപത്തിനു  സൌമ്യതയും ഓമനത്തവുമില്ലെങ്കില്‍  അവര്‍ക്കതിഷ്ടമാകില്ല.

 കൂടെ ജോലിചെയ്യുന്ന  സാന്‍ഡിയില്‍ നിന്നുമാണ്  ഓര്‍മ്മ കരടികളെക്കുറിച്ച്   ആദ്യം കേള്‍ക്കുന്നത്. കുഞ്ഞുങ്ങളുടെ  ആദ്യകാല വസ്ത്രങ്ങള്‍, മരിച്ചുപോയ മാതാപിതാക്കളുടെ  വസ്ത്രങ്ങള്‍  എന്നിവ ഉപയോഗിച്ച്  ഓമനത്തം തുളുമ്പുന്ന  ചെറിയ കരടികളെ  ഉണ്ടാകുന്ന രീതിയുണ്ടെന്നറിഞ്ഞത്‌ അവള്‍ പറഞ്ഞിട്ടായിരുന്നു. മരണപ്പെട്ടുപോയ  മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും  വിശേഷപ്പെട്ട വസ്ത്രങ്ങളുപയോഗിച്ചു  ഇങ്ങനെ  ഉണ്ടാക്കികൊടുക്കുമ്പോള്‍    ഒരു തലമുറയുടെ ഓര്‍മ്മകള്‍ കൂടി അവര്‍ക്ക്  സമ്മാനിക്കാന്‍ പറ്റുന്നു. മറ്റു പല ജീവികളുടെയും  രൂപങ്ങള്‍  ഉണ്ടാക്കുമെങ്കിലും  കരടി രൂപത്തിനാണു   ഏറെ പ്രചാരം.

തുന്നലിലുള്ള  താല്‍പര്യം കൊണ്ട് ഒരെണ്ണം ഉണ്ടാക്കാന്‍ ശ്രെമിച്ചുനോക്കി. തുണികള്‍ മുറിക്കുന്നതും കൂട്ടി തുന്നുന്നതും ഉള്ളില്‍ പോളിഫൈബര്‍ നിറച്ചു പതുപതുപ്പു ആക്കുന്നതുമെല്ലാം യൂട്യൂബ്  വീഡിയോകളില്‍  നോക്കി പഠിച്ചെടുത്തു.  പുറമെ ചില്ലറ  അലങ്കാരപണികള്‍ കൂടി ചെയ്തപ്പോള്‍  പഴയ ഉടുപ്പുകള്‍  പുതിയ കളിക്കോപ്പുകളായി മാറി. കുട്ടികള്‍ക്ക്  അതിഷ്ട്ടമായി.

പക്ഷെ ഇക്കുറി  ശരിക്കും  മടുത്തു. എത്ര ശ്രമിച്ചിട്ടും    കരടിയുടെ        നിര്‍മ്മാണം ശരിയാകുന്നില്ല. ഇതിനു മുന്‍പ് എത്രയോപേര്‍ക്ക്            ‘ഓര്‍മ്മകരടികളെ’ ഉണ്ടാക്കികൊടുത്തിരിക്കുന്നു. ‘ജാനകി  ഉണ്ടാക്കുന്ന കരടികള്‍ വളരെ ക്യൂട്ട്’  എന്നാണ്  എല്ലാവരും പറയുക. പക്ഷെ സ്വന്തം അച്ഛനെക്കുറിച്ചുള്ള  ഓര്‍മകള്‍ തുന്നുമ്പോള്‍ അവ വികൃതമായി പോകുന്നത്  എന്തുകൊണ്ടാണ്?

അച്ഛന്‍റെ മുറിയിലെ  അലമാര തുറന്നു നോക്കിയപ്പോളതില്‍  കണ്ട, കോട്ട് കയ്യിലെടുത്ത് നോക്കിയപ്പോള്‍  അമ്മ പറഞ്ഞു.

“നിന്‍റെ അടുക്കല്‍ വരുമ്പോള്‍  ഇടാനെന്നു പറഞ്ഞു തയ്പ്പിച്ചു  വച്ചതാണു. അതിനൊട്ടു യോഗം ഉണ്ടായില്ല അച്ഛന്.”

അതുപറയുമ്പോള്‍ അമ്മയുടെ കണ്ണിലെ കരച്ചില്‍ നിലച്ചിട്ടുണ്ടായിരുന്നില്ല.

കോട്ട്  കയ്യിലെടുത്തു മുഖത്തോടു ചേര്‍ത്തു മണപ്പിച്ചു നോക്കി.

പുതിയ വസ്ത്രത്തിന്‍റെ മണം അപ്പോഴും  അതിനുണ്ടായിരുന്നു.

പുത്തന്‍മണമുള്ള  ഉടുപ്പിടാനായി കൊതിച്ചിരുന്ന  ഒരു കാലമുണ്ടായിരുന്നു.

 പക്ഷെ എപ്പോഴും  കിട്ടിയിരുന്നത്  തന്നെക്കാള്‍ രണ്ടു വയസു മൂത്ത ചേച്ചിയുടെ  ഉപയോഗിച്ച വസ്ത്രങ്ങള്‍ മാത്രം

“അവള്‍ക്കു എവിടെപ്പോകാനാണ്  പുത്തന്‍ ഉടുപ്പ്?.

സ്കൂളില്‍ പോകാന്‍ യൂണിഫോറം  അല്ലെ വേണ്ടൂ. അതെത്രയാ  മൂത്തോള്‍ക്ക് കേറാത്തത് ഇവിടെ കിടക്കണതു. വെറുതെ എന്തിനാ കാശു കളയുന്നത്” 

വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഒന്നുമില്ല, പക്ഷെ  പുതിയൊരു  ഉടുപ്പ്  ചോദിച്ചാല്‍ അതായിരുന്നു  അച്ഛന്‍റെ  തീര്‍പ്പ്.

ശരിയായിരുന്നു  താന്‍ എവിടെപ്പോകാനായിരുന്നു?

സ്കൂള്‍, അതു കഴിഞ്ഞാല്‍ വീട്‌  അതായിരുന്നല്ലോ  തന്‍റെ ലോകം.

പുറത്തെവിടെയെങ്കിലും പോകുമ്പോഴോ  കല്യാണങ്ങള്‍ക്ക് പോകുമ്പഴോ,  നിറമുള്ള ഉടുപ്പീടീച്ചു അണിയിച്ചൊരുക്കി കൂട്ടിനായി അമ്മ കൊണ്ടുപോകാറുണ്ടായിരുന്നത്   ചേച്ചിയെ ആയിരുന്നു.

 വെളുത്തു സുന്ദരിയായ ആ മകളെ കൂടെ കൊണ്ടുപോകുന്നതില്‍  അമ്മയ്ക്ക് അഭിമാനം.

ആളൊഴിഞ്ഞ വീടിന്‍റെ കോലായിലെ നടയില്‍ തനിയെ കൊത്തന്‍ കല്ലുകളിച്ചും, മുറ്റത്തെ മണ്ണില്‍ വരച്ച കളത്തില്‍ ഒറ്റയ്ക്ക്  കക്കുകളിച്ചും  താന്‍ സമയം പോക്കി.

പുത്തന്‍ പുസ്തകങ്ങളുടെയും പുതിയ ഉടുപ്പിന്‍റെയും മണങ്ങളോടുതന്നെ ഇഷ്ട്ടക്കേടായി. 

കുഞ്ഞിലെ തന്നെ ജീവിതത്തിന്‍റെ പുത്തന്‍ കെട്ടുപോയതോടെ   ഏകാന്തതയിലേക്ക് പിന്‍വലിഞ്ഞു,

 പിന്നെ പിന്നെ   കൂട്ട്  ഏകാന്തതയോട് മാത്രമായി.

ഉമ്മറത്ത്  ആരുടെയെങ്കിലും   നിഴല്‍  കണ്ടാല്‍  കാലുകള്‍ അറിയാതെ ഉള്ളിലേക്ക് പിന്‍വലിയുക പതിവായി. മുഷിഞ്ഞ ചുവരുകള്‍ക്കുള്ളില്‍  ഇരുണ്ടനിറമാര്‍ന്നതായി  ജീവിതം.

ഇപ്പോഴും  തനിക്കു  ‘ഇന്‍ഫീരിയോരിറ്റി  കോംപ്ലെക്സ്’ അന്നെന്ന്  പറഞ്ഞുകൊണ്ട് സഹപ്രവര്‍ത്തകര്‍   കളിയാക്കും.

“നീ എന്താ ആലോചിക്കുന്നത്”

  അമ്മയുടെ  ചോദ്യം ചിന്തകള്‍ക്ക്  അര്‍ദ്ധവിരാമമിട്ടു

“ ഒന്നുമല്ല,

“ഏതായാലും  അച്ഛന്‍  ഈ കോട്ട് വാങ്ങിയത്  എന്‍റെ അടുക്കല്‍ വരാന്‍ വേണ്ടിയല്ലേ, എന്നാല്‍ ഞാനിതു കൊണ്ടുപോയാലോ  എന്നാലോചിക്കുവായിരുന്നു”

അങ്ങിനെയൊരു കള്ളമാണ്  അപ്പോള്‍ വായില്‍ വന്നത്

“അത് നന്നായി”

അമ്മ പറഞ്ഞു.

നാട്ടില്‍  എത്തിയിട്ട്  അപ്പോള്‍ ഒരു മാസത്തിലധികമായിരുന്നു. ഇനി ലീവില്ല തിരിച്ചുപോയേ  പറ്റൂ.  അതുകൊണ്ട്  സഞ്ചയനം വരെ കാത്തുനിന്നില്ല.

“മോളെ അവിടെ   കാക്കളില്ലേ ?”

“ ഉണ്ടല്ലോ. എന്താമ്മേ ചോദിച്ചത് “

“അല്ല നീ പോവാണല്ലോ.

“അവിടെ ചെന്നാലും  അച്ഛനു ബലിയിടാന്‍ പറ്റുമോന്നു  അറിയാന്‍ ചോദിച്ചതാണ്”

“ഉം.. അതൊക്കെ  ചെയ്യാമ്മേ”

 അമ്മയെ  വിഷമിപ്പിക്കാതിരിക്കാന്‍  വീണ്ടും ഒരു കള്ളം കൂടി.

തിരിച്ചു കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കിവെച്ചു കഴിഞ്ഞപ്പോള്‍  ആശ്വാസമായി.

 പുറത്തിറങ്ങി  തെക്കേ തൊടിയിലേക്ക്‌ നോക്കി.

പുതുമണ്ണ്പുതച്ച  കുടീരത്തിനടിയില്‍  അച്ഛന്‍  ഉറങ്ങുന്നു.

ഇനി അച്ഛന്‍  ഇല്ലാത്ത വീട്‌.

 ഓര്‍ത്തപ്പോള്‍  വിഷമത്തേക്കാള്‍ കൂടുതല്‍ ആശ്വാസമാണ്  തോന്നിയത്.

കാലുകളില്‍ നിന്നും ബാല്യത്തിലെ കുരുങ്ങിയ ഒരു ചങ്ങലക്കെട്ട്  അഴിഞ്ഞു വീണ ലാഘവം തോന്നി. 

ഇനി എത്ര പ്രാവശ്യം കൂടി  ഈ മണ്ണിലേക്ക്   മടങ്ങി വരും?

അമ്മയുടെ കാലം കഴിയുന്നത്‌ വരെ?.

അതു കഴിഞ്ഞാല്‍ പിന്നെ  ഒരു വരവ്  ഉണ്ടാവില്ല. കുട്ടികള്‍ക്ക്  ആര്‍ക്കും നാട്ടില്‍ വരാന്‍  താല്പര്യവുമില്ല.

അതോര്‍ക്കുമ്പോള്‍ മനസിനു ഒരു വിഷമം തോന്നും.

പക്ഷെ എന്തിനു വ്യസനിക്കേണ്ടൂ?,

ആയുസങ്ങിനെ പതിയെ ഒടുങ്ങി തീരേണ്ടതല്ലേ?

 അതെവിടെയായാലും   ഒരുപോലെ.

അമ്മ എന്ന കണ്ണികൂടി ഇല്ലായിരുന്നെങ്കില്‍,

ഒരു പക്ഷെ  തിരികെയുള്ള യാത്രകള്‍  തീരെ ഉണ്ടാകുമായിരുന്നില്ല.

ജാനകി,

 ജനകന്‍റെ മകളോ,  അതോ  പകുതി ബ്രാഹ്മണനും പാതി രാക്ഷസനുമായ  രാവണ പുത്രിയോ?

 ഇതിഹാസങ്ങളില്‍ ബാക്കിയായ അതേ ചോദ്യം  പലപ്പോഴും സ്വയം  ചോദിച്ചു നോക്കി.

 അച്ഛന്‍റെ  മുന്‍പില്‍പെടുംമ്പോഴെല്ലാം  വേട്ടമൃഗത്തിന്‍റെ     മുമ്പിലകപ്പെട്ട   ഇരയുടെ വെപ്രാളമായിരുന്നു.

എന്തെങ്കിലും കാര്യവുമായി ബന്ധപ്പെട്ടു അച്ഛന്‍ യാത്ര പോവുകയും വീട്ടില്‍ വരാതിരിക്കുകയും ചെയ്യുന്ന ദിവസങ്ങളായിരുന്നു  ജീവിതത്തിലെ  ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങള്‍.

അച്ഛന്‍ ഒരിക്കലെങ്കിലും തന്നെനോക്കി ചിരിക്കുകയോ  കൊഞ്ചിക്കുകയോ ചെയ്തിട്ടുണ്ടോ?

 ഉണ്ടായിരിക്കാം  പക്ഷെ ഓര്‍മ്മയില്‍  അങ്ങിനെയൊന്നുമില്ല.

 ജോലികിട്ടി  നാടുവിട്ടു  വര്‍ഷങ്ങള്‍ കഴിഞ്ഞു അവധിക്കു  തിരികെ എത്തിയ ദിവസം. കോലായിലെ കസാലയില്‍  ഇരുന്നുകൊണ്ട്  അച്ഛന്‍ തന്നെ നോക്കി ആദ്യമായി ചിരിച്ചു.

പക്ഷെ  ആ ചിരിയില്‍  വിവസ്ത്രയെന്നപോലെ  താന്‍   ഉരുകിപ്പോയി. രാവണന്‍റെ ചിരിയുടെ മുന്‍പില്‍ ജാനകിഎന്നപോല്‍ വിളറി.

ചിരിക്കുന്ന അച്ഛന്റെ മുഖം എനിക്ക്  പരിചയമില്ല.

ഒരു വിടന്‍റെ   ചിരിയുടെ മുന്‍പില്‍  എന്നപോലെ ചൂളി വല്ലാതായി.  അച്ഛന്‍റെ ഗൌരവമാര്‍ന്ന മുഖമായിരുന്നെങ്കില്‍   അലട്ടുമായിരുന്നില്ല.

‘അച്ഛന് സുഖമല്ലേ’

മുഖത്ത് നോക്കിയായിരുന്നില്ല ആ ചോദ്യം പോലും.

മറുപടി കാത്തുനില്‍ക്കാതെ അമ്മയുടെ മറവില്‍ തിടുക്കപ്പെട്ടു  അകത്തേക്ക്  കയറി. അവധി കഴിഞ്ഞു പോരും വരെ ഒറ്റയ്ക്ക്  അച്ഛന്‍റെ  കണ്‍വെട്ടത്തുപെടാതെ  കഴിഞ്ഞു. 

അച്ഛന്‍ വീട്ടിലേക്കുള്ള വഴി മറന്നു തുടങ്ങിയപ്പോഴാണ്  അച്ഛന്‍റെ         ഓര്‍മ്മകള്‍ വിടപറഞ്ഞുവെന്നു മനസ്സിലായത്. ഒന്നുരണ്ടു വട്ടം വീട്ടിലേക്കുള്ള  വഴിയേതെന്നറിയാതെ കുഴങ്ങിപ്പോയ അച്ഛനെ പരിചയക്കാര്‍ വീട്ടില്‍ കൊണ്ടുവന്നാക്കുകയായിരുന്നു.

എപ്പോഴും തേച്ചുമിനുക്കി വടിപോലാക്കിയ ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു വൃത്തിയായി നടന്നിരുന്ന  നാരായണന്‍  മാഷ് മുണ്ടുടുക്കണ വിധം പോലും മറന്നുവെന്ന്  ആളുകള്‍ പറഞ്ഞു.

ഓര്‍മ്മകള്‍ ഉള്ളപ്പോഴും, അച്ഛന്‍ വീട്ടിലേക്കുള്ള  വഴിമറക്കാറുണ്ടായിരുന്നുവെന്ന് പറഞ്ഞു കൊണ്ട്  അച്ഛനെ പ്രാകുന്ന അമ്മയെ കണ്ടാണ്‌ വളര്‍ന്നത്‌.

“ആണുങ്ങള്‍  ആയാല്‍  അതൊക്കെ,  ഉണ്ടാവും,  നീ അതും പറഞ്ഞു  വലിയ പുകിലൊന്നും  ഉണ്ടാക്കണ്ട”

അച്ഛമ്മ എന്നും  അച്ഛന്‍റെ  പക്ഷത്തായിരുന്നു.

ഓര്‍മ്മകള്‍ അച്ഛനെ തോല്‍പ്പിച്ചപ്പോഴാണ്, അച്ഛന്‍  എന്നെ  ഓര്‍മ്മിക്കാന്‍ തുടങ്ങിയത്.

അക്കുറി നാട്ടില്‍ എത്തിയപ്പോള്‍ അച്ഛന്‍ എന്‍റെ  പേരുചൊല്ലി വിളിക്കുകയും,  മോളെ എന്നു വിളിക്കുകയും ചെയ്തു. അതുവരെ  എപ്പോഴെങ്കിലും  അച്ഛന്‍  എന്നെ പേര് ചൊല്ലി വിളിക്കുകയോ,  മോളെ എന്നു വിളിക്കുകയോ ചെയ്തിട്ടുണ്ടോന്നു ഓര്‍ക്കുന്നുപോലുമില്ല. എന്നും അച്ഛനെ ഭയമായിരുന്നു. മുന്‍പില്‍ പെട്ടാല്‍ പേടിച്ചു വീര്‍പ്പുമുട്ടിയാവും നില്‍ക്കുക. അച്ഛന്റെ മുമ്പില്‍പെടാതിരിക്കാന്‍ കഴിവതും  ശ്രമിക്കുമായിരുന്നു.

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലമായിരിക്കണമത്. സ്കൂള്‍ വിട്ടുപോരുമ്പോള്‍, വഴിയരികിലുള്ള  ആറുമുഖം അണ്ണാച്ചിയുടെ   കടയില്‍ തൂക്കിയിട്ടിരിക്കുന്ന പച്ച നിറത്തിലുള്ള  പ്ലാസ്റ്റിക്‌  കളിപ്പാട്ട കാറിലേക്ക്  എന്നും ഒരു ഏഴ് വയസുകാരിയുടെ കണ്ണുകള്‍ ചെന്നെത്തുമായിരുന്നു. ക്ലാസിലെ  ചില കുട്ടികള്‍ക്കു  അത്തരം കളിപ്പാട്ടങ്ങളുണ്ട് അവര്‍  അതൊക്കെക്കൊണ്ട്   കളിക്കുന്നത്  കാണുമ്പോള്‍  കൊതിവരുമായിരുന്നു.

“അമ്മേ എനിക്കൊരു കാറു വാങ്ങിച്ചു  തരാമോ” 

“പോടീ അസത്തെ,  നിനക്കിനി അതിന്‍റെ കുറവ് കൂടിയേയുള്ളൂ” 

അമ്മ ശകാരിച്ചു.

അമ്മയുടെ  വഴക്ക് കേട്ടപ്പോള്‍ സങ്കടം വന്നു. കരച്ചില്‍ കണ്ടപ്പോള്‍ 

“നിന്‍റെ  അച്ഛന്‍ വരുമ്പോള്‍  ചോദിക്ക്”

എന്നും പറഞ്ഞു അമ്മ വീണ്ടും ഒച്ചയിട്ടു.

 അച്ഛനോട്  ചോദിക്കുയെന്നതു   ചിന്തിക്കാനാവില്ലായിരുന്നു.

“അമ്മേ,  അമ്മയൊന്നു  അച്ഛനോട്  പറഞ്ഞു വാങ്ങിത്താ”

ഞാന്‍  കെഞ്ചി

“പോടീ പെണ്ണെ, മര്യാദയ്ക്ക് ചെലയ്ക്കാണ്ടിരുന്നോ”

അമ്മ വീണ്ടും വഴക്ക് പറഞ്ഞു.

എന്‍റെ   സങ്കടമിരട്ടിച്ചു.

അച്ഛന്‍ വൈകിട്ട് വന്നപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട്‌  ഇരിക്കുന്നത് കണ്ടു ചോദിച്ചു

“എന്താടി, ഇവള്‍ നായ മോങ്ങുമ്പോലെ കരഞ്ഞോണ്ടിരിക്കുന്നത് ?”

“ആ.., എനിക്കറിയില്ല  അവളോടു തന്നെ  ചോദിക്ക്” 

അമ്മ അകത്തുനിന്നും  വിളിച്ചു പറഞ്ഞു

“ഉം.  എന്താടീ  മോങ്ങണത് ?”

അച്ഛന്‍  മുരണ്ടു.

ഞാന്‍  പേടിയോടെ  കരച്ചില്‍ നിര്‍ത്തി.

“അച്ഛാ, അവള്‍ക്കു തമിഴന്‍റെ പീടിയേന്നു  കാറു വാങ്ങിച്ചു കൊടുക്കാന്‍ വേണ്ടിയാ.  വാങ്ങിച്ചു കൊടുക്കരുത്   അച്ഛാ, അവള്‍ക്കു  വെറുതെ സ്കൂളില്‍ കൊണ്ടുപോയി   കുട്ടികളുടെ മുമ്പില്‍ കേമത്തരം കാട്ടാനാണ്”

എന്‍റെ  അടുത്ത് നിന്നു കൊണ്ട്  ചേച്ചി അച്ഛനോട് പറഞ്ഞു. അതുകേട്ടു  ദേഷ്യം വന്നപ്പോള്‍  അവളുടെ കാലില്‍  ഒരു നുള്ള് കൊടുത്തു

“അയ്യോ അച്ഛാ ഇവളെന്നെ നുള്ളിയെ”

എന്നു പറഞ്ഞവള്‍ കരഞ്ഞു

“എന്താടി അസത്തെ നീ കാണിച്ചത്‌”  

അച്ഛന്‍  കോപിച്ചു.

പൂച്ചയെ കഴുത്തില്‍  പിടിച്ചു തൂക്കിയെറിയും പോലെ, നിലത്തു കുത്തിയിരിക്കുകയായിരുന്ന എന്‍റെ കയ്യില്‍ തൂക്കി പൊക്കിയെടുത്ത്  മുറ്റത്തേക്ക്  ഒരേറായിരുന്നു. പൂച്ചയെപ്പോലെ  നാലുകാലില്‍ കുത്തി മുറ്റത്തെ ചരലില്‍ വീണു. കൈകളിലെയും  കാല്‍മുട്ടിലെയും തോലുരഞ്ഞു  ചോരവന്നു.

 മുറ്റത്തിരുന്നു ഞാന്‍  ഉറക്കെ കരഞ്ഞുവെങ്കിലും  ആരും തിരിഞ്ഞു നോക്കിയില്ല.  അമ്മയെ വിളിച്ചു കരഞ്ഞെങ്കിലും  അമ്മപോലും  തിരിഞ്ഞു നോക്കിയില്ല. മൂവന്തിക്ക്‌  കരഞ്ഞു നെലോളിക്കുന്നത്  അശ്രീകരമെന്നു  പറഞ്ഞുകൊണ്ട്  അകത്തെ മുറിയിലിരുന്നു  അച്ഛമ്മ ഉറക്കെ ശകാരിച്ചു. 

അതിനുശേഷം  അച്ഛനോടോ  അമ്മയോടോ എന്തെങ്കിലും ചോദിയ്ക്കാന്‍  ധൈര്യം ഉണ്ടായിട്ടില്ല. 

എന്തിനായിരുന്നു അച്ഛന്‍  എന്നോട്  ഇഷ്ട്ടക്കേട്‌  കാണിച്ചിരുന്നത്? അച്ഛനും  അമ്മയും ആഗ്രഹിക്കാത്ത ജന്മമായിരുന്നുവോ തന്‍റെ? അറിയില്ല. ആലോചിച്ചു നോക്കിയാല്‍  പലതും  തോന്നും.

ഓര്‍മ്മകള്‍ വിടപറഞ്ഞു പോയപ്പോള്‍, വിശപ്പായിരുന്നു  അച്ഛനെ  അലട്ടിയത്.

തിന്നത് മറന്നു പോകുന്നു.   ഒന്നും തിന്നാന്‍ കിട്ടിയില്ലെന്ന പരാതിയുമായി  അച്ഛന്‍  നടന്നു.

 അച്ഛന്റെ  വീടിരിക്കുന്ന  വളപ്പില്‍ തന്നെയാണ്  എന്‍റെ വീടും. അവധിക്കാലത്ത്‌ അടിച്ചുതുടച്ചതില്‍ കുറച്ചുകാലം.

ഞാന്‍ പടിയിറങ്ങിയാല്‍ മാറാലമൂടി വീട്‌ വീണ്ടും അനാഥമാകും.

 വാതില്‍ അടച്ചുപൂട്ടി പടിയിറങ്ങുമ്പോള്‍  വീടിന്റെ ആത്മാവ് എന്നെനോക്കി കണ്ണുനീര്‍ വാര്‍ക്കും. തൊടിയിലെ പച്ചപ്പെല്ലാം സങ്കടത്താല്‍ തലതാഴ്ത്തിനില്‍ക്കും. ഇതെല്ലാം കാണുമ്പോള്‍  എന്‍റെ കണ്ണുകളും നിറഞ്ഞുവരും.

പുറത്തേക്കുള്ള  വഴികളോ, പുറത്തൊരു ലോകമുണ്ടെന്ന കാര്യമോ തന്നെ അച്ഛന്‍ മറന്നു പോയിരുന്നു.

 നാടൊട്ടുക്കും  പാഞ്ഞു നടന്നിരുന്ന അച്ഛന്റെ സഞ്ചാരപദം ഒരു വളപ്പിലെ രണ്ടു വീടുകള്‍ക്കിടയിലായി  ചുരുങ്ങി.

“എന്താ നിങ്ങള്‍ക്ക്  വേണ്ടത് ?”  

വാതില്ക്കല്‍  നിന്നുകൊണ്ട്  പിടലി ഒരു വശത്തേക്ക്  ചെരിച്ച്  അടുക്കളയിലേക്ക് നോക്കി നില്‍ക്കുന്ന അച്ഛനോട്  ഞാന്‍  കളിയായി ചോദിച്ചു

“മോളെ  വിശക്കുന്നു”

“ഇതുവരെ  ആരും ഒന്നും തന്നില്ലേ?” 

“ഇല്ല” 

അല്പം മുന്‍പ്  അച്ഛന്‍  ചോറ് കഴിക്കുന്നതു ഞാന്‍ കണ്ടിരുന്നു  പക്ഷെ  അച്ഛന്‍ അതെല്ലാം മറന്നിരിക്കുന്നു

“ശരി എന്താ വേണ്ടത്"

“ചോറും മീന്‍ കൂട്ടാനും  തരിന്‍”

കുറച്ചു ചോറും മീന്‍ കൂട്ടാനും ഒരു പ്ലേറ്റില്‍ കൊടുത്തു. അച്ഛന്‍ കൊതിയോടെ  അതു പെട്ടന്ന് തിന്നു തീര്‍ത്തിട്ടു എണീറ്റു.

“കൈ കഴുകീട്ടു പോകിന്‍”

 അച്ഛന്‍  അപ്പോളേക്കും  പോയിക്കഴിഞ്ഞിരുന്നു.

ഓര്‍മ്മകള്‍  ഇല്ലാത്ത അച്ഛന്‍ എന്നെ ഭയപ്പെടുത്തിയില്ല, അതെന്‍റെ    അച്ഛനെന്നു  തോന്നിയതുമില്ല.

പിന്നെത്തെക്കുറി നാട്ടില്‍ ചെന്നപ്പോള്‍  അച്ഛന്‍ കിടപ്പിലായിരുന്നു. ആരെയും തിരിച്ചറിഞ്ഞില്ല. എങ്കിലും  ഓര്‍മ്മകളില്‍  അച്ഛന്‍ എന്നെ എടുത്തെറിഞ്ഞുകൊണ്ടിരുന്നു. 

അച്ഛന്‍  മരിച്ച ശേഷമാണ്  ഞാന്‍  കാക്കകളെ   ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

 അമ്മയോട്  കാക്കകള്‍  ഉണ്ടെന്നു  പറഞ്ഞെങ്കിലും തിരികെ വീട്ടില്‍  എത്തിയപ്പോള്‍   വലിയ സംശയമായി.

 കാക്കയെപ്പോലെയുള്ള  രണ്ടിനം പക്ഷികളുണ്ട്, കാക്കയും  റേവന്‍  എന്ന പക്ഷിയും  രണ്ടും ഒരേ കുടുംബത്തില്‍പ്പെട്ടവര്‍,  തിരിച്ചറിയാന്‍ പ്രയാസം. നാട്ടിലെ പോലെ വീട്ടുമുറ്റത്തെ മരങ്ങളില്‍ വന്നിരുന്നു കരഞ്ഞു വിളിക്കുന്ന കാക്കകളെ  കാണാറില്ല. അപൂര്‍വ്വം ചിലപ്പോള്‍ വല്ല കാക്കയും  വന്നിരുന്നു  പറന്നു പോകുന്നത് കാണാം. അവയ്ക്കിടയില്‍ മറ്റുള്ളവയില്‍ നിന്നും വിത്യാസമുള്ള ഒരു കാക്ക. ഇടയ്ക്കിടെ മുറ്റത്തെ മള്‍ബറിമരത്തില്‍ വന്നിരിക്കുന്നത് കാണാന്‍  തുടങ്ങി. മൂത്ത് പഴുത്തു, കറുപ്പ് നിറത്തില്‍ ധാരാളം മള്‍ബറി പഴങ്ങളുള്ള  മരത്തില്‍  ഇടയ്ക്കിടെ അണ്ണാനെയും ചില ചെറിയ പക്ഷികളെയുമാണ് സാധാരണയായി കാണാറുണ്ടായിരുന്നത്.

നല്ല കറുപ്പല്ല, മുഷിഞ്ഞ കറുപ്പ് നിറം. 

ഒറ്റയ്ക്ക്,  മറ്റു കാക്കകളുമായി  കൂട്ട് കൂടാതെയാണ്  അതിന്‍റെ  ഇരിപ്പ്. അതിന്‍റെ കണ്ണുകളില്‍ കാലുഷ്യമോ കൌശലമോയില്ല കരുണയും ദീനദയയും നിറഞ്ഞു നിന്നിരുന്നു.

 പുറത്തിറങ്ങി നിന്നാല്‍ ചെറുതായി കരഞ്ഞുകൊണ്ട് എന്‍റെ  ശ്രദ്ധയാകര്‍ഷിക്കും.  മരത്തിന്‍റെ കൊമ്പിലിരുന്നു അടുക്കളയുടെ വാതില്‍ക്കലേക്കു  കഴുത്തുചെരിച്ചു നോക്കും. തൊടിയില്‍ നിന്നും   അതൊന്നും കൊത്തി  തിന്നുന്നുമില്ല, മുറ്റത്തിന്‍റെ പരിസരത്തു നിന്ന് എങ്ങും പോകുന്നുമില്ല.

കുറച്ചു  ചോറും മീന്‍ കറിയും ഒരു പാത്രത്തില്‍ വച്ചു കൊടുത്തു.

കാക്ക താഴേക്ക്‌  പറന്നിറങ്ങി  എല്ലാം കൊത്തി തിന്നു. പിന്നെ അവിടെ നിന്നും പറന്നു പോയി.

അടുത്ത ദിവസങ്ങളില്‍   വീണ്ടും വന്നു.

 ആത്മാക്കള്‍ കാക്കകളായി വരുമെന്ന് വിശ്വാസം എനിക്കില്ലെങ്കിലും  ആ കാക്കയില്‍ എന്തോ ഒരു പ്രത്യേകത   തോന്നി തുടങ്ങി. പിന്നീട്  തീറ്റകൊടുക്കുന്നത്  കോലായിലേക്ക് മാറ്റി. അപ്പോഴും കാക്ക ഭയമില്ലാതെ കോലായില്‍ വന്നിരുന്നു കൊത്തിപ്പെറുക്കി.

ഞാന്‍ കാക്കയ്ക്ക് തീറ്റകൊടുക്കന്നതു അയല്‍വാസിയായ കാതറീന്‍  സംശയത്തോടെ നോക്കുന്നത് കാണാമായിരുന്നു. അവരുടെ  കഥകളില്‍   ദുര്‍മന്ത്രവാദിനികളാണ്  കാക്കയുമായി  ചങ്ങാത്തം  കൂടുന്നതു. മന്ത്ര വാദിനികളുടെ തോളില്‍ എപ്പോഴും അവരുടെ ചങ്ങാതി കാക്കകള്‍  ഇരിക്കുന്നുണ്ടാകും.

സന്യാസികളുടെയും മന്ത്രവാദികളുടെയും  നാടായ ഇന്ത്യയില്‍ നിന്നും വന്ന  തനിക്കു മന്ത്രവാദം  അറിയാമെന്നു അവള്‍ കരുതിയിരിക്കാം. ഇന്ത്യാക്കാരുടെ  കാറുകളുടെ  ഉള്ളില്‍ വച്ചിരിക്കുന്ന  വിഗ്രഹങ്ങളെയും, പുറമെ കെട്ടിയിരിക്കുന്ന ചരടുകളും ശീലകളും  പലരും കൌതുകപൂര്‍വവും തെല്ലൊരു ഭയത്തോടും കൂടിയും  നോക്കുന്നത്  കണ്ടിട്ടുണ്ട്.

അന്നു  അച്ഛന്‍  മരിച്ചിട്ട് നാല്പത്തിയൊന്നു ദിവസമായിരുന്നു.

മുറ്റത്തെ മള്‍ബറിയില്‍ ഇരുന്നുകൊണ്ട്  കാക്ക  കരഞ്ഞു.  ഞാന്‍ വാതില്‍തുറന്ന് വരുന്നത്   കാക്ക  പിടലി ചെരിച്ചു   നോക്കികൊണ്ടിരുന്നു. ചോറും മീന്‍ കറിയും ഒരു  പാത്രത്തില്‍ വിളമ്പി, ഒരു കപ്പില്‍ വെള്ളവും കൂടി കോലായില്‍ എടുത്തു  വച്ചിട്ട്  പറഞ്ഞു.

“പോകരുത് കേട്ടോ. ഇന്നു അച്ഛന്റെ ശ്രാദ്ധമല്ലേ, ഞാന്‍ പായസം ഉണ്ടാക്കിയിട്ടുണ്ട്, ഇപ്പോള്‍ എടുത്തു വരാം”

പായസം  എടുക്കാനായി  ഞാന്‍ നടക്കുമ്പോള്‍  മള്‍ബറിക്കൊമ്പില്‍ നിന്നും  കാക്ക  കോലായിലേക്ക്   കയറുന്നത് കണ്ടു. അപ്പോളതിന്‍റെ   ചുവടുകള്‍  ഒരു കാക്കയുടെതു പോലെയായിരുന്നില്ല.  ഒരാള്‍  നടന്നു കയറുന്നതുപോലായിരുന്നു.

പിറ്റേ ആഴ്ചയിലെ  അവധി ദിനത്തില്‍,  കരടിയുടെ  രൂപം ഉണ്ടാക്കിയതെടുത്തു തുന്നല്‍ വിടുവിച്ചു,  തുണി കഷണങ്ങള്‍  വേര്‍തിരിച്ചു മേശയുടെ മുകളില്‍  കുടഞ്ഞിട്ടു.  അതുകൊണ്ട് ഇനിയെന്തു  ചെയ്യുമെന്ന്  ആലോചിച്ചിരുന്നു.

 അപ്പോഴാണ്  തൊടിയിലെ മള്‍ബറി മരത്തില്‍ ചില്ലയിലെ  അനക്കം ജനലിലൂടെ  കണ്ടത്.

 കൈകളും  തുന്നല്‍ മെഷീനും വേഗത്തില്‍  ചലിച്ചു.

അവസാന മിനുക്കുപണി ചെയ്തപ്പോള്‍, രൂപത്തിന്‍റെ  കണ്ണുകളില്‍ ദീനാനുകമ്പ മിഴിവായി വന്നപ്പോള്‍,  നിറഞ്ഞ   സംതൃപ്തിയായി.  അതിലേക്കു  നോക്കി  കുറെ നേരമിരുന്നു.  എന്തെന്നറിയാതെ  കണ്ണുകള്‍ നിറഞ്ഞൊഴുകി.

“വൌവ്   അമ്മ  മെയ്‌ഡ  എ  ബ്യൂട്ടിഫുള്‍   റേവന്‍”

താന്‍  ഉണ്ടാക്കിയ രൂപം കണ്ട മക്കള്‍  സന്തോഷത്തോടെ വിളിച്ചു പറഞ്ഞു

“അല്ല മക്കളെ  ഇത്  ഒരു വെറും കാക്കയുടെ രൂപമല്ല.    നിങ്ങളുടെ  ഗ്രാന്പയുടെ   ഓര്‍മ്മയാണ്.”

അപ്പോള്‍ മള്‍ബറിയുടെ  കൊമ്പില്‍  നിന്നും  അക്ഷമയോടെ  ‘കാ. കാ’  എന്നൊരു  ഓര്‍മ്മപ്പെടുത്തല്‍ കേട്ടൂ

 കുറച്ചു  ചോറും മീന്‍കറിയും  എടുത്തു ഒരു തളികയില്‍ വച്ചു. കാക്ക പറന്നിറങ്ങി  ചോറും കൂട്ടാനും  കൊത്തി തിന്നാന്‍  തുടങ്ങി.

“പോകരുത് കേട്ടോ, ഇന്നു  വിശേഷമുണ്ട്‌. മോളുടെ നാള്‍ പിറന്നാളാണ്. സേമിയാ പായസം വച്ചിട്ടുണ്ട് . ഞാന്‍ അതും കൂടെ കൊണ്ടു വരാം.”

 എന്താണ് പറയുന്നതെന്ന്  കാക്ക കഴുത്തുചെരിച്ച് കേട്ടൂ.  പിന്നെ വീണ്ടു കൊത്തി പെറുക്കാന്‍   തുടങ്ങി

ഞാന്‍ കാക്കയോടു  വര്‍ത്താനം പറഞ്ഞുകൊണ്ട്  അകത്തേക്ക് പോകുന്നതു കണ്ട  കാതറീന്‍   അവളുടെ ജനല്‍ പാളി വലിച്ചടച്ചു.  അതു  കണ്ടപ്പോള്‍  എന്‍റെയുള്ളില്‍  ചിരിപൊട്ടി.

Join WhatsApp News
Mini George 2024-05-20 04:02:11
വ്യത്യസ്തമായ കഥ, കഥന രീതിയും മികച്ചത്...💝
Sudhir Panikkaveetil 2024-05-22 12:15:57
കഥാപാത്രങ്ങളില്ലാത്ത കഥകളൾ കുറവാണ്. പക്ഷെ ചില കഥകൾ കഥാപാത്രങ്ങളിലൂടെ നിവർന്നുവരുന്നു.അപ്പോൾ ആ കഥാപാത്രത്തിന്റെ വിശ്വാസങ്ങളും ചിന്തകളും മോഹങ്ങളും കഥയിൽ നിറയുക പതിവാണ്. ഈ കഥ ഒരു മകളുടെ ആത്മഗതത്തിലൂടെ പുരോഗമിക്കുന്നു. അങ്ങനെ നായിക ഭൂതകാലത്തിലും വർത്തമാനകാലത്തിലും നിൽക്കുമ്പോഴാണ് കഥാകൃത് ഐതിഹ്യങ്ങൾ (myth )കൊണ്ടുവരുന്നത് . പരേതാത്മാക്കൾ കാക്കകളായി വരുന്നു. അച്ഛണ്റ്റെ കോട്ടുകൊണ്ട് ഓർമ്മകരടികളുടെ രൂപം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അതിനു കഴിയുന്നില്ല. അപ്പോഴാണ് മനുഷ്യരേപ്പോലെ നടന്നുകയറുന്ന കാക്കയെ അവൾ കാണുന്നത്. അത് അച്ഛന്റെ ആത്മാവുമായി തോന്നലിൽ അവളുടെ ചിന്തകൾ അഴിച്ചുപണി നടത്തുന്നു. കരടി വേണ്ട ഒരു ബലിക്കാക്ക മതിയെന്ന ആലോചന. അയല്പക്കത്തെ വിദേശവനിത ഇന്ത്യക്കാരുടെ മന്ത്രവാദങ്ങളും അന്ധവിശ്വാസങ്ങളും സംശയിക്കുന്ന ആളാണ്. അവരെക്കൂടി കഥാകൃത് കൊണ്ട് വരുന്നുണ്ട്. അപ്പോഴാണ് മകളും കാക്കയും തമ്മിലുള്ള ബന്ധത്തിന് ശക്തിയാര്ജിക്കുന്നത്. കാക്ക അല്ലെങ്കിൽ അച്ഛന്റെ ആത്മാവിനായി അർപ്പിക്കുന്ന നിവേദ്യങ്ങൾ സന്ദേഹത്തോടെ നോക്കി കാണുന്ന വെള്ളക്കാരിയും കഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്. കരടി കാക്കയായി മാറുന്നു. കാക്കയുടെ അച്ഛന്റെ ആത്മാവിനെ നേരിട്ടറിയാൻ ശ്രമിക്കുന്ന മനസ്സിന്റെ ഭ്രമം കലാപരമായി വിവരിക്കുന്നുണ്ട്. വാസ്തവത്തിൽ ഇത് മിത്ത് എന്ന സങ്കല്പം വിശ്വസിക്കാമോ അവിശ്വസിക്കാമോ എന്ന സംശയം വായനക്കാരിൽ ഉണ്ടാക്കുന്നുണ്ട്. നായിക കാക്കയോട് പറയുന്നു നാളെ മോളുടെ പിറന്നാളാണ് പായസമുണ്ടാകും. അപ്പോൾ കാക്ക ശരിക്കും അവളുടെ അച്ഛനായി മാറുന്നു. ഇത്തരം കഥകൾ വിശദമായ ചർച്ചയിലൂടെ വായനക്കാരിൽ എത്തിക്കാം. അമേരിക്കൻ മലയാള സാഹിത്യമെന്ന പേര് മാത്രമാണ് ഇവിടെയുള്ളത് ചർച്ചകൾ മതവും രാഷ്ട്രീയവുമാണ്.
Sabu Mathew 2024-05-22 13:59:09
കഥകൾ ചർച്ച ചെയ്യപെടണം അതു എഴുത്തുകാരന്റെ സമയത്തിന് നൽകുന്ന പ്രതിഫലവും അംഗീകാരവുമാണ്. ഗുണവും ദോഷവും ചർച്ചയാകണം . ആരോഗ്യപരമായ സാഹിത്യ ചർച്ചകൾ വായനക്കാരുടെ ലോകവും വിശാലമാക്കും
Joseph Abraham 2024-05-22 15:14:35
ശ്രീമതി മിനി ജോർജ് , സുധീർ പണിക്കവീട്ടിൽ , സാബു മാത്യൂ . വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിനു നന്ദി സ്നേഹം . ഒരാളെങ്കിലും കഥയുടെ ആത്മാവ് അറിഞ്ഞു വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തു കാണുന്നത് എഴുതിയ ആൾ എന്ന നിലയിൽ വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഇവിടെ ശ്രീ. സുധീർ പണിക്കവീട്ടിൽ കഥയുടെ ആത്മാവിനെ തൊട്ടറിഞ്ഞു എന്നുപറയുമ്പോലെ വായിക്കുകയും എഴുതുകയും ചെയ്തത് കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. നന്ദി.
വായനക്കാരൻ മുതലാളി 2024-05-23 11:42:01
ആരാണിവിടെ ചർച്ച ചെയ്യേണ്ടത് ഞങ്ങൾ വായനക്കാർക്ക് വായിക്കാനേ അറിയൂ എഴുതാൻ അറിയില്ല അതുകൊണ്ടു എഴുത്തുകാർ എഴുതുന്നത് വായിക്കുന്നു. പക്ഷെ എഴുത്തുകാർക്ക് എഴുതാൻ മാത്രമേ അറിയൂ വായിക്കാൻ അറിയില്ല എന്നുണ്ടോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക